കോട്ടയം: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണി മുതൽ നേവിയുടെ മുങ്ങൽ വിദഗ്ധരും, കോട്ടയത്ത് നിന്നുള്ള സ്‌കൂബാ ഡൈവിങ് ടീമും, ഫയർ ആന്റ് റെസ്‌ക്യു ടീമും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മൂന്ന് പേരാണ് ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് മുൻപ് തന്നെ പ്ലസ്ടു വിദ്യാർത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യൻ, ചെറുകോൽ സ്വദേശി ബിനീഷ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. നാലാമതൊരാൾ കൂടി അപകടത്തിൽ പെട്ടുവെന്ന സംശയം ഉയർന്നിരുന്നുവെങ്കിൽം ഇയാൾ പിന്നീട് നീന്തി രക്ഷപെട്ടുവെന്ന് സ്ഥിരീകരണം ഉണ്ടായി.അമ്പതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തിൽ ഉണ്ടായിരുന്നത്. തുഴച്ചിൽക്കാർ അല്ലാത്തവരും പള്ളിയോടത്തിൽ ഉണ്ടായിരുന്നു. മാവേലിക്കരയ്‌ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവിൽ ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്.ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. അച്ചൻകോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത്. വള്ളം ആറ്റിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
തെരുവുനായ ശല്യം; മാസ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിക്കും; ഷെല്‍ട്ടറുകള്‍ ഒരുക്കും
തിരുവനന്തപുരം: തെരുവുനായശല്യം പരിഹരിക്കാന്‍ അടിയന്തര നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. നടപടിയുടെ ഭാഗമായി മാസ് വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ഒരു മാസം നീളുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് നടത്തുക. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍ യജ്ഞം. പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരുവുനായ ശല്യത്തെ നേരിടേണ്ടത് രണ്ടുതരത്തിലാണ്. അടിയന്തരമായ ചില നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ ഭീതി സ്വാഭാവികമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം മാത്രം പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. അതിന് ദീര്‍ഘകാല നടപടികള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. തെരുവുനായകളുടെ കടിയേല്‍ക്കുന്ന പലര്‍ക്കും പേവിഷബാധയുണ്ടാവുന്നതാണ് മരണകാരണമാകുന്നതെന്ന് മന്ത്രി പറഞ്ഞു.അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്. മറ്റുകാര്യങ്ങളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫോർട്ട് കൊച്ചിയിൽ നാവിക സേനയുടെ പരിശീലനത്തിനിടെ കടലിൽവെച്ച് മൽസ്യത്തൊഴിലാളിക്ക് പരിക്കേറ്റു
കൊച്ചി: ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ പരിശീലനത്തിനിടെ മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റു.ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെബാസ്റ്റ്യൻ. ചെവിക്കാണ് വെടിയേറ്റത്.ഇദ്ദേഹത്തെ ഫോർട്ട് കൊച്ചി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്.സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു;കടിയേറ്റവരിൽ കുട്ടികളും; ആലുവയിൽ രണ്ട് പേരെ ആക്രമിച്ച നായ ചത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു.കാട്ടാക്കടയിൽ ഇന്ന് നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആമച്ചൽ , പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ബസ് കാത്തുനിന്ന രണ്ട് കുട്ടികൾക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കുമാണ് കടിയേറ്റത്. കുടാതെ ഒരു യുവതിയെയും നായ ആക്രമിച്ചു.തൃശൂരിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ച് ഓട്ടോ ഡ്രൈവറായ സന്തോഷിനെയും മറ്റൊരു ബംഗാൾ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കണങ്കാലിലാണ് കടിയേറ്റത്/ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനിടെ ആലുവയിൽ രണ്ട് പേരെ കടിച്ച നായ ചത്തു.നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഫനീഫയ്‌ക്ക് കടിയേറ്റത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്.
