തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ 518, കോഴിക്കോട് 466, കോട്ടയം 385, കണ്ണൂര്‍ 305, പത്തനംതിട്ട 314, കാസര്‍ഗോഡ് 320, ഇടുക്കി 165, വയനാട് 91 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.161 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരണം 11,342 ആയി.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 8, പത്തനംതിട്ട, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 5, പാലക്കാട്, വയനാട് 3 വീതം, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂര്‍ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂര്‍ 661, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 881 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല; കള്ള് പാര്‍സല്‍ നല്കാന് അനുമതി നൽകുമെന്നും മന്ത്രി എംവി ഗോവിന്ദന്
കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്കാന് തീരുമാനിച്ചത്. മദ്യകടത്ത് തടയാന്‍ കര്‍ശന നടപടി എക്സൈസ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദന് പറഞ്ഞു.കശുമാങ്ങയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ ഉണ്ട്. കൂടുതല്‍ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവുകയുള്ളു. എന്നാല്‍ കശുവണ്ടി കര്‍ഷകരെ സഹായിക്കാന്‍ പറ്റുന്ന ഈ പദ്ധതി ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നീരക്ക് വേണ്ട പോലെ മാര്‍ക്കറ്റ് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കേളകത്ത് ഒരു വയസ്സുകാരിയെ ക്രൂരമായി മർദിച്ചു; അമ്മയും കൂടെ താമസിക്കുന്ന യുവാവും അറസ്റ്റിൽ
കണ്ണൂർ:കേളകം കണിച്ചാര്‍ ചെങ്ങോത്ത് ഒരു വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും കൂടെ താമസിക്കുന്ന യുവാവും അറസ്റ്റിൽ. ചെങ്ങോംവിട്ടയത്ത് രമ്യ (24), ഒപ്പം താമസിക്കുന്ന കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍വീട്ടില്‍ രതീഷ് (39) എന്നിവരെയാണ് കേളകം പൊലീസ് അറസ്റ്റ് ചെയ്തത്.ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. രതീഷാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരെ കേസ്.ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖത്തും തലയിലും പരിക്കേറ്റ ഒരു വയസുകാരി അഞ്ജനയെ രമ്യയുടെ അമ്മയാണ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയില്‍ മര്‍ദ്ദനമേറ്റതാണെന്ന് മനസിലായ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിശദപരിശോധനയ്ക്ക് കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന മൂന്നു കുട്ടികളുടെ അമ്മയായ രമ്യയും ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രതീഷും മൂന്നാഴ്ച മുന്‍പാണ് ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. രമ്യയും കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായി അമ്മൂമ്മയുടെ മൊഴിയിലുണ്ട്. രതീഷ് സ്ഥലത്തില്ലാത്ത സമയത്ത്, മകള്‍ തന്നെ ഫോണ്‍ വിളിച്ച് കുട്ടിയെ മര്‍ദിക്കുന്ന കാര്യം പറഞ്ഞതായി കുട്ടിയുടെ അമ്മൂമ്മ സുലോചന പറഞ്ഞു.രതീഷും രമ്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ച ശേഷം വാടക വീട്ടിലേക്ക് മാറിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് രതീഷ്, കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായും രമ്യ കൂട്ടുനിന്നതായും പോലീസ് പറഞ്ഞു. ബാലനീതി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ശരീരത്തില്‍ കാണുന്ന പരിക്കുകള്‍ക്ക് മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ബാലാവകാശ കമ്മിഷന് ചെയര്മാന് കെ.വി.മനോജ് കുമാര്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.
