കാസര്‍കോട്: ചെറുവത്തൂര്‍ മടിവയലില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍.രൂകേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദേഹിയെയും ശിവനന്ദിനെയും വീടിനകത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.അച്ഛന്‍ രൂകേഷിനെ വീടിന്റെ കാര്‍പോര്‍ച്ചിന് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കുട്ടികളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങി മരിച്ചതായാണ് പ്രാധമിക നിഗമനം. പോലീസെത്തി അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ തൊഴിലാളിയാണ് രൂകേഷ്. മടിക്കുന്നില്‍ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്വദേശിനി സവിതയാണ് രൂകേഷിന്റെ ഭാര്യ. ഇവര്‍ തമ്മില്‍ അകന്നു കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിലിക്കോട് ജി. യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കൊവിഡ് വാക്‌സിന്‍ നല്‍കി;പരാതിയുമായി മധ്യവയസ്‌ക
കോഴിക്കോട് :മിനിറ്റുകള്‍ക്കുള്ളില്‍ തനിക്ക് രണ്ട് തവണ കൊവിഡ് വാക്‌സിന്‍ നല്‍കിയെന്ന പരാതിയുമായി മധ്യവയസ്‌ക.കെട്ടാങ്ങല്‍ കളന്തോട് കോഴിശേരികുന്നുമ്മല്‍ പ്രസീതയാണ് പരാതിയുമായി രംഗത്തെത്തിയത്.ഇതിനെ തുടര്‍ന്ന് കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട ഇവർ ചികിത്സ തേടി.സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്‌സിന് എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്. ആശുപത്രിയിലെ നഴ്‌സിന് പറ്റിയ അബദ്ധമാണിതെന്ന് പ്രസീത പറയുന്നു. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷമാണ് അടുത്ത ഡോസ് സ്വീകരിക്കേണ്ടത്. കടുത്ത പനിയും തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലെ അലംഭാവത്തിനെതിരെ ആരോഗ്യമന്ത്രി അടക്കമുളളവര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം.
കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും
കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ് യു.ഡി.എഫ് രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കിയത്.
പി.സി.തോമസ് എന്‍ഡിഎ വിട്ടു;ജോസഫ് വിഭാഗവുമായി ലയനം ഇന്ന്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്ന നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ് എന്‍ഡിഎ വിട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഒറ്റചിഹ്നം തന്നെ ലഭിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറുപാര്‍ട്ടിയില്‍ ലയിക്കാന്‍ നടത്തിയ നീക്കത്തിന്‍റെ കൂടി ഭാഗമാണ് തോമസിന്‍റെ നടപടി. പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് ഗ്രൂപ്പ് ലയിക്കുമെന്നാണ് വിവരം. ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും.ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെയായിരിക്കുമെന്നും താന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരെ പി സി തോമസ് എന്‍ഡിഎ പരിപാടികളിലെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ എന്‍ഡിഎ വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ലയന തീരുമാനം ഉണ്ടായത്. ജോസഫ് വിഭാഗത്തെ സംബന്ധിച്ച് കോടതി വിധിയോടെ രണ്ടില ചിഹ്നം കൈവിട്ടുപോയിരുന്നു. പി സി തോമസ് വിഭാഗവുമായി ലയിക്കുന്നതോടെ ചിഹ്ന പ്രശ്നത്തിന് പരിഹാരമാകും. പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നമായ കസേര ലഭിച്ചേക്കും.എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. 2004ല്‍ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ ഇടത് വലത് മുന്നണികളെ അട്ടിമറിച്ചാണ് പി സി തോമസ് വിജയിച്ചത്. മൂവാറ്റുപുഴയില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ എം മാണിയോട് ഇടഞ്ഞാണ് പി സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. ആ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2884 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂർ 176, തൃശൂർ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസർകോട് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4422 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 70 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1742 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 229, കോഴിക്കോട് 231, കോട്ടയം 199, കണ്ണൂർ 137, തൃശൂർ 164, തിരുവനന്തപുരം 102, കൊല്ലം 162, പത്തനംതിട്ട 107, ആലപ്പുഴ 101, മലപ്പുറം 96, ഇടുക്കി 76, കാസർകോട് 67, പാലക്കാട് 25, വയനാട് 46 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.13 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 4, തിരുവനന്തപുരം, എറണാകുളം, പാലക്കാട് 2 വീതം, പത്തനംതിട്ട, വയനാട്, കാസർകോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2884 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 183, കൊല്ലം 33, പത്തനംതിട്ട 141, ആലപ്പുഴ 159, കോട്ടയം 155, ഇടുക്കി 97, എറണാകുളം 752, തൃശൂർ 216, പാലക്കാട് 62, മലപ്പുറം 277, കോഴിക്കോട് 365, വയനാട് 35, കണ്ണൂര് 319, കാസർകോട് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല.
