വിജിലൻസ് റെയ്‌ഡിൽ കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് അൻപത് ലക്ഷം രൂപ പിടിച്ചെടുത്തു

keralanews fifty lakh rupees seized from k m shaji house in vigilance raid

കണ്ണൂർ: ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീട്ടിൽ വിജിലൻസ് ഇന്നലെ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അൻപത് ലക്ഷം രൂപ പിടികൂടി.കണ്ണൂർ ചാലാട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.രാവിലെ മുതൽ തുടങ്ങിയ റെയ്ഡിനൊടുവിലാണ് പണം പിടിച്ചെടുത്തത്.ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലും കണ്ണൂരിലെ വീട്ടിലുമായിരുന്നു പരിശോധന നടന്നത്.  2012 മുതൽ 2021 വരെയുളള കാലഘട്ടത്തിൽ കെ.എം ഷാജി അനധികൃതമായി വൻ തോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് നടപടി.പിടിച്ചെടുത്ത പണം ഏത് ഇനത്തിൽ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കെ.എം ഷാജിയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം തേടും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷിച്ച പണമാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്.രാവിലെ തുടങ്ങിയ പരിശോധന വൈകിട്ട് ഏഴ് മണിയോടെ പൂർത്തിയാകുമെന്നായിരുന്നു വിജിലൻസ് അറിയിച്ചിരുന്നത്. എന്നാൽ  രാത്രി വൈകിയും പരിശോധന തുടർന്നു.അഭിഭാഷകനായ ഹരീഷ് ആണ് കെ.എം ഷാജിക്കെതിരേ പരാതി നൽകിയത്. 2012 മുതൽ 21 വരെ ഷാജിയുടെ സ്വത്തുക്കളിൽ 166 ശതമാനം വർദ്ധന വന്നതായും വഴിവിട്ട രീതിയിൽ സ്വത്ത് സമ്പാദിച്ചുവെന്നുമായിരുന്നു പരാതി.

മൻസൂർ വധം;കൊലപാതകത്തിന് മിനിറ്റുകള്‍ മുന്‍പ് പ്രതികൾ ഒത്തുകൂടി;സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

keralanews mansoor murder accused gathers minutes before murder cctv footage released

കണ്ണൂര്‍ : പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുന്‍പ് ഒരുമിച്ചു കൂടിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ചാണ് പ്രതികള്‍ ഒരുമിച്ച്‌ കൂടിയത്. പ്രതികള്‍ ഇവിടേക്ക് വരുന്നത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.കൊല നടക്കുന്നതിന് ഏതാണ്ട് 15 മിനിറ്റ് മുന്‍പാണ് പ്രതികള്‍ ഒത്തുചേര്‍ന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചായിരിക്കാം എന്നാണ് അന്വേഷണം സംഘം സംശയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ഇടത്തുനിന്ന് കേവലം അഞ്ചുമിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്റെ വീട്ടിലേക്കുള്ളത്.അതേസമയം കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ‌‌‌നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്‍റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്‍റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ദൂരൂഹതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രതീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അതിനിടെ രതീഷിന്റെ മരണത്തിന് കാരണം പൊലീസ് കള്ളക്കേസില്‍ കുടുക്കിയതിന്റെ മനോവിഷമമാണെന്നാണ് അമ്മ പത്മിനി പറയുന്നത്. മകന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം;രണ്ട് ലക്ഷം വാക്സിൻ ഡോസുകൾ ഇന്ന് സംസ്ഥാനത്തെത്തും

keralanews temporary solution to the covid vaccine shortage two lakh vaccine doses will reach the state today

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്നെത്തും.ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ ഡോസുകളാണ് എത്തുക. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വാക്‌സിനുകൾ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വാക്‌സിൻ എത്തിക്കുന്നത്. തിരുവനന്തപുരം 68000,എറണാകുളം 78000, കോഴിക്കോട് 54000 ഡോസ് വീതം വാക്സിനാണ് എത്തിക്കുക. 50 ലക്ഷം വാക്‌സിൻ ഡോസുകളാണ് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനോട് ആവശ്യപ്പെട്ടിരുന്നത്.വാക്‌സിൻ എത്തുന്നതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കിൽ നിന്നും സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

 

കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ;കടകൾ രാത്രി 9 വരെ; പൊതുപരിപാടിയിൽ 200 പേർ

keralanews covid spread high alert in the state from today

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ.ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് ഉത്തരവിറക്കും. കടകളും ഹോട്ടലുകളും രാത്രി ഒൻപത് മണിക്കകം അടയ്ക്കും. പൊതുപരിപാടികൾ നടത്തുന്നതിനും ഇന്ന് മുതൽ നിയന്ത്രണമുണ്ടായിരിക്കും. തുറന്ന വേദികളിലെ പരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. രണ്ട് മണിക്കൂറിനുള്ളിൽ പരിപാടികൾ പൂർത്തിയാക്കണം. ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 100 പേർക്ക് പങ്കെടുക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ ആർടി പിസിആർ പരിശോധനാ റിപ്പോർട്ട് വേണം. അതേ സമയം കൊറോണ വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് പരിപാടികളിൽ പങ്കെടുക്കാൻ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.ഇന്ന് മുതൽ പാഴ്‌സലുകൾ നൽകുന്നത് വർദ്ധിപ്പിക്കണമെന്നാണ് ഹോട്ടലുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുപരിപാടികളിൽ സദ്യയ്ക്ക് പകരം ഫുഡ് പായ്ക്കറ്റ് നൽകണം.പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.

