കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിൻ ഷിപ്പിയാർഡിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രതിരോധ സേനയ്‌ക്ക് കരുത്തേകുന്ന കപ്പൽ അദ്ദേഹം സമർപ്പിച്ചത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനൊവാൾ എന്നിവർ ഐഎൻഎസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ പങ്കെടുത്തു.രാവിലെ 9.30 ഓടെ കൊച്ചിൻ ഷിപ്പിയാർഡിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. നാവിക സേന ഗാർഡ് ഓഫ് ഓണർ നൽകി പ്രധാനമന്ത്രിയെ ആദരിച്ചു. തുടർന്ന് അദ്ദേഹം ഉദ്ഘാടനം നടക്കുന്ന വേദിയിലെത്തി.ഐഎൻഎസ് വിക്രാന്ത് വെറും ഒരു വിമാനവാഹിനി കപ്പൽ അല്ല പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും പ്രതീകമാണ്. ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമാണ്. വെല്ലുവിളി എത്ര ദുഷ്‌കരമാണങ്കിലും അതിജീവിക്കാൻ കഴിയുമെന്നതിന് തെളിവ് കൂടിയാണ് വിക്രാന്ത് എന്ന് അദ്ദേഹം പറഞ്ഞു.മേക്ക് ഇൻ ഇന്ത്യ മാത്രമല്ല മേക്ക് ഫോർ വേൾഡ് ആണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷയ്‌ക്ക് ഭാരരത്തിന്റെ ഉത്തരമാണ് വിക്രാന്ത് എന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.സ്വയംപര്യാപ്തതയുടെ പ്രതീകമാണിതെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാവിക സേന മേധാവി അഡ്മിറൽ ആർ..ഹരികുമാർ ,ദക്ഷിണ നാവിക സേനകമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ ഹംപി ഹോളി, കൊച്ചിൻ ഷിപ്പി യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ് നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ക്യാനോപ്പിക്ക് നികുതി ചുമത്തരുത് – ഹൈക്കോടതി
കൊച്ചി : പെട്രോൾ പമ്പുകളിലെ ക്യാനോപ്പിക്ക് കെട്ടിട നികുതി ചുമത്തുന്നത് ബഹു.കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.
പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ്.ഗോപിനാഥ്.പി യുടെ സുപ്രധാനമായ ഉത്തരവുണ്ടായത്.
തങ്ങളുടെ അംഗങ്ങളായ ചിലരുടെ പെട്രോൾ പമ്പുകളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്യാനോപ്പിക്ക് ടാക്സ് ചുമത്തി കൊണ്ട് നോട്ടീസ് അയച്ചതിനെ തുടർന്നാണ് പെട്രോൾ ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കു വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ് ഹാജരായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി
കൊച്ചി:രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി.ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാനാണ് മോഡി കൊച്ചിയിലെത്തിയത്.വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. ഇന്ന് പ്രധാനമന്ത്രി കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും.വൈകുന്നേരം ആറിന് നെടുമ്പാശ്ശേരിയിൽ നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും.സിയാൽ കൺവെൻഷൻ സെന്ററിലാണ് ദീർഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം.എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കണ്ണൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട;60 കിലോ കഞ്ചാവുമായി ഉളിക്കൽ സ്വദേശി പിടിയിൽ
കണ്ണൂർ: ജില്ലയിൽ വൻ കഞ്ചാവ് വേട്ട.60 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഉളിക്കൽ സ്വദേശി ഇ റോയിയെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.എടക്കാട് നിന്നാണ് ഇയാൾ പിടിയിലാകുന്നത്.ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഷാഖിൽ എന്നയാൾ ഓടി രക്ഷപ്പെട്ടു. ഷാഖിലിന്റെ വീട്ടിൽ വില്പനക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് വില്പനക്കായി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടയിലാണ് പിടിയിലായത്.
തൃശ്ശൂരിൽ പേവിഷബാധയേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം
തൃശൂർ: ചിമ്മിനിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു. കള്ളിചിത്ര കോളനിയിലെ പാറുവാണ് മരിച്ചത്. തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വയോധികയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആദിവാസി വിഭാഗക്കാരിയായ പാറു ഒരു മാസം മുൻപ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിൽ വെച്ച് തെരുവ് നായയുടെ കടിയേൽക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. പേവിഷബാധ സംശയിച്ച വയോധികയെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു.നിരീക്ഷണത്തിലായിരുന്ന പാറു ഇന്നു വൈകീട്ടോടെ മരിക്കുകയായിരുന്നു. മറ്റു രണ്ട് പേരെ കൂടി നായ കടിച്ചിരുന്നെങ്കിലും ഇവര്‍ കുത്തിവയ്‌പെടുത്തിരുന്നു.
