കൊച്ചി:വാളയാർ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി കൂട്ടമായി തലമുണ്ഡനം ചെയ്ത് കലക്‌ട്രേറ്റ് പടിക്കല്‍ പ്രതിഷേധം സമരം.സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് നീതി തേടി സമരം ചെയ്യുന്ന അമ്മയ്ക്ക് പിന്തുണയുമായി സമരവേദിയില്‍ എത്തി തലമുണ്ഡം ചെയ്തത്. ഭാരതീയ പട്ടിക ജനസമാജം(ബിപിജെഎസ്) പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കലക്‌ട്രേറ്റ് കവാടത്തില്‍ ഐക്യദാര്‍ഢ്യ സമരം സംഘടിപ്പിച്ചത്.പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ അമ്മ നേരത്തെ തലമുണ്ഡനം ചെയ്തിതിരുന്നു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ് ഐയെയും ഡിവൈഎസ്പിയെയും ശിക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പട്ടികജനസമാജം വനിതാ വിഭാഗം ജില്ലാസെക്രട്ടറി രജിത അനിമോന്‍ തലമുണ്ഡനം ചെയ്ത് സമരം ഉദ്ഘാടനം ചെയ്തു.ബിപിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് പിണര്‍മുണ്ട, വാളയാര്‍ സമരസമിതി കണ്‍വീനര്‍ വി എം മാര്‍സണ്‍, ഫാ.അഗസ്ത്യന്‍ വട്ടോളി പ്രസംഗിച്ചു.
അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികള്‍ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായി
കണ്ണൂർ:അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികള്‍ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായി.തലശ്ശേരി മൊട്ടാമ്പ്രം പള്ളിയിലെ ഖദീജ മന്‍സിലില്‍ ഹംസയുടെ മകന്‍ കെ.പി സിയാദ് (38), വയനാട് ജില്ലയിലെ ചിറമുല കോളനിയില്‍ കേളോത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ പാച്ചു എന്ന ഫൈസല്‍ (39) എന്നിവരാണ് പിടിയിലായത്.എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ഷാജിയാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികള്‍ വില്‍പനക്കായി എത്തിച്ച 2.300 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഒരാഴ്ചക്കാലമായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ സംസ്ഥാനത്തിലെ വിവിധ എക്‌സൈസ് ഓഫീസുകളിലും, പൊലിസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കേസിലുള്‍പ്പെട്ട സിയാദ് കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്.കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി. പ്രമോദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ബി. ജീമോന്‍, ഷാജി അളോക്കന്‍, കെ. സുനീഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌കോര്‍ഡ് അംഗം പി. ജലീഷ്, പ്രജീഷ് കോട്ടായി, പി. റോഷിത്ത്, ബാബു ജയേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 കണക്കിലാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 325, കൊല്ലം 253, തൃശൂര്‍ 241, എറണാകുളം 207, കോട്ടയം 218, ആലപ്പുഴ 217, തിരുവനന്തപുരം 147, കണ്ണൂര്‍ 154, മലപ്പുറം 158, പത്തനംതിട്ട 118, കാസര്‍ഗോഡ് 106, വയനാട് 82, പാലക്കാട് 42, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം 2 വീതം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 223, കൊല്ലം 262, പത്തനംതിട്ട 320, ആലപ്പുഴ 226, കോട്ടയം 531, ഇടുക്കി 62, എറണാകുളം 627, തൃശൂര്‍ 357, പാലക്കാട് 81, മലപ്പുറം 322, കോഴിക്കോട് 558, വയനാട് 97, കണ്ണൂര്‍ 303, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.
