കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ കെ.വി. അശ്വിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.ജന്മനാടായ ചെറുവത്തുരിലെ പൊതുജന വായനശാലയിൽ എത്തിച്ച മൃതദേഹം അവസാനമായി കാണാൻ നിരവധിയാളുകളാണ് എത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ഭണ്ഡാരകി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു. വായനശാലയിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.അശ്വിന്റെ സഹോദരിമാരുടെ മക്കളായ ആതുലും ചിയാനും ചേർന്നാണ് ചിതയ്‌ക്ക് തീക്കൊളുത്തിയത്.ഇന്നലെ വൈകീട്ടോടെ മൃതദേഹം കണ്ണൂരിലെത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി ആണ് ചെറുവത്തൂരിലെത്തിച്ചത്.
ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ വിസിമാർക്ക് തുടരാം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ചാൻസലർ ഉത്തരവ് ഇറക്കുന്നതുവരെ വൈസ് ചാൻസലർക്ക് സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. നിയമപരമായി മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.സംസ്ഥാനത്തെ വൈസ് ചാൻസലർമാർ ഉടനടി രാജിവെക്കേണ്ടതില്ലെന്ന് ഗവർണർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിസിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഗവർണറുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. രാജി അഭ്യർഥന മാത്രമാണ് താൻ നടത്തിയത്. വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നവംബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ അതിനുള്ള മറുപടി നൽകിയാൽ മതിയെന്നും ഗവർണർ വ്യക്തമാക്കി.
ഡീലർമാരുടെ മേൽ ബ്രാൻഡഡ് ഇന്ധനം അടിച്ചേൽപ്പിക്കരുത് – പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി
കോട്ടയം:ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർമാരുടെ മേൽ ബ്രാൻഡഡ് ഫ്യൂവലുകളായ എക്സ്ട്രാ പ്രീമിയം, എക്സ്ട്രാ ഗ്രീൻ എന്നിവ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
സാധാരണ പെട്രോൾ/ഡീസൽ എന്നിവയെ അപേക്ഷിച്ച് ആറുരൂപയിലധികം വില വ്യത്യാസം വരുന്ന ബ്രാൻഡഡ് ഇന്ധനത്തെ ഉപഭോക്താക്കളും താല്പര്യപ്പെടുന്നില്ല എന്നതാണ് സ്ഥിതി.ഐഒസി പമ്പുകളിലെ രണ്ടു ടാങ്കുകൾ ബ്രാൻഡഡ് പെട്രോൾ, ഡീസൽ എന്നിവയ്ക്കായി ഒഴിച്ചിടണമെന്നും സാധാരണ പെട്രോൾ , ഡീസൽ എന്നിവയുടെ വില്പനയെക്കാൾ ബ്രാൻഡഡ് ഫ്യുവലിന്റെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഐഒസി ഇപ്പോൾ തങ്ങളുടെ ഡീലർമാരോട് നിർബന്ധപൂർവം ആവശ്യപ്പെടുന്നത്.
ഐഒസി യുടെ ഈ നടപടി സാമ്പത്തികമായി ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന ഡീലർമാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് മാത്രമല്ല ഐഒസി പമ്പുകൾ സന്ദർശിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിലുള്ള സംഭവവികാസമായി മാറിയേക്കുമെന്ന് ലീഗൽ സർവീസ് സൊസൈറ്റി പ്രസ് റിലീസിലൂടെ അറിയിച്ചു.
