കണ്ണൂർ:സമ്പൂർണ്ണ ലോക്ഡൗൺ നിലനിൽക്കുന്ന ഞായറാഴ്ച മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ്സെടുത്തതിന് മദ്രസ അധ്യാപകനെതിരെ കേസ്.തളിപ്പറമ്പ് കരിമ്പത്തെ ഹിദായത്തുല്‍ ഇസ്‌ലാം മദ്റസയിലെ അധ്യാപകന്‍ എ.പി. ഇബ്രാഹീമിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.പത്തോളം കുട്ടികള്‍ക്കാണ് മദ്റസയുടെ ഒന്നാംനിലയിലെ ക്ലാസില്‍ അധ്യാപകന്‍ ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് ക്ലാസെടുത്തത്.പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പഠനം നിര്‍ത്തിച്ച് കുട്ടികളെ പറഞ്ഞുവിടുകയായിരുന്നു. അധ്യാപകനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
കടയ്ക്കാവൂര്‍ പീഡന കേസില്‍ അമ്മ നിരപരാധിയെന്ന് കണ്ടെത്തൽ; പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് അന്വേഷണസംഘം
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച കേസില്‍ അമ്മ നിരപരാധിയാണെന്ന കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലുള്‍പ്പെട്ട പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.പരാതിപ്പെട്ടത് മുന്‍ ഭര്‍ത്താവാണെന്നും വൈദ്യ പരിശോധനയിലും തെളിവ് കണ്ടെത്താനായില്ല എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസിന് പിന്നില്‍ കുട്ടിയുടെ പിതാവും രണ്ടാം ഭാര്യയുമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മകന്റെ ആദ്യമൊഴി, ഭര്‍ത്താവിന്റെ പരാതി എന്നിവയില്‍ കഴിഞ്ഞുള്ള തെളിവുകള്‍ കേസിലില്ലെന്നും പരാതി പൂര്‍ണ്ണമായും വ്യാജമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട പല സാഹചര്യങ്ങൾ കാരണം പോലീസിന് ആദ്യം മുതല്‍ ഈ കേസില്‍ സംശയം ഉണ്ടായിരുന്നു. കുട്ടിയെ വിദഗദ്ധരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ കുട്ടി നല്‍കിയിരുന്ന ആദ്യ മൊഴി മാറ്റി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേസിനെ ന്യായീകരിക്കുന്ന തെളിവുകള്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്‌തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ളമൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്‍റെ വാദം.അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം, പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.
കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം;ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ചര്‍ച്ച ഇന്ന്. കെഎസ്ആര്‍ടിസി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ആധുനികവല്‍കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്‌കരണ ചര്‍ച്ചയെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2010ല്‍ ആണ് ഇതിന് മുമ്പ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടന്നത്. 2015ൽ സേവന-വേതന പരിഷ്‌കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവെയ്ക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ, ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി എംഡിയുമായ ബിജു പ്രഭാകർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, കേരള സ്‌റ്റേറ്റ് റോഡ് ട്രാൻ പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), ട്രാൻസ്‌പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ (ടിഡി എഫ്), കെഎസ്.ടി എംപ്ലോയീസ് സംഘ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു.പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.സുഹൃത്തിനെ വിമാനത്താവളത്തില്‍ എത്തിക്കാനായി പുറപ്പെട്ടതായിരുന്നു വാഹനം. മൂന്നു മലക്കം മറിഞ്ഞ് ബൊലേറോ ലോറിയില്‍ വന്നിടിക്കുയായിരുന്നെന്നാണ് ലോറിഡ്രൈവര്‍ പറയുന്നത്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം.
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 115;13,145 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,639 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1624, എറണാകുളം 1512, തൃശൂര്‍ 1404, മലപ്പുറം 1248, കൊല്ലം 1123, പാലക്കാട് 636, കോഴിക്കോട് 795, ആലപ്പുഴ 791, കോട്ടയം 624, കണ്ണൂര്‍ 463, കാസര്‍ഗോഡ് 479, പത്തനംതിട്ട 422, ഇടുക്കി 308, വയനാട് 210 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട, എറണാകുളം 6 വീതം, പാലക്കാട്, വയനാട് 4 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1659, കൊല്ലം 1398, പത്തനംതിട്ട 541, ആലപ്പുഴ 1376, കോട്ടയം 552, ഇടുക്കി 533, എറണാകുളം 1010, തൃശൂര്‍ 935, പാലക്കാട് 1236, മലപ്പുറം 1560, കോഴിക്കോട് 1232, വയനാട് 239, കണ്ണൂര്‍ 341, കാസര്‍ഗോഡ് 533 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.
പിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയില്‍ തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചു;കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്;വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കെ സുധാകരന്‍
കൊച്ചി: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.പി ആര്‍ ഏജന്‍സികള്‍ എഴുതി കൊടുക്കുന്നതിന് അപ്പുറത്തേക്കുള്ള യഥാര്‍ഥ പിണറായി ആയിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ കണ്ടത്. മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ്. ആ നിലവാരത്തിലേക്ക് താഴാന്‍ താനില്ലെന്ന് സുധാകരന്‍ പറഞ്ഞു.മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും സുധാകരന്‍ വെല്ലുവിളിച്ചു. വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്.മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ. വെടിയുണ്ട തന്റെ ബാഗിൽ നിന്നല്ല കണ്ടെടുത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബ്രണ്ണന്‍ കോളേജില്‍ എന്നെ നഗ്‌നനാക്കി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരൻ പറഞ്ഞു. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താം. മമ്പറം ദിവാകരന്‍ അടക്കം പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെ. പാര്‍ട്ടിക്ക് അകത്ത് പാര്‍ട്ടി വിരുദ്ധര്‍ ഉണ്ടാകും. പ്രശാന്ത് ബാബു എന്നെ ആക്രമിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതല്‍ പാര്‍ട്ടിക്ക് പുറത്താണ്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമല്ലാതെ നില്‍ക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കില്‍ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്നും വീണ് തലക്ക് പരിക്കേറ്റ യുവതി ആശുപത്രിയില്‍
കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയെ തലയിടിച്ച് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കൊല്ലം ജില്ലയിലെ ചിതറ അരിപ്പല്‍ യുപി സ്കൂളിന്സമീപത്തായാണ് സംഭവം നടന്നത്. സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ വാഹനം കാത്തുനിന്ന ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനെ കൈ കാണിക്കുകയായിരുന്നു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓച്ചിരുന്നയാള്‍ യുവതിയെയും കൊണ്ട് സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.തുടര്‍ന്ന് ബൈക്കില്‍ നിന്ന് എടുത്തുചാടിയപ്പോള്‍ റോഡില്‍ തലയിടിച്ചു വീണു പരിക്കേല്‍ക്കുകയായിരുന്നു. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളില്‍ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.
പിണറായി – സുധാകരൻ വാക് പോര് കൂടുതൽ രാഷ്ട്രീയ ചർച്ചകളിലേക്ക്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് സുധാകരനും തമ്മിലുള്ള വാക് പോര് കൂടുതൽ രാഷ്ട്രീയ ചർച്ചകളിലേക്ക് നീങ്ങുന്നു.തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്ഥാവന. വിഷയത്തിൽ കെപിസിസി അദ്ധ്യക്ഷൻ ഇന്ന് പ്രതികരിച്ചേക്കും.ഇന്നലെ നടന്ന പതിവ് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ പദ്ധതിയിട്ടു. സുധാകരന്റെ വിശ്വസ്തൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സുധാകരനെതിരേ ഗുരുതര ആരോപണങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.ബ്രണ്ണൻ കോളേജിൽ പരീക്ഷയെഴുതാനെത്തിയപ്പോൾ താൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ.സുധാകരന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി നടത്തിയ ആരോപണത്തോട് കെ സുധാകരൻ ഇന്ന് പ്രതികരിച്ചേക്കും. ഈ പ്രതികരണം കൂടുതൽ രാഷ്ട്രീയ ചർച്ചക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല. ഇന്ന് രാവിലെയോടെയാണ് പതിനൊന്ന് മണിയ്‌ക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചിരിക്കുന്നത്. എറണാകുളം ഡി സി സി ഓഫീസില്‍ വച്ചാണ് വാര്‍ത്താസമ്മേളനം.ബ്രണ്ണൻ കോളേജ് കാലത്തെ രാഷ്ട്രീയ വിഷയങ്ങളുടെ പേരിൽ മുഖ്യമന്ത്രിയും കെപിസിസി അദ്ധ്യക്ഷനും വാക്പോരിലേക്ക് നീങ്ങുമ്പോൾ കണ്ണൂർ രാഷ്ട്രീയം സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുകയാണ്.
ഒറ്റ-ഇരട്ട നമ്പർ നിർദേശം പ്രായോഗികമല്ല;ബസ് ചാർജ് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം:ലോക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് സര്‍വീസ് നടത്താൻ സർക്കാർ അനുമതി നൽകിയെങ്കിലും ആശങ്കകളുമായി സ്വകാര്യ ബസുടമകള്‍.ഒറ്റ-ഇരട്ട നമ്പർ ക്രമത്തില്‍ സർവീസ് നടത്തുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാന്‍ സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം.അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുളള സ്വകാര്യ ബസ് സെര്‍വീസ് എന്ന ആശയം ആദ്യരണ്ടുദിവസം പിന്നിടുമ്പോൾ തന്നെ തിരിച്ചടിയെന്നാണ് ബസുടമകളടെ വിലയിരുത്തല്‍. ബസ് ജീവനക്കാര്‍ ഉപജീവനം തേടി മറ്റ് തൊഴിലുകള്‍ തേടിപ്പോയതും പ്രയാസം സൃഷ്ടിക്കുന്നു. നഷ്ടം സഹിച്ച് നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നതിലും ഭേദം നിര്‍ത്തിയിടുന്നതാണ് എന്നാണ് ഒരുവിഭാഗം ബസ് ഉടമകള്‍ പറയുന്നത്. സ്വകര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി മുഖ്യമന്ത്രി , ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരെ കണ്ട് ധരിപ്പിക്കും. വെള്ളിയാഴ്ച ആദ്യദിനം സര്‍വീസ് നടത്തിയതിനെക്കാള്‍ കുറഞ്ഞ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയതെന്നും പ്രതിസന്ധി വരുംനാളുകളില്‍ രൂക്ഷമാവുമെന്നും ഉടമകള്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗണ്‍; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗണ്‍.അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. അനാവശ്യ യാത്രകൾ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ഇവർ തിരിച്ചറിയൽ കാർഡും മേലധികാരികളുടെ സർട്ടിഫിക്കേറ്റും കരുതണം. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിര്‍ണയം ഉള്‍പ്പെടെ അവശ്യ മേഖലകളിലുള്ളവര്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷം കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ. പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനൾ എന്നിവയോ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല.