കോവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; കുട്ടികളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

keralanews covid third wave department of health with warning guidelines have been issued to pay special attention to children

തിരുവനന്തപുരം:കോവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.കുട്ടികളെ സുരക്ഷിതരാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പ്രായക്കാര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളെയും മറ്റുള്ളവരുമായുള്ള സമ്പർക്കത്തിൽ നിന്ന് ഒഴിവാക്കണം.

മറ്റു നിര്‍ദേശങ്ങള്‍:

  • പലചരക്കു കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളെ അയയ്ക്കരുത്.
  • ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ പങ്കുവയ്ക്കരുത്.
  • അയല്‍പക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക.
  • മുതിര്‍ന്നവര്‍ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക.
  • ബന്ധുവീടുകളും ആശുപത്രികളും സന്ദര്‍ശിക്കാന്‍ പോകുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടരുത്.
  • പനി, ഗന്ധം അനുഭവപ്പെടാതിരിക്കുക, ക്ഷീണം എന്നീ അവസ്ഥകളില്‍ കുട്ടികളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുക.
  • മറ്റു വീടുകളില്‍ ട്യൂഷന് അയയ്ക്കാതിരിക്കുക.
  • കുട്ടികള്‍ക്കുള്ള അത്യാവശ്യ മരുന്നുകള്‍ വീടുകളില്‍ കരുതുക.
  • വീട്ടിലെ 18 വയസ്സു കഴിഞ്ഞവരെല്ലാം വാക്‌സീന്‍ സ്വീകരിക്കുക.
  • സമ്പർക്ക പട്ടികയിലുള്ളവര്‍, കോവിഡ് പോസിറ്റീവായവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ കുട്ടികളുമായി ഒരുവിധ സമ്പർക്കവും പുലര്‍ത്താതിരിക്കുക.
  • വിവാഹം, മരണം, പൊതുചടങ്ങുകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്.

സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂർണ്ണ ലോക്ഡൗണ്‍‍; അവശ്യ സർവീസുകൾക്ക് മാത്രം പ്രവര്‍ത്തനാനുമതി

keralanews complete lockdown in the state today and tomorrow permission for essential services only

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂർണ്ണ ലോക്ഡൗണ്‍‍. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായി കര്‍ശ്ശന സുരക്ഷ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഈ രണ്ട് ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം.നേരത്തെ ഇളവ് നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ഇന്നും നാളെയും കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.ടിപിആര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്.

സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്

keralanews health department says more than 25 per cent of people in the state have been vaccinated with the first dose

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച്‌ 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം വാക്സിന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2,81,828 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്സിനാണ് തിരുവനന്തപുരം ജില്ലയില്‍ നല്‍കിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച്‌ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഓൺലൈൻ പഠനം; ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു

keralanews online learning steps taken to find immediate solutions to the problems faced by the children in the district

കണ്ണൂർ: ഓണ്‍ലൈന്‍ പഠനസൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 3605 കുട്ടികളാണ് ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നത്. വൈദ്യുതി, നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍, ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അര്‍ഹരായ കുട്ടികളെ കണ്ടെത്തണമെന്ന് ദിവ്യ പറഞ്ഞു. സ്‌കൂളുകളില്‍ നിയമിതരായ നോഡല്‍ ഓഫിസര്‍മാര്‍, പഠന സഹായ സമിതി, വാര്‍ഡ് മെംബര്‍മാരുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡ് ജാഗ്രത സമിതികള്‍ എന്നിവ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച്‌ കുട്ടികളുടെ സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അര്‍ഹതയുള്ള ഒരു കുട്ടിക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. ക്വാറികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഉപയോഗിച്ച്‌ പഠനസഹായം ഒരുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ സാധ്യതകള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ;കൊച്ചിയിലെത്തിച്ചു

keralanews kochi flat molestation case defendant martin joseph arrested and taken to kochi

കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പിടിയിലായി.പാലക്കാട് മുണ്ടൂരിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പുലിക്കോട്ടിൽ പോലീസ് എത്തിയാണ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ സുഹൃത്തുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഒളിസങ്കേതത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തൃശൂരിലെ കാട്ടിലും ഇന്ന് പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരന്നു. നേരത്തെ അറസ്റ്റിലായ മാർട്ടിന്റെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവർ മൂന്ന് പേരും ചേർന്നാണ് മാർട്ടിന് ഒളിസങ്കേതം ഒരുക്കിക്കൊടുത്തത് എന്നാണ് വിവരം.പിടിയിലായ പ്രതിയെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ തൃശൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചു. കണ്ണൂർ സ്വദേശിനിയായ യുവതിയെ ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചശേഷമാണ് മാർട്ടിൻ ഒളിവിൽ പോയത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മറൈൻഡ്രൈവിലെത്തിയ യുവതി ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു. ഫ്‌ലാറ്റിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് അന്വേഷിച്ച് എത്തുമ്പോഴേയ്ക്കും പ്രതി മുങ്ങുകയായിരുന്നു. യുവതിയെ മാർട്ടിൻ പീഡിപ്പിച്ച മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ റിട്ടയേർഡ് അധ്യാപകനും ഭാര്യയും മരിച്ചു

keralanews retired teacher and wife killed in attack of masked gang in wayanad

പനമരം: വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ റിട്ടയേർഡ് അധ്യാപകനും ഭാര്യയും മരിച്ചു.പനമരം നെല്ലിയമ്പം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍ വ്യാഴാഴ്ച രാത്രി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ വയനാട് മെഡിക്കൽ കോളജില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാവിലെയായിരുന്നു പത്മാവതിയുടെ മരണം.വീട്ടില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന ദമ്പതികളെ വ്യാഴാഴ്ച രാത്രി 8 മണിയോടെ മുഖം മൂടി അണിഞ്ഞെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വീട്ടിലേക്ക് എത്തുന്നത് . ഈ സമയം അവര്‍ നിലവിളിച്ച്‌ കൊണ്ട് പുറത്തേക്ക് ഓടി വരികയായിരുന്നു എന്നാണ് പരിസരവാസികള്‍ നല്‍കുന്ന വിവരം. പരിസരവാസികള്‍ ശബ്ദം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്പോഴേക്കും രണ്ടു മുഖം മൂടി ധാരികള്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും വ്യക്തമാക്കുന്നു. കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കണ്ണൂരിൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഡോ​ക്​​ട​ര്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

keralanews doctor died while consulting patients in kannur hospital

കണ്ണൂർ :ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു.ജില്ലയിലെ പ്രശസ്ത ശിശുരോഗ വിദഗ്ധനും മെഡ് ക്ലിനിക് ഉടമയുമായ കക്കാട് കോര്‍ജാന്‍ സ്കൂളിന് സമീപത്തെ ‘മിലനി’ല്‍ ഡോ. എസ്.വി. അന്‍സാരിയാണ് (59) മരിച്ചത്.വ്യാഴാഴ്ച രാവിലെ രോഗികളെ പരിശോധിക്കുന്നതിനിടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പിതാവ് പരേതരായ പിഡിയാട്രിക് ഡോക്ടറും റഷീദ് ക്ലിനിക് ഉടമയുമായ ഡോ. എ.കെ. കാദര്‍കുഞ്ഞ്, മാതാവ് കുഞ്ഞാമിന. ഭാര്യ: ഡോ. സവിത അന്‍സാരി. മക്കള്‍: ഡോ. ജസീം അന്‍സാരി (ബംഗളൂരു), ഡോ. ഹൈബ അന്‍സാരി (കൊല്ലം). മരുമക്കള്‍: ഫഹദ്, ഡോ. ഷമീന. സഹോദരങ്ങള്‍: ഡോ. ഹാരിസ്, ഡോ. അഷറഫ്, റഷീദ, ജമീല.

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്;വസ്ത്രങ്ങള്‍, സ്‌റ്റേഷനറി, ജുവല്ലറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം

keralanews lockdown restrictions relaxed in the state today clothing stationery and jewelery shops can open

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്.അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. വളരെ കുറച്ച്‌ ജീവനക്കാരെ മാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. വാഹന ഷോറൂമുകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാം. എന്നാല്‍ ഇത് മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് ഇന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ആയിരിക്കും.ഈ ദിവസങ്ങളിൽ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്‌സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ശന സാമൂഹിക അകലം പാലിച്ച്‌ ഈ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ചിത്രം പോസ്റ്റു ചെയ്ത് കണ്ണുര്‍ കോര്‍പറേഷന്‍ മേയറുടെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് വിലാസമുണ്ടാക്കി പണം തട്ടാന്‍ ശ്രമം

keralanews attempt to extort money by posting a picture of a patient by creating a fake facebook address in the name of the kannur corporation mayor

കണ്ണൂര്‍: കണ്ണുര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്റെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിയുടെ ചിത്രം പോസ്റ്റു ചെയ്തു കൊണ്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.ചിത്രത്തിലുള്ളയാള്‍ തന്റെ ബന്ധുവാണെന്നും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഒട്ടേറെ പണം ചെലവായെന്നും ഉദാരമതികള്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുമാണ് മേയറുടെ അഭ്യര്‍ത്ഥന പോസ്റ്റു ചെയ്തിട്ടുള്ളത്.ഇതിനായി വ്യാജ അക്കൗണ്ട് നമ്പറും നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് തന്റെ പേരിലുള്ള സാമ്പത്തിക അഭ്യര്‍ത്ഥന മേയറുടെ ശ്രദ്ധയില്‍പ്പെടുന്നത്.ഇതിനെതിരെ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വ്യാജ അഭ്യര്‍ത്ഥനകളില്‍ ആരും വിശ്വസിക്കരുതെന്നും മേയര്‍ അറിയിച്ചു.

18 വയസിനു താഴെയുള്ളവരുടെ കൊവിഡ് ചികിത്സ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

keralanews central government has issued guidelines for the treatment of covid patients under 18 years of age

ന്യൂഡല്‍ഹി: 18 വയസിനു താഴെയുള്ളവരുടെ കൊവിഡ് ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ചികിത്സയ്ക്ക് മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കുട്ടികളില്‍ ഒഴിവാക്കണമെന്നും സി ടി സ്കാന്‍ പോലുള്ള രോഗനിര്‍ണയ ഉപാധികള്‍ ആവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കണമെന്നും         മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.‌ ‌ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കടുത്ത രോഗികളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ എന്നും സ്റ്റിറോയിഡുകളുടെ കാര്യത്തില്‍ സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പറയുന്നു. റെംഡെസിവിര്‍ അടിയന്തിര ആവശ്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടവയാണെന്നും 18 വയസില്‍ താഴെയുള്ളവരില്‍ ഈ മരുന്നിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളില്‍ പ്രത്യേകിച്ച്‌ ചികിത്സകളൊന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങി പൊതുവേയുള്ള കൊവിഡ് പ്രോട്ടോക്കോളുകളും ആരോഗ്യകരമായ ആഹാര രീതികളും ആണ് 18 വയസില്‍ താഴെയുള്ള ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.