മെട്രോമാന്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; നിര്‍ണ്ണായക പ്രഖ്യാപനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണമായി തയ്യാറായതായും സുരേന്ദ്രന്‍ പറഞ്ഞു.പതിനെട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തിയില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ ശ്രീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്നും സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.ഡിഎംആര്‍സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എണ്‍പത്തിയെട്ടുകാരനായ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമുണ്ടെന്ന് മെട്രോമാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ ഏജില്‍ ഡിജിറ്റല്‍ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്നാണ് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തന്റെ വിശ്വാസ്യത തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകും. വീടുകള്‍ കയറിയുള്ള പ്രചാരണമായിരിക്കില്ല താന്‍ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനം. ശരീരത്തിന്റെ പ്രായമല്ല, മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി:താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി മരവിപ്പിച്ചു.പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്‌ഐടി തുടങ്ങി പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.ഹര്‍ജിയില്‍ ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.സംസ്ഥാന സര്‍ക്കാര്‍ നേരത്തെ 10 വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
പരിശോധനകള്‍ പൂര്‍ത്തിയായി; പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും
കൊച്ചി:പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ പാലം സര്‍ക്കാറിന് കൈമാറുമെന്ന് പാലത്തില്‍ നടത്തിയ അവസാനവട്ട പരിശോധനയ്ക്ക് ശേഷം ഡിഎംആര്‍സി ഉപദേശക സമിതി അംഗം ഇ ശ്രീധരന്‍ പറഞ്ഞു.പാലത്തിന്റെ മുഴുവന്‍ നിര്‍മ്മാണ ജോലികളും രണ്ടു ദിവസത്തിനുള്ളില്‍ കഴിയും.ഞായറാഴ്ചക്കു മുമ്ബു തന്നെ പാലം സര്‍ക്കാരിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്. പാലത്തിലെ ഭാര പരിശോധന വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു. ഗതാഗതത്തിനായി പാലം എന്നു തുറന്നുകൊടുക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിക്കുന്നുവെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. ഡിഎംആര്‍സിയുടെ യൂണിഫോമില്‍ തന്റെ അവസാന ദിവസമാണിന്ന്. ഡിഎംആര്‍സിയില്‍ നിന്നും ഇറങ്ങിയതിനു ശേഷം മാത്രമെ താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുകയുള്ളുവെന്നും ഈ ശ്രീധരന്‍ പറഞ്ഞു.ഡിഎംആര്‍സിയുടെ നിര്‍മ്മാണ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഞ്ചു മാസവും 10 ദിവസവും മാത്രമെടുത്താണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പാലം നിര്‍മാണം ഏറ്റെടുത്തത്. ഡിഎംആര്‍സിക്ക് ലാഭമുണ്ടാക്കാനല്ല പകരം ജനങ്ങള്‍ക്ക് വേണ്ടിയാണ് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ തീരുമാനം. ഇന്നും നാളെയും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാകും വാക്സീന്‍ നല്‍കുക.തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒൻപത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വാക്സീനേഷന്‍ ക്യാമ്പ്. വാക്സീന്‍ സ്വീകരിക്കുന്നവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും ആധാര്‍ കാര്‍ഡും കരുതണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവയ്പ്പെടുക്കാന്‍ എത്തുന്നവരില്‍ പലര്‍ക്കും വാക്സീന്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മറ്റൊരു ദിവസം എത്തുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍ പോയി വാക്സീന്‍ എടുക്കുകയോ ചെയ്യാന്‍ ആശുപത്രികളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതായാണ് പരാതി.കോവിന്‍ ആപ്പില്‍ തുടരുന്ന സാങ്കേതിക തകരാര്‍ മൂലം പലരും തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥരും കുത്തിവയ്‌പ്പെടുക്കാനെത്തുന്നുണ്ട്. ഇതെല്ലാം കാരണം തിരക്ക് വളരെയേറെ കൂടിയ സാഹചര്യത്തിലാണ് പലരുടേയും വാക്സീനേഷന്‍ മാറ്റി വയ്ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.
