തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂർ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂർ 826, ആലപ്പുഴ 706, കോട്ടയം 683, കാസർഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,769 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1933, കോഴിക്കോട് 1464, കൊല്ലം 1373, തൃശൂർ 1335, എറണാകുളം 1261, തിരുവനന്തപുരം 1070, പാലക്കാട് 664, കണ്ണൂർ 737, ആലപ്പുഴ 684, കോട്ടയം 644, കാസർഗോഡ് 567, പത്തനംതിട്ട 407, വയനാട് 325, ഇടുക്കി 305 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.57 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 20, കാസർഗോഡ് 7, പത്തനംതിട്ട 6, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് 4 വീതം, തൃശൂർ 3, വയനാട് 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,454 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 854, കൊല്ലം 769, പത്തനംതിട്ട 277, ആലപ്പുഴ 511, കോട്ടയം 542, ഇടുക്കി 206, എറണാകുളം 1389, തൃശൂർ 1243, പാലക്കാട് 1060, മലപ്പുറം 1038, കോഴിക്കോട് 765, വയനാട് 128, കണ്ണൂർ 816, കാസർഗോഡ് 856 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 5ന് താഴെയുള്ള 86, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
കണ്ണൂരിൽ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു
കണ്ണൂർ: തോട്ടട അവേരയിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു. അന്തേവാസിയായ പിതാംബരന്‍(65) ആണ് മരിച്ചത്. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് അന്തേവാസികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിഷബാധയേറ്റ മറ്റു നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.ഇതുസംബന്ധിച്ച് അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല. ആട്ടപ്പൊടിയില്‍നിന്നോ വെള്ളത്തില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതര്‍ നല്‍കുന്ന സൂചന. കണ്ണുര്‍സിറ്റി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നു. നിരവധി അന്തേവാസികള്‍ താമസിക്കുന്ന അഗതി മന്ദിരത്തിലെ മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഒരു മുറിയില്‍ താമസിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തില്‍ മുറിയിലെ ആരെങ്കിലും ഒരാള്‍ വിഷം കലര്‍ത്തിയതാവാമെന്നും പോലീസ് സംശയിക്കുന്നു.
മദ്യശാലകൾക്ക് മുന്നിലുള്ള തിരക്ക് നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെവ്‌കോ
തിരുവനന്തപുരം:മദ്യശാലകൾക്ക് മുന്നിലുള്ള തിരക്ക് നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെവ്‌കോ.ബിവറേജസിന് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെവ്‌കോ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.ഔട്ട്‌ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്‌മെൻറ് നടത്തുകയും ടോക്കൺ സമ്പ്രദായം നടപ്പാക്കുകയും ചെയ്യണം. ആളുകളെ നിയന്ത്രിക്കാൻ പോലീസിൻറെ സഹായം തേടണമെന്നും ബെവ്‌കോ നിർദ്ദേശത്തിൽ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ എന്നും ബെവ്‌കോ അറിയിച്ചു.നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്‌കോ ആവശ്യപ്പെടുന്നു. മദ്യക്കടകളിൽ ആളുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ക്യൂ നിൽക്കുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവിൽപന ശാലകൾക്ക് മുന്നിൽ അഞ്ഞൂറിലധികം പേർ ക്യൂ നിൽക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. രാജ്യത്തെ കൊറോണ രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാറുകളിൽ വിദേശമദ്യ വിൽപ്പന ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേയ്ക്ക്
കൊച്ചി:നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേയ്ക്ക് യാത്രതിരിക്കും. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്‌സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലുങ്കാനയിലക്ക് പോകുന്നത്. കൂടിക്കാഴ്ച്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. രാവിലെ പത്തരയോടെയാകും സാബു ജേക്കബ് യാത്ര തിരിക്കുക. നിക്ഷേപം നടത്താന്‍ വന്‍ ആനൂകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്‌സ് എം ഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തെലങ്കാനയിലേയ്ക്ക് പോകുന്നത് എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബിനൊപ്പം ഡയറക്ടർമാരായ കെഎൽവി നാരായണൻ, ബെന്നി ജോസഫ്, ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റ് ഹർകിഷൻ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ തുടങ്ങിയ ആറംഗ സംഘമാണ് കൊച്ചിയിൽ നിന്ന് തിരിക്കുന്നത്.
