സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍;അന്തിമ തീരുമാനം ഇന്ന്

keralanews health experts say the lockdown in the state should be extended final decision today

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായം ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ജനജീവിതം ദുസ്സഹമാകുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയാലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. മൊബൈല്‍, ടെലിവിഷന്‍ റിപ്പയര്‍ കടകളും കണ്ണട കടകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ തുടങ്ങുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടിവരും. അടിസ്ഥാന, നിര്‍മാണ് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ക്‌ഡൌണ്‍ നീട്ടാനാണ് സാധ്യത.

കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല;പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് മുടങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി

keralanews dialysis for covid patients not stopped health minister immediately intervenes in the case of dialysis failure at pariyaram medical college

കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ഡയാലിസിസ് മുടങ്ങിയ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് പ്രിന്‍സിപ്പാളും അറിയിച്ചതായി മന്ത്രി പറഞ്ഞു.ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ചികിത്സ മുടങ്ങാതെ നടന്നുവരുന്നുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. സ്വതന്ത്രമായ ചെറിയ ആര്‍.ഒ. പ്ലാന്റ് സഹായത്തോടെയാണ് ഇത് തുടര്‍ന്നു വരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്‌. സെന്ററിലേക്കും, തളിപ്പറമ്പ, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഫില്‍ട്ടര്‍ മെമ്ബ്രൈൻ തകരാറിലായതാണ് നിലവിലെ പ്രശ്നം. സാങ്കേതിക വിദഗ്ധര്‍ എറണാകുളത്തു നിന്നുമാണ് എത്തേണ്ടത്. വൈകുന്നേരത്തോടെ തകരാര്‍ പരിഹരിക്കും.മൂന്നാഴ്ച മുൻപ് പഴയ പ്ലാന്റിന്റെ ഒരു മോട്ടോർ കേടായത് ഡയാലിസിസ് മുടങ്ങാതെ തന്നെ പരിഹരിച്ചിരുന്നു.സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടവരും, അടിയന്തര ഡയാലിസിസ് ചികിത്സ ആവശ്യമുള്ള ഒ.പി.യിലെത്തുന്ന രോഗികളുടെ ചികിത്സയുൾപ്പെടെയായി 20 ഡയാലിസിസ് മെഷീനുകളാണ് 24 മണിക്കൂറും ഇവിടെ പ്രവർത്തിപ്പിക്കുന്നത്. ഇതിനുപുറമേ 2 മെഷീനുകൾ കോവിഡ് രോഗികൾക്കായി പ്രത്യേകവും പ്രവർത്തിക്കുന്നു. ദിവസത്തിന്റെ മുഴുവൻ സമയവും മെഷീനുകൾ പ്രവർത്തിക്കുന്നത് കാരണം പുതിയ ആർ.ഒ. പ്ലാന്റ് പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള നടപടി ഇതിനോടകം സ്വീകരിക്കുകയും പുതിയത് വാങ്ങുന്നതിനുള്ള സപ്ലൈ ഓർഡർ നല്കുകയും ചെയ്തിട്ടുണ്ട്.

പിപിഇ കിറ്റും എൻ95 മാസ്ക്കും ഉള്‍പ്പെടെ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വിലകൂട്ടി നിശ്ചയിച്ച് സംസ്ഥാന സർക്കാർ

keralanews state government has increased the price of covid safety equipment including ppe kits and n95 masks

തിരുവനന്തപുരം:പിപിഇ കിറ്റും എൻ95 മാസ്ക്കും ഉള്‍പ്പെടെ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വിലകൂട്ടി നിശ്ചയിച്ച് സംസ്ഥാന സർക്കാർ.മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് വില 30 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.പി പി ഇ കിറ്റിന് 328 രൂപയും പള്‍സ് ഓക്സീ മീറ്ററിന് 1800 രൂപയും N95 മാസ്കിന് 26 രൂപയുമാണ് പുതിയ വില. നേരത്തെ പള്‍സ് ഓക്സി മീറ്ററിന് 1500 രൂപയാക്കി കുറച്ചിരുന്നു. പിപിഇ കിറ്റിന് 273 രൂപയും എന്‍95 മാക്സിന് 22 രൂപയുമായിട്ടായിരുന്നു നേരത്തെ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നത്.ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 5 രൂപയാക്കി. സാനിറ്റൈസര്‍ 500 മില്ലി ബോട്ടിലിന് 192ല്‍ 230 ആയും കൂട്ടി.ഫേസ് ഷീൽഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് പുതിയ വില.സർജിക്കൽ ഗൗണിന്റെ വില 65-ൽ നിന്ന് 78 ആയി. പരിശോധനാ ഗ്ലൗസ്-7 രൂപ, സ്റ്റിറൈൽ ഗ്ലൗസ്-18 രൂപ, എൻ.ആർ.ബി. മാസ്‌ക്-96, ഓക്സിജൻ മാസ്‌ക്-65, ഫ്ളോമീറ്റർ-1824 എന്നിങ്ങനെയാണ് പുതുക്കിയ വില. മാസ്കിനും പിപിഇ കിറ്റിനും ബിഐഎസ് നിഷ്കര്‍ഷിക്കുന്ന ഗുണമേന്മ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.നേരത്തെ കൊറോണ സാമഗ്രികൾക്ക് അന്യായമായ വില ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചതോടെയാണ് സർക്കാർ ഇടപെട്ട് അത് കുറച്ചത്.വില കുറച്ചതോടെ മൊത്ത വിതരണക്കാര്‍ കേരളത്തിലേക്ക് വിതരണം കുറച്ചിരുന്നു. തുടര്‍ന്നാണ് വില പുതുക്കി നിശ്ചയിച്ചത്.

മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന രണ്ട് ക്വിന്റല്‍ കഞ്ചാവും നാല് വാളുകളും പിടികൂടി;ണ്ടു മലയാളികളടക്കം നാല് പേര്‍ അറസ്റ്റില്‍

keralanews two quintals of cannabis and four swords seized from fish lorry

കാസർകോഡ്: മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന രണ്ട് ക്വിന്റല്‍ കഞ്ചാവും നാല് വാളുകളും പിടികൂടി.സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫാറൂഖ്, മൊയ്തീന്‍ നവാസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. മറ്റു രണ്ടുപേര്‍ മംഗളൂരു, കുടക് സ്വദേശികളാണ്. മൂടബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസിന്റെ അന്വേഷണത്തിനിടെയാണ് കഞ്ചാവു കടത്തിനെകുറിച്ചു പൊലീസിന് വിവരം ലഭിച്ചത്. മീന്‍ലോറിയില്‍ വിശാഖപട്ടണത്തു നിന്നാണു പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. വാഹനപരിശോധനയ്ക്കിടെ ഉള്ളാള്‍ കെ.സി.റോഡില്‍ വച്ചാണ് പ്രതികളെ പൊലീസ്‌ അറസ്റ്റ് ചെയ്തത്. ലോറിക്ക് അകമ്പടി വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരില്‍ ഒരാള്‍ ലോറിയിലും മൂന്നുപേര്‍ അകമ്പടിയായി വന്ന കാറിലും ഉണ്ടായിരുന്നവരാണ്.കാസര്‍കോട്, ദക്ഷിണ കന്നഡ, കുടക്, ഹാസന്‍ ജില്ലകളില്‍ വിതരണത്തിനായി എത്തിച്ചതായിരുന്നു കഞ്ചാവ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന;പിൻവലിക്കാനുളള സാഹചര്യമായില്ലെന്ന് മുഖ്യമന്ത്രി

keralanews lockdown may extend in the state cm says there is no situation to withdraw

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയേക്കുമെന്നു സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പരിഗണിച്ചേക്കുമെന്നും സൂചിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോൾ ലോക്ഡൗണ്‍ അവസാനിക്കാറായി എന്നു പറയാറായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തീരുമാനമെടുക്കാന്‍ രണ്ടു മൂന്നു ദിവസം കൂടിയുണ്ട്. സംസ്ഥാനത്തെ കൊറോണ വ്യാപനം വിലയിരുത്തിയ ശേഷമായിരിക്കും ലോക്ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനമെടുക്കുക. കൊറോണ വ്യാപന നിയന്ത്രണത്തിനാണ് ആദ്യം പ്രധാന്യം കൊടുക്കുന്നത്. അതിന് വിഘാതമാകുന്ന മേഖലകളിൽ ഇളവ് അനുവദിക്കാനാകില്ല. എന്നാല്‍ ജനങ്ങളുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ പരമാവധി തുറന്നു കൊടുക്കുകയും വേണം. ഇതു രണ്ടും കൂടിയുള്ള സമതുലിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ഞായറാഴ്ചയാണു നിലവിലുള്ള ലോക്ഡൗണ്‍ അവസാനിക്കുന്നത്.അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാനനുമതി. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.ലോക്ക് ഡൗണ്‍ ഗുണം ചെയ്തു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ സമയത്ത് കോവിഡ് വ്യാപനത്തില്‍ കുറവു വരുന്നതായും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

സംസ്ഥാനത്ത് അധ്യയന വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കും; ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി

keralanews academic year in the state will begin on june 1 classes through online

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും . കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാം.ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച്‌ വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും. അധ്യായനവര്‍ഷാരംഭം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തും.ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്കാണ് കൂടുതല്‍ സര്‍വകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത്. ഇതിനിടെ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച യുജിസി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വിസിമാരുടെ യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ യുജിസിയെ അറിയിക്കും.

