കോവിഡ് വ്യാപനം;കണ്ണൂരില്‍ സുരക്ഷാ നിയന്ത്രണ പരിശോധനകള്‍ കര്‍ശനമാക്കി

keralanews covid spread security control checks tightened in kannur

കണ്ണൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണിലെ മാളുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള പരിശോധന നടത്തി. അടുത്ത ദിവസം മുതല്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധികളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ജില്ലയിലെ കോവിഡ് വ്യാപനത്തിനെതിരെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും പോലീസ് പട്രോളിങ്ങ് സംവിധാനങ്ങളും വാഹന പരിശോധനയും നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ സാനിറ്റെസര്‍ സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തുന്നതിനായി പോലീസിനെ ഒരുക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍, ആഘോഷങ്ങള്‍, വാഹനങ്ങള്‍, മാളുകള്‍ , ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പോലീസ്സിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.അടച്ചിട്ട മുറികളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് മാത്രമേ ഒത്തുകൂടാന്‍ അനുവാദമുള്ളൂ. മീറ്റിംഗുകള്‍ / പ്രോഗ്രാമുകള്‍, പൊതു പരിപാടികളില്‍ പരമാവധി 200 പേര്‍ മാത്രം പങ്കെടുക്കുക. (വിവാഹങ്ങള്‍, ശവസംസ്കാരങ്ങള്‍, ഉത്സവങ്ങള്‍, കായികം, കല, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ).രണ്ടു മണിക്കൂറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കരുത്. എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പാര്‍സല്‍ ഭക്ഷണം നല്കുക . ഷോപ്പുകള്‍/മാളുകള്‍/കച്ചവട സ്ഥാപനങ്ങള്‍ എന്നിവ എല്ലാ ദിവസവും രാത്രി 9 മണിയോടെ അടയ്ക്കുകയും പരമാവധി ഓണ്‍ലൈന്‍ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിനു മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. സിനിമാശാലകള്‍ / തീയറ്ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്-എവേകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കുക. മതനേതാക്കളും ജില്ലാ അധികാരികളും സമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുക. പൊതുഗതാഗതത്തിനായി ഉദ്ദേശിച്ചിട്ടുള്ള ബസുകള്‍ നില്‍ക്കുന്ന യാത്രക്കാരെ അനുവദിക്കരുത്. ബസുകള്‍ ഇരിപ്പിട ശേഷിക്ക് അപ്പുറത്തുള്ള യാത്രക്കാരെ എടുക്കരുത്.സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ/നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.

കൊറോണ വ്യാപനം ; ഐസിഎസ്‌സി ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു

keralanews i c s e board exams postponed due to corona spread

ന്യൂഡൽഹി:കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. പത്താം ക്ലാസ് (ഐസിഎസ്ഇ) പ്ലസ് ടു(ഐഎസ്‌സി) എന്നീ ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. ഐസിഎസ്ഇ പരീക്ഷകളുടെ ചുമതലയുള്ള കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കേറ്റ് എക്‌സാമിനേഷൻ (സിഐഎസ്‌സിഇ) ആണ് ഇക്കാര്യം അറിയിച്ചത്.പരീക്ഷ നടത്തുന്ന തീയതി ജൂൺ ആദ്യവാരം പ്രഖ്യാപിക്കുമെന്നും സിഐഎസ്‌സിഇ വ്യക്തമാക്കി. കൊറോണ വ്യാപനം വിശകലനം ചെയ്ത ശേഷമാകും തീരുമാനമെടുക്കുക. മേയ് നാല് മുതൽ ജൂൺ ഏഴ് വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ തീരുമാനിച്ചിരുന്നത്. ഏപ്രിൽ എട്ട് മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്‌സി പരീക്ഷകൾ.

24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേർക്ക് രോഗബാധ; രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു

keralanews 234692 covid cases confimed in the country in 24 hours

ന്യൂഡൽഹി:24 മണിക്കൂറിനിടെ രാജ്യത്ത് 2,34,692 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,45,26,609 ആയി. മരണസംഖ്യ 1,75,649 ആയി ഉയര്‍ന്നു.ഇന്നലെ മാത്രം 1,341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 16,79,740 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,26,71,220 ആയി.രാജ്യത്ത് ഇതുവരെ 11,99,37,641 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 10,031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3792 പേര്‍ക്ക്‌ രോഗമുക്തി

keralanews 10031 covid cases confirmed in the state today 3792 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10,031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തുമാണ് കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത് .കോഴിക്കോട് 1560 പേർക്കും എറണാകുളത്ത് 1391 പേർക്കും കോവിഡ് ബാധിച്ചു. മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂർ 737, കണ്ണൂർ 673, കാസർകോട് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 221 പേർ  സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1523, എറണാകുളം 1335, മലപ്പുറം 849, കോട്ടയം 729, തിരുവനന്തപുരം 556, ആലപ്പുഴ 730, തൃശൂർ 715, കണ്ണൂർ 576, കാസർകോട് 596, പാലക്കാട് 226, കൊല്ലം 448, വയനാട് 334, ഇടുക്കി 277, പത്തനംതിട്ട 243 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.32 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 11, കാസർകോട് 5, തൃശൂർ 4, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 648, കൊല്ലം 80, പത്തനംതിട്ട 156, ആലപ്പുഴ 41, കോട്ടയം 269, ഇടുക്കി 123, എറണാകുളം 515, തൃശൂർ 245, പാലക്കാട് 62, മലപ്പുറം 278, കോഴിക്കോട് 464, വയനാട് 79, കണ്ണൂർ 298, കാസർകോട് 534 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,868 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 436 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

keralanews high court cencelled f i r registered by crime branch against e d

കൊച്ചി:ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ് ഐ ആറും ഹൈക്കോടതി റദ്ദാക്കി.അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണം. രേഖകള്‍ പരിശോധിച്ച്‌ വിചാരണക്കോടതിക്ക് തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായര്‍ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസുകള്‍. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ കേസുകളാണ് എടുത്തത്.ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. കേസിലെ തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു