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ കാണാതായ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.ശക്തമായ മഴമൂലമുള്ള ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.ചിറ്റടിച്ചാലിൽ സോമൻ എന്ന ആളുടെ വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. സോമൻ , അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്.ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആദ്യം അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അല്പ സമയത്തിന് ശേഷം കൊച്ചു മകൻ ദേവാനന്ദിന്റെ മൃതദേഹവും തിരച്ചിൽ സംഘത്തിന് ലഭിച്ചു.രുൾപൊട്ടൽ മൂലം പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു.മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് മണ്ണും കല്ലും നിറഞ്ഞതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ജെ സി ബി ഉൾപ്പെടുന്ന തിരച്ചിൽ യന്ത്രങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചത്. കൂട്ടായ പരിശ്രമത്തിന് ശേഷം കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.മണ്ണിടിച്ചിൽ നടന്നതിന് തൊട്ടുമാറി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ആ പ്രദേശത്തു കൂടി മണ്ണിടിച്ചിൽ ഉണ്ടാകാതിരുന്നത്കൊണ്ട് വലിയ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു;ഡോക്ടറുടെ അനാസ്ഥമൂലമെന്ന് ആരോപണം
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ സ്വദേശികളായ ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.കൃത്യമായ പരിശോധന ഡോക്ട്ർമാർ നടത്തിയിരുന്നില്ല. കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും ബിജീഷ് പറയുന്നു. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് പ്രത്യേക ശ്രദ്ധ നൽകണം എന്ന് പറഞ്ഞിട്ടും അവർ അത് കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് കുഞ്ഞ് മരിച്ച വിവരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റമോർട്ടം ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷം പ്രതികരിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.പ്രാഥമിക പരിശോധനയിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.കുഞ്ഞിന് ഗർഭാവസ്ഥയിൽ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്‌കാനിംഗുകളിൽ കുഴപ്പമൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ജനിച്ച് അൽപസമയത്തിന് ശേഷം തന്നെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും മരണകാരണമായി ഡോക്ടർ പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വടക്കൻ കേരളത്തിൽ കനത്ത മഴ; കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴ.കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയയമുണ്ട്. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്.കോഴിക്കോട് വിലങ്ങാട് മേഖലയിലും ഉരുൾപൊട്ടിയതായി സംശയം ഉയർന്നിട്ടുണ്ട്. ഈ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ശക്തമാണ്.വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. നിലവൽ പേര്യ വനത്തിൽ നിന്ന് മലവെള്ളം ഒഴുകിയെത്തുകയാണ്. പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന്റെ അളവ് വർദ്ധിച്ചാൽ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.മലപ്പുറം കരുവാരക്കുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായി.കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിൽ. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്;സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ കവര്‍ച്ച
കൊച്ചി: കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്.പണം വരാതിരിക്കാൻ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ്.കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്‌ക്കാതെയാണ് മോഷണ ശ്രമം.കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നടന്ന തട്ടിപ്പിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ 18,19 തീയതികളിലായി വ്യാപകമായി എടിഎമ്മുകളിൽ നിന്ന് പണം കവരുന്നതായി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരാണ് പോലീസിൽ പരാതി നൽകിയത്. ഇടപാടുകാരൻ കാർഡിട്ട് പണം വലിക്കാൻ ശ്രമിക്കുമ്പോൾ പണം വരുന്ന ശബ്ദം കേൾക്കുമെങ്കിലും പണം ലഭിക്കാതെ വരും. തുടർന്ന് ഇവർ പോകുമ്പോൾ മോഷ്ട്ടാവ് അകത്തു കയറി ബ്ലോക്ക് മാറ്റി പണമെടുക്കും. വിവിധ എടിഎമ്മുകളിൽ നിന്നായി 25000 രൂപ നഷ്ടമായതാണ് പരാതിയിൽ പറയുന്നത്.പതിനായിരം രൂപയ്ക്ക് മേൽ അക്കൗണ്ടിൽ നിന്ന് നഷ്ടമായവരിൽ ചിലർ പരാതിയുമായി ബാങ്കിനെ സമീപിക്കുകയും ബാങ്ക് മാനേജർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കണ്ണൂര്‍ തലശ്ശേരിയില്‍ നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി
കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനിലുണ്ടെന്ന് ഇന്നലെ രാത്രി തന്നെ പോലീസ് മനസിലാക്കിയിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ പത്ത് മണിയോടെ കോയമ്പത്തൂരില്‍ നിന്ന് തലശ്ശേരിയില്‍ എത്തിച്ചു. തലശ്ശേരിയില്‍ ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തിന് സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാതാകുന്നത്.ഫര്‍ണ്ണീച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് ഇവർ നാട് വിട്ടത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകില്ലെന്ന് നഗരസഭയ്‌ക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്. അതേസമയം ദമ്പതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി നഗരസഭാ പേഴ്‌സണ്‍ ജമുനാറാണി രംഗത്തെത്തി. കരുതിക്കൂട്ടി ആക്രമിക്കാന്‍ വേണ്ടിയാണ് ദമ്പതികള്‍ നാടുവിട്ടതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.