അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി;ഇരിട്ടി പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും

keralanews final phase of inspections has been completed and iritty bridge will be opened for traffic tomorrow

ഇരിട്ടി:പുതിയ പാലവുമായി ബന്ധപ്പെട്ട അന്തിമ പരിശോധനകൾ പൂർത്തിയായതോടെ ഇരിട്ടി പുതിയ പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റ് ആഘോഷങ്ങളൊന്നു മില്ലാതെ ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ടാണ് ഇരിട്ടി പുതിയ പാലം നാളെ പൊതു ജനഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.336 കോടി ചെലവില്‍ നവീകരണം പൂര്‍ത്തിയാവുന്ന 55 കിലോമീറ്റര്‍ തലശ്ശേരി – വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ 7 ഫലങ്ങളില്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തെ പാലവുമാണ് ഇരിട്ടി പാലം.ഇരിട്ടി പാലത്തിന് പുറമെ ഉളിയില്‍, കളറോഡ് , കരേറ്റ , മെരുവമ്പായി പാലങ്ങള്‍ നേരത്തേ പൂര്‍ത്തിയായതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പദ്ധതിയില്‍ അവശേഷിക്കുന്ന കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ നിര്‍മ്മാണവും കാലവര്‍ഷത്തിന് മുൻപ് തന്നെ പൂര്‍ത്തിയാക്കുമെന്ന് കെ എസ് ടി പി അധികൃതര്‍ അറിയിച്ചു. ബ്രിട്ടീഷുകാര്‍ 1933 ല്‍ നിര്‍മ്മിച്ച പാലത്തിന് സമാന്തര മായാണ് ഇരിട്ടി പുതിയ പാലവും നിര്‍മ്മിച്ചിരിക്കുന്നത്. 48 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനുകളായി നിര്‍മ്മിച്ച പാലത്തിന് ആകെ 144 മീറ്റര്‍ നീളവും 12മീറ്റര്‍ വീതിയും 23 മീറ്റര്‍ ഉയരവുമാണ് ഉള്ളത്. പാലം നിര്‍മ്മാണം തുടങ്ങിയ സമയത്തുണ്ടായ പ്രളയത്തില്‍ പെട്ട് പാലത്തിന്റെ പൈലിങ് അടക്കം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. രണ്ടു തവണയായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയിലെ മികച്ച പാലം വിദഗ്തര്‍ പ്രദേശം സന്ദര്‍ശിച്ച്‌ പൈലിംങ്ങിന്റെ എണ്ണവും ആഴവും വര്‍ധിപ്പിച്ചാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു

Kerala Chief Minister Oommen Chandy. (File Photo: IANS)

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു.തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴി‍ഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലാകെയുള്ള പ്രചാരണവേദികളില്‍ സജീവമായിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോ‌ടെ പിണറായിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് ഇല്ല.കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുള്ളത്. മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

കോഴിക്കോട് ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി;രണ്ട് പേര്‍ പിടിയില്‍

keralanews gold worth 13crore seized from train in kozhikode two arrested

കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിൽ നിന്നുമാണ് 30 കിലോ തൂക്കം വരുന്ന സ്വർണം പിടികൂടിയത്.സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട് വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ വിഭാഗമാണ് നികുതിയടക്കാതെ കൊണ്ടുവന്ന സ്വർണം പിടികൂടിയത്. എൺപതു ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചാണ് സ്വർണം കൊണ്ടുവന്നത്. തൃശൂരിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. ആര്‍റ്റിഎഫിന്‍റെ ക്രൈം ഡിറ്റാച്ച്മെന്‍റ്  സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ട്രെയിനില്‍ കൊണ്ടുപോകുന്ന സ്വര്‍ണം കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍വെച്ചാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് എത്തുന്നതിന് മുമ്പായി രണ്ടുപേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവരെ ജിഎസ്ടി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

മൻസൂർ കൊലക്കേസ്;പ്രതികളെ കണ്ടെത്താനാവാതെ പോലീസ്; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് പാനൂരിലെത്തും

keralanews mansoor murder case police unable to trace culprits crime branch special team will reach panoor today

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഇനിയും കണ്ടെത്താനാവാതെ പോലീസ്.കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പിടിച്ചു കൊടുത്ത ഷിനോസ് മാത്രമാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതും ഏറെ വൈകിയാണ്. ഇയാളെ തലശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ കുറിച്ച്‌ പിടിയിലായ ഷിനോസ് വിവരം നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിലും ഊര്‍ജ്ജിതമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തുന്നതിനായി ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെത്തി.നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.മന്‍സൂറിന്റേത് ആസൂത്രിത രാഷ്ടീയ കൊലപാതകമെന്നു പോലീസ് നിഗമനം. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്‌ഐ നേതാവ് കെ. സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പോലീസ് വിലയിരുത്തല്‍ ഇതില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും പോലീസിന് മാരകായുധങ്ങളും ഒരു മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്.മൊബൈലിൽ നിന്ന് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. ഫോൺ വിശദപരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2205 പേർക്ക് രോഗമുക്തി

keralanews 4353 covid cases confirmed in the state today 2205 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍കോട് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്.എറണാകുളം 617, കോഴിക്കോട് 439, തിരുവനന്തപുരം 329, തൃശൂര്‍ 384, മലപ്പുറം 343, കണ്ണൂര്‍ 252, കോട്ടയം 290, കൊല്ലം 274, ആലപ്പുഴ 236, കാസര്‍കോട് 211, പാലക്കാട് 81, വയനാട് 166, പത്തനംതിട്ട 125, ഇടുക്കി 111 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 4 വീതം, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4728 ആയി.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to c m pinarayi vijayan

