സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് വൈകീട്ട്

keralanews official level discussion led by home secretary with the protesting candidates in front of the secretariat this evening

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.ചര്‍ച്ചയില്‍ മന്ത്രിമാര്‍‌ പങ്കെടുക്കില്ല.ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച.26 ദിവസമായി തുടരുന്ന സമരത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ച തയാറാകുന്നത്. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് ഏബ്രഹാമുമാണ് പങ്കെടുക്കുക. ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പങ്കെടുക്കും.സമരം ചെയ്യുന്ന എല്ലാ വിഭാഗം ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളും ആവശ്യങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കും.സര്‍ക്കാരിന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി തന്നെ ചര്‍ച്ചക്ക് തയാറാവണമെന്ന് നിര്‍ബന്ധമില്ലെന്നും സമരക്കാരുടെ നേതാവ് ലയ രാജേഷ് പ്രതികരിച്ചു.ഇന്ന് ഉച്ചയോടെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് കത്ത് നല്‍കിയത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.ചര്‍ച്ച വേണ്ടെന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. തുടര്‍ന്നാണ് സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്കില്ലെന്ന നയം സര്‍ക്കാര്‍ തിരുത്തിയത്.

വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിക്ക് തുടക്കം

keralanews laptop for students at low price vidyasree project started

കണ്ണൂര്‍: വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന വിദ്യാശ്രീ പദ്ധതിക്ക് തുടക്കം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ എസ് എഫ് ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ലാപ്‌ടോപ്പ് കുറഞ്ഞനിരക്കില്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 14 ജില്ലകളിലായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി. കുടുംബശ്രീ അംഗങ്ങളായുള്ളവര്‍ 500 രൂപ വീതം 30 മാസം തവണകളായാണ് അടയ്‌ക്കേണ്ടത്. ആദ്യ മൂന്ന് മാസതവണ സംഖ്യ അടച്ചു കഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് ലാപ്‌ടോപ്പിനായി അപേക്ഷിക്കാം. ലാപ്‌ടോപ്പ് ലഭിച്ചതിനു ശേഷം ബാക്കിയുള്ള തുക തവണകളായി അടച്ചു തീര്‍ത്താല്‍ മതി. ഉപഭോക്താക്കള്‍ക്ക് കോക്കോണിക്‌സ്, എച്ച്‌ പി, എയ്‌സര്‍, ലെനോവ എന്നിവയില്‍ നിന്നും ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍കാരും നാല് ശതമാനം പലിശ കെ എസ് എഫ് ഇയും വഹിക്കും.

പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പൊലീസ് സഹകരണ സൊസൈറ്റി ഹാളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കൊവിഡ് ജനജീവിതം സ്തംഭിപ്പിച്ചപ്പോള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ വിദ്യാശ്രീ പദ്ധതി പോലുള്ള സ്വീകാര്യമായ പരിപാടികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പട്ടികജാതി, ആശ്രയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടമായി ലാപ്‌ടോപ്പുകള്‍ നല്‍കിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം ടി സരള, കെ എസ് എഫ് ഇ സീനിയര്‍ മാനേജര്‍ എ രതീഷ്, കെ എസ് എഫ് ഇ ഡിജിഎം എ പ്രമോദ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുത്തു.

നിയമന വിവാദം;സർക്കാർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍

keralanews recruitment controversy candidates say government has not invited them for discussion

തിരുവനന്തപുരം: പിഎസ്സി നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്യോഗാര്‍ത്ഥികള്‍.സര്‍ക്കാര്‍ തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ചര്‍ച്ചയ്ക്കായി മന്ത്രി തലത്തില്‍ ഉള്‍പ്പെടെ ശ്രമങ്ങള്‍ നടത്തുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അതേസമയം പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു.ചര്‍ച്ചയും പരിഹാരവും വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി ആരോപിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ഒരു വിഷയം പറഞ്ഞുതീര്‍ക്കുന്നതിന് അദ്ദേഹം ദയനീയമായി പരാജയപ്പെട്ടുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം; അഴിമതി ആരോപിച്ച്‌ വിജിലന്‍സില്‍ പരാതി

keralanews deep sea fishing contract controversy complaint to vigilance alleging corruption

കൊച്ചി:ആഴക്കടല്‍ മത്സ്യബന്ധന കരാറിന് പിന്നിൽ അഴിമതി ആരോപിച്ച്‌ വിജിലന്‍സില്‍ പരാതി.കളമശേരി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. കരാറില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താല്‍പര്യപത്രം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിതെന്നും പരാതിയില്‍ പറയുന്നു.വിദേശ കുത്തകകളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നതുവഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കും. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താത്പര്യപത്രം ക്ഷണിക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയത്.കരാര്‍ എടുത്ത കമ്പനി ഉപകമ്പനി രൂപീകരിച്ചു. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള പത്ത് ലക്ഷം മൂലധനമുള്ള കമ്പനിയാണിത്. ഇത് സംശയദൃഷ്ടിയോടെ കാണണമെന്നും വലിയ അഴിമതിയാണ് നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തിയ നടപടി വ്യവസായ വകുപ്പാണ് നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പിന്റെ അനുമതിയില്ലാതെ നയത്തില്‍ മാറ്റം വരുത്താനാകില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വലിയ കരാര്‍ ഇത്ര രഹസ്യമായി നടന്നതെങ്ങനെയെന്നും പരാതിക്കാരൻ ചോദിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 4505 covid cases confirmed in the state today 4854 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 493, കോഴിക്കോട് 483, മലപ്പുറം 461, ആലപ്പുഴ 435, കൊല്ലം 408, പത്തനംതിട്ട 365, കോട്ടയം 378, തൃശൂര്‍ 328, തിരുവനന്തപുരം 257, കണ്ണൂര്‍ 148, പാലക്കാട് 82, വയനാട് 115, ഇടുക്കി 92, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 4 വീതം, പാലക്കാട് 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 387, കൊല്ലം 427, പത്തനംതിട്ട 566, ആലപ്പുഴ 305, കോട്ടയം 378, ഇടുക്കി 93, എറണാകുളം 537, തൃശൂര്‍ 430, പാലക്കാട് 107, മലപ്പുറം 578, കോഴിക്കോട് 590, വയനാട് 142, കണ്ണൂര്‍ 202, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 67 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 368 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഇന്ധനവില വർദ്ധനവ്; സര്‍വീസ് നിർത്തിവെയ്ക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍

keralanews increase in fuel prices private bus owners in the state are preparing to suspend the service

കൊച്ചി: ഇന്ധനവില വർദ്ധനവിനെ തുടർന്ന് സര്‍വീസ് നിർത്തിവെയ്ക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍.എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇന്ധന വില ഇനിയും കൂടിയാല്‍ ബാക്കിയുള്ള സര്‍വീസുകള്‍ കൂടി നിര്‍ത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകള്‍.കോവിഡിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയര്‍ന്നത്. നഷ്ടം സഹിക്കാനാകാതെ ഒരു മാസത്തിനിടെ എറണാകുളം ജില്ലയില്‍ മാത്രം 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇപ്പോഴത്തെ വിലയ്ക്ക് ഡീസല്‍ അടിച്ചു സര്‍വീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്.ഇന്ധന വിലയുടെ പേരിലുള്ള കൊള്ളക്കെതിരെ ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ ഗവർണറെ ബോദ്ധ്യപ്പെടുത്തി; ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍

keralanews governer give promise that requirements will be considered said the candidates on strike

തിരുവനന്തപുരം:സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ കൂടിക്കാഴ്‌ച പൂര്‍ത്തിയായി. പ്രശ്‌നങ്ങളെല്ലാം ഗവര്‍ണറെ ബോദ്ധ്യപ്പെടുത്താനായി.ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു. വിഷയത്തില്‍ തന്നാലാകുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേ‌റ്റ് പടിക്കല്‍ 48 മണിക്കൂര്‍ ഉപവാസം നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ അവസരമൊരുക്കിയപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവര്‍ണറെ കാണാന്‍ സാധിച്ചത്. സമരത്തെ ആര് പിന്തുണച്ചാലും തള‌ളിക്കളയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ ചര്‍ച്ചയ്‌ക്ക് മദ്ധ്യസ്ഥതയ്‌ക്കെത്തിയപ്പോഴും ശോഭാ സുരേന്ദ്രന്‍ ഗവര്‍ണറെ കാണാന്‍ അവസരം നല്‍കിയപ്പോഴും അതുകൊണ്ടാണ് സഹകരിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുകയാണ്. ഉപവാസമുള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങിയ ഉദ്യോഗാര്‍ഥികള്‍ ഇന്ന് പ്രതീകാത്മക മീന്‍ വില്‍പന നടത്തിയും പ്രതിഷേധിച്ചിരുന്നു.