കബളിപ്പിക്കപ്പെട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ; ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞത് പകയ്ക്ക് കാരണമായേക്കാം
കൊല്ലം: കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ താന്‍ കബളിപ്പിക്കപ്പെട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ.ഇരുവരും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്ന വിവരം പോലീസ് പറഞ്ഞെങ്കിലും രേഷ്മ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് രേഷ്മ തിരിച്ചറിഞ്ഞത്.ഇന്നലെ രേഷ്മയെ പോലീസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞതില്‍ ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാകാമെന്ന് രേഷ്മ പറയുന്നു.അനന്തുവിനെ കാണാനായി വര്‍ക്കലയില്‍ പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയിട്ടില്ല. അതിന് ശേഷമാവാം തന്നെ കബളിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന കാര്യം ചാറ്റിങില്‍ സൂചിപ്പിച്ചിട്ടില്ല. അനന്തുവെന്ന ആണ്‍ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രേഷ്മ.തുടര്‍ന്ന് തെളിവുകള്‍ സഹിതം പൊലീസ് ഇക്കാര്യം വിശദീകരിച്ചപ്പോഴാണ്, ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് വീട്ടില്‍ പറഞ്ഞതിലുള്ള പകയാകാം കബളിപ്പിക്കലിന് കാരണമെന്ന് രേഷ്മ വ്യക്തമാക്കിയത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരഭാര്യയുമാണ്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.ജനുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കരിയിലക്കുഴിയില്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാത്ത നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ അറസ്റ്റിലായി. അനന്തു എന്ന ഫെയ്‌സുബുക്ക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് താന്‍ കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നല്‍കി. തുടര്‍ന്ന് അനന്തുവിനായി നടത്തിയ അന്വേഷണത്തിലാണ് അനന്തു എന്ന പേരില്‍ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫെയ്‌സ്ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയത്.
കൊറോണയ്ക്കിടെ ആശങ്കയായി സിക്ക വൈറസും; തിരുവനന്തപുരത്ത് ഗർഭിണിയ്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം:കൊറോണ ഭീഷണിക്കിടെ സംസ്ഥാനത്ത് ആശങ്കയായി സിക്ക വൈറസും. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള ഗർഭിണിയ്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് 24 കാരിക്ക് രോഗമുള്ളതായി കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.സർക്കാർ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.പനി, തലവേദന, ശരീരത്തിലെ ചുവന്ന പാടുകൾ എന്നിവയാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുമായി കഴിഞ്ഞ മാസം 28നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടർന്ന് വിശദമായ പരിശോധയ്ക്കായി സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു.സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയ നഗരസഭാ പരിധിയ്ക്കുള്ളിലെ 13 പേർക്ക് സിക്ക വൈറസ് ബാധയുള്ളതായി സംശയമുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങൾ ഉടൻ ലഭിക്കും.നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു. ഇവർക്ക് കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്നാട് അതിർത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോൾ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചു. ജില്ലാ സർവൈലൻസ് ടീം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവർ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദർശിക്കുകയും നിയന്ത്രണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകൾ പിസിആർ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തു നിന്നും പരിശോധനയ്ക്ക് അയച്ച 19 സാമ്പിളുകളിൽ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകൾ പൂനെയിലേക്ക് അയച്ചത്.പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
രാജ്യദ്രോഹ കേസില്‍ ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: രാജ്യദ്രോഹ കേസില്‍ ഐഷ സുൽത്താനയെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു.കൊച്ചി കാക്കനാട്ടെ ഫ്ലാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്യൽ.മുന്‍കൂട്ടി അറിയിക്കാതെ, നോടീസ് നല്‍കാതെയാണ് സംഘം കൊച്ചിയിലെത്തിയത്.രാജ്യവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. ആദ്യ തവണ കേന്ദ്രസർക്കാരിനെതിരായ പരാമർശം നടത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും പോലീസ് ചോദ്യം ചെയ്തത്. രണ്ടാം തവണ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് പോലീസ് ഐഷയോട് ചോദ്യം ചെയ്തത്.രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷം ഐഷയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് ഐഷയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ലക്ഷദ്വീപിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യൽ.
കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞാറാഴ്ച മുതല്‍
തിരുവനന്തപുരം:കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങില്‍ നിന്നുമാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകള്‍ ഞായര്‍ ( ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ച( ജൂലൈ 12) മുതലും ആരംഭിക്കും.അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വ്വീസുകള്‍ വേണ്ടി വന്നാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. ഈ സര്‍വ്വീസുകള്‍ക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ്. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് വിതരണം ചെയ്യുക. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്‍കും. ആശ്രിതക്ക് സര്‍ക്കാര്‍ ജോലി നല്‍കും.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും.ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അതേ സമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല.
അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഇന്നലെ ഷാജിയെ മൂന്ന് മണിക്കൂറിലേറെ നേരം വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജിയെ നേരത്തേ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇന്നലെ വീണ്ടും വിളിപ്പിച്ചത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 47 ലക്ഷത്തില്‍പ്പരം രൂപയുടെ രേഖകള്‍ ഹാജരാക്കിയതിലും പൊരുത്തക്കേടുണ്ടെന്നാണ് അറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്‍റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്‍റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.മണ്ഡലം കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത തുകയാണ് വിജിലന്‍സ് തന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും പറഞ്ഞിരുന്നു. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.