തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.നിലവിൽ സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണ്.ലോക്ഡൗൺ നീട്ടണമോയെന്നകാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും ഷൈലജ കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ആകുമെന്ന് വിദഗ്ധർ അറിയിച്ചിരുന്നു.രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഐസിയുകൾ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്.ഇതിന് പരിഹാരമായി കൂടുതൽ ഐസിയു ബെഡുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുക യാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഓക്‌സിജൻ ഉപയോഗം കൂടിയതിനാൽ മറ്റു സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയില്ല. നിലവിൽ ഇപ്പോഴുള്ളത് മതിയാകില്ല. കേന്ദ്ര വിഹിതം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും ഷൈലജ വ്യക്തമാക്കി.
ഇന്ത്യയുടെ വിവിഐപി വിമാനം എയര്‍ ഇന്ത്യ വണ്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെത്തി
കണ്ണൂർ:ഇന്ത്യയുടെ വിവിഐപി വിമാനം എയര്‍ ഇന്ത്യ വണ്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെത്തി.രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്കായി അമേരിക്കയില്‍ നിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയര്‍ ഇന്ത്യ വണ്‍ എന്ന വിവിഐപി വിമാനം. മിസൈല്‍ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനം.പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വണ്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലും പറന്നിറങ്ങിയത്. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു 15 മിനിറ്റിനു ശേഷം ഡല്‍ഹിയിലേക്കു തന്നെ തിരികെപ്പോയി. പൈലറ്റുമാര്‍ ഉള്‍പ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.യാത്രാവിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്ന സമയത്തും വിവിഐപി വിമാനങ്ങള്‍ക്കു പ്രത്യേക പരിഗണനകള്‍ ലഭിക്കാറുണ്ടെങ്കിലും തിരക്കേറിയ വിമാനത്താവളങ്ങളില്‍ പരീക്ഷണ പറക്കലിന് അനുമതി ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരാറുണ്ട്. കൊവിഡ് സാഹചര്യത്തില്‍ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യ വണ്‍ പരീക്ഷണാര്‍ഥം ഇറക്കുന്നുണ്ട്. വിമാന റാഞ്ചലോ മറ്റോ സംഭവിച്ചാല്‍ സുരക്ഷാര്‍ഥം പാര്‍ക്ക് ചെയ്യേണ്ട ഐസലേഷന്‍ പാര്‍ക്കിങ്ങിലും വിമാനം പാര്‍ക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. നിലവില്‍ ‘എയര്‍ ഇന്ത്യ വണ്‍’ എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖ നേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്പോൾ വാണിജ്യ സര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (എസ്പിഎസ്), മിസൈല്‍ പ്രതിരോധ സംവിധാനമാണ് ‘എയര്‍ ഇന്ത്യ വണ്‍’ വിമാനത്തിലുള്ളത്. വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുളളത്.
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.നേരത്തെ രാജ്യത്തെ ഒരേയൊരു ഓക്സിജൻ സർപ്ലസ് സംസ്ഥാനം കേരളമാണെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. കൊറോണ കേസുകൾ കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.എന്നാൽ കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റെതെന്ന് മുഖ്യമന്ത്രി അയച്ച കത്തിൽ വ്യക്തമാക്കി.കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.കാസർകോട് സ്ഥിതി രൂക്ഷമാണ്.കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എട്ട് രോഗികളെയാണ് വേറെ ആശുപത്രികളിലേക്ക് മാറ്റിയത്. ഓക്സിജൻ പ്ലാന്റുകൾ ഇല്ലാത്ത കാസർകോട് ജില്ലയിലേക്ക് കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്സിജൻ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നു.
