തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണ് 140 തസ്തികകള്‍. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.1 പ്രിന്‍സിപ്പാള്‍, 6 പ്രൊഫസര്‍, 21 അസോ. പ്രൊഫസര്‍, 28 അസി. പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.വയനാട് ജില്ലയിൽ പുതിയ മെlക്കൽ കോളേജ് ആരംഭിക്കുന്നതിന് കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വയനാട് ഉൾപ്പെടെയുള്ള പുതിയ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സ്പെഷ്യാലിറ്റി സർവീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെ നിയോഗിക്കുന്നതാണെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നിയമനത്തിനായി മുട്ടിലിഴഞ്ഞ് സമരം ചെയ്‌ത് എല്‍ ജി എസ് റാങ്ക് ജേതാക്കള്‍;കനത്ത ചൂടിൽ കുഴഞ്ഞു വീണ് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നില്‍ നിയമനത്തിനായി മുട്ടിലിഴഞ്ഞ് സമരം ചെയ്‌ത് എല്‍ ജി എസ് റാങ്ക് ജേതാക്കള്‍. പൊരിവെയിലില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പലരും കുഴഞ്ഞുവീണു.എന്തുവന്നാലും തങ്ങളുടെ സഹനസമരം തുടരുമെന്നാണ് ഇന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചത്. കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ ആത്മഹത്യാ ശ്രമം നടത്തിയതും മണ്ണെണ്ണ ദേഹത്തൊഴിച്ച് സമരം നടത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി. തുടര്‍ന്ന് സഹനസമര രീതിയിലേക്ക് മാറിയ ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അവരുടെ കുടുംബവുമൊത്ത് സമരം ചെയ്‌തിരുന്നു. ശയനപ്രദക്ഷിണമായിരുന്നു കഴിഞ്ഞ ദിവസത്തെ സമരമാര്‍ഗം.ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി നീട്ടുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് മന്ത്രിസഭാ യോഗത്തില്‍ അനുഭാവ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തിയത്.അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പിഎസ്‌സിക്ക് വിട്ട തസ്തികകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിര്‍മിതി കേന്ദ്രത്തില്‍ 16 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. തുടര്‍നടപടിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടൂറിസം വകുപ്പിലും സ്ഥിരപ്പെടുത്തലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 90 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ ആറുമാസം നീട്ടിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ട നിലപാട്. ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകള്‍ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പരിഗണിക്കാനായി മാറ്റി.
കൊച്ചി മരടിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി:മരടിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഗ്രിഗോറിയന്‍ പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയും മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പിൽ ജോസഫിന്റെയും, ജസ്സിയുടെയും ഇളയ മകളുമായ നെഹിസ്യ(17)യാണ് മരിച്ചത്. തലയും, മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്.വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലൊ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തല വഴി മൂടി മുഖം മറച്ചിരുന്നു.കഴുത്തില്‍ കയര്‍ കെട്ടിയിരുന്നതായും കാണപ്പെട്ടു. രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ പിതാവും,സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനായ സാഗരന്‍ എന്നയാളെ വിളിച്ച് കൊണ്ടുവന്ന് വാതില്‍ ചവിട്ടിപൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്.മരട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഫോറന്‍സിക് വിഭാഗത്തെ വിളിച്ചു വരുത്തി പരിശോധന നടത്തി. മുകളിലെ കിടപ്പുമുറിയില്‍ നിന്നും ആരും പുറത്തേക്ക് രക്ഷപ്പെട്ട ലക്ഷണമില്ലെന്ന് പൊലീസ് പറഞ്ഞു.അതുകൊണ്ടുതന്നെ കൊലപാതകമാകാൻ സാധ്യതയില്ല.പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നൊ രണ്ടൊ മാര്‍ക്കിന്റെ കുറവുണ്ടായതിന് പിതാവ് ശാസിച്ചതായും അറിയുന്നു. മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി മരട് പൊലീസ് അറിയിച്ചു. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് കുറിപ്പില്‍ ഉണ്ടായിരുന്നതെന്നും മരണത്തില്‍ അസ്വാഭാവികത പ്രാഥമിക അന്വേഷണത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ അസ്വാഭാവികത ഉണ്ടോ എന്നറിയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
രാജ്യത്ത് ഇന്ധന വില കുതിക്കുന്നു;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു
തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി.തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക.ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. പാചക വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.
ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഫാസ് ടാഗ് നിർബന്ധം
ന്യൂഡൽഹി:ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ ഫാസ് ടാഗ് നിർബന്ധം.ഫാസ് ടാഗ് ഇല്ലാതെ വരുന്നവര്‍ക്ക് ഇരട്ടിതുക ടോള്‍ നല്‍കേണ്ടിവരും. ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഇനിയും നീട്ടിനല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം അറിയിച്ചു.2019 ജനുവരി ഒന്നിനാണ് ഫാസ്‌ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും പിന്നീടത് ജനുവരി ഒന്നുമുതല്‍ എന്നാക്കി. ഇത് പിന്നീട് ഫെബ്രുവരി 15-ലേക്കു നീട്ടുകയായിരുന്നു.വാഹനം ടോള്‍ പ്ലാസ കടന്നുപോകുമ്പോൾ ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.നിലവിലോടുന്ന വാഹനങ്ങളില്‍ 80 ശതമാനത്തോളം ഫാസ്‌ടാഗിലേക്കു മാറിക്കഴിഞ്ഞതായാണ് ഡിസംബര്‍ 31 വരെയുള്ള കണക്ക്. ദേശീയപാതയില്‍ കൊച്ചിയിലെ കുമ്പളത്തെയും തൃശ്ശൂര്‍ പാലിയേക്കരയിലെയും ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഫാസ്ടാഗ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു.
കണ്ണൂർ പാപ്പിനിശ്ശേരി മേൽപ്പാലം നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്
കണ്ണൂർ:പാപ്പിനിശ്ശേരി മേൽപ്പാലം നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വിജിലന്സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.പാലത്തിന്‍റെ ജോയന്‍റുകളിലുണ്ടായ വിളളല്‍ ഗുരുതരമാണെന്നും വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തിയിരുന്നു. നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.എക്സ്പാന്‍ഷന്‍ ജോയിന്‍റുകളിലെ വിള്ളലാണ് പ്രധാന പ്രശ്നം. പാലത്തിന്‍റെ ബെയറിംഗ് മൂവ്മെന്‍റുകളിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.വാഹനങ്ങള്‍ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണന്നും പ്രാഥമിക പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.പാലത്തിൽനിന്നു നിർമാണ വസ്തുക്കളുടെ സാംപിളുകൾ വിദഗ്ധ സംഘം ശേഖരിച്ചു. നിർമാണത്തിൽ അപാകത ഉണ്ടായോ എന്നു കണ്ടെത്താൻ ഇവ ലാബിൽ പരിശോധിക്കും. ലോകബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ 21 കിലോമീറ്റർ റോഡ് നിർമിച്ചതിന്റെ ഭാഗമായാണു പാപ്പിനിശ്ശേരിയിൽ പാലം നിർമിച്ചത്.പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേല്‍പാലവും നിര്‍മിച്ചത്.പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ഡി.പിയോട് വിജിലൻസ് ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് വിശദ അന്വേഷണം നടത്തണമെന്നും വിജിലന്സ് ഡയറക്ടര്‍ക്ക് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം;നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുകിട്ടിയില്ലെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.സർക്കാർ നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി.ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നാലെണ്ണം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.പ്രമോഷന്‍ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നതടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഡി വൈ എഫ് ഐയുടെ മദ്ധ്യസ്ഥതയിലായിരുന്നു ചര്‍ച്ച നടത്തിയത്.ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ബാഹ്യ ഇടപെടലാണെന്ന് സംശയിക്കുന്നതായി ഡി വൈ എഫ് ഐ പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും അപ്രായോഗികമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ഇന്നലെ രാത്രി 11.30ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 1.15 വരെ തുടര്‍ന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് പങ്കെടുത്തത്.അതേസമയം കുറ്റബോധം കൊണ്ടാണ് ഡി വൈ എഫ് ഐ മധ്യസ്ഥ ചർച്ചക്ക് തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശയന പ്രദക്ഷിണം നടത്തിയായിരുന്നു സി പി ഒ റാങ്ക് ഹോൾഡേഴ്സ് ഇന്ന് സമരം നടത്തിയത്.രണ്ട് ഉദ്യോഗാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി . അതിൻ്റെ പിന്നിൽ പ്രകടനമായി അണിചേർന്ന ഉദ്യോഗാർത്ഥികൾ പ്രതീകാത്മക മൃതദേഹം ചുമന്നാണ് പ്രതിഷേധം അറിയിച്ചത്. സമരപന്തലിലേയ്ക്ക് ഉദ്യോഗാർത്ഥികളുടെ അമ്മമാരും എത്തിയിരുന്നു.