സംസ്കരിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളിയതായി പരാതി; പയ്യാമ്പലത്ത് വീണ്ടും വിവാദം
കണ്ണൂർ:സംസ്കരിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ പയ്യാമ്പലം ബീച്ചില്‍ തള്ളിയതായി പരാതി.ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലിന്‍കഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബീച്ചില്‍ കുഴിയെടുത്ത് കുഴിച്ചുമൂടിയത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.ശനിയാഴ്ച രാത്രിയിലാണ് സംഭവമെന്നാണ് കരുതുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ശ്മശാനത്തിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. ബീച്ചില്‍ കുഴിയെടുത്ത് അതിലേക്ക് ടിപ്പറില്‍ അവശിഷ്ടങ്ങള്‍ കൊണ്ടുപോയിട്ടുവെന്നാണ് ആക്ഷേപം.കനത്തമഴയില്‍ മണല്‍ ഒഴുകിപ്പോയതോടെയാണ് എല്ലിന്‍കഷണങ്ങളും അവശിഷ്ടങ്ങളും പുറത്തുവന്നത്. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ബീച്ചില്‍ വലിയ കുഴി കണ്ടത്.തുടർന്ന് പരിശോധിച്ചപ്പോൾ അസ്ഥികള്‍ ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.വിവരമറിഞ്ഞ് പരിസരവാസികളും ഐ.ആര്.പി.സി, ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.ശ്മശാനം കോർപറേഷന്റെ അധീനതയിലാണ്.ബീച്ച് ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലും.ടൂറിസ്റ്റ് കേന്ദ്രമായ ബീച്ചില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ സംസ്ക്കരിച്ചതിന്റെ അവശിഷ്ടങ്ങള്‍ കുഴിയെടുത്ത് നിക്ഷേപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഡി.ടി.പി.സി. ലോക്ഡൗണ്‍ കാരണം ഈ ഭാഗത്തേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. അതെല്ലാം മാറ്റിയ ശേഷമാണ് മണ്ണുമാന്തിയും ടിപ്പറും എത്തിച്ചതെന്നാണ് കരുതുന്നത്.കോര്‍പറേഷനുമായി ഒരുബന്ധവും ഇല്ലാത്ത സംഭവത്തില്‍ കോര്പറേഷന് മേല്‍ കെട്ടിവെച്ച് പഴിചാരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് മേയര്‍ അഡ്വ. ടി.ഒ. മോഹനന് പറഞ്ഞു.മേയര്‍ അഡ്വ. ടി.ഒ. മോഹനന്, സ്ഥിരംസമിതി ചെയര്മാന്മാരായ പി.കെ. രാഗേഷ്, അഡ്വ. മാര്ട്ടിന് ജോര്‍ജ്, ബി.ജെ.പി ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ഐ.ആര്.പി.സി ചെയര്മാന് പി.എം. സാജിദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ലോക്ക്ഡൗണ്‍ ഇളവുകള്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം ഇന്ന് വൈകീട്ട് ചേരും.നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗണ്‍. ഇതിനു ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന.ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്സലുകള്‍ അനുവദിക്കും.ഇതിനിടെ കൊച്ചിയിലും കൊല്ലത്തും വ്യാപാരികൾ ഇന്ന് കടയടപ്പുസമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.ലോക്ഡൗണിന്റെ പേരിൽ വ്യാപാരികളെ പോലീസ് അകാരണമായി ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഒരു വിഭാഗം ഹോട്ടലുടമകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു;11 ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു.11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ 11 ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്കി.നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള, കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അതിനാല്‍ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം നിരോധിച്ചു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.മലയോര മേഖലകളിലും അണക്കെട്ടുകളുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;171 മരണം; 18,172 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,986 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2103, കൊല്ലം 1585, എറണാകുളം 1483, മലപ്പുറം 1380, പാലക്കാട് 935, തൃശൂർ 1305, കോഴിക്കോട് 901, ആലപ്പുഴ 909, കോട്ടയം 538, കാസർഗോഡ് 473, കണ്ണൂർ 397, പത്തനംതിട്ട 427, ഇടുക്കി 297, വയനാട് 253 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂർ 14 വീതം, പത്തനംതിട്ട 8, എറണാകുളം 7, തൃശൂർ 6, കൊല്ലം, പാലക്കാട് 4 വീതം, വയനാട് 3, കാസർഗോഡ് 2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2167, കൊല്ലം 1666, പത്തനംതിട്ട 688, ആലപ്പുഴ 1468, കോട്ടയം 259, ഇടുക്കി 314, എറണാകുളം 2718, തൃശൂർ 1263, പാലക്കാട് 2054, മലപ്പുറം 2921, കോഴിക്കോട് 1348, വയനാട് 285, കണ്ണൂർ 652, കാസർകോഡ് 369 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കെ സുരേന്ദ്രനുമായുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പ്രസീത അഴീക്കോട്
