തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകൾ ശേഖരിച്ചിരുന്നു.ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4978 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 67, പത്തനംതിട്ട 158, ആലപ്പുഴ 215, കോട്ടയം 330, ഇടുക്കി 97, എറണാകുളം 458, തൃശൂര്‍ 521, പാലക്കാട് 175, മലപ്പുറം 159, കോഴിക്കോട് 715, വയനാട് 133, കണ്ണൂര്‍ 300, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മെഗാവാക്സിന്‍ ക്യാമ്പ് നിർത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മാസ് വാക്സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടെ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. കോഴിക്കോട്ടും പല ക്യാമ്പുകളും പ്രവര്‍ത്തിച്ചില്ല. മറ്റു ജില്ലകളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വാക്സിനേഷന്‍ നടന്ന ജില്ലകളിലൊന്നായ തിരുവനന്തപുരത്ത് വാക്സിന്‍ ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 158 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയില്‍ 30 ക്യാമ്പുകളില്‍ മാത്രമാണ് വാക്സിനേഷന്‍ നടക്കുന്നത്. പ്രായമേറിയ ആളുകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വാക്സിനേഷന്‍ ക്യാമ്പുകളിലെത്തി മടങ്ങുന്നത്. തെക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളിലും വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. കൊല്ലത്ത് ഉണ്ടായിരുന്ന സ്റ്റോക്ക് പൂർണമായും തീർന്നു. ക്യാമ്പുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ മിക്ക ക്യാമ്പുകളിലും വാക്സിനേഷന്‍ നിര്‍ത്തിവച്ചു. കൂടുതല്‍ വാക്സിന്‍ എപ്പോഴെത്തും എന്നതിലും വ്യക്തതയില്ല. കോട്ടയത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ സ്വീകരിക്കാനെത്തിയതോടെയാണ് തിരക്ക് വര്‍ധിച്ചത്. കോഴിക്കോട് ആകെ 40000 ഡോസ് വാക്സിനാണ് സ്റ്റോക്ക് ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലേക്കും നല്‍കാന്‍ ഇത് തികയാത്തതിനാല്‍ പല കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നിർത്തിവച്ചു. എറണാകുളത്തും വാക്സിന്‍ സ്റ്റോക്കുകള്‍ കുറവാണ്. ജില്ലയിലെ പല പ്രധാന മെഗാ വാക്സിനേഷൻ ക്യാംപുകള്‍ പ്രവര്‍ത്തനം നിർത്തി. തൃശ്ശൂരും വാക്സിന്‍ ക്ഷാമം നില നില്‍ക്കുകയാണ്. 16000ത്തോളം വാക്സിനുകളാണ് ജില്ലയില്‍ ബാക്കിയുള്ളത്. ഇന്ന് വാക്സിനെത്തിയില്ലെങ്കില്‍ നാളെ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. പാലക്കാട് 20000 കോവാക്സിനാണ് സ്റ്റോക്കുള്ളത്.
തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം
തൃശ്ശൂര്‍: ഇത്തവണത്തെ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്കോ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സംഘാടകര്‍, മേളക്കാര്‍, ആനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൂരവിളംബരത്തിന് 50 പേര്‍ മാത്രമാകും പങ്കെടുക്കുക.വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം ആയിട്ടുണ്ട്. വെടിക്കെട്ടിന്‍റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥര്‍ നാളെ തൃശ്ശൂരെത്തി പരിശോധന നടത്തും.സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി ഓരോ അമിട്ട് മാത്രം പൊട്ടിച്ചു കൊണ്ട് അവസാനിപ്പിക്കുമെന്നും കോവിഡ് വ്യാപനം രൂക്ഷമായത് പരിഗണിച്ച് 23-ാം തിയതി തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളില്‍ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തും. കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക.പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുകയെന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങള്‍ക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേര്‍ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.
കണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു
കണ്ണൂർ: പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തില്‍ ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു.കെ എസ് ടി പി-എരിപുരം റോഡ് സര്‍ക്കിളിനു സമീപം നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു.പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് കരി കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കണ്ണൂരില്‍നിന്നുള്ള അഗ്നിശമന സേന, പഴയങ്ങാടി പൊലീസ്, ഏഴോം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍ നിന്നു മാറ്റി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കോടി രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1 കോടി രൂപയുടെ സ്വർണം പിടികൂടി. ബാലുശേരി സ്വദേശി മുനീർ, വടകര സ്വദേശി ഫിറോസ്, കാസർഗോഡ് സ്വദേശി അബ്ദുള്ള എന്നിവരിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.2432 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണത്തിന് വിപണിയിൽ ഒരു കോടി 18 ലക്ഷം രൂപ വിലവരും. കസ്റ്റഡിയിലായ മൂന്ന് പേരെയും അധികൃതർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് വർധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്നും രണ്ട് തവണകളായി കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്.
പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സ്‌ആപ് ഗ്രൂപ്പില്‍; ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു
പത്തനംതിട്ട:കഴിഞ്ഞ ദിവസം നടന്ന പത്താംക്ലാസ്സ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇട്ടതിന് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. മുട്ടത്തുകോണം എസ്‌എന്‍ഡിപി എച്ച്‌എസ്‌എസിലെ ഹെഡ്മാസ്റ്റര്‍ എസ്. സന്തോഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരുടെ ഗ്രൂപ്പിലേക്കാണ് ചോദ്യപേപ്പര്‍ പോസ്റ്റുചെയ്തത്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്‌എസ്‌എല്‍സി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പില്‍ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് എത്തിയത്. പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂര്‍ത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങുമ്പോൾ മാത്രമേ സാധാരണ നിലയില്‍ ചോദ്യം പുറത്താകുകയുള്ളൂ. എന്നാല്‍ ഔദ്യോഗിക ഗ്രൂപ്പിലൂടെ കുട്ടികള്‍ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പര്‍ പുറത്തുവന്നു. ഇത്‌സംബന്ധിച്ച് അപ്പോള്‍ത്തന്നെ അന്വേഷണവും ആരംഭിച്ചു.ഔദ്യോഗിക ചുമതലയുള്ള പ്രഥമാധ്യാപകന്‍ ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പുറത്തേക്കു നല്‍കുന്നത് എസ്‌എസ്‌എല്‍സി പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ഡിഡിഇയില്‍ നിന്ന് ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തേടിയിരുന്നു. തുടര്‍ന്നാണ് ഹെഡ്മാസറ്ററെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണം വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട;3000 കോടി രൂപയുടെ ലഹരിമരുന്നുകളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി
കൊച്ചി:അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട.3000 കോടി രൂപയുടെ ലഹരിമരുന്നുകളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടി.ബോട്ടിൽ നിന്നും 300 കിലോ ലഹരിമരുന്ന് നാവിക സേന പിടിച്ചെടുത്തു.ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് ബോട്ട് നാവികസേനയുടെ ശ്രദ്ധയിൽ പെടുന്നത്.സംശയം തോന്നിയ ഉദ്യോഗസ്ഥർ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് രാജ്യാന്തര വിപണിയിൽ മൂവായിരം കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.ബോട്ട് നാവികസേന കസ്റ്റഡിയിലെടുത്തു.കൂടുതൽ അന്വേഷണത്തിനായി ബോട്ടിലെ ജീവനക്കാരെ കൊച്ചി തുറമുഖത്ത് എത്തിച്ചു.അഞ്ച് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അറസ്റ്റിലായവര്‍ ശ്രീലങ്ക സ്വദേശികളാണെന്ന് നാവിക സേന അറിയിച്ചു.
കോവിഡ് വ്യാപനം;സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല
തിരുവന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ.അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് കര്‍ഫ്യൂ. മാളുകളുടേയും തീയറ്ററുകളുടേയും പ്രവര്‍ത്തനം രാത്രി 7 വരെയാക്കി ചുരുക്കി. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. സാദ്ധ്യമായ ഇടങ്ങളിലെല്ലാം വർക്ക് ഫ്രം ഹോം നടപ്പാക്കണമന്നും നിർദ്ദേശമുണ്ട്.ഹോം ട്യൂഷനുകള്‍ ഒഴിവാക്കാനും തീരുമാനമായി. ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും അനുവദിക്കുക. ചരക്കു ഗതാഗതത്തിനും നിയന്ത്രങ്ങൾ ഉണ്ടാകില്ല. പരിശോധന ശക്തമാക്കും.വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകൾ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1996, എറണാകുളം 1751, മലപ്പുറം 1615, തൃശൂര്‍ 1361, കണ്ണൂര്‍ 990, തിരുവനന്തപുരം 768, കോട്ടയം 898, ആലപ്പുഴ 696, കാസര്‍ഗോഡ് 620, പാലക്കാട് 226, ഇടുക്കി 457, കൊല്ലം 451, പത്തനംതിട്ട 342, വയനാട് 379 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 497, കൊല്ലം 438, പത്തനംതിട്ട 87, ആലപ്പുഴ 380, കോട്ടയം 272, ഇടുക്കി 53, എറണാകുളം 350, തൃശൂര്‍ 502, പാലക്കാട് 165, മലപ്പുറം 169, കോഴിക്കോട് 481, വയനാട് 75, കണ്ണൂര്‍ 658, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 468 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പ്രതിയില്‍ നിന്നും എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവർന്നു;തളിപ്പറമ്പിൽ പൊലീസുകാരന് സസ്പെന്‍ഷന്‍
കണ്ണൂര്‍: എടിഎം തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്നും എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന പൊലീസുകാരന് സസ്പെന്‍ഷന്‍. തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ ഇഎന്‍ ശ്രീകാന്തിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്‍റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തിലാണ് ഏപ്രില്‍ മൂന്നിന് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുല്‍ അറസ്റ്റിലായത്. പിടിയിലാകുമ്പോൾ ഗോകുലിന്‍റെ കൈവശം സഹോദരിയുടെ എടിഎം കാര്‍ഡ് ഉണ്ടായിരുന്നു. ഈ കാര്‍ഡ് ശ്രീകാന്ത് കൈക്കലാക്കി ഏപ്രില്‍ ഏഴ് മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്‍റെ നിര്‍ദേശാനുസരണം സിഐ വി.ജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നില്‍ പൊലീസിലെ ചിലര്‍ തന്നെയാണെന്ന് വ്യക്തമായത്. സംഭവത്തില്‍ റൂറല്‍ എസ്പി നവനീത് ശര്‍മ അച്ചടക്ക നടപടിയെടുത്ത് അന്വേഷത്തിന് ഉത്തരവിടുകയും ചെയ്തു.ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് റൂറല്‍ എസ്പി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.