കണ്ണൂർ: പുല്ലൂപ്പിക്കടവ് പുഴയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു.പുല്ലുപ്പിക്കടവ് സ്വദേശികളായ റമീസ് , അഷ്‌കർ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹദിനായുള്ള തെരച്ചിൽ തുടരുകയാണ്.ഇന്നലെ വൈകിട്ടാണ് മീൻ പിടിക്കുന്നതിനായി ഇവർ പുഴ കടവിൽ എത്തിയത്. രാത്രി വൈകിയും ഇവർ തിരിച്ചെത്താത്തതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെയാണ് രണ്ട് പേരുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തത്.
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു
മലപ്പുറം :മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 7.30ഓടെയാണ് അന്ത്യം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുർന്ന് കുറച്ച് നാളായി രാഷ്‌ട്രീയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.മൂന്ന് മന്ത്രി സഭകളിൽ അംഗമായിരുന്നു . എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തി. നായനാർ മന്ത്രിസഭയിലെ തൊഴിൽ – വനം മന്ത്രിയായും, എകെ ആന്റണി മന്ത്രിസഭയിലെ തൊഴിൽ – ടൂറിസം മന്ത്രിയായും ,ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചിരുന്നു.കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത് മകനാണ്.
ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികൾ നൽകണം; മുടങ്ങിയ സർവീസുകൾക്കുള്ള തുകയും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: വെള്ളിയാഴ്ച നടന്ന പോപ്പുലർ ഫ്രന്റ് ഹർത്താലിൽ കെഎസ്ആർടിസിയ്‌ക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി.ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ, സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്.പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഹർത്താൽ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തിൽ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവർക്ക് തന്നെയാണ്. അത് നേരത്തെ തന്നെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തവിൽ വ്യക്തമാക്കി. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ച് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു.ഷെഡ്യൂൾ മുടങ്ങിയതും പരുക്കേറ്റ ജീവനക്കാരുടെ ചികിത്സ ചെലവുൾപ്പെടെയുള്ള കണക്കുകളും അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹെൽമറ്റ് വെച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ അവസ്ഥ ദുഃഖകരമെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി.നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലിൽ ഉണ്ടായ നഷ്ടത്തുക കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുക. ഈ രണ്ട് മാർഗങ്ങളാണ് സർക്കാരിന് മുമ്പിലുള്ളത്. ഇതിൽ ഏത് നടപടിയാണ് സ്വീകരിക്കുക എന്നാണ് അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയിൽ അറിയിക്കേണ്ടത്.ഹർത്താലിൽ കെഎസ്ആർടിസി ബസുകൾ തകർന്നു.സൗത്ത് സൗത്ത് സോണിൽ 30,സെൻട്രൽ സോണിൽ 25,നോർത്ത് സോണിൽ 15 ബസ്സുകളുമാണ് കല്ലേറിൽ തകർത്തത്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു.
തളിപ്പറമ്പിൽ ഹര്‍ത്താലിനിടെ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂര്‍: തളിപ്പറമ്പ് നാടുകാണിയിൽ ഹര്‍ത്താലിനിടെ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദേശത്ത് പല സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചിരുന്നു.കടയില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ എത്തിയ ഹർത്താൽ അനുകൂലികളായ രണ്ടുപേർ കട അടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാൻ ഉണ്ടെന്ന് കടയുടമ ആഷാദ് അറിച്ചുവാക്ക് തർക്കത്തിന് ശേഷം ഇവർ തിരിച്ചു പോയെങ്കിലും വീണ്ടും എത്തി പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു.ആഷാദ് പോലീസിനെ വിളിക്കാൻ തുടങ്ങിയതോടെ മേശപ്പുറത്ത് ഉണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് കടയടപ്പിക്കാനെത്തിയവർ തിരിച്ചുപോയി.ആഷാദിന്റെ പരാതിയിൽ മേൽ അക്രമികൾക്കെതിരെ ഇന്നലെത്തന്നെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു .
കണ്ണൂർ ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു
കണ്ണൂർ: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തു.677 ഗ്രാം എംഡിഎംഎയാണ് എക്‌സൈസും ആർപിഎഫും ചേർന്ന് പിടിച്ചെടുത്തത്. ഇതിനിടെ യുവതി ഉൾപ്പെട്ട ലഹരി വിൽപ്പന വയനാട്ടിലും പിടിയിലായി. സംഭവത്തിൽ അൽ അമീൻ ,ഷനുബ, തസ്ലീന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. പ്രതികളിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു. സംഘം സഞ്ചരിച്ച കാറിൽ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നത് ഇവരാണെന്ന് നാട്ടുകാർ പറഞ്ഞു.