ഇരിക്കൂരിൽ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് അയവില്ല;സജീവ് ജോസഫിനെ അംഗീകരിക്കില്ലെന്ന് എ ഗ്രൂപ്പ്
കണ്ണൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇരിക്കൂറില്‍ കോണ്‍ഗ്രസിനുള്ളിലെ തർക്കത്തിന് പരിഹാരമായില്ല. സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത് അംഗീകരിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എ ഗ്രൂപ്പ്. നേതാക്കളായ എം.എം. ഹസനും കെ.സി. ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.സജീവ് ജോസഫ് കെ.സി. വേണുഗോപാലിന്‍റെ നോമിനിയാണെന്നും എ ഗ്രൂപ്പ് മത്സരിച്ചു വരുന്ന സീറ്റിൽ മറ്റൊരാളെ അനുവദിക്കില്ലെന്നും പ്രവർത്തകർ അറിയിച്ചിരുന്നു.സോണി സെബാസ്റ്റ്യന് ഡി.സി.സി അധ്യക്ഷസ്ഥാനം നല്‍കാമെന്ന സമവായ നിര്‍ദേശം എ ഗ്രൂപ്പ് തള്ളി.ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫ് ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് തുടക്കത്തിലേ നിര്‍ദേശിച്ചത്. എന്നാല്‍, കെ.സി. വേണുഗോപാല്‍ ഹൈകമാന്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് സജീവ് ജോസഫിന് സീറ്റ് നല്‍കുകയായിരുന്നെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതോടെയാണ് കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങിയത്.പ്രശ്‌ന പരിഹാരത്തിന്‍റെ ഭാഗമായി എം.എം. ഹസനും കെ.സി. ജോസഫും രാവിലെ കണ്ണൂരിലെത്തി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ എ ഗ്രൂപ്പ് സജീവ് ജോസഫിന് വിജയസാധ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നു.അതിന്‍റെ തുടർച്ചയായി എ വിഭാഗം പ്രവർത്തകർ ശ്രീക്ണ്ഠപുരത്ത് കൺവൻഷൻ വിളിച്ചുചേർത്തു. സോണി സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചുചേർത്തത്.യോഗം വിമത സ്ഥാനാർഥി പ്രഖ്യാപനം പോലെയുള്ള നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. പ്രവർത്തകരുമായി കൂടിയാലോചന നടത്തി. നേതൃത്വത്തിന്‍റെ തീരുമാനം അനുകൂലമെങ്കിൽ മാത്രം കടുത്ത പ്രഖ്യാപനങ്ങളിലേക്ക് കടക്കാനാണ് പ്രവർത്തകരുടെ തീരുമാനം.അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സ്ഥാനാര്‍ഥിയെ മാറ്റേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. തുടര്‍ന്നാണ് സമവായ ചര്‍ച്ചക്കായി നേതാക്കളെത്തിയത്. ചര്‍ച്ച പരാജയമല്ലെന്നും പ്രവര്‍ത്തകരുടെ വികാരം ഹൈകമാന്‍ഡിനെ അറിയിക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ;മെട്രോമാന്‍ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം
പാലക്കാട്: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മെട്രോ മാന്‍ ഇ ശ്രീധരന് പിന്തുണയുമായി പാലക്കാട് രൂപത രംഗത്തെത്തി.ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരന്‍ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരില്‍ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാലക്കാട് ബിഷപ്പ് പ്രഖ്യാപിച്ചത്. അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മനത്തോട്ടത്തില്‍ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നല്‍കുന്നത്.ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ.ശ്രീധരന്റേത്. യുവാക്കള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് മുന്‍പേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തില്‍ നല്‍കുകയാണ് – ശ്രീധരനൊപ്പം മാധ്യമങ്ങളെ കണ്ട പാലക്കാട് ബിഷപ്പ് പറഞ്ഞു.മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാന്‍ ഇ .ശ്രീധരനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ എത്തിയ ഈ ശ്രീധരന്‍ നിര്‍മ്മാണത്തിലെ കാല താമസത്തെ വിമര്‍ശിച്ചു.എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരന്‍ ബിജെപി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്നാണ് ഇതിനെതിരെ ഷാഫി പറമ്പിൽ പ്രതികരിച്ചത്.നിലവില്‍ ഒരു നിയമസഭാംഗം മാത്രമുള്ള ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് പാലക്കാട്.പാലക്കാട് ജില്ലയെ മൊത്തമായി പരിഗണിച്ചാല്‍ എല്‍ഡിഎഫാണ് കൂടുതല്‍ ശക്തം.ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് യുവസ്ഥാനാര്‍ത്ഥിയായ സി പി പ്രമോദിനെയാണ് സിപിഎം രംഗത്തിറക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതെ സിപിഎം നീക്കിവെച്ച പാലക്കാട് മണ്ഡലത്തില്‍ അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക.വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിനു മുമ്പ് പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്കിറങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് സമരപ്പന്തലില്‍ വച്ച് ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരുമാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.