തിരുവനന്തപുരം പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം
തിരുവനന്തപുരം: പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം. വർക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി.25 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അഞ്ച് തെങ്ങ് ഹാർബറിലെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷപ്പെട്ടവരെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളമാണ് അപകടത്തിൽ പെട്ടത്. അതേസമയം കേരളത്തില്‍ നാല് ജില്ലകളിൽ നാളെ അതിതീവ്രമഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പെൺകുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
പത്തനംതിട്ട:റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പെൺകുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.പൂനെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് അഭിരാമി മരിച്ചത്. ചികിത്സയിലിരിക്കെ അഭിരാമിയ്‌ക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതോടെയാണ് മരണ ശേഷം സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. തെരുവ് നായയുടെ കടിയേറ്റ ശേഷം പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെ അഭിരാമി എടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അഭിരാമി ചികിത്സയിൽ കഴിഞ്ഞിരുന്നത്.അതേസമയം ആശുപത്രി അധികൃതർ മതിയായ കരുതൽ നൽകിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. രാവിലെ കുട്ടിയ്‌ക്ക് ശക്തമായ പനി അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റതിന് ശേഷം അഭിരാമിക്ക് പ്രാഥമിക ചികിത്സ നൽകിയതിൽ വീഴ്ചയുണ്ടായെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
പത്തനംതിട്ട: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു.റാന്നി പെരുനാട് സ്വദേശിനിയായ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.കഴിഞ്ഞ മാസം 13 നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. രാവിലെ പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ തെരുവ്നായ ആക്രമിക്കുകയായിരുന്നു. കണ്ണിലും മുഖത്തും കാലിലും ഉൾപ്പെടെ എട്ട് ഇടത്താണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിൻ എടുത്തു. വീണ്ടും രണ്ട് തവണ വാക്‌സിൻ സ്വീകരിച്ചിരുന്നു. നാലാമത്തെ ഡോസ് ഈ മാസം സ്വീകരിക്കാനിരിക്കെയാണ് കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചിൽ; ഒഴുക്കില്‍പ്പെട്ട ആറു വയസുകാരി മരിച്ചു; അമ്മയ്ക്കായി തിരച്ചില്‍
തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു. ആറു വയസുകാരി അയിറയാണ് മരിച്ചത്.വൈകീട്ടോടെയായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.കുട്ടിയുടെ അമ്മയെ കാണാതായി. നേരത്തെ അമ്മയേയും കുട്ടിയേയും കാണാതായെങ്കിലും കുട്ടിയെ പിന്നീട് കണ്ടെത്തുകയായിരുന്നു.കാണാതായ സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ നിന്നാണ് അയിറയെ കണ്ടെത്തിയത്. ഉടനെ പ്രാഥമിക ശ്രൂശകള്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. മങ്കയം ആറിൽ വിനോദ സഞ്ചാരത്തിനായി എത്തിയവരുടെ സംഘത്തിൽപ്പെട്ടവരാണ് അമ്മയും മകനും. നെടുമങ്ങാട് സ്വദേശികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. മൂന്ന് കുടുംബത്തിൽ നിന്നുള്ള 10 അംഗ സംഘമായിരുന്നു എത്തിയത്.ആറിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് മലവെള്ളം ഒഴുകിയെത്തുകയായിരുന്നു. 10 പേരിൽ ആറ് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ അമ്മയും കുഞ്ഞും ഒഴികെ ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായ അമ്മയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
സ്പീക്കർ എംബി രാജേഷ് മന്ത്രിയാകും; സ്പീക്കർ സ്ഥാനത്തേക്ക് എഎൻ ഷംസീർ
തിരുവനന്തപുരം: സ്പീക്കർ എംബി രാജേഷ് മന്ത്രിയാകും. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നതോടെ വരുന്ന ഒഴിവിലേക്കാണ് എംബി രാജേഷ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ഇതോടെ തലശേരി എംഎൽഎയായ എഎൻ ഷംസീർ നിയമസഭാ സ്പീക്കറാകും.ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പുകളാണ് എം വി ഗോവിന്ദൻ കൈകാര്യം ചെയ്തത്. ഇതേ വകുപ്പിലാണോ എം ബി രാജേഷിനെ ചുമതലപ്പെടുത്തുകയെന്നതിൽ വ്യക്തത വന്നിട്ടില്ല.അതേസമയം രാജി വെച്ച സജി ചെറിയാന്റെ ഒഴിവിലേക്ക് മന്ത്രിയുണ്ടാവില്ല.മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ മാറ്റം വരുമെന്നാണ് സൂചന.അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയതോടെയാണ് എം വി ഗോവിന്ദൻ ചുമതലയേറ്റത്.
മലപ്പുറം പന്തല്ലൂരിൽ ഉരുൾപൊട്ടൽ; ഒരേക്കർ റബ്ബർ തോട്ടം ഒലിച്ചു പോയി
മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഒരേക്കറിലേറെ റബ്ബർ തോട്ടം ഒലിച്ചു പോയി. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഉരുൾപൊട്ടിയത് ജനവാസമേഖലയിൽ അല്ല എന്നതിനാൽ വലിയ അപകടം ഒഴിവായി.കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രദേശത്ത് വലിയ മഴയാണ് അനുഭവപ്പെട്ടത്. ഉരുൾപൊട്ടലിൽ ഒഴുകി എത്തിയ കല്ലുകളും മണ്ണും മരങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടിയതിന് പിന്നാലെ പ്രദേശത്തെ താമസക്കാരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മഴയ്‌ക്കിടെയാണ് ഉരുൾ പൊട്ടലുണ്ടായത്.