കോഴിക്കോട്:അക്രമിസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പ്രവാസിയായ അഷ്‌റഫിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുന്ദമംഗലത്തു നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്, ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. മാവൂരിലെ തടി മില്ലിലാണ് അക്രമിസംഘം ഇയാളെ പാര്‍പ്പിച്ചിരുന്നത്.ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്‌റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്.അതിരാവിലെയായതിനാല്‍ അയല്‍ക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്‌റഫിനെതിരെ കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തിലെ ക്യാരിയറായ അഷ്‌റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്‌റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തന്റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്‌റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവെഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.
കൊടകര കുഴല്‍പ്പണ കേസ്; ചോദ്യം ചെയ്യലിനായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പൊലീസ് ക്ലബിലെത്തി
തൃശൂര്‍: കൊടകര കുഴല്‍പ്പണകേസില്‍ ചോദ്യം ചെയ്യലിനായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂര്‍ പൊലീസ് ക്ലബിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിയത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെ സുരേന്ദ്രനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.ഹോട്ടലില്‍ നിന്ന് പുറപ്പെട്ട സുരേന്ദ്രന്‍ പാര്‍ട്ടി ഓഫീസിലേക്കാണ് നേരെ പോയത്. ഇവിടെ നിന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രന്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ നഗരത്തിലാകെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല ഊടുവഴികും ബാരിക്കേഡ് കൊണ്ട് അടച്ചിരിക്കുകയാണ്. കനത്ത പൊലീസ് കാവലിലാണ് നഗരം. സുരേന്ദ്രനോട് ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ വരാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴിന് രണ്ടാമത്തെ നോട്ടീസ് നല്‍കുകയായിരുന്നു.
എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും.ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്‌എസ്‌എല്‍സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.https://keralapareekshabhavan.in, https://sslcexam.kerala.gov.in, https://www.results.kite.kerala.gov.in, https://www.prd.kerala.gov.in, https://www.result.kerala.gov.in, https://examresults.kerala.gov.in, https://results.kerala.nic.in, https://www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ലഭിക്കും.
എസ്‌എസ്‌എല്‍സി(എച്ച് ഐ) ഫലം http://sslchiexam.kerala.gov.inലും റ്റി എച്ച് എസ് എല്‍ സി(എച്ച് ഐ) ഫലം http://http:/thslchiexam.kerala.gov.inലും ടി എച്ച് എസ് എല്‍ സി ഫലം http://thslcexam.kerala.gov.inലും എ എച്ച് എസ് എല്‍ സി ഫലം http://ahslcexam.kerala.gov.inലും ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ്. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്.ഇന്നു പുലര്‍ച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അര്‍ജ്ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആകാശ് സ്ഥലത്തില്ല. മൊബൈല്‍ ഫോണും പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ ആകാശിന് പ്രധാന പങ്കുണ്ടെന്നാണ് സൂചന. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.പരിശോധനക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ആകാശിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആര്‍ ഉണ്ടായിരുന്നില്ല. വിവാദമായ ഷുഹൈബ് വധക്കേസില്‍ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി.
മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് വ്യാപാരികൾ;ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും
തിരുവനന്തപുരം:നാളെ മുതൽ സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച് വ്യാപാരികൾ.നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കാണ് തീരുമാനിച്ചിട്ടുള്ളത്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
കോഴിക്കോട് കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
കോഴിക്കോട്:കുറ്റിയാടിക്ക് സമീപം വേളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. റഹീസ്, അബ്ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.ഇരു ഭാഗങ്ങളില്‍ നിന്നും നേര്‍ക്കുനേര്‍ എത്തിയ ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.അമിത വേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;124 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46; 10,331 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂര്‍ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂര്‍ 818, ആലപ്പുഴ 850, കോട്ടയം 774, കാസര്‍ഗോഡ് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കാസര്‍ഗോഡ് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂര്‍ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂര്‍ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂര്‍ 631, കാസര്‍ഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്.ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക വൈറസ്ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക വൈറസ്ബാധ സ്ഥിരീകരിച്ചു.കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചത്. കോവിഡ് 19 ന് പിന്നാലെ സിക വൈറസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഈഡിസ് കൊതുകുകള്‍ മൂലമാണ് പ്രധാനമായും സിക വൈറസ് പകരുന്നത്. ഈഡിസ് കൊതുകുകളില്‍ നിന്നും രക്ഷനേടുകയെന്നതാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നും, ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, ഫ്രിഡ്ജിന്‍റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയവയാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങൾ ഉള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു.
ഇടമലക്കുടിയിൽ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു;രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ആദ്യം
ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും, ഇഡ്ഡലിപ്പാറ ഊരിലെ 24കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം 40കാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 24 കാരനും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നരവർഷക്കാലത്തിനിടെ ആദ്യമായാണ് ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിക്കുന്നത്. ഇടമലക്കുടിയിൽ കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് അധികൃതർ സ്വീകരിച്ചു പോരുന്നത്. പുറത്തുനിന്നും എത്തുന്നവരെ പരിശോധിച്ച ശേഷം മാത്രമാണ് പഞ്ചായത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക. പഞ്ചായത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ആളുകളുടെ അനാവശ്യയാത്രകൾ തടഞ്ഞിരുന്നു. അതീവ ശ്രദ്ധചെലുത്തിയിട്ടും എങ്ങിനെ രോഗബാധയുണ്ടായി എന്ന കാര്യം അധികൃതർ പരിശോധിച്ചുവരികയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലോഗർ സുജിത് ഭക്തൻ ഇടുക്കി എംപിക്കൊപ്പം ഇടമലക്കുടിയിൽ എത്തിയതും വിവാദമായിരുന്നു.
ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടുമണി വരെ നീട്ടി;അഞ്ച് ദിവസവും ബാങ്ക് ഇടപാടുകള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായി.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.ബാങ്കുകള്‍ ഇനി എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇടപാട് അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. ഇനി എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് ബാങ്കിലെത്താനും ഇടപാടുകള്‍ നടത്താനും സാധിക്കും. കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കും. ‘എ’, ‘ബി’, ‘സി’ കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കാം.ട്രിപ്പ്ള്‍ ലോക്ഡൗണ്‍ ഉള്ള ഡി കാറ്റഗറി സ്ഥലങ്ങളിലും കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച വിശദ നിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടില്ല.ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്.