കല്‍പ്പറ്റക്കടുത്ത് വെള്ളാരംകുന്നില്‍ ചരക്കുലോറി ഇടിച്ചുകയറി കെട്ടിടം തകര്‍ന്നു
വയനാട്:കല്‍പ്പറ്റക്കടുത്ത് വെള്ളാരംകുന്നില്‍ ചരക്കുലോറി ഇടിച്ചുകയറി കെട്ടിടം തകര്‍ന്നു.ദേശീയപാതയോരത്തുള്ള വിന്‍ഡ്‌ഗേറ്റ് ലോഡ്‌ജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് സിമെന്റ് കയറ്റിയെത്തിയ 10 ചക്രമുള്ള ലോറി ഇടിച്ചു കയറിയത്. തിങ്കളാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം. ലോറി ഇടിച്ചതിന്റെ അഘാതത്തില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കെട്ടിടം റോഡിലേക്കു ചെരിഞ്ഞത്. ഏതു നിമിഷവും കെട്ടിടം ദേശീയപാതയിലേക്ക് നിലംപൊത്തുമെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ച് വാഹനങ്ങള്‍ തിരിച്ചുവിട്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് കെട്ടിടം പൊളിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. അപകടത്തില്‍ ഈ മേഖലയിലെ വൈദ്യുതി ലൈനുകളും തകര്‍ന്നു. അപകട സമയത്ത് ലോഡ്‌ജില്‍ ജീവനക്കാരും താമസക്കാരനായി ഒരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പരുക്കില്ല. സിമെന്റുമായി വൈത്തിരി ഭാഗത്തുനിന്നു വന്ന ലോറി എതിരേ വന്ന ടെമ്പോ ട്രാവലറില്‍ ഇടിച്ചശേഷമാണ് വൈദ്യുതി തൂണ്‍ തകര്‍ത്ത് കെട്ടിടത്തിലേക്കു പാഞ്ഞു കയറിയത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ കോഴിക്കോട് നല്ലളം പാലാട്ട് വീട്ടില്‍ ഗൗത(69)മിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.സ്‌റ്റിയറിങ് വീലിനും സീറ്റിനും ഇടയില്‍ കുടുങ്ങിപ്പോയ ഇയാളെ സ്‌റ്റിയറിങ് റാഡ് മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ മാറ്റം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ച എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍.റമദാന്‍ ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പരീക്ഷ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമദാന്‍ കാലത്ത് പകല്‍ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.ഏപ്രില്‍ 15 മുതല്‍ നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. 15ന് നടക്കേണ്ട എസ്‌എസ്‌എല്‍സി സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്ക് മാറ്റി. 27 ന് നടക്കേണ്ട കണക്കു പരീക്ഷ 19 ലേക്കും അന്നേ ദിവസത്തെ മലയാളം സെക്കന്റ് 29 ലേക്കും മാറ്റി. ഫിസിക്‌സ് 15നും, കെമിസ്ട്രി 21 നുമാണ് നടക്കുക.അതേസമയം ഹയര്‍ സെക്കന്റഡറി പരീക്ഷ 26 ന് അവസാനിക്കും. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകള്‍ രാവിലെയാണ് നടക്കുക.
എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം ഇങ്ങനെ:
ഏപ്രില്‍ 8- വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് – ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
ഏപ്രില്‍ 9 – വെള്ളിയാഴ്ച – തേര്‍ഡ് ലാംഗ്വേജ് – ഹിന്ദി/ ജനറല്‍ നോളേജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 12- തിങ്കളാഴ്ച – ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 15- വ്യാഴാഴ്ച – ഫിസിക്‌സ് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 19- തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 21 – ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 27 – ചൊവാഴ്ച – സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 28 – ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 29 – വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് രണ്ട് – രാവിലെ 9.40 മുതല്‍ 11.30 വരെ