കാസർകോട് ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളില്‍ കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ്

keralanews covid mega testing drive on friday and saturday in kasaragod district

കാസര്‍കോട്:കോവിഡ് കേസുകള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16, 17 തീയതികളില്‍ കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസം 6000 പേര്‍ക്ക് ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയില്‍ സൗകര്യമൊരുക്കി.സ്ഥിരമായി കോവിഡ് ടെസ്റ്റ് നടത്തുന്ന മുഴുവന്‍ സർക്കാർ ആശുപത്രികളിലും പരിശോധന ഉണ്ടായിരിക്കും. ഏപ്രില്‍ 16ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും ഏപ്രില്‍ 17ന് പടന്നക്കാട് ഇഎംഎസ് ക്ലബ്, മടക്കര ഹാര്‍ബര്‍ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള 45 വയസിനു താഴെ പ്രായമുള്ള ഓടോറിക്ഷ-ടാക്‌സി ഡ്രൈവര്‍മാര്‍, കളക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍, വാക്സിനേഷനെടുക്കാത്ത 45 വയസിന് മുകളിലുള്ളവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ ഈ കേന്ദ്രങ്ങളിലെത്തി പരിശോധനക്ക് വിധേയരാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

keralanews child protection commission order to close all unauthorised schools in the state

തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമീഷന്‍ ഉത്തരവിറക്കി.അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിലവില്‍ പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കുന്നതിനായി മറ്റ് സർക്കാർ, എയ്ഡഡ്, അംഗീകൃത സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിൽ പെട്ട അംഗീകാരമുളള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതും പൊതുജനങ്ങളുടെ അറിവിലേക്കായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ടതുമാണെന്നും കമ്മീഷൻ നിർദേശിച്ചു.സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല അണ്‍ എയ്ഡഡ് സ്ഥാപങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മെയ്‌ 31ന് മുന്‍പായി കമ്മീഷന് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

keralanews illegal property acquisition case vigilance to question km shaji mla today

കണ്ണൂർ:അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.വിജിലന്‍സ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ.വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല .അതിനാല്‍ ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു.വിജിലന്‍സ്‌ പിടിച്ചെടുത്ത പണത്തിന്‌ രേഖകള്‍ ഉണ്ടെന്ന്‌ ഷാജി അവകാശപ്പെട്ടിരുന്നുവെങ്കിലും ഒന്നും ഹാജരാക്കിയിട്ടില്ലെന്നാണ്‌ വിവരം.പരിശോധനയ്‌ക്കിടെ വീട്ടില്‍ നിന്ന്‌ രേഖകളില്ലാതെ പിടികൂടിയ പണം ആരില്‍ നിന്നാണ്‌ ലഭിച്ചത്‌, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്‌, 28 തവണ വിദേശ യാത്ര നടത്തിയത്‌ എന്തിന്‌ എന്നതടക്കമുള്ള കാര്യങ്ങളാണ്‌ വിജിലന്‍സിന്‌ അറിയാനുള്ളത്‌. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യാവലി ഉദ്യോഗസ്‌ഥര്‍ തയാറാക്കിയിട്ടുണ്ട്‌.ഷാജിയുടെ കണ്ണൂരിലെ വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയില്‍ നിന്ന്‌ രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍ നിന്ന്‌ 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ട്‌ വീട്ടില്‍ നിന്നുമായി 77 രേഖകളുമാണ്‌ വിജിലന്‍സ്‌ കണ്ടെടുത്തിരുന്നത്‌. ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകള്‍, വീട്ടിലെ ആഡംബര ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കമുള്ളവയുടെ മൂല്യമുള്‍പ്പെടെ കണക്കാക്കിയാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ഇരുവരുടെയും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ബിസിനസ്‌ പങ്കാളിത്തം എന്നിവയും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സ്വര്‍ണാഭരണങ്ങള്‍ ഷാജിക്ക്‌ തിരികെ നല്‍കിയിട്ടുണ്ട്‌.

കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റു

keralanews blast when making bomb cpm workers forearms losed

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം.കതിരൂർ നാലാം മൈലിലാണ് സംഭവം.അപകടത്തിൽ കതിരൂർ സ്വദേശി നിജീഷിന്റെ രണ്ടു കൈപ്പത്തികളും അറ്റു.ബുധനാഴ്ച്ച രാത്രിയാണ് സംഭവം.നാലാം മൈലിലെ ഒരു വീടിനു പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഇരുകൈപ്പത്തികളും അറ്റുപോയ നിജേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. നിജേഷിന്റെ അറ്റുപോയ വിരലുകളുടെ ഭാഗങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മദ്യപിച്ച ശേഷം ബോംബ് ഉണ്ടാക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിനു പിന്നാലെ പ്രദേശത്ത് നിന്നും പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ക്ഷേത്ര ഉത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു

keralanews conflict during festival in temple 15year old killed

ആലപ്പുഴ: വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി.പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകൻ അഭിമന്യു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്നും പൂര്‍വവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിമന്യു.അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് പോലിസ് വ്യക്തമാക്കി.ഉത്സവപ്പറമ്പിൽ വെച്ച്‌ മരിച്ച അഭിമന്യു ഉള്‍പ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു. വയറിനു കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം അഭിമന്യുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നും ഇയാളാണ് മുഖ്യ പ്രതിയെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. അനന്തുവും ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്. സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പൊലീസ് സംഘത്തെ നിയാേഗിച്ചിട്ടുണ്ട്.