കണ്ണൂര്‍: സി കെ ജാനുവിന് പത്ത് ലക്ഷം രൂപ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കോഴ നല്‍കിയതായ ആരോപണത്തില്‍ പുതിയ ഫോണ്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത അഴീക്കോട്. താനും കെ സുരേന്ദ്രനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സന്ദേശമാണ് പുറത്തുവിട്ടതെന്ന് പ്രസീത പറയുന്നു. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രന് വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. മഞ്ചേശ്വരം കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സി കെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രനെന്ന് കരുതപ്പെടുന്ന വ്യക്തി പറയുന്നു.ആര് അറിയരുതെന്നാണ് പറയുന്നതെന്ന് പ്രസീത എടുത്ത് ചോദിക്കുന്നുണ്ട്. കൃഷ്ണദാസെന്ന് സുരേന്ദ്രന് പറയുമ്പോൾ അവര്‍ അറിയാന്‍ ഇടയില്ലെന്നാണ് പ്രസീതയുടെ മറുപടി. ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ കാണാനെത്താമെന്നും ഇയാള്‍ പ്രസീതയോട് പറയുന്നു. ഇതൊന്നും കൃഷ്ണദാസിനോട് പറയില്ലല്ലോ എന്നുമൊക്കെ ശബ്ദരേഖയില്‍ പറയുന്നുണ്ട്. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖ നേരത്തെയും പ്രസീത പുറത്തുവിട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ടിക്ടോക് താരം അറസ്റ്റില്‍
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ ടിക് ടോക് താരം അറസ്റ്റില്‍. ടിക് ടോക് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ ഷോർട്ട് വീഡിയോ ചെയ്ത് ശ്രദ്ധേയനായ അമ്പിളിയെന്ന വിഘ്നേഷ് കൃഷ്ണയാണ് പിടിയിലായത്. തൃശൂര്‍ വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് സഖാവ് അമ്പിളി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇടത് അനുകൂല പോസ്റ്റുകൾ പ്രചരിപ്പിച്ചതിലൂടെയാണ് അമ്പിളിയ്ക്ക് സഖാവ് അമ്പിളി എന്ന പേര് ലഭിച്ചത്.19കാരനായ വിഘ്നേഷ് ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്.സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തിരുന്നു.ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകള്‍ക്ക് മുൻപ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്ത് നിന്ന് എസ് ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളേയും പ്രകൃതിയേയും നോവിക്കരുതെന്നും അതിന്റെ കഥകള്‍ പറഞ്ഞ് കരയുകയുമാണ് അമ്പിളിയുടെ പ്രധാന പരിപാടി. മിക്കവീഡിയോകളും പെണ്‍കുട്ടികളെ സഹോദരിമാരായി കാണണമെന്നടക്കം വിഷയങ്ങളായിരുന്നു.ടിക് ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍സിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു. സൈബര്‍ ഇടത്തില്‍ വന്‍ താരമായി വിലസവേയാണ് അമ്പിളിയെന്ന വിഘ്നേഷ് പീഡന കേസില്‍ വലയിലാകുന്നത്.
ഇനി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ്;മാനദണ്ഡങ്ങള്‍ ഇങ്ങനെ
ന്യൂഡൽഹി:ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ് എടുക്കാം. മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. രാജ്യത്ത് കൂടുതല്‍ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്കുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം താല്പര്യമുള്ളവര്ക്ക് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം.എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല. ഇതുവരെ സര്‍ക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്.അതേസമയം, അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന രീതിയില്‍ മാതൃകാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നിലവില്‍ ഉള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ്. ഒരു സംസ്ഥാനത്ത് കൂടുതല്‍ അക്രഡിറ്റഡ് കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.