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
തിരുവനന്തപുരം:നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ(81) അന്തരിച്ചു.കൊറോണ ബാധയെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലായിരുന്നു.ഭാര്യ പരേതയായ സാവിത്രി അന്തര്‍ജനം. മക്കള്‍: ഹസീന, ജസീന. 1941 ല്‍ കിരാലൂര്‍ മാടമ്ബ് മനയില്‍ ശങ്കരന്‍ നമ്ബൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം. കരുണം, പരിണാമം എന്നീ സിനിമകൾക്ക് തിരക്കഥ എഴുതി.ഭ്രഷ്ട്, അശ്വത്ഥാമാ, മഹാപ്രസ്ഥാനം, ഓം ശാന്തി ശാന്തി ശാന്തി, അഭിവാദയേ, അവിഘ്‌നമസ്തു, ആര്യാവര്‍ത്തം, അമൃതസ്യപുത്ര, ഗുരുഭാവം, പൂര്‍ണമിദം, എന്തരോ മഹാനുഭാവലു, വാസുദേവകിണി, എന്റെ തോന്ന്യാസങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അമൃതസ്യ പുത്രയും ഗുരുഭാവവും ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതകഥയാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. 2003ല്‍ പരിണാമത്തിന്റെ തിരക്കഥക്ക് ഇസ്രായേലിലെ അഷ്‌ദോദ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്‌കാരം ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന സിനിമയുടെ തിരക്കഥയ്ക്ക് 2000 ൽ അദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അഗ്‌നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം, അഗ്‌നിസാക്ഷി, ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ തുടങ്ങി പത്തോളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2001 ൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു.
കെ. ആർ ഗൗരിയമ്മ അന്തരിച്ചു
തിരുവനന്തപുരം: ജെ.എസ്.എസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.ആര്‍ ഗൗരിയമ്മ (102)അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 22 നാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. ഐക്യകേരള രൂപീകരണത്തിനു മുന്‍പ് തിരുവിതാംകൂറില്‍ മാറ്റത്തിന്‍റെ വിപ്ലവജ്വാലകള്‍ ആളിപ്പടര്‍ന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്ന സമരനായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ.എകെജിക്കും ഇഎംഎസിനും പി. കൃഷ്ണപിള്ളയ്ക്കുമൊപ്പം കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നേതാക്കളിലൊരാളായിരുന്നു.പിന്നീട് പാര്‍ട്ടിയോടും ഇഎംഎസിനോടും പടവെട്ടേണ്ടി വന്നപ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തില്ല.ഒടുവില്‍ താന്‍ കൂടി അംഗമായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാര്‍ട്ടിയോടും പോരാടി വിജയിച്ചു.
ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്ബ് കെ.എ. രാമന്‍റെയും ആറുമുറിപറമ്പിൽ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14 ന് ജനിച്ചു. കണ്ട മംഗലം എച്ച്‌എസ്‌എസ്, തുറവൂര്‍ ടിഡിഎച്ച്‌എസ്‌എസ് എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്‍റ് തെരേസാസ് കോളജിലുമായി ഉപരിപഠനം.തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്നും നിയമബിരുദവും നേടിയ കെ.ആര്‍ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്‍റെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1947 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1951 ലും 1954 ലും തിരുവിതാംകൂര്‍, തിരു കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായി.പിന്നീട് 1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1967 ലും 1980 ലും 1987ലും 2001 ലും മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന വനിത, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഗൗരിയമ്മയ്ക്കു സ്വന്തമാണ്.2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. 2016 ല്‍ ജെഎസ്‌എസ് യുഡിഎഫ് വിട്ടതു മുതല്‍ ഗൗരിയമ്മ ഇടതുമുന്നണിയിലെ ക്ഷണിതാവായി തുടര്‍ന്നു വരികയായിരുന്നു.
