കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

keralanews karipur gold smuggling case sajesh appeared for questioning

തിരുവനന്തപുരം:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചെമ്പിലോട് ഡി വൈ എഫ് ഐ മുന്‍ മേഖല ഭാരവാഹി സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ 11 മണിയ്‌ക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയതെങ്കിലും സജേഷ് നേരത്തെയെത്തുകയായിരുന്നു.സജേഷ് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്‍റെ പേരിലാണ് രജിസ്റ്റര്‍ ചെയ്‌തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വര്‍ണകടത്തില്‍ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും.ഡിവൈഎഫ്ഐ ചെമ്പിലോട്ട് മേഖലാ സെക്രട്ടറിയും, സിപിഎം മൊയ്യാരം ബ്രാഞ്ച് സെക്രട്ടറിയുമാണ് സജേഷ്. കള്ളക്കടത്ത് വിവരം പുറത്തുവന്നതിന് പിന്നാലെ രണ്ട് സംഘടനകളും വാർത്താകുറിപ്പിലൂടെ സജേഷിനെ പുറത്താക്കിയിട്ടുണ്ട്.സഹകരണ ബാങ്ക് അപ്രൈസറായ സജേഷിൻ്റെ സഹായം കള്ളക്കടത്ത് സ്വർണം കൈകാര്യം ചെയ്യുന്നതിലുണ്ടായിട്ടുണ്ടോയെന്നും സംശയമുണ്ട്. സജേഷ് ജോലി ചെയ്യുന്ന കൊയ്യോട് സർവീസ് സഹകരണ ബാങ്കിലുൾപ്പെടെ പരിശോധന നടത്താനൊരുങ്ങുകയാണ് കസ്റ്റംസ്.

‘സ്വർണ്ണമെത്തിച്ചത് അർജ്ജുന് നൽകാൻ,25 തവണ തന്നെ വിളിച്ചു’;മുഹമ്മദ് ഷഫീഖിന്റെ നിര്‍ണായക മൊഴി

keralanews brought gold to give to arjun ayanki called 25 times statement of muhammed shafeeq

കോഴിക്കോട്:വിമാനത്താവളത്തില്‍ പിടികൂടിയ സ്വർണ്ണം അര്‍ജുന്‍ ആയങ്കിക്ക് നല്‍കാന്‍ കൊണ്ടുവന്നതാണ് കസ്റ്റംസ് പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ നിര്‍ണായക മൊഴി.ദുബായില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ വരും എന്നാണ് തന്നെ അറിയിച്ചത്. അന്നും തലേന്നും 25 തവണയില്‍ അധികമാണ് തന്നെ അര്‍ജുന്‍ വിളിച്ചത്. വാട്സപ്പിലൂടെയായിരുന്നു കൂടുതല്‍ കോളുകളെന്നും ഷഫീഖ് കസ്റ്റംസിനോട് വ്യക്തമാക്കി.ഇരുവരയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഷഫീഖിൻ്റെ വെളിപ്പെടുത്തൽ. അതേ സമയം ഷഫീഖിൻ്റെ മൊഴി അർജ്ജുൻ നിഷേധിച്ചു.സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്‍ജുന്‍ ആയങ്കി ഇന്നലെ മൊഴി നല്‍കിയത്. ഇത് തള്ളുന്നതാണ് ഷെഫീഖിന്റെ വാക്കുകള്‍.അര്‍ജുന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നും കസ്റ്റംസും വ്യക്തമാക്കുന്നു. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 104 മരണം; 10,283 പേർ രോഗമുക്തി നേടി

keralanews 13550 corona cases confirmed in the state today 104 deaths 10283 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂർ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂർ 746, കോട്ടയം 579, കാസർഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂർ 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂർ 672, കോട്ടയം 555, കാസർഗോഡ് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.90 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 30, പാലക്കാട് 12, കാസർഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂർ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂർ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂർ 594, കാസർഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി

keralanews corona restrictions in the state have been extended for another week

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേയ്ക്ക് കൂടി നീട്ടി. ലോക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് തുടരും.അതേസമയം കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുകൾ ഉണ്ടാവുക. പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറിയും 18 മുകളിലേക്ക് ഡി കാറ്റഗറിയും ആയിരിക്കും. ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക് ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക. ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെ വ്യക്തമാക്കും. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

കെഎസ്‌ഇബിക്ക് തിരിച്ചടി;ചാര്‍ജ്ജ് വര്‍ധനവിനായി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി

keralanews regulatory commission rejected the figures submitted by kseb for the charge increase

