എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ ഡി സുപ്രീം കോടതിയിൽ

keralanews e d approached supreme court demanding to cancel the bail of m sivasankar

ന്യൂഡൽഹി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് സുപ്രിം കോടതിയെ സമീപിച്ചു.ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണം നിര്‍ണായകഘട്ടത്തിലായതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.

എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകി; ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടിസ്

keralanews delay in reporting oil spill pollution control board notice for titanium

തിരുവനന്തപുരം: എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകിയതിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റ നോട്ടിസ്. ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. രണ്ടായാലും ഇക്കാര്യം മലീനീകരണ നിയന്ത്രണബോര്‍ഡിനെ സമയത്ത് അറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ചയുണ്ടായി. രാവിലെ ഒന്‍പതരയോടെ പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വിവരം അറിയുന്നത്.മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം കടലിനുള്ളില്‍ എണ്ണ പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ വരുകയാണെന്നും രണ്ട് ദിവസം കൂടി നിരീക്ഷണം തുടരുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കമായി

keralanews second phase covid vaccination started in the state

തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് തുടക്കമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം കലക്ടര്‍ നവജോത് ഖോസയും വാക്സിന്‍ സ്വീകരിച്ചു.പൊലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 15 മുതല്‍ അടുത്ത ഡോസ് വാക്സിനും നല്‍കിത്തുടങ്ങും.മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് തകര്‍ന്നു ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകി;സ്ഥിതി നിയന്ത്രണവിധേയമെന്ന് കളക്ടർ

keralanews glass furnace pipe at travancore titanium factory breaks furnace oil spills into sea

തിരുവനന്തപുരം:ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഓയിൽ കടലിലും തീരത്തും ചേർന്നതിന് പിന്നാലെ പൊതുജനങ്ങൾക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി.ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചു. എണ്ണ പടർന്ന മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കും. ഇതിനായുള്ള നടപടികൾ തുടങ്ങി. കടലിലേക്ക് എത്രമാത്രം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും. ഇന്ന് പുലർച്ചെയോടെയാണ് ചോർച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫർണസ് ഓയിൽ 2 കിലോമീറ്റർ വരെ കടലിൽ വ്യാപിച്ചു. ഗ്ലാസ് പൗഡർ നിർമാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.സംഭവത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.പൊതുജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുന്‍കരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളില്‍ വിനോദസഞ്ചാരവും, ഇവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോര്‍ച്ചയുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചു.വാതകച്ചോര്‍ച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ വലിയ തോതില്‍ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.വേലിയേറ്റ സമയമല്ലാത്തതിനാല്‍ വലിയ തോതില്‍ കടലില്‍ പരന്നിട്ടില്ലെന്നാണു കോസ്റ്റ് ഗാര്‍ഡ് നൽകുന്ന പ്രാഥമിക റിപ്പോര്‍ട്ട്.എന്നാല്‍, തീരക്കടലില്‍ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ തീരത്തെ മണ്ണിലും ഇതു കലര്‍ന്നിട്ടുണ്ട്. തിരമാലകള്‍ക്കൊപ്പം എണ്ണ സമീപ പ്രദേശങ്ങളിലെ മണ്ണിലേക്കു കലരുന്നതിനാലാണിത്. എണ്ണകലര്‍ന്ന മേല്‍മണ്ണ് പ്രദേശത്തുനിന്ന് ഉടന്‍ നീക്കംചെയ്യുമെന്നു കളക്ടര്‍ പറഞ്ഞു.ഈ മണല്‍ കമ്പനിയുടെതന്നെ സ്ഥലത്തേക്ക് ജെസിബി ഉപയോഗിച്ചു നീക്കംചെയ്ത് ഓയില്‍ ന്യൂട്രിലൈസര്‍ ഉപയോഗിച്ച്‌ എണ്ണ നിര്‍വീര്യമാക്കും. അതിവേഗത്തില്‍ ഇതു പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യമെന്ന നിലയ്ക്കാകും മണ്ണു നീക്കംചെയ്യുക. തീരക്കടലില്‍ വ്യാപിച്ചിരിക്കുന്ന ഓയില്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5745 പേര്‍ക്ക് രോഗമുക്തി

