ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു;സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചനകള്‍

keralanews test positivity rate increasing chance to increase lockdown in the state

കൊച്ചി: കൊവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം. ലോക്ഡൗണ്‍ പെട്ടെന്നു പിന്‍വലിക്കുന്നത് വ്യാപനം വീണ്ടും കൂടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. രോഗികള്‍ കൂടുന്നത് ഐസിയു, വെന്റിലേറ്ററുകള്‍ എന്നിവയുടെ ക്ഷാമമത്തനിടയായേക്കുമെന്നാണ് മറ്റൊരു ആശങ്ക.എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടതുന്നത് പലരെയും ബുദ്ധിമുട്ടിലാക്കുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഇക്കാരണത്താല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളില്‍ മാത്രം പൂര്‍ണ ലോക്ഡൗണും മറ്റിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മിനി ലോക്ഡൗണും മതിയെന്ന നിര്‍ദേശവും സര്‍ക്കാരിനു മുന്നിലുണ്ട്. അതേസമയം, കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

ആശങ്ക വർധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 43529 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ശതമാനം; 34,600 പേര്‍ക്ക് രോഗമുക്തി

keralanews 43529 covid cases confirmed in the state today 34600 cured

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6247, മലപ്പുറം 5185, കോഴിക്കോട് 4341, തിരുവനന്തപുരം 3964, തൃശൂര്‍ 3962, പാലക്കാട് 1428, കൊല്ലം 3336, കോട്ടയം 2744, ആലപ്പുഴ 2596, കണ്ണൂര്‍ 2151, പത്തനംതിട്ട 1285, ഇടുക്കി 1277, കാസര്‍ഗോഡ് 943, വയനാട് 674 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തൃശൂര്‍ 23, എറണാകുളം 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 10 വീതം, കൊല്ലം 8, കോട്ടയം 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2338, കൊല്ലം 2815, പത്തനംതിട്ട 1264, ആലപ്പുഴ 2518, കോട്ടയം 2171, ഇടുക്കി 1287, എറണാകുളം 4474, തൃശൂര്‍ 2319, പാലക്കാട് 3100, മലപ്പുറം 3946, കോഴിക്കോട് 5540, വയനാട് 446, കണ്ണൂര്‍ 1907, കാസര്‍ഗോഡ് 475 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 75 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ടയിൽ കാനറാ ബാങ്കിന്റെ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരന്‍ ഒളിവില്‍, അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

keralanews 8.13 crore scam at canara bank pathanamthitta branch employee absconding five employees suspended

പത്തനംതിട്ട: ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ സ്ഥിരനിക്ഷേപകരുടെ അക്കൗണ്ടുകളില്‍നിന്ന് 8.13 കോടിയോളം രൂപ തട്ടിയെടുത്തത്. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 14 മാസത്തിനിടെയാണ് ഇത്രയും രൂപ തട്ടിയെടുത്തിരിക്കുന്നത്.പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍നിന്നാണ് വിജീഷ് വര്‍ഗീസ് പണം തട്ടിയെടുത്തത്.കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വിജീഷിനു വേണ്ടി പോലിസ് അന്വേഷണം ശക്തമാക്കി. പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു.ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്‍കി പരാതി പരിഹരിക്കുകയായിരുന്നു. എന്നാല്‍, ഓഡിറ്റിങ്ങില്‍ കോടികള്‍ നഷ്ടമായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. അതേസമയം, പരാതി ഉയര്‍ന്ന ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബസമേതം ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച്‌ ഓഫാണ്. നേരത്തെ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.വിജേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി;ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; ഇറച്ചിക്കടകള്‍ക്ക് ഇന്ന് 10 മണി വരെ പ്രവര്‍ത്തിക്കാം

keralanews lock down guidelines revised in the state rtpcr negative certificate is mandatory for those coming from other states

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി.മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുൻപ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.നാളെ ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മാംസവില്‍പ്പനശാലകള്‍ക്ക് മാത്രം ബുധനാഴ്ച രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം.മെയ് 15 ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മറ്റ് പ്രവര്‍ത്തി ദിവസങ്ങളില്‍ മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്എസ്എസ് ആക്ട് 2006ലെ സെക്ഷന്‍ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികള്‍ക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാമെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു

റമ്മി കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ-പാസിന് അപേക്ഷ നല്‍കി;കണ്ണൂരില്‍ കമ്പ്യൂട്ടർ എന്‍ജിനീയറായ യുവാവ് അറസ്റ്റില്‍

Close-up. Arrested man handcuffed hands at the back isolated on gray background. Prisoner or arrested terrorist, close-up of hands in handcuffs.