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു.ഇന്നു ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ പിണറായിയിലെ വീട്ടില്‍ വിശ്രമത്തിലാണ് മുഖ്യമന്ത്രി.നേരത്തെ അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് കൊവിഡ് പോസിറ്റീവായിരുന്നു ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്.വോട്ടെടുപ്പ് ദിനത്തിലാണ് പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന് കോവിഡ് 19 സ്ഥിരീകരിച്ചത്. പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വൈകിട്ട് ആറരയോടെയാണ് വീണ വോട്ട് ചെയ്യാന്‍ എത്തിയത്. കോവിഡ് സ്ഥിരീകരിച്ച വീണയ്ക്ക് മറ്റു രോഗലക്ഷണങ്ങളില്ല. വീട്ടില്‍ ഐസൊലേഷനില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വോട്ട് പിണറായിയിലെ ആര്‍ സി അമല സ്കൂളിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയും ഭാര്യയും ഇതേ ബൂത്തില്‍ ആണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടില്‍ നിന്ന് കാല്‍നടയായി എത്തിയാണ് പിണറായി വിജയനും ഭാര്യ കമലയും വോട്ട് രേഖപ്പെടുത്തിയത്.

കോവിഡ് കേസുകൾ വർധിക്കുന്നു; കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്

keralanews covid cases increases next three weeks will be crucial in kerala

തിരുവനന്തപുരം:കോവിഡ് കേസുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച അതീവ നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ‘ബാക് ടു ബേസിക്‌സ്’ ക്യാംപെയ്ന്‍ ശക്തിപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം.സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ജാഗ്രതക്കൊപ്പം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

keralanews gold worth one crore rupees seized from kannur airport

മട്ടന്നൂർ:ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേർ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി.സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മൂന്ന് കിലോയോളം സ്വർണ്ണവുമായി ശ്രീകണ്ഠപുരം, കാസര്‍കോട് സ്വദേശികള്‍ പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് ബേക്കല്‍ സ്വദേശി മുഹമ്മദ് അഷറഫ്, ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശി രജീഷ്, കാസര്‍കോട് സ്വദേശി അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മുഹമ്മദ് അഷറഫില്‍ നിന്ന് 920ഗ്രാമും രജീഷ്, അബ്ദുല്ല കുഞ്ഞ് മുഹമ്മദ് എന്നിവരില്‍ നിന്ന് ഓരോ കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരുകയാണ്.അസി. കമീഷണര്‍ മധുസൂദനഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

ലീഗ് പ്രവർത്തകന്റെ കൊലപാതകം;കണ്ണൂരിലെ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു

keralanews murder of league worker udf boycotts peace meeting in kannur

കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. പൊലിസ് നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്‌കരിച്ചത്. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും യു.ഡി.എഫ് ആരോപിച്ചു. അവരുമായി ചര്‍ച്ചയ്ക്കില്ലെന്നും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മന്‍സൂറിന്റെ കൊലപാതകം നടന്നിട്ട് 40 മണിക്കൂര്‍ കഴിഞ്ഞിട്ടും, കൊലപാതകികളെ കണ്ടെത്താനോ, അവര്‍ക്ക് വേണ്ടി ആയുധസംഭരണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് സതീശന്‍ പാച്ചേനി വ്യക്തമാക്കി. ഷുഹൈബ് വധത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് സംവിധാനം അതേ വഴിക്കാണ് മന്‍സൂറിന്റെ കൊലപാതകക്കേസിലും മുന്നോട്ടുപോകുന്നത്. അങ്ങനെയെങ്കില്‍ അതിശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേര് വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹസിന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതില്‍ ഒറ്റയാളെ പോലും തിരയാനോ, പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്ന പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റ് തീയിട്ട് നശിപ്പിച്ചു

keralanews udf booth agents supermarket set on fire in nadapuram

കോഴിക്കോട്:നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റ് തീയിട്ട് നശിപ്പിച്ചു.ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. പുലര്‍ച്ചെയായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കര്‍. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. ഈ ബൂത്തില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത്ത് ഏജന്‍റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് സാധിച്ചില്ല, ഇതിലുള്ള പ്രതികാരമായാണ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചതെന്നാണ് ലീഗ് പ്രവർത്തകരുടെ ആരോപണം.എന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തി ആ കുറ്റം സിപിഎമ്മിന് മേല്‍ ചുമത്തുകയാണെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം – യുഡിഎഫ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണിത്. ഇത്തവണ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കള്ള ആരോപണം സിപിഎമ്മിനെതിരെ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണെന്നാണ് സിപിഎം പറയുന്നത്.