തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്‌കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന ഇടപെടല്‍ വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. ഡിഇഒമാരുടെയും ഡെപ്യൂട്ടി ഡയറക്‌ടര്‍മാരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തും.വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്‌കൂളുകളില്‍ പരിശോധന നടത്തണം. സ്‌കൂളുകള്‍ക്ക് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകരുടെ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കൊവിഡ് വ്യാപനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. മലപ്പുറം മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും 186 വിദ്യാര്‍ഥികള്‍ക്കും 75 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്പിൾ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി എടുത്തത്.
വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
വയനാട്:ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും.വ്യാപാരി സംഘടനകളും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
മട്ടന്നൂർ:40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍ നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടികൂടിയത്.ദുബൈയില്‍ നിന്ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതാണ് ഇരുവരും. സഹദില്‍നിന്നും 670 ഗ്രാമും നൂറുദ്ദീനില്‍ നിന്നും 156 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. നൂറുദ്ദീന്റെ ബാഗിലെ ബെല്‍റ്റിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സഹദ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ ഇ വികാസ്, വെങ്കിട്‌നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, ബി യദു കൃഷ്ണ, കെ വി രാജു, സന്ദീപ് കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നൽകി.
പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി
പാലക്കാട്:പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നു മക്കളില്‍ ഇളയവനായ ആമീല്‍ ഇഹ്‌സാനെ ഉറക്കത്തില്‍ കൈകാലുകള്‍ ബന്ധിച്ച് കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഷഹീദയും ഇളയ മകനും ഒരു മുറിയിലും, സുലൈമാനും മറ്റു മക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. ഉറങ്ങിക്കിടന്ന മകനെ പുലര്‍ച്ചെ ഷഹീദ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച് ഷഹീദ തന്നെ വിവരമറിയിക്കുകയായിരുന്നു.മൊബൈല്‍ നമ്പർ ലൊക്കേറ്റ് ചെയ്താണ് പോലീസ് വീട്ടിലെത്തിയത്. വാതിലില്‍ തട്ടിയപ്പോള്‍ പുറത്തേക്കു വന്ന ഷഹീദ, താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസാണ് സുലൈമാനെയും മറ്റു കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.അതേസമയം മകനെ കൊലപ്പെടുത്താനുള്ള കത്തി ഷഹീദ ഭർത്താവിനെക്കൊണ്ട് തന്ത്രപൂർവം വാങ്ങിപ്പിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്ന് പറഞ്ഞതായും അതിനാല്‍ ഇരുമ്പിൽ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്. സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദയ്ക്ക് മക്കളോട് വലിയ സ്‌നേഹമായിരുന്നുവെന്നും കുടുംബ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മാസങ്ങള്‍ക്കു മുൻപ് മടങ്ങിയെത്തിയ സുലൈമാന്‍ ഇപ്പോള്‍ നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്.മകനെ ദൈവത്തിന് ബലി നല്‍കിയെന്നാണ് ഷഹീദ ആവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി.വിശദമായി ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം കൂടുതല്‍ വ്യക്തമാകൂ എന്നാണ് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച മുൻപ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത തന്നില്‍ ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലന്നും കൃത്യം നടത്തി കഴിഞ്ഞപ്പോള്‍ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും അറിയുന്നു. തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
തൊഴിൽ തട്ടിപ്പ് കേസ്;സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. പരാതിക്കാരനായ അരുണുമായി നടത്തിയ ശബ്ദ രേഖയാണ് പുറത്ത് വന്നത്.’നമ്മള്‍ ഇത് പിന്‍വാതിലിലൂടെ ചെയ്യുന്നതാണ്. അരുണിന് കാര്യം മനസിലായല്ലോ. പിന്‍വാതില്‍ നിയമനം സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് ചെയ്യുന്നത്. ഓഫീസിലെ സ്റ്റാഫുകളില്‍ ഒരോ ദിവസം ഓരോരുത്തരാണ് വരുന്നത്. പിഎസ്‌സി എഴുതി കയറുകയല്ലല്ലോ. ഞാന്‍ നാല് പേര്‍ക്ക് ആരോഗ്യകേരളത്തില്‍ ജോലി വാങ്ങി കൊടുത്തു. ഒരാള്‍ക്ക് ജോലി കൊടുക്കുമ്പോൾ അവരുടെ കുടുംബം മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് അവരുടെ ധാരണ. അല്ലാതെ തുച്ഛമായ പണമാണ് അവര്‍ക്കും കൊടുക്കുന്നത്. പണം ഞാന്‍ അവസാനം മാത്രമെ വാങ്ങുകയുള്ളു.’ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നായിരുന്നു നെയ്യാറ്റികര സ്വദേശിയുടെ പരാതി. സരിതക്ക് പുറമേ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍കോട് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂര്‍ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂര്‍ 139, വയനാട് 173, ഇടുക്കി 154, കാസര്‍കോട് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂര്‍, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 485, കൊല്ലം 325, പത്തനംതിട്ട 400, ആലപ്പുഴ 366, കോട്ടയം 1050, ഇടുക്കി 258, എറണാകുളം 690, തൃശൂര്‍ 451, പാലക്കാട് 252, മലപ്പുറം 571, കോഴിക്കോട് 619, വയനാട് 340, കണ്ണൂര്‍ 279, കാസര്‍കോട് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 434 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേരളത്തിൽ രോഗവ്യാപനം കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്;കോവിഡ് പരിശോധന കൂട്ടണമെന്നും കേന്ദ്ര നിർദേശം
തിരുവനന്തപുരം:കേരളത്തിൽ നിലവിലെ സാഹചര്യത്തില്‍ കൊറോണ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.നിലവിൽ പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണ്.പരിശോധന കൂട്ടാന്‍ സംഘം നിര്‍ദേശിച്ചു.സംഘം ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തുടക്കത്തില്‍തന്നെ പരമാവധി പരിശോധനകള്‍ നടത്തിയിരുന്നുവെങ്കില്‍ രോഗവ്യാപനം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നുവെന്ന നിരീക്ഷണവും സംഘം നടത്തിയതായാണ് വിവരം.പരിശോധനകളുടെ എണ്ണം വ്യാഴാഴ്ച മുതല്‍ എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി. പരിശോധനകള്‍ പരമാവധി കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പുകൂടി അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. ഇത് പ്രതിരോധ നടപടികളില്‍ ഉണ്ടായ പാളിച്ചയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോള്‍ രോഗവ്യാപനത്തിലാണ് മുന്നില്‍. കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. കേരളത്തിനൊപ്പം രോഗവ്യാപനം തുടരുന്ന മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.
ഇരിട്ടി കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം കൊലപാതകം;മരുമകള്‍ അറസ്റ്റില്‍
ഇരിട്ടി:കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം കൊലപാതകം.കായംമാക്കല്‍ മറിയക്കുട്ടി (82) ആണ് മരിച്ചത്.സംഭവത്തിൽ മറിയക്കുട്ടിയുടെ മൂത്തമകന്‍ മാത്യുവിന്റെ ഭാര്യ എല്‍സി (54)യെ അറസ്റ്റ് ചെയ്തു.വീട്ടിനുള്ളില്‍ കട്ടില പടിക്ക് സമീപം വീണ് ചോരവാര്‍ന്ന് മരിച്ച നിലയിലാണ് മറിയക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും മറിയക്കുട്ടിയുടെ ബന്ധുക്കളും പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.മൂത്തമകന്‍ മാത്യുവിന്റെയും മരുമകള്‍ എല്‍സിയുടേയും കൂടെയാണ് മറിയക്കുട്ടി താമസിക്കുന്നത്. ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ടാപ്പിംങ്ങ് തൊഴിലാളിയായ മാത്യു ജോലിക്ക് പോയാല്‍ രാത്രിയിലാണ് തിരച്ചെത്തുക. സംഭവ ദിവസം മറിയക്കൂട്ടിയും എല്‍സിയും വാക്കേറ്റും ഉണ്ടായി. ഊന്നു വടിയില്‍ മാത്രം നടക്കാന്‍ ശേഷിയുള്ള മറിയക്കുട്ടി വീട്ടിന്റെ സെന്‍ട്രല്‍ ഹാളില്‍ വാതില്‍പടിയോട് ചേര്‍ന്ന് കസേരയില്‍ ഇരിക്കുകയായിരുന്നു. വാക്ക് തര്‍ക്കവും പരസ്പരം ചീത്ത വിളിയും ശക്തമായതോടെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടയില്‍ മറിയക്കുട്ടിയെ എല്‍സി തള്ളി താഴെയിട്ടു. വീഴ്ച്ചക്കിടയില്‍ മറിയക്കുട്ടിയുടെ തല ചുമരിലിടിച്ച് മുറിവ് പറ്റി. പുറത്തറിയുമെന്ന പേടിയില്‍ മറിയകുട്ടിയെ എഴുന്നേല്‍ക്കാന്‍ അനുവദിക്കാതെ തല നിരന്തരം വാതില്‍ പടിയില്‍ ബലമായി ഇടിച്ച് കൊലപ്പെടുത്തി. വീട്ടിലെത്താൻ താമസിക്കുമെന്നു പറയാന്‍ വൈകിട്ട് ആറരയോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച ഭര്‍ത്താവ് മാത്യുവിനോട് അമ്മ വീണ് ചെറിയ മുറിവ് പറ്റിയതായി എൽസി പറഞ്ഞു. മാത്യു എത്തുമ്പോഴേക്കും മറിയക്കൂട്ടി മരിച്ചിരുന്നു. ചക്ക പറിക്കാന്‍ പോയപ്പോള്‍ അമ്മ അബദ്ധത്തില്‍ വീണ് മുറിവേല്‍ക്കുകയും ചോരവാര്‍ന്ന് മരിക്കുകയുമായിരുന്നുവെന്നാണ് എല്‍സി ഭര്‍ത്താവിനോടും അയല്‍പക്കക്കാരോടും പറഞ്ഞത്. പോലീസിന്റെ ആദ്യപരിശോധനയിലും തലയ്ക്കുള്ള മുറിവും കൈ ഒടിഞ്ഞ നിലയിലും കണ്ടതിനാല്‍ അബന്ധത്തില്‍ വീണപ്പോള്‍ ഉണ്ടായ മരണമാണെന്നേ സംശയിച്ചിരുന്നുള്ളു.വീണ വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചിരുന്നതായി എല്‍സി ആദ്യം മൊഴി നല്‍കി. നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ ജില്ലാ പോസീസ് മേധവി ഉള്‍പ്പെടെ സ്ഥലത്തെത്തി മൃതദേഹം വിശദ പരിശോധനയ്ക്ക് വിധേയമാക്കി.ഫോറൻസിക് പരിശോധനയില്‍ തലയുടെ പല ഭാഗങ്ങളിലും ചതവും മുറിവും കണ്ടെത്തി. ഇതോടെ മരണത്തില്‍ അസ്വഭാവികത പോലീസിനും ഉണ്ടായി. സമീപത്തെ വീട്ടുകാരുടെ മൊഴിയെടുത്തപ്പോള്‍ മറിയക്കുട്ടി വീണ വിവരം എല്‍സി അറിയിച്ചിരുന്നില്ലെന്നും മനസിലായി. തുടര്‍ന്ന് എല്‍സിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റും സമ്മതിച്ചത്.എൽസിയുടെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളിയാഴ്ച്ച രാവിലെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 5,610 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6,653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,131 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍ഗോഡ് 90 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6,653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330, എറണാകുളം 802, തൃശൂര്‍ 494, പാലക്കാട് 203, മലപ്പുറം 538, കോഴിക്കോട് 809, വയനാട് 354, കണ്ണൂര്‍ 354, കാസര്‍ഗോഡ് 45 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റിവ് ആയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,832 ആയി.ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷം
തിരുവനന്തപുരം:സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. ധനവകുപ്പില്‍ 25 ലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിരുന്നു. ഹൗസിങ് സഹകരണ സംഘം ഓഫീസും അടച്ചു. അതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും രോഗം പടര്‍ന്നത്.കഴിഞ്ഞ ആഴ്ച കാന്‍റീന്‍ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് ഇടയായതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അയ്യായിരത്തിലേറെ പേരാണ് അന്ന് നിയന്ത്രണം ലംഘിച്ച് വോട്ട് ചെയ്യാനെത്തിയത്. സെക്രട്ടേറിയറ്റില്‍ ഹാജര്‍ 50 ശതമാനം നിലയാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു ദിവസം 50 ശതമാനം ജീവനക്കാര്‍ എന്ന നിബന്ധന വീണ്ടും ഏര്‍പ്പടെുത്തണമെന്ന് ഫൈനാന്‍സ് സെക്രട്ടേറിയറ്റില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ പൂര്‍ണമായും അണുനശീകരണം വരുത്തണമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ ജീവനക്കാരെയും ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്.