കൊച്ചി: യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഐഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി വിവരം.ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. കസ്റ്റംസ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ബിനീഷിന്റെ പേരും പുറത്തുവന്നിരിക്കുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റും വിനോദിനിയെ ചോദ്യം ചെയ്യും. ഇതിനായി ഇഡി കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്‌എക്‌സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു വന്നതോടെ ഫോണ്‍ ഓഫാക്കി. യുഎഎഫ്‌എക്‌സ് സൊല്യൂഷന്‍സിന്റെ പാര്‍ട്‌നറെ ബെംഗളൂരുവില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട കേസില്‍ ചോദ്യം ചെയ്തിരുന്നു.അതേസമയം വിനോദിനി കോടിയേരി നാളെ ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. എന്നാല്‍ താന്‍ ഫോണുകള്‍ സ്വപ്‌നയ്ക്കാണ് കൈമാറിയതെന്നാണ് എന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സ്വപ്‌നയേയും ചോദ്യം ചെയ്തേക്കും. വിനോദിനിയുടെ മൊഴിയെടുത്ത ശേഷമാകും കസ്റ്റംസ് അന്വേഷണം സ്വപ്നയിലേയ്ക്ക് തിരിയുക.
സംസ്ഥാനത്ത് 48,960 ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടിയെത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് 48,960 ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുകളുമാണ് എത്തിയത്. ഇതുകൂടാതെ കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സാധ്യമാകുന്നതാണ്.സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.കോവിന്‍ വൈബ് സൈറ്റിലോ (https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. മുന്‍ഗണനാക്രമമനുസരിച്ച് എല്ലാവര്‍ക്കും തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി 1000ത്തോളം കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കി വരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം അവസാനത്തില്‍ കഴിയുന്നതോടെ 60 വയസ് കഴിഞ്ഞവര്‍ക്കും മറ്റസുഖങ്ങളുള്ള 45 വയസ് കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാക്കുന്നതാണ്.
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.ഈ മാസം 17മുതലാണ് പരീക്ഷകള്‍ തുടങ്ങേണ്ടത്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവയ്ക്കണമെന്ന് നേരത്തെ അധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു.വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്‍റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. .മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് എസ് എസ് എല്‍ സി പരീക്ഷകള്‍ നിശ്‌ചയിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ 15,000 ബൂത്തുകള്‍ അധികമായി ക്രമീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ്; അഡ്വ.എസ് ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
എറണാകുളം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ അഭിഭാഷകയായ എസ് ദിവ്യയെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ചോദ്യം ചെയ്യുന്നു. സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ദിവ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍, സിം കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയുമായി ഹാജരാകാനാണ് കസ്റ്റംസ് ദിവ്യക്ക് കസ്റ്റംസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്.ഇവരുടെ പക്കല്‍ ഒൻപത് സിം കാര്‍ഡുകള്‍ ഉണ്ടെന്നും പ്രതികളില്‍ പലരേയും ഇവര്‍ നിരന്തരം വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
ഈ മാസം 15,16 തീയതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം:മാർച്ച് 15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു)നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്.പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.കൂടാതെ ബാങ്കുകളില്‍ പ്രതിഷേധ മാസ്ക് ധരിച്ച് ഇന്നും 12നും ജോലി ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
നിയമസഭാ തിരഞ്ഞെടുപ്പ്;എല്‍ഡിഎഫിന്‍റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍: എല്‍ഡിഎഫിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന സ്വീകരണത്തോടെയാണ് എല്‍ഡിഎഫിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. മൂന്ന് മണിക്ക് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രിയെ റെഡ് വൊളന്റിയര്‍മാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും.’ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ച് വോളണ്ടിയര്‍മാര്‍ അദ്ദേഹത്തെ അനുഗമിക്കും. വൈകിട്ട് അഞ്ചിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തില്‍ ഉണ്ടാകും.അതിന് ശേഷം മറ്റ് ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തൂ. നാളെ മണ്ഡലത്തില്‍ പ്രമുഖരുമായി കൂടി കാഴ്ച ഉണ്ടാകും .രാവിലെ പത്തിന് തുടങ്ങി വൈകുനേരം അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് പരിപാടികള്‍.പ്രചാരണത്തിനിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരാനിരിക്കുകയാണ്. സംസ്ഥാന സമിതി അംഗീകാരം നല്‍കിയ പല സ്ഥാനാര്‍ത്ഥികളുടെ പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍, തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീര്‍പ്പ് കല്‍പിക്കും.
വാഹനങ്ങളിൽ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധം തൂക്കുന്ന അലങ്കാരപ്പണികളും ഇനി നിയമവിരുദ്ധം
തിരുവനന്തപുരം: വാഹനങ്ങളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും ഇനി മുതൽ നിയമവിരുദ്ധം. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകള്‍ വെയ്ക്കുന്നതും കുറ്റകരമാണ്. കുഷനുകള്‍ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിംഗ് പേപ്പറുകള്‍, കര്‍ട്ടനകുള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തിലെ അലങ്കാരപ്പണികള്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
കേരളത്തിലെ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും
തിരുവനന്തപുരം:സംസ്ഥാനത്തെ കസ്റ്റംസിന്റെ മേഖലാ ഓഫിസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫിസുകളിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.കസ്റ്റംസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എല്‍ഡിഎഫ് ആക്ഷേപം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആരോപിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസ് സത്യവാങ്മൂലത്തെ ഒറ്റക്കെട്ടായി വിമര്‍ശിക്കുകയാണ് സിപിഎം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിക്കുന്നു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിച്ചു.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ;വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി:യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കണ്ടെത്തിയതിനെ തുടർന്ന് വിനോദിനിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചു.ആറ് ഐ ഫോണുകള്‍ സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നു.അഞ്ച് ഐഫോണുകള്‍ നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.ആറാമത്തെ ഐഫോണാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.കോണ്‍സല്‍ ജനറലിന് നല്‍കിയെന്നു പറയപ്പെടുന്ന ഫോണാണ് വിനോദിയുടെ കൈവശമുണ്ടായിരുന്നത്.ഇത് എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും.ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെന്നും കസ്റ്റംസ് കണ്ടെത്തി.ലൈഫ് മിഷന്‍ കേസിലും ഡോളര്‍ കടത്തിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഫോണുകള്‍ ആരെല്ലാം ഉപയോഗിച്ചെന്ന് ചോദ്യം ഉയര്‍ന്നു.ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കസ്റ്റംസ് സിം കാർഡ് കണ്ടെത്തിയത്.
തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്, ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ
കൊച്ചി: ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. തെരഞ്ഞെടുപ്പിൽ ശ്രീധരൻ ബി.ജെ.പിയെ മുന്നിൽ നിന്ന് നയിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പരാമർശം.അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ല. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാര്‍ട്ടി അത്തരം നിര്‍ദേശം വെച്ചാല്‍ സ്വീകരിക്കും. വിവാദങ്ങളില്‍ വിഷമം ഇല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.