തിരുവനന്തപുരം: കെഎസ്‌ഇബി വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന്‍ തള്ളി. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിച്ചത്. 1,331 കോടി കെ എസ് ഇ ബി ക്ക് റവന്യൂ കമ്മി ഉണ്ടായെന്നും ഈ തുക ഈടാക്കുന്നതിനായി വൈദ്യുതി ചാര്‍ജില്‍ വര്‍ദ്ധനവ് വരുത്തണമെന്നായിരുന്നു കെഎസ്‌ഇബിയുടെ ആവശ്യം.13,865 കോടി രൂപ ആകെ ചെലവ് വന്ന കണക്കാണ് വൈദ്യുതിബോര്‍ഡ് സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ചിലവിനത്തില്‍ സൂചിപ്പിച്ച 1,237 കോടിയാണ് കമ്മീഷന്‍ വെട്ടിക്കുറച്ചത്.മുന്‍കാലങ്ങളിലും കെഎസ്‌ഇബി സമര്‍പ്പിക്കുന്ന കണക്കുകള്‍ അതേപടി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാറില്ല. പക്ഷേ ഇത്ര വലിയ തുക വെട്ടി കുറയ്ക്കുന്നത് സമീപകാലത്ത് ഇത് ആദ്യമാണ്.വന്യൂ ഗ്യാപ്പ് കമ്മീഷന്‍ കണക്കില്‍ വെട്ടി കുറച്ചതോടെ പ്രതീക്ഷിച്ച നിരക്കില്‍ വൈദ്യുതി വര്‍ദ്ധനവ് ഇനി ഉണ്ടാകില്ല.കെഎസ്‌ഇബി സമര്‍പ്പിക്കുന്ന വരുമാനനഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കുക.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;അർജ്ജുൻ ആയങ്കിയെ ജൂലൈ ആറ് വരെ കസ്റ്റഡിയിൽ വിട്ടു

keralanews karipur gold smuggling case arjun ayanki remanded in custody till july 6

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയെ ജൂലൈ ആറ് വരെ കസ്റ്റഡിയിൽ വിട്ടു.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു.അർജ്ജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. എന്നാൽ കസ്റ്റംസിന്റെ ആരോപണങ്ങൾ അർജ്ജുൻ നിഷേധിച്ചിരുന്നു.സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുനാണെന്നതിനു ഡിജിറ്റല്‍ തെളിവുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയതിന് ഡിജിറ്റല്‍ തെളിവുണ്ട്. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. അര്‍ജുന്‍ സഞ്ചരിച്ച കാര്‍ ഇയാളുടെ സ്വന്തമാണ്. എന്നാല്‍, കാര്‍ രജിസ്റ്റര്‍ ചെയ്തത് ബിനാമിയായ സജേഷിന്റെ പേരിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെയാണ് അർജ്ജുനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത്.ഷഫീക്കിന്റെ കയ്യില്‍ സ്വര്‍ണമുണ്ടെന്ന് അര്‍ജുന് അറിയാമായിരുന്നുവെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു.അതേസമയം, റമീസിനു ലഭിക്കാനുള്ള പണം ഷഫീക്കില്‍നിന്ന് തിരികെ വാങ്ങാനാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴിയെന്നാണു ലഭ്യമായ വിവരം. റമീസിനൊപ്പമാണ് അര്‍ജുന്‍ വിമാനത്താവളത്തില്‍ എത്തിയത്. കാര്‍ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ പോയെന്നും അര്‍ജുന്‍ മൊഴി നല്‍കിയതായാണു വിവരം.കസ്റ്റഡിയിലുള്ള പ്രതി മുഹമ്മദ് ഷെഫീഖിനെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഷെഫീഖിനെ അര്‍ജുന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യും.

വാഹനാപകടത്തില്‍ പരുക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ആശുപത്രി അടിച്ചു തകര്‍ത്തു; ആക്രമണത്തില്‍ പൊലീസുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പരിക്ക്

keralanews youth came for treatment after injured in accident attacked hospital police and employees injured

കണ്ണൂര്‍:  ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അക്രമാസക്തനായി.യുവാവ് കണ്ണൂര്‍ ജില്ലാ ആശുപത്രി അടിച്ചു തകര്‍ക്കുകയും ജീവനക്കാരെയും പൊലിസുകാരെയും മര്‍ദ്ദിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി എസ്‌ഐ ബാബുജോണ്‍, സീനിയര്‍ സി.പി.ഒ സ്‌നേഹേഷ്, ആശുപത്രി ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംഭവത്തില്‍ നീര്‍ച്ചാല്‍ സ്വദേശി ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെ സിറ്റി മരക്കാര്‍കണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജംഷീറിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രാഥമിക ചികിത്സ ലഭിച്ചശേഷം ഉണര്‍ന്ന ഇയാള്‍ ആശുപത്രി ജീവനക്കാരുടെ നിര്‍ദ്ദേശം വകവെക്കാതെ ഇറങ്ങിപ്പോയി. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചെത്തിയ ജംഷീര്‍ ആദിഷിനെയും പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ കൗണ്ടര്‍, കസേരകള്‍ എന്നിവ അടിച്ചുതകര്‍ക്കുകയും ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവശേഷം ഇയാളെ സുഹൃത്തുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനാപകടത്തില്‍ തലക്കും മറ്റും പരിക്കേറ്റതിനാല്‍ ഇയാള്‍ നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴുന്നില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കര്‍ശനമാക്കിയേക്കും

keralanews test positivity rate does not fall below 10 restrictions may be tightened in the state

