തിരുവനന്തപുരം:സംസ്ഥാനത്ത് 20000 കടന്ന് കോവിഡ് കേസുകൾ.ഇന്നലെ 22,414 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്.105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോട്ടയം 36, കണ്ണൂർ 21, തിരുവനന്തപുരം 10, കാസർഗോഡ് 9, തൃശൂർ 8, പാലക്കാട് 6, കൊല്ലം 3, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 552, കൊല്ലം 450, പത്തനംതിട്ട 449, ആലപ്പുഴ 487, കോട്ടയം 379, ഇടുക്കി 142, എറണാകുളം 700, തൃശൂർ 452, പാലക്കാട് 208, മലപ്പുറം 165, കോഴിക്കോട് 788, വയനാട് 89, കണ്ണൂർ 439, കാസർഗോഡ് 131 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി:സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി(35) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.രണ്ടാഴ്ച മുൻപാണ് ആശിഷിന് രോഗം സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ആശിഷിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. നിലവില്‍ യെച്ചൂരി ക്വാറന്റൈനിലാണ്.ആശിഷിന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം.വാക്സിനേഷൻ സെന്ററുകളിൽ കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.സ്പോട്ട് രജിസ്‌ട്രേഷന്‍ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. വിതരണ കേന്ദ്രത്തിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിലെ പാളിച്ചയും കൃത്യമായ ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്താത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് വാക്സിനേഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ് .കൊറോണ സ്ഥിരീകരിച്ചവർ ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.രോഗ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്താം. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് 7 ദിവസം കൂടി ക്വാറന്റൈൻ തുടരേണ്ടതാണ്. പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ പാലിക്കണം.ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന യാത്രക്കാർ നിർബന്ധമായും ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യണം.ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നില്ലെങ്കിൽ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
24, 25 തീയതികളിൽ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം; അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി
തിരുവനന്തപുരം:വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 24, 25 തീയതികളിലാണ് നിയന്ത്രണം. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.അവശ്യ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കൂ. ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ വാക്‌സിന്‍ വിതരണം നടത്തണമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനമായി.ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. വര്‍ക്ക് ഫ്രം ഹോമിന് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം 50% പേര്‍ മാത്രം ഹാജരായാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ നടത്താവു. ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും തീരുമാനമായി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വകാര്യ ആശുപത്രി ഉടമകളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം വിളിക്കും. വരുന്ന രണ്ടാഴ്ചയും ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി.
രോഗവ്യാപനം രൂക്ഷം;പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ 11 മണിക്കാണ് യോഗം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം 19,577 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.മിക്ക ജില്ലകളിലും ആയിരത്തിലധികമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.രോഗവ്യാപന തോത് കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. അതിർത്തികളിൽ കേരളവും പരിശോധന ആരംഭിച്ചു. രാത്രികാല നിരോധനാജ്ഞയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ബുധനാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാക്കി ചുരുക്കി. ഈ മാസം 30 വരെയാണ് പ്രവർത്തന സമയം ചുരുക്കിയിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രവൃത്തി സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ രംഗത്ത് വന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി നൽകണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
സംസ്ഥാനത്ത് രാത്രികാല കർഫ്യൂ നിലവിൽ വന്നു; പോലീസ് പരിശോധന കർശനമാക്കി
തിരുവനന്തപുരം:കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ നിലവിൽ വന്നു. രാത്രി ഒൻപത് മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യൂ.പോലീസ് കർശന പരിശോധന നടത്തുന്നുണ്ട്.ആൾക്കൂട്ടങ്ങളും അനാവശ്യ യാത്രകളും അനുവദിക്കേണ്ടെന്നാണ് തീരുമാനം.പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും രാത്രികാല കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങുന്നതും, കൂട്ടം കൂടുന്നതും ഒഴിവാക്കുകയാണ് രാത്രികാല നിയന്ത്രണത്തിന്റെ ലക്ഷ്യമെന്നും ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും പോലീസ് വ്യക്തമാക്കി. എല്ലാ ജില്ലകളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. പട്രോളിംഗും വർദ്ധിപ്പിച്ചിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.
കോഴിക്കോട് റെയിൽവെ പാളത്തിൽ വിള്ളൽ; ഒഴിവായത് വൻ അപകടം
കോഴിക്കോട്:കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വെ ഗേറ്റിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളല്‍ കണ്ടത്. വിവരമറിയിട്ടതിനെ തുടര്‍ന്ന് പൊലീസും റെയില്‍വേ എഞ്ചിനിയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. വന്‍ അപകടമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് തടസപ്പെട്ട കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റെയില്‍ പാളത്തിലുണ്ടായ വിള്ളല്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ട പരിശോധന
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ട പരിശോധന നടത്താൻ തീരുമാനം.രണ്ട് ദിവസങ്ങളിലായി 3 ലക്ഷം പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലായി 3 ലക്ഷത്തിൽ അധികം സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ രോഗവ്യാപന തോത് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. ഇന്നും നാളെയുമായി 3 ലക്ഷം സാമ്പിളുകൾ കൂടി പരിശോധിക്കാൻ ആണ് തീരുമാനം. പൊതു ജനങ്ങളുമായി ഏറ്റവും അടുത്തു ഇട പഴകുന്നവരിൽ നിന്നുമാകും സാമ്പിളുകൾ ശേഖരിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.ഓരോ ദിവസത്തെയും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിന കേസുകള്‍ 40000 മുതല്‍ അരലക്ഷം വരെ ഉയരാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തല്‍.ഇന്നലെ റെക്കോർഡ് വർധനവാണ് കേരളത്തിലെ പ്രതിദിന രോഗ ബാധിതരിൽ രേഖപ്പെടുത്തിയത്. 19577 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 17.45 ശതമാനം ടി പി ആറും രേഖപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആണ് സംസ്ഥാനം നേതൃത്വം നൽകുന്നത്.