അക്രമം തുടർന്ന് ഹർത്താൽ അനുകൂലികൾ; കണ്ണൂരിൽ വാഹനങ്ങൾക്ക് നേരെ ബോംബേറ്; പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഘ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം അഴിച്ചുവിട്ട് ഹർത്താൽ അനുകൂലികൾ.ആദ്യ മണിക്കൂറിൽ വ്യാപകമായ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെയും കല്ലേറുണ്ടായി.വളപട്ടണം പാലത്തിന് സമീപം മൂകാംബികയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി.വയനാട് നാലാം മൈൽ പീച്ചങ്കോട് ഹർത്താൽ അനുകൂലികൾ കാറിനും ട്രക്കിനും കല്ലെറിഞ്ഞു.പോത്തൻകോട് മഞ്ഞ മലയിൽ കടയിൽ കയറിയ ഹർത്താൽ അനുകൂലികൾ പഴക്കുലകൾ വലിച്ചെറിഞ്ഞു.15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.ഒരാൾ കസ്റ്റഡിയിലായി.കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ വ്യാപക റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്.
ഹർത്താൽ;സംസ്ഥാനത്ത് വ്യാപക അക്രമം; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്; സ്വകാര്യ വാഹനങ്ങൾക്ക് നേരെയും അക്രമം
തിരുവനന്തപുരം:പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം.പലയിടത്തും വാഹനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.കൊച്ചിയിൽ ആലുവ കമ്പനിപ്പടി ഗ്യാരേജ് ബസ് സ്റ്റോപ്പിന് മുന്നിൽ പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്തു. ചേർത്തലയ്‌ക്ക് പോവുകയായിരുന്ന ബസാണ് തകർത്തത്. പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് നടന്നത്. കല്ലേറിൽ ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകർന്നു. ഡ്രൈവറുടെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.കൊല്ലം അയത്തിലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസിന് നേരെയാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം ബസിന് നേരെ കല്ലേറ് കല്ലേറ് ഉണ്ടായി. ചില്ല് തകർന്ന ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസ് തകർത്തു. ബസിന്റെ പിറകിലെ ചില്ല് തകർന്നു.കോഴിക്കോട് നാലിടത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. സിവിൽ സ്റ്റേഷന് സമീപത്തും, ചെറുവണ്ണൂരിലും, നടക്കാവിലും കെഎസ്ആർ്ടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചുമാണ് കല്ലേറുണ്ടായത്. അതേസമയം ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. കടകൾ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാർ പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതൽ തടങ്കലിനും നിർദ്ദേശം നൽകി.
എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം: എ കെ ജി സെന്റർ അക്രമണ കേസിലെ പ്രതി അറസ്റ്റിൽ.മൺവിള സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ പതിനൊന്നരയോടു കൂടിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ എവിടെ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല. കാറും ടീ ഷർട്ടുമാണ് ഇയാൾക്കെതിരെ തെളിവായി ലഭിച്ചിരുന്നത്. അക്രമിയുടെ ദൃശ്യങ്ങളിൽ കണ്ട ടീ ഷർട്ടും ഷൂസും ജിതിന്റേതാണന്ന ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ട കെഎസ്ഇബി ബോർഡ് വെച്ച കാറും ഇയാളുടേതാണെന്ന് കണ്ടെത്തി.ജൂൺ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ജൂൺ മുപ്പതിനാണ് തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടക്കുന്നത്. കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.സ്ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്കൂട്ടർ സുഹൃത്തിന്റേതാണ് എന്ന് ഇയാൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടു കൂടി ജിതിനെ കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോകുമെന്നാണ് വിവരം.അതേസമയം എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ അറസ്റ്റ് നാടകമാണെന്ന് വിടി ബൽറാം. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട സാഹചര്യത്തിൽ അവഹേളിക്കാനാണ് നീക്കം. തെളിവ് ഉണ്ടെങ്കിൽ കൊണ്ടുവരട്ടേയെന്നും അറസ്റ്റ് അംഗീകരിക്കുന്നില്ലെന്നും ബൽറാം പറഞ്ഞു.
എൻഐഎ റെയ്ഡ്;സംസ്ഥാനത്ത് 25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി :പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 14 പേരെ ഡൽഹിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ബാക്കിയുള്ളവരെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധനയും നടത്തും. ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡൽഹിയിലേക്ക് കൊണ്ടുപോവുക. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക.പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയേയും പോലീസിനേയും ഓഫീസിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.ഇന്നലെ അർദ്ധ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കേന്ദ്ര സേനയുടെ സഹായത്തോടെ എൻഐഎ റെയ്ഡ് നടത്തുകയായിരുന്നു. പിന്നാലെ നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡൽഹിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ജില്ലകളില്‍ റെയ്ഡ് നടന്നു.കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയടക്കം 10 സംസ്ഥാനങ്ങളില്‍ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) റെയ്ഡ് നടത്തി. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേര്‍ക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കി ആയിരുന്നു റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് ചെയ്തത്.
ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു
തിരുവനന്തപുരം:ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി.