കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പ്രതിയെ വിട്ടയച്ചതിൽ തലശ്ശേരി പോലീസിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

keralanews incident where child kicked for leaning on the car reported that thalassery police failed in releasing accused

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ വിട്ടയച്ചതിൽ തലശ്ശേരി പോലീസിന് വീഴ്ചസംഭവിച്ചതായി റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോർട്ട്.സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കാര്യഗൗരവത്തോടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.തലശ്ശേരി എസ്.എച്ച്.ഒ. എം.അനില്‍, എസ്.ഐ. വരീഷ്‌കുമാര്‍, ജി.ഡി. ചാര്‍ജിലുണ്ടായിരുന്ന സുരേഷ് എന്നിവര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവസ്ഥലത്ത് പോയ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.അതിനിടെ, കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു. പ്രതിക്കെതിരേ ബാലനീതി വകുപ്പുകള്‍ കൂടി ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.അതേസമയം, ചികിത്സയിലുള്ള ആറുവയസ്സുകാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. കുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ ആലോചന.

ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും പുറത്തിറക്കുന്നതിനിടെ കാർ കിണറ്റിലേക്ക് വീണു;അച്ഛനും മകനും ദാരുണാന്ത്യം

keralanews while leaving home to learn driving car fell into well father and son died

കണ്ണൂർ: ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും പുറത്തിറക്കുന്നതിനിടെ കാർ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം.നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടി, മകൻ ബിന്‍സ് (18) എന്നിവരാണ് മരിച്ചത്.മാത്തുക്കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ ബിന്‍സ് ചികിത്സയിലിരിക്കെകയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ പാർശ്വഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. കാർ തലകീഴായി കിണറ്റിലേക്ക് പതിച്ചതോടെ ഇരുവരും കാറിൽ കുടുങ്ങുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാരിൽ ചിലർ കാറിൻറെ പിറകുവശത്തെ ചില്ല് തകർത്താണ് മാത്തുകുട്ടിയെ ആദ്യം പുറത്തെടുത്തത്. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ബിൻസിനെ പുറത്തെടുക്കാൻ വീണ്ടും ഏറെ വൈകി. ആലക്കോട് പോലീസും തളിപ്പറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയതിന് ശേഷമാണ് കാർ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ആയത്.

ഷാരോൺ കൊലപാതകം; പ്രതി ഗ്രീഷ്മ ആശുപത്രി വിട്ടു;പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും

keralanews sharons murder accused greeshma left hospital police apply for custody tomorrow

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.അട്ടകുളങ്ങര വനിത ജയിലിലേക്കാണ് മാറ്റിയത്. നാളെ പോലീസ് കസ്റ്റഡി അപേക്ഷ നൽകും.കേസിൽ അറസ്റ്റിലായ ഗ്രീഷ്മ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാണ് ഗ്രീഷ്മയെ പ്രവേശിപ്പിച്ചിരുന്നത്. തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുണ്ടായിരുന്നു. ചികിത്സയിൽ കഴിയുന്നതിനാൽ കേസിലെ തെളിവെടുപ്പ് നീളുകയായിരുന്നു.നേരത്തെ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവൻ നിർമൽ കുമാറിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഗ്രീഷ്മ കഷായത്തിൽ കലർത്തിയ വിഷത്തിന്റെ കുപ്പി കണ്ടെടുത്തിരുന്നു.നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്നും അഭ്യർത്ഥിച്ച് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം, വിഷം വാങ്ങിയത്, തൊണ്ടി മുതൽ ഉപേക്ഷിച്ചത് തുടങ്ങിയ സംഭവവികാസങ്ങളുണ്ടയത് തമിഴ്‌നാട് സ്റ്റേഷൻ പരിധിയിലാണ്. അതിനാലാണ് കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നത്.

ഷാരോൺ രാജ് കൊലപാതകം; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

keralanews sharon raj murder arrest of greeshmas mother and uncle recorded

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി.തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനേയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.ഷാരോണിന്റെ മരണ ശേഷം അമ്മയ്‌ക്കും അമ്മാവനും ഗ്രീഷ്മയെ ആയിരുന്നു സംശയം. ഇക്കാര്യം ആരാഞ്ഞപ്പോൾ താനാണ് കൊലപ്പെടുത്തിയത് എന്ന് ഗ്രീഷ്മ സമ്മതിച്ചു. ഇതോടെ കഷായത്തിന്റെ കുപ്പിയുൾപ്പെടെ നശിപ്പിക്കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി.ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അട‌ുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴി.

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

keralanews sharon murder case accused greeshma attempted suicide two police oficers suspended

തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്.സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് താൻ അണുനാശിനി കുടിച്ചതായി പെൺകുട്ടി വ്യക്തമാക്കിയത്. ഉടനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥരായ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്.സുരക്ഷ വീഴ്ചയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ് പി പറഞ്ഞു.

