കൊച്ചി:കരിപ്പൂർ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഫോണ്‍ രേഖ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. അർജുനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. ഒളിവിലായിരുന്ന അർജുൻ നാടകീയമായാണ് ഇന്നലെ രാവിലെ 11 മണിയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഓഫീസിൽ ഹാജരായത്. ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അർജുന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ അന്വേഷണസംഘം ചോദിച്ചറിഞ്ഞിരുന്നു. അർജുനായി സ്വർണം കടത്തിക്കൊണ്ടുവന്ന മലപ്പുറം സ്വദേശി ഷഫീഖിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുഖ്യ ആസൂത്രകൻ അർജുനാണെന്ന് വ്യക്തമായത്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും.രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ആണ് ഹാജരാക്കുക.കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചില്‍ എത്തിച്ച് അര്‍ജുനൊപ്പം ചോദ്യം ചെയ്യും.കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസുകളില്‍ കൂടുതല്‍ തുമ്പുണ്ടാക്കാനായുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജലീല്‍, സലിം, മുഹമ്മദ്, അര്‍ജുന്‍ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയില്‍ ഉള്ളത്. ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണം പക്കലെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 110 മരണം;11,529 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂർ 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസർഗോഡ് 495, ആലപ്പുഴ 439, കണ്ണൂർ 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 11, കാസർഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂർ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂർ 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂർ 391, കാസർഗോഡ് 495 എന്നിങ്ങനേയാണ് രോഗമുക്തിയായത്.ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിൽ; വൈകീട്ടോടെ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കി പോലീസ് കസ്റ്റഡിയിൽ. വൈകീട്ടോടെ കസ്റ്റംസ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിൽ ഹാജരായ അർജുനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. അർജുന്റെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന.അര്‍ജുന് സ്വര്‍ണ്ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രതി മുഹമ്മദ് ഷഫീഖിന്‍റെ ഫോണ്‍ രേഖയില്‍ നിന്ന് അത് വ്യക്തമായെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിനിടെ കരിപ്പൂരിൽ നിന്നും അറസ്റ്റിലായ ഷെഫീഖിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇതോടെ ഇന്ന് ഷെഫീഖിനെയും കൊച്ചിയിൽ എത്തിക്കും. ഷെഫീഖിനെയും അർജുനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. അർജുനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് നൽകിയത് ഷെഫീഖ് ആണ്. ഏഴ് ദിവസമാണ് ഷെഫീഖിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.കള്ളക്കടത്ത് കേസിൽ അർജ്ജുന്റെ പങ്ക് തെളിയിക്കുന്ന മുഹമ്മദ് ഷെഫീഖുമായി നടത്തിയ ഫോൺ കോൾ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് കസ്റ്റഡിയിൽ എടുക്കാൻ കോടതി അനുമതി നൽകിയത്.അതേസമയം അർജുന്റെ സുഹൃത്തും സ്വർണം കടത്താൻ അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയുമായ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും.
കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ ഹാജരായി
കൊച്ചി:കരിപ്പൂർ സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്നു മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ ഹാജരായി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അർജുൻ കൊച്ചി ഓഫിസിലെത്തിയത്. ഇന്നു ഹാജരായില്ലെങ്കിര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.കരിപ്പൂര്‍ വിമാനത്തവാളത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ കസ്റ്റംസ് പിടികൂടിയ മുഹമ്മദ് ഷഫീഖിന് ക്വട്ടേഷന്‍ സംഘനേതാവ് അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ നേരിട്ട് ജൂണ്‍ 28ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസയച്ചിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് അയച്ചത്. രാമാനാട്ടുകര അപകടത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുനെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനും, സ്വർണക്കടത്തിന് പുറമേ, കടത്തിയ സ്വർണം തട്ടുന്ന സംഘത്തിന്റെ തലവനുമാണ് ഇയാൾ എന്നാണ് റിപ്പോർട്ടിലുള്ളത്.ഇതിനിടെ അര്‍ജുന്റേതായി വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദരേഖയും തെളിവായ് വന്നിരിക്കുകയാണ്. സ്വര്‍ണ്ണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആര്‍ക്കെന്ന വിവരവും അര്‍ജുന്‍ ആയങ്കി ശബ്ദരേഖയില്‍ വിവരിക്കുന്നുണ്ട്.അര്‍ജുന്‍ ആയങ്കി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷഫീഖിനെയാണെന്നും സംശയിക്കുന്നു. കബളിപ്പിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിയിലുണ്ട്. മാഹിയിലേയും പാനൂരിലേയും പാര്‍ട്ടിക്കാര്‍ തന്റെ പിന്നിലുണ്ടെന്നും അര്‍ജുന്‍ ആയങ്കി അവകാശപ്പെടുന്നു. എന്നാല്‍ ഈ ശബ്ദരേഖ അര്‍ജുന്‍ ആയങ്കിയുടെ തന്നെയാണോ എന്ന് കസ്റ്റംസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മണിക്കൂര്‍ നേരം വിമാനത്താവളത്തില്‍ കാത്ത് നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു ചുവന്ന സ്വിഫ്റ്റ് കാറില്‍ ഗള്‍ഫില്‍ നിന്നും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മുഹമ്മദ് ഷഫീഖിനെ കാണാന്‍ വന്നതായി പറയുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കുന്നതിന് മുൻപ് കള്ളക്കടത്ത് സ്വര്‍ണ്ണത്തോടെ മുഹമ്മദ് ഷഫീഖിനെ പിടികൂടുകയായിരുന്നു.അതേസമയം സംഭവത്തിൽ അർജുന്റെ സുഹൃത്തും, സ്വർണക്കടത്തിനായി ഉപയോഗിച്ച കാറിന്റെ ഉടമയുമായ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. സജേഷിനോട് ജില്ല വിട്ട് പോകരുതെന്ന് കസ്റ്റംസ് നിർദ്ദേശം നൽകി. കടത്തിയ സ്വർണം സജേഷ് കെെകാര്യം ചെയ്തിരുന്നോവെന്ന് പരിശോധിക്കും.
സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കി.കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്.എന്നാൽ 18 കഴിഞ്ഞ രോഗബാധിതര്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും.അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതില്‍ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സജ്ജമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.നിലവില്‍ ആരോഗ്യവകുപ്പ് അവസാനം പുറത്തു വിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസും എടുത്തവര്‍ 15 ലക്ഷത്തിന് മുകളിലാണ്. പ്രതിദിനം 2.5 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നാം തരംഗത്തിന്റേയും ഡെല്‍റ്റ പ്ലസ് വൈറസിന്റേയും വ്യാപന സാധ്യത കൂടി പരിഗണിച്ചാണിത്.
രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ദേശീയപാതയില്‍ രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്.കോഴിക്കോട് ഭാഗത്തു നിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലകഴിഞ്ഞ ആഴ്ചയും രാമനാട്ടുകരയിൽ ലോറിയുമായി കൂട്ടിയിടിച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സംഭവത്തിൽ ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. സ്വർണക്കടത്ത് സംഘത്തിലെ അംഗങ്ങളായിരുന്നു ഇവരെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായിരുന്നു..
വടകരയെ ഞെട്ടിച്ച പീഡനക്കേസിൽ പ്രതികൾ അഴിക്കുള്ളിലേക്ക്; പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍
വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍.മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആയിരുന്ന ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജും ഡിവൈഎഫ്‌ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി. ലിജീഷും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്ബാകെയാണ് യുവതി മൊഴിനല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി. പീഡനം നടന്ന വീട്ടിലെത്തിയും പൊലീസ് തെളിവുകള്‍ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്നാരോപിച്ച് യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്.അതിനിടെ പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ വ്യക്തമാക്കി. പരാതി നല്‍കും മുന്‍പേ പാര്‍ട്ടി ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും പരാതിക്കാരിക്കു പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ജനാധിപത്യ മഹിള അസോസിയേഷന്‍ അറിയിച്ചു. പ്രതികളെ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയാ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ എംഎല്‍എ. കെ.കെ. രമ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് ലിജീഷ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലിജീഷ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് സംഭവം ഒതുക്കിത്തീർക്കാനും ശ്രമമുണ്ടായി.മാനസികമായി തകര്‍ന്നുപോയ യുവതി ഭര്‍ത്താവിനോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് സംഭവം വീവാദമായത്.
കോവിഡ് കേസുകള്‍ കുറയുന്നില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 15 വരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഇത് പ്രകാരം ടിപിആർ 5 ന് താഴെയുളള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമായിരിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത്.ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്.വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക‍്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പതിവു പോലെ തുടരും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.ലോക് ഡൗൺ ഇളവുകൾ നൽകിയതിന് പിന്നാലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 13 ശതമാനത്തിന് മുകളിലാണ് ജില്ലകളിലെ ടിപിആർ.
കരിപ്പൂർ സ്വർണ്ണക്കടത്ത് വിവാദം;അര്‍ജുന്‍ ആയങ്കിക്ക് കാര്‍ നല്‍കിയ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ പുറത്താക്കി
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് കാര്‍ നല്‍കിയ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ പുറത്താക്കി.ചെമ്പിലോട് മേഖലാ സെക്രട്ടറിയായ സി.സജേഷിനെയാണ് ഡി.വൈ.എഫ്.ഐ പുറത്താക്കിയത്.സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.സജേഷിനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി എം. ഷാജര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പകല്‍ മുഴുവന്‍ ഫെയ്‌സ്ബുക്കിലും, രാത്രി കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’. കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ടെന്നും കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാജര്‍ ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66; 11,124 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കൊറോണസ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂർ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസർഗോഡ് 577, കോട്ടയം 550, കണ്ണൂർ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂർ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസർഗോഡ് 568, കോട്ടയം 519, കണ്ണൂർ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസർഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം, തൃശൂർ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂർ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂർ 460, കാസർഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ. അടിസ്ഥാനമാക്കി പരിശോധനയും വർധിപ്പിക്കുന്നതാണ്.