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ചു; നിരക്ക് ലംഘിച്ചാല്‍ പത്തിരട്ടി പിഴ;പരാതികള്‍ ഡിഎംഒ യെ അറിയിക്കാം
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സ നിരക്ക് നിശ്ചയിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് പരമാവധി പ്രതിദിനം ഈടാക്കാവുന്ന തുക 2910 രൂപയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നു എന്ന പരാതികള്‍ ഉയരുന്നതിനിടെ ചികിത്സാചെലവ് കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിച്ച കാര്യം സംസ്ഥാനസര്‍ക്കാര്‍ ബോധിപ്പിച്ചത്. സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. എന്‍എബിഎച്ച് അംഗീകാരമുള്ള വലിയ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 വരെ രോഗികളില്‍ നിന്ന് ഈടാക്കാം. ഹൈ ഡിപ്പന്‍ഡന്‍സി വിഭാഗത്തില്‍ സാധാരണ ആശുപത്രിയില്‍ 3795 രൂപയും വലിയ ആശുപത്രികളില്‍ 4175 രൂപയുമാണ് നിരക്കായി നിശ്ചയിച്ചത്. വലിയ ആശുപത്രികളില്‍ ഐസിയുവിന് 8550 രൂപ വരെ ഈടാക്കാം. സാധാരണ ആശുപത്രികളില്‍ ഇത് പരമാവധി 7800 രൂപയാണ്. വലിയ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ഐസിയുവിന് 15180 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. സാധാരണ ആശുപത്രികളില്‍ ഇത് 13800 രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.അതേസമയം, പിപിഇ കിറ്റിനും അമിത വിലയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായി ജനറല്‍ വാര്‍ഡില്‍ രണ്ടു പിപിഇ കിറ്റ് മാത്രം മതിയെന്ന് ഉത്തരവില്‍ പറയുന്നു.അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് നിശ്ചിത തുകയേക്കാള്‍ അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലെ പല നിര്‍ദേശങ്ങളും പ്രായോഗികം അല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. ആശുപത്രികള്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണ്. പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ ആശുപത്രികള്‍ക്ക് ബാധ്യതയുണ്ടന്നും കോടതി പറഞ്ഞു.
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലാപ്ടോപ്പുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി
കണ്ണൂർ: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലാപ്ടോപ്പുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി.കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി.ദീപു (31), തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെ.എസ് മനോജ് (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.സ്കൂളിലെ കമ്പ്യൂട്ടർ ലാബില്‍ നിന്ന് 29 ലാപ്ടോപ്പുകള്‍ ആണ് ഇവര്‍ മോഷ്ടിച്ചത്. ഇവയില്‍ 24 ലാപ്ടോപ്പുകളും ചാര്‍ജറുകളും കണ്ണൂര്‍ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.കഴിഞ്ഞ എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന ലാപ്ടോപ്പുകള്‍ മോഷണം പോയത്. ഹൈസ്‌കൂള്‍ ഇ ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്താണ് പ്രതികള്‍ അകത്തുകടന്നത്. രണ്ടു പ്രതിക്കളും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്. ദീപു കഴിഞ്ഞ കൊല്ലവും ഇതേ സ്കൂളില്‍ നിന്ന് രണ്ട് ലാപ്ടോപ്പുകള്‍ മോഷ്ടിച്ചതിന് പിടിയിലായിരുന്നു. ആറളം ഫാമിലെ ഭാര്യ വീട്ടില്‍ താമസിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ എം.പി രാജേഷ്, എസ്.ഐമാരായ അബ്ബാസ് അലി, മനോജ്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ഓൺലൈൻ ഇ പാസിന് അപേക്ഷിക്കാവൂ. സത്യവാങ്മൂലം ദുരൂപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ പാസിന് ഞായറാഴ്ച 1.75 ലക്ഷം ആളുകൾ അപേക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്‍റെ ഇ പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്‍കി. 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും. അവശ്യവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍
തിരുവനന്തപുരം:കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും.മൂന്നര ലക്ഷം ഡോസ് വാക്‌സിനാണ് എറണാകുളത്തെത്തുന്നത്.ഒരുകോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനായിരുന്നു സംസ്ഥാനം തീരുമാനിച്ചിരുന്നത്. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്‍ എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.18- 45 പ്രായമുളളവരില്‍ ഗുരുതര രോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന.ഇതോടൊപ്പം ബസ് ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം സമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ വഹിച്ചുള്ള വിമാനം എത്തുക. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നല്‍കും.അതേസമയം, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിക്കും.
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ശതമാനം;29,318 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂര്‍ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂര്‍ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസര്‍ഗോഡ് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 36, കോഴിക്കോട് 13, തൃശൂര്‍ 12, പത്തനംതിട്ട, എറണാകുളം 10 വീതം, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം 4, കോട്ടയം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2632, കൊല്ലം 2687, പത്തനംതിട്ട 933, ആലപ്പുഴ 2147, കോട്ടയം 1447, ഇടുക്കി 109, എറണാകുളം 3393, തൃശൂര്‍ 1929, പാലക്കാട് 3334, മലപ്പുറം 3621, കോഴിക്കോട് 4341, വയനാട് 187, കണ്ണൂര്‍ 1562, കാസര്‍ഗോഡ് 996 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 796 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.