കാസർകോട്ട് മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കാസർകോഡ്:മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചു പേരെയാണ് രക്ഷിച്ചത്.ഇവരെ തളങ്കര തീരത്ത് എത്തിക്കുമെന്നാണ് വിവരം.മത്സ്യബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളുടെ മറിയം എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മടക്കര ഹാര്‍ബറില്‍ നിന്ന് രണ്ടു ദിവസം മുൻപാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ കാസര്‍കോടു നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് തിരമാലയില്‍പ്പെട്ട് രണ്ടായി മുറിയുകയായിരുന്നു.തകര്‍ന്ന ബോട്ടില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ ഫിഷറീസ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ തൈക്കടപ്പുറത്തു നിന്ന് ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള രക്ഷാബോട്ട് പുറംകടലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരുമ്പോൾ ബോട്ടിന്റെ എന്‍ജിന്‍ കേടായത് ആശങ്കപരത്തി. മറ്റൊരു ബോട്ടില്‍ ആണ് മത്സ്യത്തൊഴിലാളികളെ പിന്നീട്ട് കരയ്‌ക്ക് എത്തിച്ചത്.
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;4031 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെയില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2493 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 380, എറണാകുളം 262, മലപ്പുറം 265, തൃശൂര്‍ 235, കോട്ടയം 228, കൊല്ലം 232, ആലപ്പുഴ 201, പത്തനംതിട്ട 184, തിരുവനന്തപുരം 113, കണ്ണൂര്‍ 89, കാസര്‍ഗോഡ് 94, പാലക്കാട് 45, ഇടുക്കി 86, വയനാട് 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 2 വീതം, കോട്ടയം, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 561, പത്തനംതിട്ട 361, ആലപ്പുഴ 112, കോട്ടയം 272, ഇടുക്കി 46, എറണാകുളം 509, തൃശൂര്‍ 307, പാലക്കാട് 111, മലപ്പുറം 405, കോഴിക്കോട് 605, വയനാട് 128, കണ്ണൂര്‍ 180, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 358 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാർത്ഥിയായി ഇത്തവണയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെ മത്സരിച്ചേക്കും
കണ്ണൂർ: കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാർത്ഥിയായി ഇത്തവണയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെ മത്സരിച്ചേക്കും.യുഡിഎഫിന്റെ ഉറച്ചകോട്ടയായ കണ്ണൂരില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്കെതിരെ നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി ജയിച്ചത്.കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുകയാണെങ്കില്‍ ഇത്തവണ മണ്ഡലത്തിലെ പോരാട്ടത്തിന് ചൂട് കൂടും.ആദ്യഘട്ടത്തില്‍ യു.ഡി.എഫില്‍ കഴിഞ്ഞ തവണ മത്സരിച്ച ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ പേരായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍, മുല്ലപ്പള്ളി മത്സരിക്കാന്‍ എത്തിയേക്കുമെന്ന പ്രചാരണമുണ്ട്. മുല്ലപ്പള്ളി ജയിച്ച് നിയമസഭയിലെത്തിയാല്‍ നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റായ കെ. സുധാകരന്‍ എം.പിക്കായിരിക്കും അടുത്ത കെ.പി.സി.സി അധ്യക്ഷപദവിക്ക് സാധ്യത.കെ. സുധാകരന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് പാച്ചേനിക്ക് കണ്ണൂരില്‍ നറുക്കുവീണത്. 1996 മുതല്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതാവായ കെ. സുധാകരനാണ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയത്. 2009ല്‍ ലോക്സഭാംഗമായി കെ. സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചു. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ എം.വി. ജയരാജനും കോണ്‍ഗ്രസില്‍ എ.പി. അബ്ദുല്ലക്കുട്ടിയും തമ്മിലായിരുന്നു പോരാട്ടം. വാശിയേറിയ പോരാട്ടത്തില്‍ അബ്ദുല്ലക്കുട്ടി നിയമസഭയിലെത്തി. 2011ല്‍ എല്‍.ഡി.എഫിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തോല്‍പിച്ച് അബ്ദുല്ലക്കുട്ടി വീണ്ടും എം.എല്‍.എയായി. 2016ല്‍ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെ തോല്‍പിച്ചാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി 54,347 വോട്ട് നേടിയപ്പോള്‍ സതീശന്‍ പാച്ചേനിക്ക് 53,151വോട്ടാണ് കിട്ടിയത്.