തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂർ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂർ 696, കോട്ടയം 594, പത്തനംതിട്ട 525, കാസർഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1419, കൊല്ലം 1319, മലപ്പുറം 1245, തിരുവനന്തപുരം 1169, കോഴിക്കോട് 1034, തൃശൂർ 1018, പാലക്കാട് 521, ആലപ്പുഴ 756, കണ്ണൂർ 636, കോട്ടയം 570, പത്തനംതിട്ട 517, കാസർഗോഡ് 422, വയനാട് 332, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.77 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കാസർഗോഡ് 13, എറണാകുളം 10, പാലക്കാട് 8, കോഴിക്കോട്, വയനാട് 6 വീതം, തിരുവനന്തപുരം 4, ആലപ്പുഴ, തൃശൂർ 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂർ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട് 245, കണ്ണൂർ 433, കാസർഗോഡ് 417 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ. അടിസ്ഥാനമാക്കി പരിശോധനയും വർധിപ്പിക്കുന്നതാണ്.
പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറി;വനിത കമീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം
കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ നൽകിയ മറുപടി വിവാദത്തിൽ.ഒരു സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ മോശം ഭാഷയിൽ പ്രതികരിച്ചത്. ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന യുവതി പോലീസിൽ പരാതി നൽകിയില്ലെന്ന് പറഞ്ഞതോടെ ‘എന്നാ പിന്നെ അനുഭവിച്ചോ’ എന്ന മറുപടിയാണ് ജോസഫൈൻ നൽകിയത്.2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാ കമ്മീഷന് ഫോണിലൂടെ നൽകിയ പരാതിയിൽ പറയുന്നു. ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. താൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി.ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും ജോസഫൈൻ പറയുന്നുണ്ട്. വേണമെങ്കിൽ വനിതാ കമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറഞ്ഞു.ഈ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ ജോസഫൈനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം ഉണ്ടായത്. സിനിമാ-സാമൂഹ്യരംഗത്തെ നിരവധി പ്രമുഖരാണ് വിഷയത്തില്‍ ജോസഫൈനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂരിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
കണ്ണൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.പേരാവൂരില്‍ താമസിക്കുന്ന മനോജ് താഴെപുഴയില്‍, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവര്‍ ഞങ്ങളെ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവില്‍ ഇവര്‍ പല തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതിക്കാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാെണെന്നാണ് ഇവര്‍ പറഞ്ഞത്. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, ഫോട്ടോകളും പത്രവാര്‍ത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.ആദ്യം വടകരയിലും പിന്നീട് പേരാവൂര്‍, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടന്‍ ബോബന്‍ ആലുമൂടന്‍ ഉള്‍പ്പെടെയുള്ള പല ആര്‍ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബന്‍ ആലമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒമ്പതോളം പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ട്.പക്ഷെ സിനിമക്ക് കൃത്യമായ കഥയോ തിരക്കഥയോ മേക്കപ്പോ ഗാനങ്ങളോ ഒന്നും തന്നെയില്ലെന്ന് മനസ്സിലാക്കി ചോദ്യം ചെയ്തപ്പോള്‍ എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുകയായിരുന്നു. അഭിനയിപ്പിക്കുന്നതിനായി പലരില്‍ നിന്നും 25,000 മുതല്‍ തുക കൈപ്പറ്റിയിട്ടുണ്ട്. തുക തിരിച്ചു ചോദിച്ചുവെങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാല്‍ മാത്രമെ പടം റിലീസാക്കാന്‍ കഴിയുകയുള്ളുമെന്നാണ് പറയുന്നതെന്ന് പരാതിക്കാർ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രജനി എം വേങ്ങാട്, ഇ. വിനയകുമാര്‍, ശ്രീഷ്മ എന്നിവര്‍ പങ്കെടുത്തു.
വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും
കൊല്ലം:വിസ്മയ കേസിൽ കൂടുതൽ അന്വേഷണത്തിനായി റിമാന്റിൽ കഴിയുന്ന ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും. ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന കിരണിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയ ശേഷമാകും ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.നിലവിൽ ഐപിസി 498എ 304ബി എന്നീ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിട്ടുള്ളത്.തൂങ്ങി മരണമെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുമായി ഇക്കാര്യം വിശകലനം ചെയ്തു മൊഴി രേഖപ്പെടുത്തും. കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അന്വേഷണ മേൽനോട്ട ചുമതലയുള്ള ദക്ഷിണമേഖലാ ഐജി ഹർഷിതാ അത്തല്ലൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .കിരണിന്റെ മാതാപിതാക്കളെയും ഉടൻ ചോദ്യം ചെയ്തേക്കും.
തിരുവല്ലയില്‍ ഓട്ടോ ടാക്‌സിയും കാറും കൂട്ടിയിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു
പത്തനംതിട്ട: തിരുവല്ലയില്‍ ഓട്ടോ ടാക്‌സിയും കാറും കൂട്ടിയിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു.കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ രമേശന്‍റെ ഭാര്യ പൊന്നമ്മ (55), കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയാണ് രമേശനും അദ്ദേഹത്തിന്‍റെ കുടുംബവും സഞ്ചരിച്ച ഓട്ടോ ടാക്സി അപകടത്തില്‍പ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാറില്‍ ഇടിക്കുകയായിരുന്നു. വിദേശത്ത് പോകുന്ന മകളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഏഴംഗ സംഘം.രമേശന് പുറമെ മകളായ ശ്രീകുട്ടി, ശ്രീകുട്ടിയുടെ മക്കളായ കീര്‍ത്തന (10), അശ്വ (രണ്ട് വയസ്), സുനി എന്നിവരും വാഹനത്തിലുണ്ടായിരുന്നുഅപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം കൃതാര്‍ഥും ഇന്ന് രാവിലെയോടെ പൊന്നമ്മയും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീകുട്ടിയെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സുനിയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മറ്റുള്ളവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അശ്വ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ചു;കൊലപാതകമെന്ന് ബന്ധുക്കൾ
പാലക്കാട്:കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ചു.കാരാപ്പാടം ശ്രീജിത്തിന്‍റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.വതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറഞ്ഞു. മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്. മകളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശിവന്‍ ഇന്ന് വടക്കുഞ്ചേരി പൊലീസില്‍ പരാതി നല്‍കും.
ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്‌ടര്‍ രാജിവച്ചു
ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്‌ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇക്കഴിഞ്ഞ മേയ് 14ന് സിവില്‍ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്ന അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതോടെ ചികിത്സ നല്‍കുന്നതില്‍ വീഴ്‌ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മര്‍ദ്ദിച്ചത്.ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു എന്നാല്‍ കൊവിഡ് ബാധിതന്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താന്‍ ജീവിതത്തില്‍ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നുമാണ് ഡോക്‌ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.വിഷയത്തില്‍ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്‌ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജി.
സംഭവത്തില്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.
ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പെരിന്തല്‍മണ്ണ:ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്‍റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്‍റെ മകളും ഒറ്റപ്പാലം നെഹ്റു കോളജില്‍ എല്‍എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ഇരുപത്തിയൊന്നുകാരി ദൃശ്യയെ പ്രതിയായ വിനീഷ് വിനോദ് കുത്തിക്കൊന്നത്. വീടിന്‍റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു.പ്രതിയുടെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതരമായി പരിക്കേറ്റിരുന്നു.കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോണ്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ ദൃശ്യ പ്രതിയില്‍ നിന്ന് നേരിട്ടിരുന്നു.ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്‍റെ പരാതിയില്‍ നേരത്തേ വിനീഷിനെ പൊലീസ് താക്കീത് ചെയ്തതുമാണ്. കൃത്യം നടത്തിയ ശേഷം ഓടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ;ആരാധനാലയങ്ങൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ.16 ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കും. ഒരുസമയം പരമാവധി 15 പേർക്കായിരിക്കും പ്രവേശന അനുമതി.ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.ഭക്തര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പൂജ സമയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ശ്രീകോവില്‍ നിന്ന് നേരിട്ട് ശാന്തിമാര്‍ പ്രസാദം നല്‍കുവാന്‍ പാടില്ല. അതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം. അന്നദാനം, സപ്താഹം, നവാഹം തുടങ്ങിയ നടത്താന്‍ അനുവദിക്കില്ല.നിലവില്‍ 15.67 ടിപി ആര്‍ ഉള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലും ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ ദര്‍ശനം ആരംഭിച്ചു. പ്രദേശവാസികളും ജീവനക്കാരുമടക്കം 300 പേര്‍ക്കും, വെര്‍ച്ചല്‍ ക്യൂ വഴി 300 പേര്‍ക്കും മാത്രമായിരിക്കും ദര്‍ശനം. വിവാഹത്തിനു പത്തുപേരെ അനുവദിക്കും. വഴിപാട് കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം പ്രസാദ വിതരണവും ഉണ്ടാകുമെന്നും ക്ഷേത്രം ബോര്‍ഡ് അറിയിച്ചു. രണ്ട് ഡോസ് കൊറോണ വാക്സിന്‍ എടുത്ത 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് വ്യക്തമാക്കി. കൊറോണ മാനദണ്ഡങ്ങള്‍ പ്രകാരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ചോറൂണ് ഉണ്ടായിരിക്കുകയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെയാണ് ഇന്ന് മുതൽ പ്രവർത്തിക്കുക. ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ അനുമതിയുണ്ട്. ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ്;കണ്ണൂർ അഴീക്കൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ അർജുൻ ആയങ്കിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന
കണ്ണൂര്‍: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കലിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്.കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അര്‍ജുന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. സംഭവ സമയത്ത് ഇതേ കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.അര്‍ജുന്‍ ഉള്‍പ്പെടുന്ന സംഘത്തിന് കേരളത്തിലങ്ങോളമിങ്ങോളം വലിയ ബന്ധങ്ങളാണുള്ളതെന്നാണ് വിവരം. ശുഹൈബ് വധക്കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്തു സംഘത്തിലെ അംഗമാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം രാമനാട്ടുകര വരെ പിന്തുടര്‍ന്നത്. കൊടുവള്ളി സംഘത്തിന് സുരക്ഷയൊരുക്കാനാണ് 15 പേരടങ്ങുന്ന ചെര്‍പ്പുളശ്ശേരി സംഘമെത്തിയതെന്നും പോലിസ് പറയുന്നു. സ്വര്‍ണം പക്ഷേ, പുറത്തേക്ക് കടത്തുന്നതിന് മുൻപ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തിരുന്നു. കൊടുവള്ളിയിലെ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി ദുബയില്‍ നിന്നു സ്വര്‍ണമെത്തുന്ന വിവരം കാരിയര്‍ തന്നെ കണ്ണൂര്‍ സംഘത്തിനു ചോര്‍ത്തി നല്‍കിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു കവര്‍ച്ച സംഘത്തെ പോലിസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ സംഘത്തിന്റെ പങ്ക് പുറത്തുവന്നത്. കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കിലോഗ്രാം സ്വര്‍ണവുമായി മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്.സ്വര്‍ണം തട്ടിയെടുക്കാന്‍ മറ്റൊരു സംഘം കൂടി വിമാനത്താവളത്തിനു സമീപത്തു കാത്തുനിൽക്കുന്നതായി ചെര്‍പ്പുളശ്ശേരി സംഘത്തിനു സൂചന ലഭിച്ചിരുന്നു. സ്വര്‍ണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്തു പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂര്‍ സംഘമാണ്. ഇതോടെ ഇവര്‍ മടങ്ങി. ദുബായ് വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തെത്തിയതിനു പിന്നാലെ സ്വര്‍ണം കണ്ണൂര്‍ സംഘത്തിന്റെ കയ്യിലെത്തിയെന്നു ചെര്‍പ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഈ വാഹനത്തിനു പിന്നാലെ 3 വാഹനങ്ങളില്‍ പിന്തുടര്‍ന്നതായാണ് പിടിയിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്തു വച്ചു തന്നെ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുന്‍പിലുള്ള വാഹനം അപകടത്തില്‍ പെടുകയായിരുന്നു. രാമനാട്ടുകര പുളിഞ്ചോട് വളവിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് ആയിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.