keralanews 5980 covid cases confirmed in the state today 5745 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5,980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍കോട് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യുകെയില്‍നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 748, കൊല്ലം 677, കോഴിക്കോട് 622, കോട്ടയം 535, പത്തനംതിട്ട 514, തൃശൂര്‍ 524, തിരുവനന്തപുരം 320, മലപ്പുറം 395, ആലപ്പുഴ 405, കണ്ണൂര്‍ 188, വയനാട് 195, പാലക്കാട് 109, ഇടുക്കി 163, കാസര്‍കോട് 62 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.41 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, കൊല്ലം 4, തൃശൂര്‍, പാലക്കാട് 3 വീതം, എറണാകുളം, വയനാട് 2 വീതം, ഇടുക്കി, കാസര്‍കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന 5,745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 738, പത്തനംതിട്ട 417, ആലപ്പുഴ 394, കോട്ടയം 234, ഇടുക്കി 385, എറണാകുളം 766, തൃശൂര്‍ 440, പാലക്കാട് 196, മലപ്പുറം 318, കോഴിക്കോട് 829, വയനാട് 315, കണ്ണൂര്‍ 277, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

എത്തനോൾ ബ്ലെൻഡഡ്‌ പെട്രോൾ;വാഹനം തകരാറിലാക്കുന്ന ഇന്ധനത്തിന് തങ്ങളെ പഴിക്കരുതെന്ന് പമ്പുടമകൾ

keralanews ethanol blended petrol pump owners says should not blame them for fuel that can damage a vehicle

കോട്ടയം:കേരളത്തിൽ ഇപ്പോൾ ലഭിക്കുന്നത് എത്തനോൾ ചേർത്ത പെട്രോളാണ്.കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരംഭത്തിന്റെ ഭാഗമായാണ് 10 ശതമാനം എത്തനോൾ ചേർത്ത പെട്രോൾ കേരളത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.എന്നാൽ ഇത്തരത്തിൽ എത്തനോൾചേർത്ത ഇന്ധനം ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടായിരിക്കുന്ന ചില പ്രശ്നങ്ങൾ പൊതുജനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് കേരളത്തിലെ പെട്രോൾ പമ്പ് ഉടമകൾ. ഇന്ത്യയിലെ പഞ്ചസാര നിർമാണത്തിന്റെ ഏറ്റവും വലിയ ഉപോല്പന്നമാണ് ജൈവഇന്ധനം എന്നറിയപ്പെടുന്ന എത്തനോൾ.ഇവ ഇന്ധനത്തിൽ ചേർക്കാനായാൽ ക്രൂഡോയിൽ ഇറക്കുമതി ഉൾപ്പെടെ കുറയ്ക്കാനാകും.എന്നാൽ എത്തനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുമ്പോൾ വെള്ളം വില്ലനാവുകയാണ്. വെള്ളത്തിന്റെ ചെറിയ അംശം പോലും എത്തനോളുമായി കലരും.അതായത് അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് പോലും പമ്പിലെ ടാങ്കിലുള്ള ഇന്ധനത്തിൽ ജലാംശം എത്തിച്ചേരാം. പെട്രോളിൽ ജലാംശം കലർന്നാൽ പ്രത്യേക പാളിയായി ടാങ്കിന്റെ അടിയിൽ അടിയും.അതുകൊണ്ടുതന്നെ എൻജിനിൽ വെള്ളം എത്തില്ല.എന്നാൽ എത്തനോൾ കലർത്തുന്നതോടെ പെട്രോളിന്റെ ജലത്തെ ലയിപ്പിക്കാനുള്ള ശേഷി കൂടുകയും വെള്ളം പെട്രോളിനൊപ്പം കലർന്ന് എൻജിനിൽ എത്തുകയും ഇതുമൂലം വാഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.

പമ്പ് ഉടമകൾ വിചാരിച്ചാൽ മാറ്റാവുന്ന പ്രശ്നമല്ല ഇത്.ഇതൊഴിവാക്കാൻ പെട്രോളിയം കമ്പനികൾ ടാങ്കുകളിലെ ജലാംശം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം.പമ്പിലെ ടാങ്കുകളോ മറ്റു സംവിധാനങ്ങളോ നന്നാക്കാനോ പരിശോധിക്കാനോ ഉള്ള അനുവാദം പമ്പ് ഉടമകൾക്കില്ല.ടാങ്ക് അടക്കം എല്ലാം പെട്രോളിയം കമ്പനിയുടേതാണ്.ഓരോ ലോഡ് ഇന്ധനവും വരുമ്പോൾ അതിന്റെ വിലയുടെ കൂടെ ടാങ്ക് ശുചിയാക്കാനുള്ള മെയ്ന്റനൻസ് ചാർജ് കൂടി കമ്പനികൾ ഈടാക്കുന്നുണ്ട്.അതിനാൽ പെട്രോൾ ടാങ്കിൽ ഒരംശം പോലും ജലാംശം ഇല്ല എന്ന് കമ്പനികളാണ് ഉറപ്പാക്കേണ്ടത്.പക്ഷെ കേരളത്തിൽ ഇതുവരെ ഇതിനുള്ള ഒരു സജ്ജീകരണവും ഏർപ്പെടുത്തിയിട്ടില്ല.വർഷത്തിൽ ആറുമാസത്തോളം മഴ ലഭിക്കുന്ന സംസ്ഥാനത്ത് പെട്രോൾ പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ പോലും വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും പമ്പുടമകൾ പറയുന്നു.

കേരളത്തിലെ കാലാവസ്ഥയിൽ നിലവിലെ സംവിധാനത്തിൽ ഇത്തരത്തിൽ എത്തനോൾ ചേർന്ന ഇന്ധനം എത്തുന്നത് വാഹന ഉടമകൾക്ക് വലിയ നഷ്ട്ടം ഉണ്ടാക്കും.പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിൽ നിലവിലുള്ള ജലാംശം ഇല്ലാതാക്കുന്ന നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപ് ഓയിൽ കമ്പനികൾ എത്തനോൾ ബ്ലെൻഡഡ്‌ ഇന്ധനത്തിന്റെ വിതരണം ആരംഭിച്ചതാണ് നിലവിൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.ഓയിൽ കമ്പനികൾ പമ്പുകളിൽ കൃത്യമായ പരിശോധന നടത്തി ടാങ്കുകൾ പൂർണ്ണമായും ജലമുക്തമാക്കാനുള്ള നടപടികൾ എടുക്കുകയും ഇത്തരത്തിൽ ജലമുക്തമാണെന്നുള്ള സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുകയും ചെയ്യണം.അതുപോലെ മറ്റൊരു പ്രധാന കാര്യമാണ് പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കർ ലോറികളുടെ കാര്യവും.ഇത്തരം ലോറികൾ കാലിബ്രേറ്റ് ചെയ്യുന്നത് വെള്ളം നിറച്ചാണ്.ഈ ടാങ്കറുകളിൽ ജലസാന്നിധ്യം ഒഴിവാക്കാനുള്ള സംവിധാനവും ഓയിൽ കമ്പനികൾ ഒരുക്കിയിട്ടില്ല.മഴക്കാലത്ത് ഇത്തരം ടാങ്കറുകളിൽ ഇന്ധനമെത്തിക്കുമ്പോൾ വെള്ളം കേറാനുള്ള സാധ്യതയുമുണ്ട്.ടാങ്കറുകളിൽ ജലാംശം ഉണ്ടാവാതിരിക്കാനുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കിയിട്ട് വേണം കമ്പനികൾ എത്തനോൾ അടങ്ങിയ പെട്രോൾ പമ്പുകളിലേക്ക് എത്തിക്കേണ്ടത്.