കണ്ണൂർ:റമ്മി കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട്  പോലീസിന്റെ ഇ-പാസിന് അപേക്ഷ നൽകിയ കമ്പ്യൂട്ടർ എന്‍ജിനീയറായ യുവാവ് അറസ്റ്റില്‍.തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയായ രാഹുല്‍ (24)നെയാണ് ഇന്‍സ്‌പെക്ടര്‍ വി.ജയകുമാര്‍ അറസ്റ്റ്‌ചെയ്തത്. ബംഗളൂരുവില്‍ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പാസായ യുവാവാണ് അത്യാവശ്യമായി റമ്മി കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ വെബ്‌സൈറ്റിലൂടെ ഇ-പാസിന് അപേക്ഷ നല്‍കിയത്.ജില്ലാ പോലീസ് കാര്യാലയത്തില്‍ കഴിഞ്ഞ ദിവസം അപേക്ഷകള്‍ പരിശോധിച്ചപ്പോഴാണ് വിചിത്രമായ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടത്. കണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കഴുത കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. അത്യാവശ്യത്തിന് മാത്രം പുറത്ത് പോകാനുള്ള അപേക്ഷകള്‍ പരിശോധിച്ച്‌ പാസ് അനുവദിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള അപേക്ഷ കണ്ട പോലീസുകാര്‍ വിവരം കണ്ണൂര്‍ പോലീസ് കമ്മിഷണര്‍ക്ക് കൈമാറി.യുവാവിനെ കയ്യോടെ പിടികൂടാന്‍ കമ്മിഷണര്‍ തളിപ്പറമ്പ്  പോലീസിന് ഉടന്‍ നിര്‍ദേശവും നല്‍കി. പോലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.അവശ്യകാര്യങ്ങള്‍ക്കു മാത്രം അനുമതി നല്‍കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തെ തമാശയായി കാണുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ രഹസ്യ വില്‍പന; നാദാപുരത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ ചുമത്തി

keralanews secret sale by violating lockdown restrictions fine of 32000 rupees imposed on a garment factory in nadapuram

നാദാപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കച്ചവടം നടത്തിയ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി പോലീസ്.പെരുന്നാള്‍ പ്രമാണിച്ച്‌ കടയുടെ പിന്‍ഭാഗം വഴി വസ്ത്ര വില്‍പന നടത്തിയ സ്ഥാപനത്തിന് 32,000 രൂപയാണ് പിഴ കിട്ടിയത്.കൂടാതെ സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിങ്ങിലാണ് പോലീസ് പരിശോധന നടത്തിയത്.പൊലീസ് പരിശോധനയ്ക്ക് വരുന്നത് കണ്ട് വസ്ത്രം വാങ്ങാനെത്തിയവരെ  ജീവനക്കാര്‍ ഒരു മുറിയിലാക്കി അടച്ചു. ‌എന്നാല്‍ പൊലീസ് ഇവരെ കണ്ടെത്തി. എല്ലാവര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്.നാദാപുരത്ത് ഈറ എന്ന തുണിക്കട ലോക്ക്ഡൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. മുന്‍ഭാഗത്തെ ഷട്ടറുകള്‍ താഴ്ത്തി മാളിന്റെ പിന്നിലൂടെയാണ് കടയ്ക്കുള്ളിലേക്ക് പ്രവേശനം നല്‍കിയിരുന്നത്. കടയില്‍ എത്തിയവര്‍ക്കെതിരേയും നടപടി ഉണ്ടാവും. വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

കൊവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി;രണ്ടാം ഘട്ടം ഫലം പുറത്തുവന്നശേഷം ക്ലിനിക്കല്‍ ട്രയല്‍ നടത്താം

keralanews permission to test covaxin in children conduct a clinical trial after second phase results are released