ഷാരോണിന്റെ കൊലപാതകം;പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

keralanews sharons murder accused greeshmas arrest recorded indications that there may be more arrests

തിരുവനന്തപുരം: പാറശ്ശാലയിൽ ഷാരോൺ എന്ന യുവാവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനും,അമ്മയും, അമ്മാവനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു.

കാസർകോഡ് ദേശീയപാത നിർമാണത്തിനിടെ അടിപ്പാതയുടെ മേല്‍പ്പാളി തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്

keralanews during construction of kasaragod national highway surface of base road collapsed three people injured

കാസർകോഡ്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പെരിയ ടൗണില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്.മറുനാടന്‍ തൊഴിലാളികളായ സോനു (22), വാസില് (25), മുന്ന (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കോണ്‍ക്രീറ്റ് പണി നടക്കുന്നിതിനിടെയാണ് പാളി തകര്‍ന്നത്.പാളിക്കടിയില്‍ സ്ഥാപിച്ച ഇരുമ്പ് തൂണുകള്‍ നിരങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാത്രിയിലാണ് 13.75 മീറ്റര്‍ നീളവും 16.6 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാളി കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങിയത്. അതില്‍ 180 ഘന മീറ്റര്‍ കോണ്‍ക്രീറ്റ് നിറച്ച് പണി പുരോഗമിക്കവെയാണ് മധ്യത്തില്‍ നിന്ന് പാളി തകര്‍ന്നുതുടങ്ങിയത്. മുകള്‍ഭാഗം കുഴിയാന്‍ തുടങ്ങിയതോടെ പാളിക്ക് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ രണ്ട് ഭാഗത്തേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു

keralanews congress leader and former president of kannur dcc satheesan pacheni passed away

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഈ മാസം 19നാണ് സതീശൻ പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സതീശന്‍ പാച്ചേനി സജീവമായത്.കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭാ സീറ്റിലും മത്സരിച്ചിട്ടുണ്ട്.തളിപ്പറമ്പിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം.മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.പാച്ചേനി സർക്കാർ എൽ പി സ്കൂൾ, ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോ‌ളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.എ കെ ആന്റണിയോടുള്ള ആദരവ് കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ വി റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു

keralanews accident while demolishing building in maradi two workers died concrete slab collapsed

കൊച്ചി: മരടിലെ ഗാന്ധി സ്‌ക്വയറിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സുശാന്ത് (35), ശങ്കര്‍ (25) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. അഞ്ച് തൊഴിലാളികളായിരുന്നു ജോലിക്കുണ്ടായിരുന്നത്. പൊളിക്കുന്നതിനിടെ പെട്ടെന്ന് സ്ലാബ് തകര്‍ന്നുവീണപ്പോള്‍ രണ്ട് തൊഴിലാളികള്‍ ഇതിനടിയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോയമ്പത്തൂർ സ്ഫോടനക്കേസ്; ലക്ഷ്യം വർഗീയ കലാപം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

keralanews coimbatore blast case target is communal violence u a p a charged against accused

കോയമ്പത്തൂര്‍: ഉക്കടത്തെ സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതായി കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണ.വർഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 20 പേരെ ചോദ്യം ചെയ്തു. പരിശോധനകളും ചോദ്യം ചെയ്യലുകളും തുടരുകയാണെന്നും കമ്മീഷണർ അറിയിച്ചു.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിലവിൽ അറസ്റ്റിലായ പ്രതികളിൽ ചിലർ കേരളം സന്ദർശിച്ചിട്ടുണ്ട്. കേരളം സന്ദർശിക്കാനിടയായ സാഹചര്യം എന്താണെന്ന് അന്വേഷിച്ച് വരികയാണ്. 2019ൽ എൻഐഎ ചോദ്യം ചെയ്തവരുൾപ്പെടെ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പത്തുതവണ കൈമാറിയാണ് ജമീഷ മുബിന്റെ കൈവശമെത്തിയത്.ഇയാള്‍ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയത് അറസ്റ്റിലായ മുഹമ്മദ് തല്‍ഹയാണ്. ഇയാള്‍ അല്‍-ഉമ്മ സ്ഥാപകനും 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനുമായ ബാഷയുടെ സഹോദരപുത്രനാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ഇയാൾ കൂടാതെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം, ചാർക്കോൾ, അലുമിനിയം പൗഡർ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയെന്നും കമ്മീഷണർ അറിയിച്ചു. സ്‌ഫോടനം നടന്ന സാഹചര്യത്തിലും പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകൾ ലഭിക്കുന്നതിനാലും കോയമ്പത്തൂർ നഗരത്തിൽ സുരക്ഷ ശക്തമാക്കി. ദ്രുതകർമ്മ സേനയെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആർഎഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണങ്ങളും പരിശോധനകളും ഉണ്ടാകും.