ഇക്കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അറിവുനൽകാനായി ഓയിൽ കമ്പനികൾ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം.ലഭ്യമായ എല്ലാ മാധ്യമങ്ങളും അതിനായി കമ്പനികൾ സ്വീകരിക്കണം.പൊതുസമൂഹത്തിന്റെ പ്രതിനിധികൾ,പമ്പുടമകൾ എന്നിവരുടെ പങ്കാളിത്തം ഇതിൽ ഉറപ്പുവരുത്തുകയും വേണമെന്നും പമ്പുടമകൾ ആവശ്യപ്പെടുന്നു.അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയും മലിനീകരണവും കുറയ്ക്കാൻ 2025 ഓടെ പെട്രോളിൽ 25 ശതമാനം എത്തനോൾ ചേർത്ത് വിതരണം ചെയ്യാനുള്ള നടപടികൾ ഊർജമന്ത്രാലയം തുടങ്ങിക്കഴിഞ്ഞു.എഥനോൾ കലർത്തിയ പെട്രോൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ എത്തനോൾ ബയോ റിഫൈനറി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പഞ്ചാബിലെ ഭട്ടിണ്ടയിൽ സ്ഥാപിക്കുകയാണ്.എച്ച് പി സി എൽ ഉൾപ്പെടെ മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികൾ 11 സംസ്ഥാനങ്ങളിൽ 12 എത്തനോൾ ബയോ റിഫൈനറികൾ സ്ഥാപിക്കാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.10000 കോടി രൂപയാണ് ഇതിന്റെ മുതൽമുടക്ക്.പെട്രോളിയം കമ്പനികൾ ഇത്തരത്തിൽ ലാഭമുണ്ടാക്കുമ്പോൾ വാഹന ഉടമകൾക്ക് മെയിന്റനൻസ് കോസ്റ്റ് അടക്കം കൂടുകയാണ്.

ഇക്കാര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പമ്പുടമകളുടെ ആവശ്യം.ക്രൂഡോയിലുമായി താരതമ്യം ചെയ്യുമ്പോൾ എത്തനോളിന്റെ വില തുച്ഛമായതിനാൽ 10 ശതമാനം എഥനോൾ ചേർക്കുമ്പോൾ പോലും കമ്പനികൾക്ക് വലിയ ലാഭമാണുണ്ടാകുന്നത്.എന്നാൽ റീറ്റെയ്ൽ സെല്ലിങ് പ്രൈസിൽ ഇത് പ്രതിഫലിക്കുന്നില്ല. എത്തനോൾ ബ്ലെൻഡഡ്‌ ഫ്യൂവലിന്റെ ദോഷഫലങ്ങൾ മാത്രം ഉപഭോക്താവിന് ലഭിക്കുന്നു എന്നത് മാത്രമാണ് ഈ പരിഷ്‌ക്കാരം കൊണ്ടുണ്ടാകുന്ന ഏക ഫലമെന്നും പമ്പുടമകൾ പറയുന്നു.

പിന്‍വാതില്‍ നിയമനം;യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

keralanews back door appointment clash in yuvamorcha secretariat march (2)

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനെതിരെയും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പട്ടും ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്‍പില്‍ മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെ, ഒരു വിഭാഗം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ വനിതകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കറിയത്.  പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സര്‍ക്കാര്‍ ജോലികളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നു എന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ആരംഭിച്ചത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ റാങ്ക് പട്ടികയിലുള്ളവരും സിവില്‍ പൊലീസ് റാങ്ക് പട്ടികയിലുള്ളവരുമാണ് മുഖ്യമായി സമരം നടത്തുന്നത്. സിവില്‍ പൊലീസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സെക്രട്ടേറിയറ്റിന് ചുറ്റും പൊലീസ് സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. വനിതാ പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പുരുഷ പൊലീസുകാര്‍ എത്തിയത് യുവമോര്‍ച്ച നേതാക്കള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വനിതാ പൊലീസുകാരെ സ്ഥലത്തെത്തിച്ച്‌ പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനയില്‍പ്പെട്ട ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

keralanews group of government employees and teachers belonging to opposition party union on strike today govt declares dies non

