തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.അദാനി ഗ്രൂപ്പിൽ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കുകയും, ഇതുവഴി കോടികളുടെ അഴിമതി നടത്തുകയും ചെയ്‌തെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ 25വര്‍ഷത്തേക്കുള്ള കരാറിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുന്നത്. അഞ്ച് ശതമാനം വൈദ്യുതി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ മറവിലാണ് വൈദ്യുതികൊള്ള നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയില്‍നിന്നും സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജലവൈദ്യുത പദ്ധതികളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കാറ്റിൽ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകർ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎം ബിജെപി ഒത്താശയോടെയുള്ള ഈ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മയ്യിൽ പാമ്പുരുത്തിയിൽ മുസ്‍ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം
കണ്ണൂർ: മയ്യിൽ പാമ്പുരുത്തിയിൽ മുസ്‍ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം.തളിപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്‍റെ പ്രചാരണ പരിപാടി നടന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്കും മൂന്ന് ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു.പ്രചാരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് ഗ്യാസ് ടാങ്കര്‍ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കര്‍ ലോറി ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ചരക്ക് ലോറി ഡ്രൈവറാണ് മരണപ്പെട്ടത്. വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപടരുകയായിരുന്നു. ചരക്കുലോറി പൂര്‍ണമായും കത്തിനശിച്ചു. 18 ടണ്‍ പാചകവാതകം ടാങ്കറില്‍ ഉണ്ടായിരുന്നു.ഗ്യാസ് ടാങ്കര്‍ ലോറിയില്‍ തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടാങ്കറിലെ ഗ്യാസ് ചോരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും അഗ്‌നിശമന സേന അറിയിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കോങ്ങാട് വഴി കറങ്ങി പോകേണ്ടതാണെന്നും എന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1835 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4632 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 416, കണ്ണൂര്‍ 290, എറണാകുളം 306, തൃശൂര്‍ 234, കൊല്ലം 205, കോട്ടയം 185, കാസര്‍ഗോഡ് 169, മലപ്പുറം 156, തിരുവനന്തപുരം 115, പത്തനംതിട്ട 107, ഇടുക്കി 118, പാലക്കാട് 44, ആലപ്പുഴ 93, വയനാട് 63 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, എറണാകുളം 2 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂര്‍ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂര്‍ 137, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വാളയാര്‍ കേസ്;അന്വേഷണം സിബിഐ ഏറ്റെടുത്തു
കൊച്ചി: വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്. ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസിന്റെ അന്വേഷണ ചുമതല.പാലക്കാട് പ്രത്യേക പോക്സോ കോടതിയിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേക എഫ്ഐആര്‍ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ബലാത്സംഗം, പോക്സോ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. നിലവിൽ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തിൽ നിന്നും കേസിന്റെ എല്ലാ രേഖകളും ഏറ്റെടുക്കും. കൊലപാതക സാധ്യത ഉൾപ്പടെ ഉള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് സാധ്യത. പെൺകുട്ടികളുടെ അമ്മ ഉൾപ്പടെ ധർമ്മടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കുടുംബാംഗങ്ങളുടെ മൊഴി എടുക്കുക.പോലീസിന്റെ അന്വേഷണത്തില്‍ നഷ്ടമായ തെളിവുകള്‍ കണ്ടെത്തി കേസ് തെളിയിക്കുകയാണ് സി.ബി.ഐയ്ക്ക് മുന്നിലെ വലിയ വെല്ലുവിളി.വാളയാര്‍ കേസ് അന്വേഷിച്ച പോലീസ് സംഘവും പ്രോസിക്യൂഷനും വരുത്തിയ വീഴ്ചകള്‍ മൂലം വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് അനുകൂല നിലപാട് എടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.2017 ജനുവരിയിലും മാര്‍ച്ചിലുമാണ് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്.
എടിഎമ്മില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് കാര്‍ഡ് വിവരങ്ങളും പിൻനമ്പരും ചോര്‍ത്തി ഉടമകളറിയാതെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങള്‍ തട്ടി; രണ്ട് എഞ്ചിനീയറിങ് ബിരുദധാരികള്‍ അറസ്റ്റില്‍
കോഴിക്കോട്: എടിഎമ്മില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് കാര്‍ഡ് വിവരങ്ങളും പിൻനമ്പരും ചോര്‍ത്തി ഉടമകളറിയാതെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് എഞ്ചിനീയറിങ് ബിരുദധാരികള്‍ അറസ്റ്റില്‍.വില്യാപ്പളളി സ്വദേശി ജുബൈര്‍, കായക്കൊടി സ്വദേശി ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പ്രധാന പ്രതികളെ പിടികൂടാനുണ്ട്. ഇരുപത്തിഅഞ്ച് പേരുടെ അക്കൗണ്ടില്‍ നിന്നായി അഞ്ച് ലക്ഷത്തി പതിനായിരം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.വടകര ബൈപ്പാസില്‍ എആര്‍എ ബേക്കറിക്ക് സമീപത്തെ എസ്ബിഐ എടിഎം കൗണ്ടര്‍, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പിഎന്‍ബി ബാങ്ക് എടിഎം കൗണ്ടര്‍ എന്നിവിടങ്ങളിലെ എടിഎം യന്ത്രത്തില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുമ്പോൾ സ്‌കിമ്മര്‍ വഴി ഡാറ്റകള്‍ ശേഖരിക്കും. പുറത്ത് ഘടിപ്പിച്ച ക്യാമറ വഴി പിന്‍ വിവരം കൂടി ശേഖരിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്.ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പേരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. ഇവര്‍ക്ക് സഹായം ചെയ്തുവന്ന രണ്ട് പേരാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായ ജുബൈര്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിലും ഷിബിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലും ബിടെക് ബിരുദധാരികളാണ്. ഇരുവരും വടകരയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു.വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘവുമായി ബന്ധം സ്ഥാപിച്ചത്. എടിഎം കൗണ്ടറുകളില്‍ സ്‌കിമ്മര്‍ ഉപയോഗിച്ച് ചോര്‍ത്തുന്ന വിവരങ്ങള്‍ ഡീ കോഡ് ചെയ്ത് കൊടുത്തിരുന്നത് ഇവരാണെന്ന് കണ്ടെത്തി. ഇതിന് പകരമായി തട്ടുന്ന പണത്തിന്റെ ഒരു വിഹിതം ഇവര്‍ക്ക് ലഭിക്കും. ഗൂഗിള്‍ പേ വഴി ഇവര്‍ക്ക് പണം ലഭിച്ചതിന്റെ തെളിവും പൊലീസിന് ലഭിച്ചു.ഇവര്‍ കൊടുക്കുന്ന വിവരങ്ങള്‍ വെച്ച് ഉത്തരേന്ത്യന്‍ സ്വദേശികള്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മ്മിച്ച് അവിടെ വെച്ചു തന്നെയാണ് പണം പിന്‍വലിച്ചുകൊണ്ടിരുന്നത്. ഒരാഴ്ച കൊണ്ട് ഒട്ടേറെ പേരുടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായാണ് സൂചന.ഉത്തരേന്ത്യയില്‍ നിന്നുള്ള മുഖ്യ പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിന് ഫെബ്രുവരി പത്ത് മുതല്‍ വടകരയില്‍ വന്ന് താമസിച്ചിരുന്നു.ഫെബ്രുവരി 10 മുതല്‍ ഇവിടെ ഇടപാടുകള്‍ നടത്തിയവര്‍ പിന്‍ നമ്പർ മാറ്റണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് പാചകവാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു
ന്യൂഡൽഹി:ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ച് രാജ്യത്തെ എണ്ണകമ്പനികള്‍. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയിൽ നിന്ന് 809 രൂപയായി വില കുറയും.കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വർധിച്ചിരുന്നു. ജനുവരിയിൽ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന് ഇത്769 രൂപയായും 25ന് 794 രൂപയായും വര്‍ധിപ്പിച്ചു. മാർച്ചിൽ 819 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പെട്രോൾ-ഡീസൽ വിലയിലും എണ്ണകമ്പനികള്‍ നേരിയ കുറവ് വരുത്തിയിരുന്നു.
45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും
ന്യൂഡൽഹി:രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റി സിഇഒ ഡോ. ആര്‍ എസ് ശര്‍മ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച അവസാന തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തി.വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായും ആശുപത്രികളില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. www.cowin.gov.in എന്ന വെബ് സൈറ്റിലൂടെ വേണം രജിസ്റ്റര്‍ ചെയ്യാന്‍. ആശുപത്രികളില്‍ നേരിട്ടെത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൂടാതെയും വാക്സിന്‍ സ്വീകരിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാന്‍ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യമുണ്ടാകും. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ എന്നിവരില്‍പ്പെട്ട 21,88,287 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു.
സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.’ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്.ഓരോ മണ്ഡലത്തിലെയും വോട്ടുകൾ പ്രത്യേകമായി സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫോട്ടോ ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുടെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇതുവഴി ഇരട്ടവോട്ട് തടയാനാകുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്.38,000 ഇരട്ടവോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടത്.വെബ്‌സൈറ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ അപ്ഡേഷനൊപ്പം ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിക്കും വരെ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. കള്ളവോട്ടിനുള്ള സാധ്യതകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
ഇരട്ട വോട്ട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് ഹൈകോടതിയുടെ അംഗീകാരം
കൊച്ചി:ഇരട്ട വോട്ട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് ഹൈകോടതിയുടെ അംഗീകാരം.ഇരട്ടവോട്ട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇതോടെ തീര്‍പ്പാക്കി.ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം. വോട്ട് രേഖപ്പെടുത്തുന്ന ബൂത്തില്‍ സത്യവാങ്മൂലം നല്‍കണം. മാര്‍ഗനിര്‍ദേശങ്ങല്‍ ലംഘിച്ച് ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. വോട്ടെടുപ്പ് സുഗമമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്ര സേനയെയും നിയോഗിക്കാം.ചെന്നിത്തലയുടെ ഹര്‍ജിയെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇരട്ടവോട്ട് തടയാനുള്ള നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരട്ടവോട്ടുള്ളവരെ നേരത്തെ കണ്ടെത്തുക, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചത്. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.സംസ്ഥാനത്താകെ എല്ലാ ബൂത്തുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് അന്വേഷണം നടത്തുകയും പരാതിയുള്ള പട്ടികയിലെ വോട്ടുകൾ സോഫ്റ്റ് വെയര്‍ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു.തുടര്‍ന്നാണ് 38,586 ഇരട്ട വോട്ടുകൾ മാത്രമേയുള്ളൂവെന്ന് കമ്മീഷൻ കണ്ടെത്തിയത്. ഒരു ബൂത്തിൽ തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 കേസുകള്‍ കണ്ടെത്തി. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തിയത്. ഈ വോട്ടർമാരുടെ പേരുകള്‍ ഉള്‍പെടുത്തിയുള്ള പട്ടികയാണ് വോട്ടർ പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുക.ഇരട്ടവോട്ടുള്ളവർ രണ്ടുവോട്ടുചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.