പാലക്കാട് നഗരത്തില്‍ വൻ തീപിടിത്തം;ഹോട്ടല്‍ പൂര്‍ണമായി കത്തിനശിച്ചു

keralanews hotel completely burned in major fire in palakkad

പാലക്കാട് : നഗരത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂര്‍ജഹാന്‍ ഓപ്പണ്‍ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറിയ രീതിയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ പുറത്തിറഞ്ഞിയത് വലിയ ഒരു അപകടമാണ് ഒഴിവായത്.ഹോട്ടലില്‍നിന്ന് എല്ലാവരെയും രക്ഷപെടുത്തിയതായി ജില്ലാ ഫയര്‍ ഓഫിസര്‍ പറഞ്ഞു. ‌രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.മൂന്ന് നിലകളിലായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉച്ചക്ക്‌ ശേഷമാണ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നതിനാല്‍ ജീവനക്കാര്‍ മാത്രമേ അപകടസമയത്തുണ്ടായിരുള്ളു. തീപ്പിടുത്തത്തിന്റെ ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.മൂന്ന് നില കെട്ടിടങ്ങളിലായി ഓരോന്ന് വീതം അടുക്കളയുമുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. തീപ്പിടുത്തത്തില്‍ ഹോട്ടലിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും അടുക്കള സാമഗ്രികളും അടക്കം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.സമീപമുള്ള അറേബ്യന്‍ ഗ്രില്‍ ഹോട്ടലിലെ ജീവനക്കാരും നൂര്‍ജഹാന്‍ ഹോട്ടലില്‍ തീപിടിക്കുന്നത് കണ്ട് പുറത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ഹോട്ടലിലെ തീ ഫയര്‍ ഫോഴസ് ഉടനെ തീ അണച്ചതിനാല്‍ ഭാഗികമായാണ് കത്തി നശിച്ചത്. ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് മണിയോടെയാണ് ഹോട്ടലുകളിലെ തീ പൂര്‍ണ്ണമായും അണച്ചത്. തീപ്പിടത്തത്തെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതവും മണിക്കൂറോളം സ്തംഭിച്ചു.

ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

keralanews ramesh chennithala alleges massive corruption in contract with us company for deep sea fishing

കൊച്ചി:ആഴക്കടല്‍ മത്സ്യ ബന്ധനം നടത്താന്‍ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല.ഇഎംസിസി എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായി നടന്ന കരാറില്‍ വന്‍ അഴിമതി നടന്നെന്നാണ് ചെന്നിത്തലയുടെ ആരോപണം.കരാറിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ഐശ്വര്യകേരള യാത്രയ്ക്കിടെ പറഞ്ഞു. കേരളത്തിലെ മത്സ്യമേഖലയെ സര്‍ക്കാര്‍ കുത്തകകള്‍ക്ക് തീറെഴുതിക്കഴിഞ്ഞു.മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഡാലോചന നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.10 ലക്ഷം രൂപ മാത്രം മൂലധനമുള്ള 2 വര്‍ഷം മുൻപ് മാത്രം തുടങ്ങിയ കമ്പനിയായ ഇഎംസിസിയുമായി 5000 കോടി രൂപയുടെ കരാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്. സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ്. ഇഎംസിസി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. കരാറിന് മുൻപ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചില്ല. എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചില്ല.400 ട്രോളറുകളും 2 മദര്‍ ഷിപ്പുകളും കേരള തീരത്ത് മല്‍സ്യ ബന്ധനം നടത്താന്‍ പോവുകയാണ്. നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാറിനെപ്പറ്റി അന്വേഷണം വേണം. കരാറിനെ പറ്റി അറിഞ്ഞിട്ടുണ്ടോ എന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിലെ കടലുകളില്‍ മത്സ്യബന്ധനം നടത്തും. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ഈ അമേരിക്കന്‍ കമ്പനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വന്‍ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച്‌ വിദേശ കമ്പനികൾ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാടിന് സമര്‍പ്പിക്കും

keralanews prime minister narendra modi will inaugurate the paivalige solar power park in manjeswaram constituency today

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാടിന് സമര്‍പ്പിക്കും.ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി പദ്ധതി കമീഷന്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ഓണ്‍ലൈനില്‍ പങ്കെടുക്കും.സോളാര്‍ പാര്‍കിലെ രണ്ടാമത്തെ പദ്ധതിയാണ് പൈവളിഗെയിലേത്. കൊമ്മംഗളയില്‍ സംസ്ഥാന സര്‍കാര്‍ നല്‍കിയ 250 ഏക്കർ ഭൂമിയിലാണ്‌ പദ്ധതി സ്ഥാപിച്ചത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ഡിസി ഇന്ത്യാ ലിമിറ്റഡും കെഎസ്‌ഇബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നടപ്പിലാക്കുന്നത്. 50 വാട് ശേഷിയുള്ള പദ്ധതിയാണിത്. 240 കോടി രൂപയോളം മുതല്‍ മുടക്കിലാണ് കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പൈവളിഗെയിലെ സോളാര്‍ പ്ലാന്റ് സജ്ജമാക്കിയത്. പദ്ധതി നടപ്പിലാവുന്നതോടെ ഉത്തരമലബാറിലെ വൈദ്യുതി ഉപയോഗത്തിന്റെ ഒരു പങ്ക് ഇവിടെ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള വൈദ്യുതി നല്‍കുവാനും സാധിക്കും.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷത്തി അറുപത്തയ്യായിരം പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതോത്പാദനം. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ്‌ഇബിയുടെ കുബനൂര്‍ സബ്സ്റ്റേഷനിലെത്തിച്ചാണ് വിതരണം ചെയ്യുക.