തിരുവനന്തപുരം: കർണാടകയുമായി വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. കെഎസ്‌ആർടിസി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്‌ആർടിസി എംഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.
ബ്യൂട്ടി പാർലർ വെടിവെയ്പ് കേസ്; പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: കൊച്ചി പനമ്പളളി നഗർ ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിലെ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബംഗലൂരു പരപ്പന ജയിലിൽ നിന്നാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ രവി പൂജാരിയെ നെടുമ്പാശേരിയിൽ എത്തിച്ചത്. ഇയാളെ നെടുമ്പാശേരി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇന്ന് ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കും.രവി പൂജാരിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ കേരള പോലീസിലെ കമാൻഡോകളെ വിന്യസിച്ചിരുന്നു. കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെയാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുളളത്. 2018 ഡിസംബർ 15 നായിരുന്നു പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ അക്രമി സംഘം വെടിയുതിർത്തത്.കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ ലീന മരിയ പോളിനെ വിളിച്ചത് ഉൾപ്പെടെയുളള കാര്യങ്ങൾ നേരിട്ടറിയാനാകും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുക. ഇതിനായി ഇയാളുടെ ശബ്ദസാമ്പിളുകളും ശേഖരിക്കും.ഓൺലൈനായി എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹാജരാക്കിയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങിയത്. കൊറോണ പരിശോധനയും നടത്തിയിരുന്നു.
സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ മുൻഗണനാ പട്ടിക പുതുക്കി;ബാങ്ക് ജീവനക്കാർക്കും കിടപ്പ് രോഗികൾക്കും മുൻഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ മുന്‍ഗണനാ പട്ടിക പുതുക്കി.ബാങ്ക് ജീവനക്കാരും മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരും ഉള്‍പ്പെടെയുള്ള 11 വിഭാഗങ്ങളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തി.ഹജ്ജ് തീര്‍ഥാടകര്‍, കിടപ്പ് രോഗികള്‍, പൊലീസ് ട്രെയിനി, പുറത്ത് ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍, മെട്രോ റെയില്‍ ജീവനക്കാര്‍, എയര്‍ ഇന്ത്യ ഫീല്‍ വര്‍ക്കേഴ്സ് തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 32 വിഭാഗക്കാര്‍ക്ക് പുറമെയാണിത്. കൂടാതെ ആദിവാസി മേഖലകളിലുള്ള 18 വയസിന് മുകളിലുള്ള എല്ലാവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്സിനേഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിവിധ കോടതികളില്‍ നിയമപോരാട്ടം തുടരുകയാണെങ്കിലും 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികള്‍ സ്വന്തം നിലയ്ക്കോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിന്‍ എന്നിവയാണ് നിലവില്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന വാക്സിനുകള്‍. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കൊറോണയുടെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. മൂന്നാം തരംഗം ചെറുക്കാനുള്ള പ്രധാന പോംവഴിയായി പരമാവധിപേർക്ക് ആദ്യഡോസ് മരുന്നെങ്കിലും നൽകണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:29,708 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2241, മലപ്പുറം 2272, എറണാകുളം 2181, പാലക്കാട് 1379, കൊല്ലം 1892, ആലപ്പുഴ 1753, കോഴിക്കോട് 1490, തൃശൂര്‍ 1394, ഇടുക്കി 878, കോട്ടയം 822, കണ്ണൂര്‍ 684, പത്തനംതിട്ട 611, കാസര്‍ഗോഡ് 450, വയനാട് 293 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കണ്ണൂര്‍ 14, പത്തനംതിട്ട 11, തിരുവനന്തപുരം, കൊല്ലം 10 വീതം, കാസര്‍ഗോഡ് 8, വയനാട് 4, ഇടുക്കി, പാലക്കാട് 3 വീതം, ആലപ്പുഴ, മലപ്പുറം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358, ഇടുക്കി 922, എറണാകുളം 4910, തൃശൂര്‍ 1706, പാലക്കാട് 2569, മലപ്പുറം 4327, കോഴിക്കോട് 1963, വയനാട് 397, കണ്ണൂര്‍ 1296, കാസര്‍ഗോഡ് 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിന് തുടക്കം;ഡിജിറ്റല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ക്ലാസുകള്‍ ഓണ്‍ലൈനില്‍
തിരുവനന്തപുരം:പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ഡിജിറ്റല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പുത്തനുടുപ്പുമിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെ പോലെ നിങ്ങളെല്ലാം വീണ്ടും സ്‌കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ല എന്നാണ് പ്രതീക്ഷയെന്നും പക്ഷേ, അതുവരെ എല്ലാം മാറ്റിവെക്കാന്‍ ആവില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ തന്നെ പഠനം തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത വേണം. കുട്ടികള്‍ വീടുകളില്‍തന്നെ സുരക്ഷിതരായി ഇരിക്കണം. 15 മാസമായി കുഞ്ഞുങ്ങള്‍ വീട്ടില്‍തന്നെ കഴിയുകയാണ്. അവര്‍ക്ക് അതിന്റെതായ വിഷമതകളും മാനസിക പ്രായസങ്ങളും ഉണ്ടാകും. ലോകം മുഴുവന്‍ ഇങ്ങനെ തന്നെ ആയി എന്ന് അവര്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കുട്ടികള്‍ക്ക് അധ്യാപകരുമായി സംവദിക്കാനുള്ള അവസരമൊരുക്കും. കോവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം കേരളം മുന്നോട്ട് വെച്ച വിജയകരമായ മാതൃകയാണ് സ്കൂള്‍കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്ന ആശയം. ഇത്തവണ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിതന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരില്‍നിന്ന് നേരില്‍ ക്ലാസുകള്‍ കേള്‍ക്കാനും സംശയം തീര്‍ക്കുവാനും കഴിയും . ക്ലാസുകള്‍ ഡിജിറ്റലില്‍ ആണെങ്കിലും പഠനത്തിന് ഉത്സാഹം കുറയ്ക്കേണ്ട. പഠനം കൂടുതല്‍ ക്രിയാത്മകമാക്കാന്‍ സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടെ എത്തിക്കുവാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആന്‍റണി രാജു, ജി ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ സംസാരിച്ചു.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്തു.
ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.അംഗണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ ഒന്നു മുതല്‍ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴു മുതല്‍ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ എട്ടര മുതല്‍ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതല്‍ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരിക്കും. ഇതേ ക്ലാസുകള്‍ ജൂണ്‍ ഏഴു മുതല്‍ ഒൻപത് വരെയും ജൂണ്‍ 10 മുതല്‍ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 01.30 വരെയാണ്.ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാര്‍ക്ക് 11 നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30 നുമാണ് ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍. നാലാം ക്ലാസിന് ഉച്ചക്ക് 1.30 ഉം അഞ്ചാം ക്ലാസിന് ഉച്ചക്ക് 2 മണിക്കും ആറാം ക്ലാസിന് 2.30 നും ഏഴാം ക്ലാസിന് 3 മണിക്കും എട്ടാം ക്ലാസിന് 3.30 നും എന്ന ക്രമത്തില്‍ ട്രയല്‍ ക്ലാസുകള്‍ ഓരോ പീരിയഡ് വീതമായിരിക്കും നടക്കുക. ഒന്‍പതാം ക്ലാസിന് വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും.ട്രയല്‍ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.കുട്ടികളുടെ സൗകര്യത്തിന് ക്ലാസുകള്‍ പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ല്‍ ഒരുക്കും. കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റില്‍ ലഭ്യമാക്കും.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍
തിരുവനന്തപുരം:രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയതോടെ സമ്പൂർണ്ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ സര്‍ക്കാര്‍. ഇന്ന് മുതല്‍ വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. മെയ് 8നാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത്. പിന്നീട് രണ്ട് തവണയായി ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു.നിലവിൽ ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗൺ.രോഗനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇരുപത് ശതമാനത്തിലും താഴെ എത്തിയതോടെയാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ മരണനിരക്ക് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. ജില്ലവിട്ടുള്ള യാത്രകളിലും അതിനാല്‍ അയവ് വന്നിട്ടില്ല.
ഇളവുകള്‍ ഇങ്ങനെ:
- വ്യാവസായിക സ്ഥാപനങ്ങളും ഉല്‍പാദന കേന്ദ്രങ്ങളും കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാർക്ക് ജോലിക്ക് എത്താനാവില്ല.
- വ്യവസായങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാം.
- വ്യാവസായിക മേഖലകളില്‍ ആവശ്യമനുസരിച്ച് കുറഞ്ഞ അളവില്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസിക്ക് അനുമതി നൽകി.
- ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.
- വിവാഹങ്ങള്‍ കണക്കിലെടുത്ത് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വില്‍ക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒൻപത് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി.
- വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.
- കള്ള് ഷാപ്പുകളില്‍ പാര്‍സല്‍ അനുവദിക്കും.
- ദേശീയ സേവിംഗ്സ് സ്കീമിലെ ആര്‍ ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ പണം അയയ്ക്കാന്‍ അനുവാദമുണ്ട്. ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാന്‍ അവരെ അനുവദിക്കും.
- സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി നിയമിതരായവര്‍ക്ക് പിഎസ്‌സി ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒൻപത് വരെ നീട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒൻപത് വരെ നീട്ടി.നിലവില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കും.വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അൻപത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും സാധ്യതയുണ്ട്. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍. നേരത്തെ ട്രിപിള്‍ലോക്ക് ഡൗണ്‍ ഏര്‍പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്.
ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതൽ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് കെഎസ്‌ഇബി
തിരുവനന്തപുരം:1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്‌ഇബി. ആയിരം രൂപയ്ക്ക് താഴെയുള്ള വൈദ്യതി ബില്ലുകള്‍ മാത്രമേ ഇനി ക്യാഷ് കൗണ്ടറില്‍ സ്വീകരിക്കുകയുള്ളൂ എന്നും കെഎസ്‌ഇബി അറിയിച്ചു. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബില്‍ അടയ്ക്കാം.2021 ജൂലൈ 31 വരെ കെഎസ്‌ഇബിയുടെ കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലായ wss.kseb.in വഴിയും കെഎസ്‌ഇബി എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വൈദ്യുതി ബില്‍ അടയ്ക്കുമ്പോൾ ട്രാന്‍സാക്ഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുത ബോര്‍ഡ് അറിയിച്ചു.
കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം
ഹരിപ്പാട്: ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം.കാറിലുണ്ടായിരുന്ന ആയിഷ ഫാത്തിമ(25), റിയാസ്(27), ബിലാൽ(5), ഉണ്ണിക്കുട്ടൻ(20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.50-ഓടെയാണ് ദാരുണമായ അപകടം നടന്നത്. കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം.പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്‌റ്റേഷന് സമീപത്തെ സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്നോവ കാറും മണൽ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്. ഇന്ന് വെളുപ്പിന് മഴയുള്ള സമയത്താണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു.കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.