സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്

keralanews government medical college doctors to go on indefinite boycott strike from today

തിരുവനന്തപുരം:സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്.ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് വഞ്ചനാദിനം ആചരിക്കും.മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. ചികിത്സയേയും അധ്യാപനത്തെയും ബാധിക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരം. ഇന്ന് വഞ്ചനാദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കാനാണ് പദ്ധതി.വിഐപി ഡ്യൂട്ടിയും പേ വാര്‍ഡ് ഡ്യൂട്ടിയും നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ബഹിഷ്‌കരിക്കും. മാര്‍ച്ച്‌ 10നു സെക്രട്ടേറിയറ്റിനു മുന്നില്‍ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച്‌ 17ന് ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്കരിക്കുമെന്ന് സംഘടന അറിയിച്ചു.2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. രണ്ടാഴ്ച മുൻപ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 2020 മുതലുള്ള കുടിശ്ശിക നല്‍കാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

കാഞ്ഞങ്ങാട് സ്പെ​യ​ര്‍​പാർട്സ് കടയില്‍ തീപിടിത്തം​; ലക്ഷങ്ങളുടെ നഷ്​ടം

keralanews fire broke out in spareparts showroom in kanjangad

കാഞ്ഞങ്ങാട്: വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിങ് സ്പെയര്‍പാർട്സുകളും അലങ്കാര ലൈറ്റുകളും വില്‍പന നടത്തുന്ന കടയ്ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം. ചിത്താരി സ്വദേശിയുടെ നോര്‍ത്ത് കോട്ടച്ചേരിയിലെ ട്രാക് കൂള്‍ എന്ന സ്ഥാപനത്തിലെ സാധനങ്ങള്‍ സൂക്ഷിച്ച മുകളിലത്തെ നിലയിലാണ് ചൊവ്വാഴ്ച പുലര്‍ച്ച തീപിടുത്തമുണ്ടായത്.പത്രവിതരണത്തിനെത്തിയവരാണ് കടയില്‍നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ ഉടന്‍ സമീപവാസികളെ വിവരമറിയിച്ചു. ഇവര്‍  അഗ്നിരക്ഷസേനയെ വിവരമറിച്ചയുടന്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. പ്രഭാകരന്റെ നേതൃത്വത്തില്‍ മിനിറ്റുകള്‍ക്കകം ആദ്യ വാഹനം എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കടയുടെ മുകളിലത്തെ നിലയിലെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് ശക്തിയായി പൊട്ടിത്തെറിച്ച്‌ തീയും പുകയുംകൊണ്ട് പ്രദേശമാകെ മൂടി. വിവരമറിഞ്ഞ് രണ്ടാമത്തെ അഗ്നിരക്ഷസേന വാഹനവും എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതുകൂടാതെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷസേന നിലയത്തില്‍നിന്നുള്ള വാഹനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായെത്തി തൊട്ടടുത്ത കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി.മുപ്പതോളം അഗ്നിരക്ഷസേന ഓഫിസര്‍മാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേര്‍ന്ന് രാവിലെ എട്ടരയോടെയാണ് തീ പൂര്‍ണമായും അണച്ചത്.രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ ലതീഷ് കയ്യൂര്‍, സിവില്‍ ഡിഫന്‍സ് അംഗം രതീഷ് കുശാല്‍ നഗര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍നിന്നുള്ള തീ പടര്‍ന്നുപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും

keralanews cpo candidates will hold a general meeting in front of the secretariat today

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ സിവില്‍ പൊലീസ് ഓഫീസര്‍ (സി.പി.ഒ) ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. മഹാസംഗമത്തിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയറ്റിന് മുന്നില്‍ അണിനിരത്തും.അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ മരണം വരെ സമരവുമായി മുന്നോട്ട് പോകുമെന്ന ശക്തമായ നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടിരിക്കുകയാണ്.

രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ;മുഖ്യമന്ത്രി ഇന്ന് വാക്സിന്‍ സ്വീകരിക്കും

keralanews second phase covid vaccination pinarayi vijayan will receive covid vaccine today

തിരുവനന്തപുരം:രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും.ഇന്ന് രാവിലെ 9 മണിയോടെ വാക്സിന്‍ സ്വീകരിക്കുമെന്നാണ് വിവരം. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിക്കുക.ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഇന്നലെ വാക്സിന്‍ സ്വീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിമാരിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്സിനെടുക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിക്കുക.

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 2938 covid cases confirmed in the state today 3512 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2657 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 348, മലപ്പുറം 328, കോഴിക്കോട് 331, എറണാകുളം 295, കൊല്ലം 268, പത്തനംതിട്ട 217, കണ്ണൂര്‍ 171, കോട്ടയം 206, തിരുവനന്തപുരം 124, ആലപ്പുഴ 153, പാലക്കാട് 35, കാസര്‍ഗോഡ് 72, ഇടുക്കി 54, വയനാട് 55 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 4, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 298, കൊല്ലം 214, പത്തനംതിട്ട 515, ആലപ്പുഴ 112, കോട്ടയം 200, ഇടുക്കി 128, എറണാകുളം 470, തൃശൂര്‍ 339, പാലക്കാട് 129, മലപ്പുറം 288, കോഴിക്കോട് 500, വയനാട് 102, കണ്ണൂര്‍ 142, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

keralanews health minister k k shyalaja received covid vaccine

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് മന്ത്രി വാക്‌സിൻ സ്വീകരിച്ചത്.ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്സിന്‍ എടുത്ത് കഴിഞ്ഞതായും ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും കെ കെ ശൈലജ അറിയിച്ചു. വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മന്ത്രിമാര്‍ക്കിടയിലുള്ള വാക്‌സിനേഷന് തുടക്കമിട്ടത്. ഇന്നലെയാണ് രണ്ടാം ഘട്ടം വാക്‌സിനേഷന്‍ തുടങ്ങിയത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍.