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിക്കാന്‍ ഇനിയും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ നല്‍കിയ ഇളവുകള്‍ പലതും പിന്‍വലിക്കാനും നിയന്ത്രണങ്ങളും കര്‍ശനമാക്കാനും സാധ്യതയുണ്ട്. നേരത്തെ ഒന്നരമാസത്തോളം നീണ്ടു നിന്ന സമ്പൂർണ്ണ ലോക്ക്ഡൗണിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെയെത്തിക്കാന്‍ സാധിച്ചെങ്കിലും നിലവില്‍ പത്തിന് അടുത്താണ് ടിപിആര്‍. നേരത്തെ നല്‍കിയ ഇളവുകളാണ് രോഗവ്യാപനം ഒരേ രീതിയില്‍ തന്നെ തുടരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയെത്തിയ ശേഷം മാത്രം ഇളവുകള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു നേരത്തെ സര്‍ക്കാരിന് ലഭിച്ച നിര്‍ദേശം. എന്നാല്‍ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണ്‍ നയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷം കാര്യമായ കുറവ് രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവ് നല്‍കണമോയെന്ന് തീരുമാനമെടുക്കും. സ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ടി പി ആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഓരോ ആഴ്ചയും വിലയിരുത്തലുകളും നടത്തിയിരുന്നു. എന്നാല്‍ ടി പി ആര്‍ 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാവും.കഴിഞ്ഞ ദിവസം ടി പി ആര്‍ 9.63 ആയി കുറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും മരണ നിരക്ക് കൂടുതലാണ്. നൂറിന് മുകളില്‍ മരണസംഖ്യ ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. മൂന്നാം തരംഗം വരും എന്ന് വിദഗ്ദ്ധരടക്കം ഉറപ്പിക്കുമ്പോൾ രണ്ട് തരംഗങ്ങള്‍ക്കിടയിലുള്ള കാലയളവ് വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. കടുത്ത നിയന്ത്രണങ്ങളാല്‍ മാത്രമേ ഇതു സാധിക്കുകയുള്ളു.ടി പി ആര്‍ എത്രയും വേഗം അഞ്ച് ശതമാനത്തില്‍ എത്തിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ നടപടികള്‍ കടുപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അഭിപ്രായം.

കണ്ണൂരിൽ സ്കൂൾ വളപ്പിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി

keralanews bombs were found inside the school premises in kannur

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ വളപ്പിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി.തില്ലങ്കേരിയിലെ വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പിൽ നിന്നാണ് പ്ലാസ്റ്റിക് പെയിന്‍റ്  ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ നാല് ബോംബുകള്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് നാല് മണിയോടെ അധ്യാപകര്‍ സ്കൂൾ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബക്കറ്റിനുള്ളിൽ ബോംബ് കണ്ടെത്തിയത്. മുഴക്കുന്ന് പോലീസിനെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എസ്.ഐ പി റഹീമിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡിനെയും വിവരം അറിയിച്ചു .ആദ്യം ഒരു ബോംബ് മാത്രമായിരുന്നു ബക്കറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും മുഴക്കുന്ന് സി.ഐ എം.കെ സുരേഷും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബക്കറ്റിനുള്ളില്‍ മൂന്ന് ബോംബുകള്‍ കൂടി കണ്ടെത്തിയത്.പ്ലാസ്റ്റിക് ബോളിൽ നിർമിച്ച് ഇന്‍സുലേഷന്‍ ചെയ്ത മഞ്ഞയും നീലയും നിറങ്ങളിലുള്ള ബോംബ് പേപ്പറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു. ബോംബ് സ്‌ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച് നിര്‍വീര്യമാക്കി.

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി പിടിയില്‍

keralanews businessman arrested for raping minor girl in kannur

തലശ്ശേരി:കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി പിടിയില്‍.തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്.കണ്ണൂര്‍ ധര്‍മ്മടത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം.ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 15കാരിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിക്കുകയായിരുന്നു.ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാന്‍ കൂടെ വരണമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ വ്യവസായിയുടെ അടുത്തേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. പിന്നീട് ഇവര്‍ തലശ്ശേരിയിലെ ഷറഫുദ്ദീന്റെ വീടിന് മുന്നില്‍ കുട്ടിയെ എത്തിച്ചു. ഓട്ടോയിലുള്ള പെണ്‍കുട്ടിയെ കണ്ട ഷറഫുദ്ദീന്‍ പ്രതികള്‍ക്ക് വീടും പണവും വാഗ്ദാനം ചെയ്യുകയും പത്ത് ദിവസത്തേക്ക് പെണ്‍കുട്ടിയെ വിട്ടു നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഭയന്നോടിയ പെണ്‍കുട്ടി ആരോടും സംഭവം പറഞ്ഞില്ല.പക്ഷെ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടപ്പോള്‍ ബന്ധു കൗണ്‍സിലിംഗിന് കൊണ്ടുപോയിയിരുന്നു. ഇവിടെ വച്ചാണ് ഇളയച്ഛന്‍ തന്നെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യവസായിയുടെ അടുത്ത് കൊണ്ടുപോയി ഉപദ്രവിച്ചെന്നും കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.