രണ്ടാംഘട്ട വാക്സിനേഷന്‍:ജില്ലയിൽ 1597 പേര്‍ വാക്‌സിൻ സ്വീകരിച്ചു
കണ്ണൂര്‍: രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍റെ ഭാഗമായി ജില്ലയില്‍ ഇന്നലെ 1597 പേര്‍ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചു.പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, സായുധ സേനാ വിഭാഗങ്ങളിലെ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ എന്നിവർക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിനേഷൻ നല്‍കിയത്.ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു.വിവിധ ആശുപത്രികള്‍ക്ക് പുറമെ കണ്ണൂര്‍ എആര്‍ ക്യാമ്പ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും വാക്സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കിയിരുന്നു. ആകെ 23 സൈറ്റുകളിലായി 35 സെഷനുകളായാണ് വെള്ളിയാഴ്ച വാക്സിന്‍ നല്‍കിയത്.ഒന്നാം ഘട്ടത്തില്‍ 26,248 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഇന്നലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, അഡീഷനല്‍ എസ്പി വി.ഡി. വിജയന്‍, സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റുമാരായ ആര്‍.ശരവണ, എം.ജെ. റീജന്‍, അസി. കമാന്‍ഡന്‍റ് പി.ടി. സന്തോഷ് എന്നിവരും ഉള്‍പ്പെടുന്നു.
‘ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍,നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു’; ഫിറോസ് കുന്നുംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്
വയനാട്: നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.’തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി.പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു. ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം.നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലതെന്നും’ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. സഹായം കിട്ടിയിട്ടും നന്ദി കാണിക്കാത്തവരെ പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു എന്നാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നൽകി; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
കൊച്ചി:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര കൊച്ചിയിലെത്തിയപ്പോൾ സ്വീകരിക്കുകയും അദ്ദേഹത്തെ ഷാള്‍ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ബിജു, സില്‍ജന്‍ എന്നിവരെ കൂടാതെയുള്ളവര്‍ക്കെതിരെയും നടപടി എടുക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നു സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച രാത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പൊലീസുകാര്‍ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാര്‍ക്ക് വിനയായത്.അതേസമയം ഭരണഘടനാ പദവിയിലുള്ള പ്രതിപക്ഷ നേതാവിനൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുക്കുന്നതില്‍ അപാകതയില്ലെന്ന നിലപാടാണ് പൊലീസിലെ ഐ ഗ്രൂപ്പുകാർ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പൊലീസുകാര്‍ ഗസ്റ്റ് ഹൌസിലെത്തി നേതാക്കളെ കണ്ടതെന്നും ഇവര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ നിയമവശം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.