കോവിഡ് വ്യാപനം;സംസ്ഥാനത്ത് പ്രാദേശികമായി ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

keralanews covid spread health minister k k shailaja has said that the state may need lockdown locally

കണ്ണൂർ:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.തെരഞ്ഞെടുപ്പിന് ശേഷം എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.കോവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കരുതല്‍ നടപടി സ്വീകരിക്കും.വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം; കണ്ണൂരിൽ ‘ബാക്ക് ടു ബേസിക്’ ക്യാമ്പയിൻ ശക്തമാക്കി ജില്ലാ ഭരണകൂടം

keralanews covid spread district administration intensifies back to basic campaign in kannur

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത് പോലുള്ള ജാഗ്രത നിർദേശങ്ങൾ പാലിക്കാന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കുന്ന ‘ബാക്ക് ടു ബേസിക്’ ക്യാമ്പയിൻ ശക്തമാക്കി ജില്ലാ ഭരണകൂടം.പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി.തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിതരുള്ള വീടുകള്‍ മുന്‍കാലങ്ങളിലെ പോലെ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും അവരുമായി അടുത്ത് ഇടപഴകിയവരെ കൊവിഡ് പരിശോധന നടത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോം ഐസൊലേഷന്‍ സൗകര്യം ഇല്ലാത്തവരെ താമസിപ്പിക്കുന്നതിന് ഒന്നോ രണ്ടോ വീടുകളോ സ്ഥാപനങ്ങളോ കണ്ടെത്തി സൗകര്യങ്ങള്‍ ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി.തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.ജില്ലയുടെ പ്രതിദിന പരിശോധനാ ലക്ഷ്യം 9000 ആയതിനാല്‍ ആഴ്ചയില്‍ ഓരോ പഞ്ചായത്തിലും 700, മുന്‍സിപ്പാലിറ്റികളില്‍ 1000, കോര്‍പ്പറേഷനില്‍ 1200 എന്ന തോതില്‍ ടെസ്റ്റ് നടത്താന്‍ സംവിധാനം ഒരുക്കണം. പരിശോധന നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ ടെസ്റ്റ് നടത്തിയെന്ന കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തമെന്നും കലക്റ്റർ നിർദേശിച്ചു.

കോഴിക്കോട് ബാലുശ്ശേരിയിൽ സി.പി.എം ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

keralanews petrol bomb attack against cpm office at kozhikode balusseri

കോഴിക്കോട്: ബാലുശ്ശേരി കരുമല തേനാകുഴിയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.പെട്രോള്‍ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഓഫീസ് കത്തി നശിച്ചു.നിയമസഭ തെരഞ്ഞെടുപ്പിന് ശേഷ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമുണ്ടായത്. തേനാകുഴിയിലെ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ രാത്രിയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ഉപകരണങ്ങളടക്കം കത്തി നശിച്ചു.കഴിഞ്ഞ ദിവസം ഉണ്ണികുളത്തെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ്; കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലൻസ് റെയ്ഡ്

keralanews case of illegal acquisition of property vigilance raids on km shajis houses in kannur and kozhikode

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് എംഎല്‍എ, കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്. ഇന്നലെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴിക്കോടുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തുന്നത്.ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട്ടിലെത്തിയത്. വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ റെയ്ഡ്. കഴിഞ്ഞ നവംബറില്‍ ഷാജിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്. ഇതിനായി എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹർജി പരിഗണിക്കവേ പരാമര്‍ശിച്ചിരുന്നു. പരാതിക്കാരനായ അഡ്വ. എം.ആര്‍. ഹരീഷ് നല്‍കിയ ഹരജിയില്‍, കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട്. കേസെടുക്കാന്‍ പ്രഥമദൃഷട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.

കോവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷവും സ്കൂളുകള്‍ തുറക്കില്ല

keralanews covid spread is severe schools will not open in next academic year in the state

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അധ്യയന വർഷവും സ്കൂളുകൾ തുറക്കാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.പുതിയ അധ്യയന വര്‍ഷവും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ വന്ന ശേഷമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാന്‍ പരിശോധനകളും ആരംഭിച്ചു. കരുതല്‍ തുടരണമെന്നാണ് പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം.ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പ്രധാന പരിഗണന നല്‍കുന്നത് എസ്‌എസ്‌എല്‍സ്-പ്ലസ് ടു പരീക്ഷകള്‍ തീര്‍ത്ത് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതല്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണ്ണയം. മെയ് അഞ്ച് മുതല്‍ ജൂണ്‍ 10 വരെയാണ് പ്ലസ് ടു മൂല്യനിര്‍ണ്ണയം.

യന്ത്രത്തകരാര്‍; ലുലു ‍ഗ്രൂപ്പിന്റെ ഹെലിക്കോപ്ടര്‍ ‍ചതുപ്പില്‍ ഇടിച്ചിറക്കി

keralanews lulu group helicopter makes emergency landing in cochi

കൊച്ചി: എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്ടര്‍ ഇടിച്ചിറക്കി. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്ടറാണ് ഇടിച്ചിറക്കിയത്.ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.എം.എ. യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കുകളില്ല.ജനല്‍വഴിയാണ് യൂസുഫലിയെയും കുടുംബത്തേയും പുറത്തിറക്കിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.ഒരല്‍പം തെന്നിയിരുന്നുവെങ്കില്‍ സമീപത്തെ വീടുകളിലോ കെട്ടിടങ്ങളിലോ ഇടിച്ച്‌ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍, യന്ത്രത്തകരാറ് മൂലം ഇതിനു സാധിച്ചില്ല. ചതുപ്പിലേക്ക് ഹെലികോപ്ടര്‍ ഇടിച്ചിറക്കുകയായിരുന്നു. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്ററുള്ളത്.