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84; 33,397 പേർക്ക് രോഗമുക്തി

keralanews 29803 covid cases confirmed in the state today 33397 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 202 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2005 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 5148, പാലക്കാട് 1789, തിരുവനന്തപുരം 2978, എറണാകുളം 2941, കൊല്ലം 2860, ആലപ്പുഴ 2478, തൃശൂർ 2123, കോഴിക്കോട് 1817, കോട്ടയം 1455, കണ്ണൂർ 1134, പത്തനംതിട്ട 1037, ഇടുക്കി 768, കാസർഗോഡ് 586, വയനാട് 388 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.94 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, വയനാട് 13, എറണാകുളം, പാലക്കാട്, കാസർഗോഡ് 10 വീതം, തൃശൂർ 7, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 6 വീതം, ഇടുക്കി 5, കോഴിക്കോട് 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 3112, കൊല്ലം 1801, പത്തനംതിട്ട 1851, ആലപ്പുഴ 2015, കോട്ടയം 1546, ഇടുക്കി 1266, എറണാകുളം 3917, തൃശൂർ 2489, പാലക്കാട് 3032, മലപ്പുറം 4052, കോഴിക്കോട് 2815, വയനാട് 572, കണ്ണൂർ 3884, കാസർഗോഡ് 1045 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 879 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കണ്ണൂർ ജില്ലയിലെ രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം

keralanews national approval for two more hospitals in kannur district

കണ്ണൂര്‍:നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ ക്യു എ എസ്) അംഗീകാരം സ്വന്തമാക്കി ജില്ലയിലെ രണ്ട് ആശുപത്രികള്‍ കൂടി.93.34 ശതമാനം പോയിന്റോടെ പാനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം, 87.6 ശതമാനം പോയിന്റോടെ ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികളാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയത്.ഏപ്രില്‍ 13, 17 തീയതികളിലായിരുന്നു പരിശോധന. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം ഇരുപത്തഞ്ചായി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ച ഏക ജില്ലയാണ് കണ്ണൂര്‍.സംസ്ഥാനത്താകെ 11 സ്ഥാപനങ്ങള്‍ക്കാണ് ഇക്കുറി ദേശീയ അംഗീകാരം ലഭിച്ചത്. നേരത്തെ ജില്ലയിലെ 23 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ് ലഭിച്ചിരുന്നു.ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ- ശിശു ആരോഗ്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

കണ്ണൂരിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെ ചാക്കിൽ സൂക്ഷിച്ച നിലയിൽ വടിവാളുകൾ കണ്ടെത്തി

keralanews swords were found kept in a sackin kannur

കണ്ണൂർ : തലശ്ശേരിയിൽ കലുങ്ക് വൃത്തിയാക്കുന്നതിനിടെ വടിവാളുകൾ കണ്ടെത്തി. ദേശീയ പാതയ്ക്ക് സമീപം പുന്നോൽ മാപ്പിള എൽപി സ്‌കൂളിനടുത്ത് നിന്നാണ് വടിവാളുകൾ കണ്ടെത്തിയത്.ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ ആറ് വടിവാളുകളാണ് കണ്ടെത്തിയത്.  വാളുകളിൽ തുരുമ്പു വന്നിട്ടുണ്ട്. ഒരു വർഷം മുൻപ് ഒളിപ്പിച്ച വടിവാളുകളാണ് ഇതെന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഈ മാസം ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ നിന്നും വടിവാളുകൾ കണ്ടെടുക്കുന്നത്. മെയ് മൂന്നിന് പിണറായി ഉമ്മൻചിറ കുഞ്ഞിപ്പള്ളിയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നും വടിവാളുകൾ കണ്ടെടുത്തിരുന്നു. ചാക്കിൽക്കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു വടിവാളുകൾ. എട്ട് വടിവാളുകളാണ് പിടിച്ചെടുത്തത്.

എം ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭാ സ്പീക്കര്‍

keralanews mb rajesh speaker of the 15th kerala legislative assembly

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭാ സ്പീക്കറായി എം ബി രാജേഷിനെ തെരെഞ്ഞെടുത്തു.136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്.എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് 96 വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി പി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. പ്രോട്ടം സ്പീക്കറായ പി ടി എ റഹീം വോട്ട് ചെയ്തില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സഭയില്‍ ഹാജരമായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യിക്കാനായി. ഇരു മുന്നണിയുടേയും ഒരു വോട്ടും അസാധുവായില്ല.തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്പീക്കറാകാന്‍ എം ബി രാജേഷിന് കഴിഞ്ഞു. കേരള നിയമസഭയിലെ 23 ആം സ്പീക്കറായാണ് രാജേഷ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് എല്ലാ അഭിനന്ദനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ക്ക് എല്ലാ സഹകരണവും സഭാ നേതാവ് എന്ന നിലയില്‍ വാഗ്ദാനം ചെയ്യുന്നു.സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച്‌ പ്രവര്‍ത്തിക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീക്കര്‍ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.