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനയില്‍പ്പെട്ട ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു.ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം എന്നതുള്‍പ്പെടെ പലവിധത്തിലുള്ള ആവശ്യങ്ങള്‍ നിരത്തിയാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ ഉത്തരവിറക്കി.അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പണിമുടക്കാത്തവര്‍ക്ക് ഓഫീസുകളില്‍ തടസ്സം കൂടാതെ എത്താനായി പൂര്‍ണസുരക്ഷ ഏര്‍പ്പാടാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പണിമുടക്കിനെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ യാതൊരു തരത്തിലുമുള്ള അവധി ലഭിക്കില്ല. ഏതെങ്കിലും ഓഫീസ് തലവന്‍ പണിമുടക്കില്‍ പങ്കെടുക്കുകയോ ഓഫീസ് അടഞ്ഞു കിടക്കുന്ന സാഹചര്യമോ ഉണ്ടായാല്‍ ജില്ലാ ഓഫീസര്‍ മുൻപാകെ റിപ്പോര്‍ട്ടു ചെയ്യേണ്ടി വരും കൂടാതെ ജില്ലാ ഓഫീസര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുകയും വേണം.സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏര്‍പ്പെടുത്തണം. പണിമുടക്കിനെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടിയെന്നോണം അനുമതിയില്ലാതെ ഓഫീസില്‍ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ യാതൊരു മുന്നറിപ്പും കൂടാതെ പിരിച്ചുവിടുമെന്നും അറിയിച്ചിട്ടുണ്ട്. പണിമുടക്ക് നടത്തുന്ന ദിവസത്തെ ശമ്പളം മാര്‍ച്ച്‌ മാസത്തെ ശമ്പളത്തിൽ  നിന്ന് കുറവ് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും.ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.

വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ;തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തും

keralanews mother of the girls ready to intensify protest in walayar case

പാലക്കാട്:വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ.തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്താനാണ് തീരുമാനം. തെരെഞ്ഞടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഡിവൈഎസ്പി സോജനും എസ് ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസം കൂടി നോക്കും. നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം.സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച്‌ മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. കേരള യാത്ര നടത്തി സര്‍കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. അതേസമയം അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. അട്ടപ്പളളത്തെ സംഭവസ്ഥലം നിശാന്തിനി ഐ പി എസ്സിന്‍റെ നേതൃത്വത്തിലുളള സംഘമാണ് സന്ദര്‍ശിച്ചത്. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു

keralanews famous singer m s naseem passes away

തിരുവനന്തപുരം:പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു.പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗായകൻ, മ്യൂസിക് കണ്ടക്റ്റർ, മലയാള സംഗീതത്തിന്റെ ചരിത്ര സൂക്ഷിപ്പുകാരൻ, സ്റ്റേജ്-ടെലിവിഷൻ ഷോകളുടെ സംഘാടകൻ,ഡോക്യുമെന്ററി സംവിധായകൻ അങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനാണ് നസീം.വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം സംഗീതലോകത്ത് എത്തി.സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ജൂനിയർ എ എം രാജ എന്നും കോളേജിലെത്തിയപ്പോൾ ജൂനിയർ റാഫിയെന്നും വിളിപ്പേര് വീണു. മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. ആകാശവാണിയിലെയും ദൂരദർശനിലെയും സജീവ സാന്നിധ്യമായിരുന്നു.1990 ൽ ഇറങ്ങിയ അനന്തവൃത്താന്തം എന്ന സിനിമയിൽ ചിത്രയോടൊപ്പം ഒരു ഗാനം മാത്രമേ എം  എസ് നസീം സിനിമയിൽ ആലപിച്ചിട്ടുള്ളൂ.ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തെ കുറിച്ച്‌ പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം നല്ല രീതിയില്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു.ദൂരദര്‍ശന്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ആദ്യ സംഗീത പരമ്ബരയായ ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’ എന്ന ഡോക്യുമെന്ററിയുടെ അമരക്കാരനായിരുന്നു അദ്ദേഹം. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത നസീമിന്റെ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, നാലുതവണ സംസ്ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ്, 2001ല്‍ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള അതുല്യ പ്രതിഭയായിരുന്നു എംഎസ് നസീം.എം.എ, ബി.എഡ്കാരനായ നസീം 27 വര്‍ഷം കെഎസ്‌ഇബിയില്‍ (KSEB) പ്രവര്‍ത്തിച്ചിരുന്നു. ശേഷം 2003ല്‍ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച്‌ മുഴുസമയ സംഗീത പ്രവര്‍ത്തകനായി മാറുകയായിരുന്നു. മുഹമ്മദ് റാഫിയെയും മലയാളി സംഗീതജ്ഞൻ എ ടി ഉമ്മറിനെയും കുറിച്ച് അദ്ദേഹം ഡോക്യൂമെന്ററികൾ ചെയ്തിരുന്നു.ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.