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പള്ളിൽ കൂടുതൽ കുരുക്കിലേക്ക്;എംഎൽഎയ്ക്ക് എതിരെ വധശ്രമകുറ്റവും; മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങുന്നു
കൊച്ചി:ബലാത്സംഗ കേസിൽ എം.എൽ.എ. എൽദോസ് കുന്നപ്പള്ളിൽ കൂടുതൽ കുരുക്കിലേക്ക്.എംഎല്‍എക്കെതിരേ ക്രൈംബ്രാഞ്ച് വധശ്രമ കുറ്റവും കൂടി ചുമത്തി. 307, 354 ബി വകുപ്പുകളാണ് പുതിയതായി ചേര്‍ത്തത്. വധശ്രമ കുറ്റം കൂടി ചുമത്തിയതോടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുക എന്നത് അസാധ്യമായിരിക്കുകയാണ്.വധശ്രമം സംബന്ധിച്ച് പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു. എൽദോസിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി സൈബർ പോലീസും രേഖപ്പെടുത്തി.വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നുവെന്നു കാട്ടി ചില സമൂഹമാധ്യമങ്ങൾക്കെതിരെയും യുവതി സൈബർ പോലീസിന് പരാതി നൽകി.ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. കോവളത്ത് യുവതിയെ രണ്ടാം തവണയും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരാഴ്ചയിലേയാറെയായി എംഎൽഎ ഒളിവിൽ തുടരുകയാണ്. വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.സൈബർ അധിക്ഷേപം സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിലും യുവതി പരാതി നൽകും. എംഎൽഎയുടെ ഡ്രൈവർ, മറ്റു ചില ജീവനക്കാർ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. യുവതിയെ നാളെ പെരുമ്പാവൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. എംഎൽഎയുടെ വസ്ത്രങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരുടെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
ഇലന്തൂര്‍ നരബലി;ഷാഫി മോര്‍ച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നു; ഈ പരിചയം ശരീരം കീറിമുറിക്കാന്‍ ഉപയോഗിച്ചിരിക്കാമെന്ന് പോലീസ്
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പോലീസ്.മോർച്ചറിയിലെ മുഹമ്മദ് ഷാഫിയുടെ അനുഭവപരിചയം നരബലിക്ക് ഉപയോഗിച്ചു. വർഷങ്ങൾ പഴക്കമുള്ള സംഭവത്തിൽ തെളിവുശേഖരണം നടക്കുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചത് സംബന്ധിച്ച് തെളിവു ശേഖരിച്ചു വരികയാണ്. എന്നാൽ ഇതിന് രേഖകളൊന്നും ഇല്ല.മോർച്ചറി സഹായി ആയിരുന്നതിലുള്ള പരിചയവും നരബലിക്ക് വേണ്ടി ഇയാൾ ഉപയോഗിച്ചിട്ടുണ്ടാകാം. കൂടുതൽ വിവരങ്ങൾ കുറ്റപത്രം തയ്യാറാക്കിയ ശേഷം മാത്രമേ പറയാൻ സാധിക്കൂ. പ്രതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. ഫെയ്സ്ബുക്കാണ് ഈ കേസിൽ പ്രധാനപ്പെട്ട കാര്യം. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്. ഇലന്തൂരിൽ തെളിവെടുപ്പ് ആവശ്യമെങ്കിൽ ഒന്നുകൂടി പോകേണ്ടി വരും. ഷാഫി പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് അലർട്ട്. മാലിദ്വീപ് തീരം, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.നാളെ ആൻഡമാൻ കടലിന് മുകളിൽ ചക്രാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിചേർന്നു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇലന്തൂർ നരബലി കേസ്; ഡമ്മികളെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കാന്‍ പോലീസ്
പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്‌കരിച്ച് പോലീസ്.ഇതിനായി കൊല്ലപ്പെട്ടവരുടേതിന് സമാനമായ വലുപ്പത്തിലുള്ള ഡമ്മി തയ്യാറാക്കി. കൊച്ചി പോലീസിന്റെ നിര്‍ദേശം പ്രകാരം പത്തനംതിട്ട പോലീസാണ് ഡമ്മി തയ്യാറാക്കിയത്.പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡമ്മി ഉപയോഗിച്ച് ഏതൊക്കെ തരത്തില്‍ കൃത്യം നടത്തിയെന്നത് പ്രതികളെ കൊണ്ടുതന്നെ വിശദീകരിപ്പിക്കും.ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിനുള്ളിൽ ആയിരുന്നു ഡമ്മി പരിശോധന നടത്തിയത്. പത്മ, റോസിലിൻ എന്നിവരുടെ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന. ഡമ്മി പരിശോധനയ്ക്കായി പ്രത്യേകം ടേബിളും പൊലീസ് എത്തിച്ചിരുന്നു. പ്രതികളെ ഓരോരുത്തരായാണ് വീട്ടിനുള്ളിലേക്ക് എത്തിച്ചത്. ആദ്യം ഭഗവൽ സിങിനെയാണ് കൊണ്ടുവന്നത്. എങ്ങനെയാണ് കൊലപാതകവും നരബലിയും നടത്തിയതെന്ന് വിശദീകരിക്കാൻ അന്വേഷണസംഘം ഭഗവൽ സിങിനോട് ആവശ്യപ്പെട്ടു.കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിങിന്‍റെ വീട് നിൽക്കുന്ന പുരയിടത്തിൽ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.
പോലീസ് നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തിയത് മഞ്ഞൾ ചെടികൾ നട്ടിപിടിപ്പിച്ച ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരയ്‌ക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് പോലീസ് കുഴിയെടുത്ത് പരിശോധിക്കാനായി അടയാളപ്പെടുത്തി വെച്ചത്. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ നിന്നു. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് അവിടെ പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നുണ്ട്. അന്വേഷണത്തിൽ പ്രതികളുടെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു. മനുഷ്യന്റെതാണെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.ലൈലയെയും ഭഗവൽ സിംഗിനെയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്‌ക്കുന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.
ഇലന്തൂര്‍ നരബലി കേസ്;മൂന്ന് പ്രതികളും 12 ദിവസം കസ്റ്റഡിയില്‍
എറണാകുളം: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളെയും കോടതി കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവരെ 12 ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആയിരുന്നു അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പൂർണമായി അംഗീകരിച്ചുകൊണ്ടായിരുന്നു 12 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും, നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഉണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.ആഭിചാര കൊലയ്‌ക്ക് വേണ്ടി ഷാഫി മറ്റ് ജില്ലകളിൽ നിന്നും സ്ത്രീകളെ എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പോലീസിന്റെ പ്രധാന ആവശ്യം. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളെ പ്രതിഭാഗം ശക്തമായി എതിർത്തെങ്കിലും ഫലം കണ്ടില്ല.ഇതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.
വയനാട് പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒ യെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി;പോയത് സുഹൃത്തിന്റെ വീട്ടിലേക്ക്
തിരുവനന്തപുരം : വയനാട്ടിൽ കാണാതായ സിഐയെ കണ്ടെത്തി. പനമരം പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസറായ ഇൻസ്‌പെക്ടർ കെ എ എലിസബത്തിനെ(54) ആണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.തിങ്കളാഴ്ച മുതലാണ് എലിസബത്തിനെ കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയതായിരുന്നു ഇവർ. അവസാനമായി സംസാരിച്ച വ്യക്തിയോട് കൽപ്പറ്റയിലാണെന്നും ഇവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോടായിരുന്നു കൽപ്പറ്റയിലെ ബസ് സ്റ്റാൻഡിൽ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞത്.പാലക്കാടെത്തിയെന്ന വിവരം കിട്ടിയതിന് പിന്നാലെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് തിരച്ചിൽ തുടങ്ങിയിരുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് എലിസബത്ത് പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയതായിട്ടായിരുന്നു കണ്ടെത്തിയത്.
ഇലന്തൂർ ഇരട്ട നരബലി കേസ്; പ്രതി മുഹമ്മദ് ഷാഫി 15 കേസുകളിലെ പ്രതി
എറണാകുളം: ഇലന്തൂർ ഇരട്ട നരബലി കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാഫി വേറെയും 15 കേസുകളിലെ പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു.ലൈംഗിക മനോവൈകൃതവും സാഡിസവും ഉള്ളയാളാണ് ഷാഫിയെന്നും കമ്മീഷണർ വ്യക്തമാക്കി.കഠിനമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിക്കാനായത്. സംഭവത്തിൽ മറ്റ് പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.സ്ത്രീകളെ ഉപദ്രവിച്ചും വേദനിപ്പിച്ചും മുറിവേൽപ്പിച്ചും ലൈംഗികമായി പീഡിപ്പിക്കാൻ താൽപര്യപ്പെടുന്ന വൈകൃതമായ മനോഭാവമാണ് മുഹമ്മദ് ഷാഫിക്കുള്ളത്. ഇതിനായി വിവിധ തരത്തിലുള്ള സാഹചര്യങ്ങൾ പ്രതി തന്നെ സൃഷ്ടിക്കും, മുന്നൊരുക്കങ്ങൾ നടത്തും. സമൂഹത്തിൽ ദുർബലരായ വ്യക്തികളെ സ്വാധീനിച്ച് അവരുടെ സഹായത്തോടെയാണ് ഷാഫി ഇത്തരത്തിൽ ലൈംഗിക വൈകൃതങ്ങൾ ചെയ്തിരുന്നത്.ആറാം ക്ലാസുവരെ മാത്രമാണ് ഷാഫിയുടെ പഠനം.വാഹനം ഓടിക്കൽ, വാഹനം നന്നാക്കൽ, ഹോട്ടൽ നടത്തൽ തുടങ്ങി നിരവധി ജോലികൾ ഷാഫി ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 15-ഓളം കേസുകൾ ഷാഫിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധനസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സമീപിക്കുക എന്ന ടാഗ് ലൈനോടെയാണ് സോഷ്യൽമീഡിയയിൽ ശ്രീദേവിയായി ഷാഫിയെത്തിയത്. 2019 മുതലാണ് ശ്രീദേവിയെന്ന പ്രൊഫൈലിൽ നിന്ന് ഷാഫി, ഭഗവലുമായി ആശയവിനിമയം നടത്താൻ തുടങ്ങിയത്.വർഷങ്ങളായി ബന്ധം സ്ഥാപിച്ചതിന് ശേഷം ദമ്പതികളെ മുതലെടുക്കുകയായിരുന്നു. ഷാഫി എന്തുപറഞ്ഞാലും അത് അനുസരിക്കുന്ന നിലയിലേക്ക് ഭഗവലും ലൈലയുമെത്തി.അതേസമയം ഭഗവൽ സിംഗിനും ലൈലയ്‌ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു. ഇവർ മനുഷ്യമാംസം കഴിച്ചെന്ന് മൊഴി നൽകിയിട്ടുണ്ട്. കാലടിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മാംസം കഴിച്ചുവെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇതിനായി തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.