കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ലൈയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയിൽ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫിസര്‍ അറിയിച്ചു. കൂടാതെ 491 യു.എസ് ഡോളറും 995.93 ഗ്രാം സ്വര്‍ണവും 3.750 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച് 29 വരെയുള്ള കണക്കാണിത്. പിടിച്ചെടുത്ത സ്വര്‍ണം, മദ്യം എന്നിവ യഥാക്രമം ജി.എസ്.ടി, എക്‌സൈസ് വകുപ്പുകള്‍ക്ക് കൈമാറി.കരയറ്റ, വാരംകടവ് പാലം, അയ്യല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നായി തിങ്കളാഴ്ച മാത്രം 8.13 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും;കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിൻ നല്‍കും
ന്യൂഡൽഹി: രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. ആകെ 20 കോടി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വീതം വാക്‌സിൻ നൽകും.ഇതിനായി അധിക കേന്ദ്രങ്ങള്‍ തുറന്നു. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ സ്പോട് രജിസ്ട്രേഷനിലൂടെ വാക്‌സീന്‍ സ്വീകരിക്കാം.സർക്കാർ-സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷൻ സൗകര്യമുണ്ട്. വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവിൽ പൂനെ, നാഗ്പൂര്‍, മുംബൈ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ എട്ട് ജില്ലകള്‍ കൊവിഡ് തീവ്രബാധിത മേഖലകളാണ്. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിയത്.
സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കേടുവന്ന അരി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു
കോഴിക്കോട്: ഏഴ് മാസത്തോളമായി കെട്ടിക്കിടന്നതിനെ തുടര്‍ന്ന് കേടുവന്ന അരി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.ഏതാനും ലോഡ് അരി കൊണ്ടുപോയശേഷമാണ് ആളുകള്‍ വിവരമറിയുന്നത്. ഡിസിസി പ്രസിഡന്റ് യു രാജീവന്‍, കെപിസിസി മെമ്പർ പി രത്‌നവല്ലി എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞശേഷം സിവില്‍ സപ്ലൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. എംഡിഎംഎസ്. പദ്ധതിപ്രകാരമുള്ള അരി ഏഴുമാസമായി സ്‌കൂള്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നില്ല. ദീര്‍ഘകാലം സൂക്ഷിച്ചതിനാലാണ് അരി കേടുവന്നതെന്ന് കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഷിജോ പറഞ്ഞു. കേടുവന്ന അരി കീടബാധ ഒഴിവാക്കി സ്വകാര്യമില്ലില്‍ നിന്ന് പോളിഷ് ചെയ്തശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഫെബിന മുഹമ്മദ് അഷ്‌റഫ് സ്ഥലത്തെത്തി കേടുവന്ന അരിയുടെ സാംപിള്‍ ശേഖരിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് അരി തിരിച്ചിറക്കി ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവ നടത്തരുത്. ടെലിവിഷനിലും ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ സെക്ഷന്‍ 126(1) പ്രകാരം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം.
വ്യാജ വോട്ട് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം:വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.ഇത് സംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ നാളെ പുറത്തു വിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ കേസ് ഹൈക്കോടതിയില്‍ ആയതിനാല്‍ താന്‍ കൂടുതല്‍ ഒന്നും പറയുന്നുല്ലെന്നും വലിയ ക്രമക്കേടാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.വെബ്സൈറ്റിലും ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. എല്‍ഡിഎഫ് പഞ്ചായത്തുകളില്‍ ജയിച്ചത് കള്ള വോട്ടിലാണെന്നും, ഈ വിജയം ആവര്‍ത്തിക്കാനാണ് ഇടതു മുന്നണിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് സംസ്ഥാനത്ത് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ഇരട്ടവോട്ട് തടയാന്‍ സംസ്ഥാനത്ത് കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് വ്യക്തമായെന്നും കോടതി അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ഉത്തരവ് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1946 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4606 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 311, എറണാകുളം 273, മലപ്പുറം 232, കണ്ണൂര്‍ 189, തിരുവനന്തപുരം 161, തൃശൂര്‍ 201, കോട്ടയം 174, കൊല്ലം 168, ഇടുക്കി 89, പാലക്കാട് 34, ആലപ്പുഴ 82, കാസര്‍ഗോഡ് 75, വയനാട് 73, പത്തനംതിട്ട 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1946 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 163, കൊല്ലം 127, പത്തനംതിട്ട 146, ആലപ്പുഴ 70, കോട്ടയം 131, ഇടുക്കി 71, എറണാകുളം 309, തൃശൂര്‍ 147, പാലക്കാട് 74, മലപ്പുറം 147, കോഴിക്കോട് 271, വയനാട് 38, കണ്ണൂര്‍ 162, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍;ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ
തിരുവനന്തപുരം:സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.എൽ.ഒമാരുടെ പരിശോധനയിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.ഇരട്ടവോട്ട് തടയാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.പോളിങ്ങിനു വരുന്ന പട്ടികയില്‍ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഒരേ പേരും ഒരേ മേല്‍വിലാസവുമുള്ളവര്‍ നിരവധി ഉണ്ടാവുമെന്നും എന്നാല്‍ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഹൈക്കോടതിയിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. നാല് ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടന്നാണ് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചത്. എന്നാൽ കമ്മീഷന്റെ അന്വേഷണത്തിൽ, മുപ്പത്തിയെണ്ണായിരം ഇരട്ട വോട്ടുകളാണ് ഉള്ളതെന്ന് മനസ്സിലാക്കിയിട്ടുള്ളത്. അത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാകാമെന്നും കമ്മിഷൻ പറഞ്ഞു.അതേസമയം യഥാര്‍ഥ പരിശോധനയിലേക്ക് കടന്നാല്‍ ഈ കണക്കുകള്‍ കുത്തനെ ഇടിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മണ്ഡലം മാറി ഇരട്ടവോട്ടുള്ളത് മൂന്ന് പേര്‍ക്ക് മാത്രമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയ 38,586 പേരുടേയും വീട്ടിലേക്ക് ബിഎല്‍ഒമാര്‍ നേരിട്ടെത്തും. വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോളിങ്ങിനുപയോഗിക്കുന്ന വോട്ടര്‍പട്ടികയില്‍ ഇത് രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഈ വോട്ടര്‍ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോൾ പോളിങ് ഓഫീസര്‍ ഇയാളെ പരിശോധിക്കും. വോട്ടറില്‍ നിന്ന് ഒരു സത്യവാങ്മൂലം വാങ്ങിയതിനു ശേഷം മാത്രമാവും ഇയാളം വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുക. വോട്ടറുടെ ഫോട്ടോ എടുക്കും, ശേഷം കൈയില്‍ മഷി പുരട്ടി അത് ഉണങ്ങിയതിനു ശേഷം മാത്രമാവും പോളിങ് ബൂത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം
കൊച്ചി: സ്വർണ കള്ളക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കേസിൽ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് നടപടി.രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും, പാസ്പോർട്ട് ഹാജരാക്കാമെന്ന ഉപാധിയോടെയുമാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേരാണ് മാപ്പ് സാക്ഷികളായുള്ളത്. എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ്, ഇ.ഡി കേസുകളും നിലവിലുള്ളതിനാൽ സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല.
സ്വർണ്ണക്കടത്ത് കേസ്; എന്‍ഫോഴ്‌സ്‌മെന്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപ് നായര്‍
കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപ് നായര്‍. കോടതിക്ക് മാത്രമാണ് പരാതി അയച്ചിട്ടുള്ളതെന്നും സന്ദീപിന്റെ അഭിഭാഷക അറിയിച്ചു. സന്ദീപ് നേരിട്ട് പരാതി നല്‍കാത്ത കേസില്‍ ക്രൈംബ്രാഞ്ചിന് എങ്ങിനെ കേസെടുക്കാന്‍ കഴിയുമെന്നും അഭിഭാഷ ചോദിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ഇതോടെ കുരുക്കിലാവുകയാണ്. ഇഡിക്കെതിരെ കേസെടുത്തെന്ന ക്രൈംബ്രാഞ്ചിന്റെ വാദം തെറ്റാണെന്നും അഡ്വ. പി.വി. വിജയം അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സന്ദീപിന് താന്‍ മാത്രമാണ് അഭിഭാഷകയായിട്ടുള്ളത്. എന്‍ഫോഴ്‌സ്‌മെന്റിനെതിരെ താനോ സന്ദീപോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ ക്രൈംബ്രാഞ്ചിന് എങ്ങിനെ കേസെടുക്കാൻ കഴിയും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ കഴിയില്ലെന്നും വിജയം പറഞ്ഞു. കോടതിക്ക് മാത്രമാണ് സന്ദീപ് നായര്‍ നിലവില്‍ പരാതി അയച്ചിട്ടുള്ളത്. അതിന്റെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമില്ല. മാര്‍ച്ച് അഞ്ചിന് എറണാകുളം സിജെഎമ്മിനാണ് പരാതി നല്‍കിയിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കേസെടുക്കുന്നതെന്നായിരുന്നു ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നത്.
ഇരട്ട ന്യൂനമര്‍ദം രൂപംകൊള്ളുന്നു;കേരളമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യത;തെക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റുണ്ടാകും
തിരുവനന്തപുരം: അറബിക്കടലിനു തെക്കും പടിഞ്ഞാറും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും കേരളമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷകര്‍ മുന്നറിയിപ്പ് നൽകി.തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് മാലദ്വീപ് സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിക്കുന്നത്.മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ( കാറ്റിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും തിരിച്ചുമുള്ള ചലനം) പ്രതിഭാസം കടലില്‍ സജീവമായതാണ് ന്യൂനമര്‍ദങ്ങള്‍ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട് . ഇപ്പോഴുണ്ടാകുന്ന ന്യൂനമര്‍ദം കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കില്ല. മഴയ്ക്കു കാറ്റിനുംശേഷം വീണ്ടും അന്തരീക്ഷ താപനില ഉയരും.