തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു.എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.രോഗവ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പത്താക്ലാസ് പരീക്ഷകളും മാറ്റാൻ തീരുമാനിച്ചത്. മുൻ നിശ്ചയിച്ച തീയതി പ്രകാരം ബുധനാഴ്ച മുതലാണ് പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനം കുറയുകയാണെങ്കിൽ അടുത്ത മാസം പകുതിയോടെ പരീക്ഷകൾ നടത്താമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. എന്നാൽ രോഗവ്യാപനം രൂക്ഷമാകുകയാണെങ്കിൽ പരീക്ഷകൾ പൂർണമായി ഒഴിവാക്കാനും ആലോചനയുണ്ട്.
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; രജിസ്‌ട്രേഷൻ ഇന്ന് നാലുമണി മുതൽ
ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന് വേണ്ടി ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വാക്സിനേഷന്‍റെ മൂന്നാംഘട്ടം മേയ് ഒന്നു മുതലാണ് ആരംഭിക്കുന്നത്.മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്.
കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവിധം:
- https://www.cowin.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
- രജിസ്റ്റര്‍ ചെയ്യുക/പ്രവേശിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക
- മൊബൈല്‍ നമ്പർ നല്‍കിയാല്‍ ഫോണില്‍ വണ്‍ ടൈ പാസ് വേഡ് ലഭിക്കും. ഒ.ടി.പി നല്‍കി രജിസ്റ്റര്‍ ചെയ്യാം.
- പിന്‍കോഡ് നല്‍കി ആവശ്യമുള്ള വാക്സിന്‍ കേന്ദ്രവും തീയതിയും സമയവും തീരുമാനിക്കാം.
- ഒരു മൊബൈല്‍ നമ്പറിൽ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും.
- ആരോഗ്യ സേതു ആപ്പിലെ കോ-വിന്‍ ടാബില്‍ ക്ലിക്ക് ചെയ്തും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
നിലവിൽ വാക്‌സിനേഷൻ നടക്കുന്നത് 45 വയസ്സിന് മുകളിലുള്ളവർക്കാണ്. ഇതിൽ ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം നിശ്ചിത ദിവസം പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് വാക്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് വാക്‌സിനെത്തിക്കുന്നതിന്റെ വേഗത വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിന് തീരുമാനിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വർദ്ധിപ്പിക്കണെന്ന നിർദ്ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപന നിരക്ക് 75 ശതമാനത്തിന് മുകളിലേക്ക്;ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപനം ഗുരുതരമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്.ഏപ്രില്‍ ആദ്യവാരം കണ്ടെത്തിയ പഠന ഫലത്തില്‍ 40ശതമാനം പേരില്‍ ഈ വകഭേദം കണ്ടെത്തിയെങ്കില്‍ ഇത് മൂന്നാഴ്ച പിന്നിടുമ്ബോള്‍ 75ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. വൈറസ് വ്യാപനത്തിന്റെ തോതിൽ മുൻകരുതലെടുത്തില്ലെങ്കിൽ ഡൽഹിക്കു സമാനമായ അന്തരീക്ഷത്തിലേക്ക് കേരളം വീഴുമെന്നാണ് മുന്നറിയിപ്പ്. തീവ്രവേഗത പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് അരലക്ഷത്തിലേക്ക് ഉയർത്തുമെന്നും ആരോഗ്യവകുപ്പ് സൂചിപ്പിക്കുന്നു.ജനിതക വ്യത്യാസം വന്ന വൈറസിനെ സംബന്ധിച്ച് മാർച്ച് മാസത്തിൽ തന്നെ ഗവേഷണം ആരംഭിച്ചിരുന്നു. കേരളത്തിൽ കോട്ടയം ജില്ലയിൽ ആദ്യം കണ്ടെത്തിയ വൈറസ് പത്തു ജില്ലകളിൽ വ്യാപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.ഓക്‌സിജൻ സംവിധാനങ്ങളുള്ള ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടുള്ള മുന്നൊരുക്കം അനിവാര്യമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
പിടിമുറുക്കി കൊറോണ;സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂര്‍ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂര്‍ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസര്‍ഗോഡ് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1012, കൊല്ലം 4499, പത്തനംതിട്ട 253, ആലപ്പുഴ 136, കോട്ടയം 4729, ഇടുക്കി 272, എറണാകുളം 2000, തൃശൂര്‍ 1302, പാലക്കാട് 481, മലപ്പുറം 704, കോഴിക്കോട് 1567, വയനാട് 233, കണ്ണൂര്‍ 623, കാസര്‍ഗോഡ് 602 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 3645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 40 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വോട്ടെണ്ണൽ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി;ഹർജികൾ തീർപ്പാക്കി
കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക് ഡൗൺ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിവസത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.ലോക് ഡൗൺ ആവശ്യപ്പെട്ട് മൂന്ന് സ്വകാര്യ ഹർജികളാണ് കോടതിയ്ക്ക് ലഭിച്ചത്. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കൊറോണ വ്യാപനം രൂക്ഷമാക്കുമെന്ന് ചൂണ്ടാക്കിട്ടിയായിരുന്നു ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് ദിനത്തിൽ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരും നിർദ്ദേശം നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. ഇതിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. അതിനാൽ മെയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.എന്നാൽ സർവ്വ കക്ഷി യോഗത്തിന് ശേഷം ഉചിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അതിനാൽ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അന്നേ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും, മാർഗ്ഗ രേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് അശോക് മേനോൻ ആണ് വിധി പറഞ്ഞത്.
കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം;എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിനിയായ ഡോ.എം.പി ബിന്ദു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. യൂണിവേഴ്സിറ്റിയുടെ കൂടി വാദം കേട്ടശേഷമാണ് നിയമന നടപടികൾ നിർത്തിവക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.എച്ച്‌ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്‌കിയില്‍ മെയ് 7 വരെ സ്ഥിരം നിയമം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ പതിനാറാം തിയ്യതി 30 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉള്‍പ്പെട്ടിരുന്നു. ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചത്.ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സഹലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി. 2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്‌ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്.ഇതിനായി യുജിസി യുടെ എച്ച്ആർഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം തസ്തികയിലേയ്ക്കുള്ള നിയമനത്തിന് 30 പേരെ ഏപ്രിൽ പതിനാറിനാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്. ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചു.ഇൻറർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുത്തില്ല. ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാണ് തീരുമാനം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഹർജിയിൽ ഡോ. ബിന്ദു ആവശ്യപ്പെട്ടു.
മന്‍സൂര്‍ വധക്കേസ് പ്രതി ജാബിറിന്റെ വീടിനു തീയിട്ടു; വീടിന്റെ ഒരു ഭാഗവും വാഹനങ്ങളും കത്തി നശിച്ചു
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. കേസിലെ പത്താംപ്രതി പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു.സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിര്‍. വീടിന്റെ പുറക് വശത്താണ് തീയിട്ടത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന നാനോ കാറും സ്‌കൂട്ടറും കത്തി നശിച്ചിട്ടുണ്ട്.വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കേസിൽ ഒരാൾ കൂടി പിടിയിലായി.സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പോലീസ് പറഞ്ഞു.പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തിൽ ബോംബേറിലാണ് മൻസൂർ കൊല്ലപ്പെട്ടത്.വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്നും വീട്ടിലുള്ളവരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വച്ചാണ് തീയിട്ടതെന്നും എം വി ജയരാജൻ പറഞ്ഞു.കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്‍റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ.ജാബിറിനെ ഇപ്പോഴും പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർദ്ധരാത്രി അക്രമണമുണ്ടാകുന്നത്.
കോവിഡ് വ്യാപനം;കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥിതി ഗുരുതരം
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിതി ഗുരുതരമാകുന്നു. കഴിഞ്ഞ ദിവസം 19 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമായി 174 പേര്‍ക്കാണ് രോഗം പോസിറ്റിവായത്. പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടുപേര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജയിലിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 200 പേരുടെ പരിശോധന ഫലം ഇന്ന് വരും.നിലവില്‍ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കില്‍ ഡോര്‍മിറ്ററി സംവിധാനം ഒരുക്കിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിലുള്ളവര്‍ക്കും ഇതേ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇനിയും പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജയിലിലെ സൗകര്യം തികയാതെ വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.രണ്ട് ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ജയിലിലുണ്ട്. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടേണ്ടിവരും.കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമായതുകൊണ്ടുതന്നെ രോഗബാധിതരായ തടവുകാരെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല. അതിനാലാണ് ജയിലിനുള്ളില്‍തന്നെ ചികിത്സ സൗകര്യമൊരുക്കി രോഗികളെ പാര്‍പ്പിക്കുന്നത്. തടവുകാര്‍ക്കിടയില്‍ രോഗം കൂടുന്ന സാഹചര്യത്തില്‍ ജയിലിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജയില്‍ ഡി.ജി.പി തിങ്കളാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ശതമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂർ 2416, തിരുവനന്തപുരം 2272, കണ്ണൂർ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസർകോട് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 230 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3176, എറണാകുളം 2470, മലപ്പുറം 2344, തൃശൂർ 2392, തിരുവനന്തപുരം 1934, കണ്ണൂർ 1425, പാലക്കാട് 565, കോട്ടയം 1184, ആലപ്പുഴ 1180, കാസർകോട് 1034, ഇടുക്കി 751, കൊല്ലം 730, വയനാട് 483, പത്തനംതിട്ട 420 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.70 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, കാസർകോട് 12, വയനാട് 9, തിരുവനന്തപുരം, തൃശൂർ, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂർ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂർ 683, കാസർകോട് 423 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 550 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ബത്തേരിയിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു രണ്ട് വിദ്യാർത്ഥികൾ മരിച്ചു
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ സഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്.ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.