ബിനോയ്​ കുര്യനെ കണ്ണൂര്‍ ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

keralanews binoy kurian elected as the vice president of kannur district panchayat

കണ്ണൂര്‍: തില്ലങ്കേരി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ യുവ നേതാവായ ബിനോയ് കുര്യനെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 24 അംഗ ജില്ല പഞ്ചായത്തില്‍ 23 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.ബിനോയ് കുര്യന് 16 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ. ആബിദ ടീച്ചര്‍ക്ക് ഏഴുവോട്ടും കിട്ടി.ക്വാറന്‍റീനില്‍ ആയതു കാരണം സി.പി.എമ്മിലെ തമ്പാൻ മാസ്റ്റര്‍ തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. എല്‍.ഡി.എഫിലെ ഇ. വിജയന്‍ മാസ്റ്ററാണ് ബിനോയ് കുര്യന്റെ പേര് നിര്‍ദേശിച്ചത്. വി.കെ. സുരേഷ് ബാബു പിന്താങ്ങി.തോമസ് വെക്കത്താനമാണ് എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ ആബിദ ടീച്ചറിന്റെ പേര് നിർദേശിച്ചത്. കെ. താഹിറ പിന്താങ്ങുകയും ചെയ്തു.ജില്ല കലക്ടര്‍ ടി.വി. സുഭാഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.തില്ലങ്കേരി ഡിവിഷനില്‍ നിന്ന് കേരള കോണ്‍ഗ്രസ് (ജെ)യിലെ ലിന്‍റ ജെയിംസിനെ പരാജയപ്പെടുത്തി 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം നേതാവായ ബിനോയ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്.ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്‍റായിരുന്ന ഇ. വിജയന്‍ മാസ്റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.സി.പി.എം ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചാണ് ബിനോയ് കുര്യന്‍ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടര്‍ന്ന് തില്ലങ്കേരി ഡിവിഷനില്‍ ഡിസംബര്‍ 16ന് തെരഞ്ഞെടുപ്പ് നടന്നില്ല. ഇതേതുടര്‍ന്നാണ് പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്‍റായത്. ജനുവരി 21ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിനോയ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഈ വിജയന്‍ മാസ്റ്ററര്‍ ബിനോയ് കുര്യനു വേണ്ടി വൈസ് പ്രസിഡന്‍റ്  സ്ഥാനം രാജിവെക്കുകയായിരുന്നു.സി .പി.എം ജില്ല കമ്മിറ്റി അംഗമാണ് ബിനോയ് കുര്യന്‍. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന കമ്മിറിറയംഗം, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു

keralanews minister kadannappali ramachandran received covid vaccine (2)

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.ഇരുചക്ര വാഹനത്തിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. കുത്തിവയ്പ്പ് കഴിഞ്ഞ് അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

കണ്ണൂരില്‍ നടുറോഡില്‍ വച്ച് വിദ്യാര്‍ത്ഥിയെ‌ ഓട്ടോ ഡ്രൈവർ മർദിച്ചതായി പരാതി

keralanews student was beaten by an auto driver on road in kannur

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചതായി പരാതി. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. മുത്താറപ്പീടിക ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ജിനീഷാണ് കുട്ടിയെ തല്ലിയത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് വരുന്നത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ ഒപ്പം നടക്കുന്നു എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ ജിനീഷ് വിദ്യാർത്ഥിയെ മര്‍ദിച്ചത്. തല്ലുന്നത് പ്രദേശവാസികളുടെ മുന്നില്‍ വച്ചായിരുന്നെങ്കിലും ആരും ആദ്യം ഇത് തടയാന്‍ ശ്രമിച്ചില്ല. കുറച്ച്‌ നേരത്തിന് ശേഷമാണ് ചിലര്‍ വന്ന് ജിനീഷിനെയും വിദ്യാര്‍ത്ഥിയെയും പിടിച്ച്‌ മാറ്റിയത്.കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മര്‍ദ്ദനത്തിനിരയായ കുട്ടി പറയുന്നു. മര്‍ദനമേറ്റ സംഭവം വിദ്യാര്‍ത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ജിനീഷിനെതിരെ പൊലീസ് കേസെടുത്തു.

ഇരിട്ടി പുതിയ പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു

keralanews iritty new bridge temporarily opened for transportation

ഇരിട്ടി:ഇരിട്ടി പുതിയപാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു.ഇരിട്ടി ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാന ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന പുതിയ പാലം രണ്ടുമണിക്കൂർ നേരത്തേക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.വാഹന പണിമുടക്ക് ആയതിനാൽ വാഹനങ്ങളുടെ എണ്ണം കുറവായതിനാലും ഭാരവാഹനങ്ങൾ ഇല്ലാത്തതിനാലും വളരെ കുറച്ച് സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നു പോയത്.രാവിലെ എട്ടുമണിയോടെ തുറന്ന പാലം 10 മണിയോടെ വീണ്ടും അടച്ചു.പാലത്തിലെ പ്രവൃത്തികൾ പൂർത്തിയാകണമെങ്കിൽ ഇനിയും രണ്ടാഴ്ചകൂടി എടുക്കുമെന്ന് പാലം നിർമാണവുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.