കാസർകോഡ്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതകചോർച്ച ഇല്ല. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ഗ്യാസ് ടാങ്കർ ഇളകി തെറിച്ചു പോയിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം:ഒന്നരമാസം നീണ്ടുനിന്ന ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.എല്ലാ ജില്ലകളിലും ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.20നും 30നും ഇടയിൽ ടിപിആറുള്ള സ്ഥലങ്ങളിൽ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളിൽ ഭാഗിക ഇളവും നൽകും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതൽ ഇളവുകളുണ്ടാകും. ഈ സ്ഥലങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. മറ്റ് കടകൾ തിങ്കൾ ബുധൻ വെള്ളി രാവിലെ 7 മുതൽ വൈകിട്ട്7 വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ.. ഹോട്ടലുകളില്‍ പാഴ്സലും ഹോം ഡെലിവെറിയും മാത്രം. വിവാഹത്തിനും സംസ്ക്കാര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.മറ്റ് പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. ആൾകൂട്ടം സംഘടിക്കുന്ന പരിപാടികൾക്കും അനുമതി ഉണ്ടാകില്ല. പൊതു പരീക്ഷ അനുവദിക്കും. മിതമായ രീതിയിൽ പൊതുഗതാഗതം പുനരാരംഭിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെ മുതല്‍ തുറക്കും.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്വകാര്യ, കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്താം. ടിപിആര്‍ 20 ശതമാനമോ അതില്‍ താഴെയോ ഉള്ള സ്ഥലങ്ങളില്‍ യാത്രയ്ക്ക് പാസ് വേണ്ട. പകരം സത്യവാങ്മൂലം കരുതണം.ടിപിആര്‍ 20 ശതമാനം വരെയുള്ളയിടങ്ങളില്‍ ഇന്ന് മുതല്‍ മദ്യ വില്പന ആരംഭിക്കും.കൺസ്യമർഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും വഴി രാവിലെ ഒൻപത് മണി മുതൽആവശ്യക്കാർക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്‌കോ നിരക്കിൽ ബാറുകളിൽ നിന്ന് മദ്യം ലഭ്യമാകും.
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 147;15,689 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1748, തിരുവനന്തപുരം 1580, മലപ്പുറം 1309, കൊല്ലം 1337, പാലക്കാട് 847, തൃശൂര്‍ 1145, കോഴിക്കോട് 1039, ആലപ്പുഴ 846, കോട്ടയം 674, കണ്ണൂര്‍ 596, പത്തനംതിട്ട 424, കാസര്‍ഗോഡ് 419, ഇടുക്കി 293, വയനാട് 214 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 14, കാസര്‍ഗോഡ് 9, പത്തനംതിട്ട 8, പാലക്കാട് 7, തൃശൂര്‍, വയനാട് 5 വീതം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1634, കൊല്ലം 1882, പത്തനംതിട്ട 450, ആലപ്പുഴ 1284, കോട്ടയം 595, ഇടുക്കി 654, എറണാകുളം 1801, തൃശൂര്‍ 1130, പാലക്കാട് 1569, മലപ്പുറം 1997, കോഴിക്കോട് 1495, വയനാട് 244, കണ്ണൂര്‍ 548, കാസര്‍ഗോഡ് 406 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.
സംസ്ഥാനത്ത് നാളെ മുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യവില്‍പ്പന ആരംഭിക്കും; ബെവ്‌ക്യൂ ആപ്പ് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.നേരത്തെ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്താരിക്കും മദ്യ വില്‍പ്പന എന്നായിരുന്നു അറിയിച്ചിരുന്നു.എന്നാല്‍ ആപ്പ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ആപ്പിനെ ഒഴിവാക്കിയത്. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജ്‌സ് കോര്‍പ്പറേഷന്റെ നടപടി. രാവിലെ ബെവ്‌കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ആപ്പ് പ്രവര്‍ത്തനസജ്ജമാകാന്‍ ദിവസങ്ങളെട്ടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ഷോപ്പുകള്‍ സാമൂഹിക അകലം ഉറപ്പു വരുത്തിവേണം വില്‍പ്പന നടത്തണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്‍പ്പന ശാലകളുടെ മുന്നില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലീസിനെ വിന്യസിക്കും.
കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടി; നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടിയ സംഭവത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 100 പേർക്ക് എതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് ആളുകൾ കൂട്ടംകൂടി ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു.കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തിയിരുന്നു.
പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ
പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്.മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളാണ് ഇത് കണ്ടെത്തിയത്. സംഭവത്തിൽ പാലക്കാട് പട്ടാമ്പിയിലെ സേവന ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കൾ എത്തി.കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹമാണ് എലി കരണ്ട നിലയിൽ കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.അതേ സമയം ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. വിഷയത്തില്‍ ഡി എം ഒയോട് വിശദീകരണം തേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒന്‍പതാം തവണയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ കോടതിയ്ക്കുമുന്നിലെത്തുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവന്‍ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.അക്കൗണ്ടിലെത്തിയ അഞ്ച് കോടിയോളം രൂപയുടെ ഉറവിടെ സംബന്ധിച്ച വിവരങ്ങള്‍ കോടതിയ്ക്ക് മുന്നിലുണ്ട്. ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുവാദം ഇന്നും തുടരും.മത്സ്യ, പച്ചക്കറി മൊത്തവ്യാപാരത്തിലൂടെയാണ് താന്‍ പണം സമ്പാദിച്ചതെന്ന് ബിനീഷ് കോടിയേരി കോടതിയോട് പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളര്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടിലെത്തിയ വന്‍തുക ഇത്തരത്തിലുള്ള ബിസിനസില്‍ നിന്നും ലഭിച്ചതായുമായിരുന്നു ഇ.ഡിയുടെ വാദം.
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും.ഇന്ന് രാവിലെ പത്ത് മണിയോടെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ സുധാകരന്‍ ഹാരാര്‍പ്പണം അര്‍പ്പിക്കും.തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും. പതിനൊന്ന് മണിയോടെയാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക.പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി. തോമസ് എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ എന്നിവരും ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കെ.സുധാകരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിരുന്നു.തലമുറമാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണികള്‍ നടന്നത്. പ്രശ്നങ്ങള്‍ ഇല്ലെന്ന് പുറമെ പറയുമ്പോഴും സുധാകരനെ അധ്യക്ഷനാക്കിയതില്‍ പല മുതിര്‍ന്ന നേതാക്കളും അസംതൃപ്തരാണ്.പുതിയ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുള്ളതായി തോന്നുന്നില്ലെന്നും, പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഉയര്‍ന്നുവരുമ്ബോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ഡൗണിനെ തുടർന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു
കോഴിക്കോട്: ലോക്ഡൗണിനെ തുടർന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു.കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്യഭാഷാ തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്.ഏപ്രില്‍ മാസത്തിലാണ് തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബസ് യാത്ര പുറപ്പെട്ടത്. നൂറോളം ബസുകള്‍ കേരളത്തില്‍ നിന്നും അസമിലേക്ക് പോയിരുന്നു. എന്നാല്‍ ഇവയ്ക്ക് തിരികെ മടങ്ങാന്‍ ആയില്ല.തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളികളുമായി മടങ്ങാം എന്ന കരാറുകാരുടെ ഉറപ്പിന്മേലാണ് ബസുകള്‍ യാത്ര തിരിച്ചത്.എന്നാല്‍ ഇതിന് പിന്നാലെ കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും അസമിലെ നിയന്ത്രണങ്ങളും കാരണം മടക്ക യാത്ര വീണ്ടും നീണ്ടു. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമില്‍ കുടുങ്ങിയ ഈ തൊഴിലാളികള്‍ വലിയ ദുരിതമാണ് നേരിട്ടത്. അസമില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ അസമിലേക്ക് വിട്ട ഏജന്റുമാരും ബസ് ഉടമകളും തിരികെ കൊണ്ടു വരാന്‍ കാര്യമായ ഇടപെടല്‍ ഒന്നും നടത്തിയിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കഴിഞ്ഞ ദിവസം കോട്ടക്കല്‍, എടപ്പാള്‍, മലപ്പുറം സ്വദേശികളായ മൂന്നു പേരില്‍ നിന്നായി 76 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ കോട്ടക്കല്‍ സ്വദേശി 44 ലക്ഷം രൂപ വിലവരുന്ന 951 ഗ്രാം മിശ്രിത സ്വര്‍ണം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് അറസ്റ്റിലായത്.എടപ്പാള്‍ സ്വദേശി 15 ലക്ഷം രൂപ വിലവരുന്ന 302 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ലൈറ്റിനുള്ളിലും മലപ്പുറം സ്വദേശി 17 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം സ്വര്‍ണം കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. രണ്ട് പേരും സ്വര്‍ണം കുറ്റികളായിട്ടാണ് എമര്‍ജന്‍സി വിളക്കിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചിരുന്നത്.