ന്യൂഡൽഹി:ഒന്നരമാസത്തോളം ലോക്ഡൌണ്‍ ഏർപ്പെടുത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകാത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം വീണ്ടും എത്തുന്നു. കേരളം കൂടാതെ നാല് സംസ്ഥാനങ്ങളില്‍ കൂടി കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.കോവിഡ് വ്യാപനവും വാക്‌സിനേഷന്‍ പ്രക്രിയയും വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ രോഗവ്യാപനം ഇനിയും കുറയാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘത്തെ അയയ്ക്കാന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. കേരളം കൂടാതെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. രോഗബാധ കൂടുതലുള്ള ജില്ലകളില്‍ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദര്‍ശനം നടത്തും.ഒന്നര മാസത്തോളം ലോക്ഡൗണും ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും പ്രതീക്ഷിച്ച രീതിയില്‍ കോവിഡ് വ്യാപനം കുറയ്ക്കാന്‍ കേരളത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മദ്രാസ് ഐഐടിയില്‍ മലയാളി ഗസ്റ്റ് അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി ഗസ്റ്റ് അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പ്രോജക്‌ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്.വേളച്ചേരിയില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ താമസിച്ച സ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. അതെ സമയം ആരുടെയും പേര് ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടില്ല.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസ്സിനുള്ളിൽ ഹോക്കി ഗ്രൗണ്ടിന് സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ഒരു കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പെട്രോള്‍ ആയിരുന്നുവെന്നാണ് അനുമാനം .പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കോട്ടൂര്‍പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിടെക് പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണന്‍ ഐഐടിയില്‍ പ്രോജക്‌ട് അസോഷ്യേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയില്‍ പ്രവേശിച്ചത്.ബന്ധുക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
‘ഹൈഡ്രോ വീഡ്’ ഇനത്തില്‍പ്പെട്ട കഞ്ചാവുമായി കാസർകോട് സ്വദേശിയായ യുവാവും മെഡിക്കൽ വിദ്യാർത്ഥിനിയും പിടിയിൽ
കാസർകോട്: മുന്തിയ ഇനം കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ്നാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍.മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന്‍ രജിതയുമാണ് മംഗളൂരു പോലീസിന്‍റെ പിടിയിലായത്. മിനു എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്.’ഹൈഡ്രോ വീഡ്’ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.വിദേശത്തു ഡോക്ടറായ കാസർകോട് സ്വദേശി നദീറാണ് മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.മുന്തിയ ഇനം കഞ്ചാവായ ഹൈഡ്രോ വീഡ് ഒരുകിലോ 200 ഗ്രാമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണ കഞ്ചാവിന്‍റെ പതിന്മടങ്ങ് വിലയാണ് ഹൈഡ്രോ വീഡ് വിഭാഗത്തിലെ കഞ്ചാവിനെന്ന് പോലീസ് പറഞ്ഞു. മംഗളൂരു, ഉള്ളാള്‍, ദര്‍ലക്കട്ട, ഉപ്പള, കൊണാജെ, കാസര്‍കോട് മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍.കഴിഞ്ഞ ആറുമാസത്തിനിടെ മംഗളൂരുവിൽ വൻ ലഹരിവേട്ടയാണ് നടക്കുന്നത്. കേസ് നടക്കുന്നത് മംഗളൂരുവില്‍ ആണെങ്കിലും കഞ്ചാവ് കടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളി യുവാക്കളാണെന്നാണ് റിപ്പോർട്ടുകൾ. ഡിസിപി ഹരിറാം ശങ്കറിന്‍റെ നേതൃത്വത്തില്‍ ഒന്നരക്കോടി രൂപയുടെ കഞ്ചാവാണ് ഇതിനോടകം പിടിച്ചെടുത്തത്.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശ്ശന നിയന്ത്രണം;72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വാക്‌സിനെടുത്തിരിക്കണം
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശ്ശന നിയന്ത്രണം ഏർപ്പെടുത്തി.വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ല. അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടക്, ചാമരാജ്‌നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളിലും കര്‍ശ്ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.എന്നാല്‍ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇളവുനല്‍കുന്നുണ്ട്. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്താനും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
രാമനാട്ടുകര അപകട ദിവസം കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ട് പോയി ലഗേജ് കവർന്നതായി പരാതി; പിന്നിൽ കൊടുവള്ളി സംഘമെന്ന് സൂചന
മലപ്പുറം: രാമനാട്ടുകരയില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ച ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട് പുതുനഗരം സ്വദേശിയേയാണ് തട്ടികൊണ്ടു പോയത്. സ്വര്‍ണക്കടത്ത് നടത്തുന്ന കൊടുവള്ളി സംഘത്തെ നിയന്ത്രിച്ച സൂഫിയാന്റെ സഹോദരൻ ഫിജാസ് അടക്കം നാല് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ഫിജാസ്, ഷിഹാബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് സംഘവുമായി നേരത്തെ ബന്ധമുള്ള ആളെയായിരുന്നു തട്ടികൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. പക്ഷേ, ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗേജ് കവര്‍ന്നു.കരിപ്പൂരിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ഷഫീഖിനെ കസ്റ്റംസും പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഷഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വർണ്ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും
കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും.അര്‍ജുന്‍ ആയങ്കിയുടെ പണമിടപാട് ബന്ധങ്ങള്‍ സംബന്ധിച്ച് തെളിവെടുക്കുന്നതിനാണ് കണ്ണൂരിലെത്തിക്കുന്നത്. ആയങ്കിയുടെ ഹവാല ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് സൂചന. കരിപ്പൂരില്‍ സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായ ഷഫീഖ് വഴിയാണ് അര്‍ജുന്‍ ആയങ്കിയിലേക്ക് അന്വേഷണം എത്തുന്നത്.അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയായിരുന്നു സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസിന് ഷഫീഖ് മൊഴി നല്‍കിയിരുന്നു.അതേസമയം, സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ, ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സി സജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ണൂരില്‍ അര്‍ജുന്‍റെ ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും. അന്വേഷണം മുൻപോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന മൊഴികള്‍ ഇതുവരെ അര്‍ജുനില്‍ നിന്ന് ലഭിച്ചിട്ടില്ല. കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണകവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യപ്രതി സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 124 മരണം;11,564 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1533, കോഴിക്കോട് 1363, തിരുവനന്തപുരം 1228, തൃശൂര്‍ 1296, കൊല്ലം 1182, എറണാകുളം 1124, പാലക്കാട് 650, ആലപ്പുഴ 808, കണ്ണൂര്‍ 686, കാസര്‍ഗോഡ് 747, കോട്ടയം 488, പത്തനംതിട്ട 391, ഇടുക്കി 355, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 14, പാലക്കാട് 13, തിരുവനന്തപുരം, എറണാകുളം 4 വീതം, മലപ്പുറം 3, കൊല്ലം 2, കോട്ടയം, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂര്‍ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂര്‍ 635, കാസര്‍ഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്.ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു.മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചുവരികയായിരുന്ന കാട്ടാക്കട സ്വദേശി ഹർഷാദ്(45) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണ് ഹർഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്നയുടൻ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.പട്ടുവം വില്ലേജ് ഓഫീസര്‍ ബി ജസ്റ്റിസിനെയാണ് വിജിലന്‍സ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ജസ്റ്റസ്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂരിൽ നിന്നും എത്തിയ വിജിലൻസ് ഡിവൈഎസ്പി പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജസ്റ്റസിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം മൂന്നാം തീയതി പ്രകാശൻ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകാതെ താമസിപ്പിച്ച് ഓഫീസർ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പ്രകാശൻ പറഞ്ഞതോടെ വിലപേശുകയും 2000 രൂപയിൽ ഉറപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച പണവുമായി വരാനാണ് ജസ്റ്റസ് നിർദ്ദേശിച്ചത്. പണവുമായി വരാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രകാശന്‍ വിജിലന്‍സിനെ സമീപിച്ചു. നേരത്തെ ഓഫീസിന് പരിസരത്ത് നിലയുറപ്പിച്ചിരുന്ന വിജിലന്‍സ് പ്രകാശന്‍ പണം കൊടുക്കുന്ന ഘട്ടത്തില്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സി ഐ മാരായ ടി പി സുമേഷ്, എ വി ദിനേശ്, പ്രമോദ്, എന്നിവര്‍ക്ക് ഒപ്പം മറ്റ ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം മയ്യനാട് ദളവക്കുഴിയിലെ ഒരു വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.വഞ്ചിയൂര്‍ സ്വദേശി രാകേഷ്, കണ്ണമൂല സ്വദേശി പ്രവീണ്‍, പഴകുറ്റി സ്വദേശി അഭിജിത് നായര്‍, തേക്കുംമൂട് സ്വദേശി ഷിജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാളും മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് പിടിയിലായതെന്നാണ് വിവരം.ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. മുഖ്യപ്രതിയായ രാജേഷിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയിലായത്. ചോദ്യം ചെയ്‌തപ്പോള്‍ രക്ഷപ്പെടാന്‍ സഹായിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചു. 1500 രൂപ രാജേഷിന് ഇയാള്‍ നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി.ഞായറാഴ്ച രാത്രി 8.30ന് പേട്ട അമ്പലമുക്കിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുടുംബസമേതം നടയ്ക്കാനിറങ്ങിയ ഏജീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരോട് അപമര്യാദയായി പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഇവര്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയിട്ടും ഇവര്‍ ഭീഷണിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.