ന്യൂഡൽഹി:ഇന്ത്യയില്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി. രണ്ട് വയസ്സ് മുതല്‍ 17 വരെയുള്ള കുട്ടികളിൽ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.എന്നാല്‍ നിലവില്‍ നടന്നുവരുന്ന രണ്ടാംഘട്ടത്തിന്റെ ഫലം പുറത്തുവന്നശേഷം മാത്രമേ മൂന്നാംഘട്ടം തുടങ്ങാന്‍ സാധിക്കൂവെന്നും സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാമത്തെ ട്രയലില്‍ 12 മുതല്‍ 65 വരെ പ്രായമുള്ള 380 പേരിലാകും വാക്സിന്‍ പരീക്ഷിക്കുക. കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്റെ ഡോസ് സംബന്ധിച്ചും 2 മുതല്‍ 18 വയസ് വരെയുള്ള എത്ര പേരിലാണ് വാക്സിന്‍ പരീക്ഷിക്കേണ്ടത് സംബന്ധിച്ചും ഇന്ന് തന്നെ അന്തിമ തീരുമാനം കൈക്കൊള്ളും.രാജ്യത്ത് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം മാത്രമേ അതിനുള്ള നടപടികള്‍ ആരംഭിക്കൂ. അതിനിടെ 12 മുതല്‍ 15 വയസുവരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ കാനഡയ്ക്ക് പുറമെ യുഎസും അനുമതി നല്‍കി. 16 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസര്‍ വാക്സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള അതേഡോസ് തന്നെയാണ് ഈ രാജ്യങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളില്‍ 100 ശതമാനവും ഫലപ്രാപ്തി ലഭിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.അതേസമയം വാക്‌സീന്‍ ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള താല്‍പര്യം ഫൈസര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കു നല്‍കാനുള്ള ആലോചനയിലേക്കു കടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. മൂന്നാം കോവിഡ് തരംഗമുണ്ടായാല്‍ അത് ഏറെ ബാധിക്കുക കുട്ടികളെയാണെന്ന മുന്നറിയിപ്പു നിലനില്‍ക്കെയാണിത്. രണ്ടാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുന്നെന്ന ആരോപണം ഇന്നലെയും ആരോഗ്യമന്ത്രാലയം നിഷേധിച്ചു.

സംസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;32,978 പേർ രോഗമുക്തി നേടി

keralanews confirmed 37290 corona cases in the state today and 32978 were cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 125 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4580, എറണാകുളം 4340, കോഴിക്കോട് 3836, തിരുവനന്തപുരം 3287, തൃശൂർ 3257, പാലക്കാട് 1330, കൊല്ലം 2875, കോട്ടയം 2369, ആലപ്പുഴ 2451, കണ്ണൂർ 1906, പത്തനംതിട്ട 1188, ഇടുക്കി 1035, കാസർഗോഡ് 931, വയനാട് 871 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.143 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 50, കാസർഗോഡ് 18, എറണാകുളം 14, തിരുവനന്തപുരം, പാലക്കാട് 10 വീതം, തൃശൂർ, വയനാട് 9 വീതം, കൊല്ലം 7, കോഴിക്കോട് 6, പത്തനംതിട്ട 5, കോട്ടയം 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,978 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2831, കൊല്ലം 1927, പത്തനംതിട്ട 953, ആലപ്പുഴ 1708, കോട്ടയം 1975, ഇടുക്കി 1164, എറണാകുളം 5200, തൃശൂർ 2161, പാലക്കാഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 810 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ട് 3620, മലപ്പുറം 3877, കോഴിക്കോട് 4890, വയനാട് 645, കണ്ണൂർ 1917, കാസർഗോഡ് 110 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നു; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 14 മുതല്‍ മത്സ്യബന്ധനത്തിനും നിരോധനം

keralanews low pressure forms in arabian sea chance for strong winds and rain prohibition of fishing from 14 onwards

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം 16ഓടെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം 14 മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ 14ന് മുന്‍പായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് മാറണം. മത്സ്യബന്ധനത്തിന് പോയവരെ വിവരം അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ല; മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കൈയ്യില്‍ കരുതണം

keralanews e pass is not mandatory for hospital trips medical records and affidavits should be kept on hand

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ സമയത്തുള്ള ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പോലീസ്.ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവുമാണ് കൈയില്‍ കരുതേണ്ടതെന്നും ഒരു വാഹനത്തില്‍ പരമാവധി 3 പേര്‍ക്കു വരെ യാത്ര ചെയ്യാമെന്നും പൊലീസ് അറിയിച്ചു.അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ക്ക് അതാത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട.ലോക്ക് ഡൗണിനോടനുബന്ധിച്ച്‌ പൊലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്.ഇത്രയും പേര്‍ക്കു ഇ-പാസ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. അതിനാല്‍, തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസ്സിന് അപേക്ഷിക്കേണ്ടതില്ല.അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറ‍ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.