കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് അർജുന്റെ ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റംസിന്റെ വാദം പരിഗണിച്ചായിരുന്നു കോടതി നടപടി.സ്വർണക്കടത്തിൽ നേരിട്ട് ഇടപെട്ടതിന് കസ്റ്റംസിന്റെ കയ്യിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അർജുൻ കോടതിയെ സമീപിച്ചത്. എന്നാൽ അർജുൻ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയാണെന്നും, രാജ്യാന്തര സ്വർണക്കടത്ത് സംഘവുമായി അർജുന് ബന്ധമുണ്ടെന്നും കസ്റ്റംസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.നേരത്തെ അർജുനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ കസ്റ്റംസ് കോടതിയിൽ നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴിഫാമില്‍ 300 കോഴികള്‍ ചത്തു വീണു
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി പടരുന്നു.കൂരാച്ചുണ്ടില്‍ ഒരു സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എങ്കിലും ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കൂ.ഫാമിന് പത്ത് കിലോമീറ്റര്‍ പരിധിയിലുളള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുക മാത്രമാണ് നിലവില്‍ മുന്നിലുളള വഴി. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഹരിയാനയില്‍ രോഗം ബാധിച്ച് 12കാരന്‍ മരണമടഞ്ഞത് കഴിഞ്ഞദിവസമാണ്.
അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുനിരത്തു സ്വദേശി റമീസ് ആണ് മരിച്ചത്. ഇന്നലെ കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് റെയ്ഡ് നടത്തിയെങ്കിലും റെയ്ഡില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അപകടത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
കണ്ണൂര്‍: വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് കൂട്ടുനിന്ന മൂന്ന് ഇന്‍സ്പെക്ടര്‍മാരെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത്കുമാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെയാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.2019 ഓഗസ്റ്റ് 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണവുമായി മൂന്നു പേര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സിന്‍റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണ് നടപടി.കേസില്‍ മുഖ്യ പ്രതിയായ കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് എന്നയാളെ നേരത്തെ പിരിച്ചുവിട്ടിരുന്നു.രാഹുല്‍ പണ്ഡിറ്റിന്‍റെ നിര്‍ദേശാനുസരണം ഇവര്‍ പ്രവര്‍ത്തിച്ചതായും പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ കള്ളക്കടത്തു സംഘത്തെ സഹായിച്ചതായും ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു. ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത മറ്റ് 3 കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥരും സസ്പെന്‍ഷന്‍ കാലാവധിക്കു ശേഷം കൊച്ചിയില്‍ പ്രിവന്‍റീവ് വിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.
കൊറോണ വൈറസിനെ തുരത്താന്‍ എപ്ലസ് ഓപ്പറേഷനുമായി കണ്ണൂർ ജില്ലാഭരണകൂടം
കണ്ണൂർ:കൊറോണ വൈറസിനെ തുരത്താന്‍ എപ്ലസ് ഓപ്പറേഷനുമായി കണ്ണൂർ ജില്ലാഭരണകൂടം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കി കുറച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.ഓപ്പറേഷന്‍ എ പ്ലസ് എന്ന് പേരിട്ട പദ്ധതിയിലൂടെ ഡി, സി കാറ്റഗറിയില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ജനകീയവും സൂക്ഷ്മവും കൃത്യതയാര്‍ന്നതുമായ ഇടപെടലിലൂടെ ടിപിആര്‍ നിരക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ജില്ല കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ഡി, സി വിഭാഗങ്ങളിലെ തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ തടസപെടാത്ത വിധം രോഗ പരിശോധന വര്‍ധിപ്പിക്കുക, വാക്സിനേഷന്‍ ഊര്‍ജിതമാക്കുക, ആര്‍ ആര്‍ ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളെ മൊത്തമായി പരിഗണിക്കുന്ന പതിവ് രീതിക്ക് പകരം രോഗവ്യാപന സാധ്യതയുള്ള മേഖലകളെ അടിസ്ഥാനമാക്കിയാവും പരിശോധനയും വാക്സിനേഷനും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുക.വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നത് നിര്‍ബന്ധമാക്കും. ഡി, സി വിഭാഗത്തിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ രോഗ പരിശോധനയ്ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.സബ് കലക്ടര്‍ അനുകുമാരി, ഡി എം ഒ ഡോ. നാരായണ നായിക്, ഡെപ്യുട്ടി ഡി എം ഒ ഡോ. എം പ്രീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ അരുണ്‍ ,മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
കണ്ണൂർ ജൂബിലി ഹാളിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ഇന്ന് പുനരാരംഭിക്കും
കണ്ണൂർ: ജൂബിലി ഹാളിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ഇന്ന് മുതൽ പുനരാരംഭിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പറേഷന്‍ നിയോഗിച്ച 200 വളന്‍റിയര്‍മാര്‍ക്കാണ് ആദ്യദിവസം വാക്സിന്‍ നല്‍കുക. രാവിലെ 9.30 മുതല്‍ 11 വരെ കോര്‍പറേഷനിലെ ഒന്നു മുതല്‍ 25വരെ ഡിവിഷനിലുള്ള വളന്‍റിയര്‍മാര്‍ക്കും 11 മുതല്‍ ഒരുമണി വരെ 26 മുതല്‍ 55വരെ ഡിവിഷനിലുള്ള വളന്‍റിയര്‍മാര്‍ക്കും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം.നേരത്തെ ദിവസവും ആയിരത്തോളം പേര്‍ക്ക് വാക്സിന്‍ നല്‍കിക്കൊണ്ടിരുന്ന ജൂബിലി ഹാളിലെ വാക്സിനേഷന്‍ കേന്ദ്രം മുന്നറിയിപ്പ് കൂടാതെ ആരോഗ്യവകുപ്പ് നിര്‍ത്തലാക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ നിരന്തരം ആവശ്യപ്പെട്ടതിനാലാണ് വാക്സിനേഷന്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്. വാക്സിന്‍ മാത്രമാണ് ആരോഗ്യവകുപ്പ് നല്‍കുകയെന്നും മറ്റ് മുഴുവന്‍ സൗകര്യങ്ങളും കോര്‍പറേഷന്‍ തന്നെ ഒരുക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസർ കോർപറേഷന് നല്‍കിയ കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് കോര്‍പറേഷന്‍ തയാറായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വാക്സിനേഷന്‍ കേന്ദ്രം പുനരാരംഭിക്കുന്നത്.
സംസ്ഥാനത്ത് കനത്തമഴയ്ക്കു സാധ്യത;അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും കാറ്റിനു സാധ്യതയുണ്ട്. കൂടാതെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാരും തീരദേശവാസികളും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂർ കടവത്തൂരിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
കണ്ണൂർ:കടവത്തൂരിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.ആറ്റുപുറം അണക്കെട്ടിന് സമീപം കുളിക്കാനിറങ്ങിയ പെരിങ്ങത്തൂർ സ്വദേശിയായ മുബഷീറാണ് മുങ്ങി മരിച്ചത്.ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കൂട്ടുകാർ ഒന്നിച്ച് കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കുട്ടികളെ രക്ഷിച്ച് കരയിലേയ്‌ക്ക് കയറ്റിയെങ്കിലും മുബഷീറിനെ കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ സംഘം നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തത്.മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പെരിങ്ങത്തൂർ എൻ.എ എം. ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മുബഷീർ.സഹോദരങ്ങള്‍: മുഹമ്മദ്, മുഹാദ്.
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38; 122 മരണം;13,454 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആലപ്പുഴ 685, കാസര്‍ഗോഡ് 688, കണ്ണൂര്‍ 470, പത്തനംതിട്ട 423, ഇടുക്കി 291, വയനാട് 275 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പാലക്കാട് 8, എറണാകുളം, വയനാട് 7 വീതം, തിരുവനന്തപുരം 6, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 3 വീതം, കോഴിക്കോട് 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 704, കൊല്ലം 847, പത്തനംതിട്ട 329, ആലപ്പുഴ 1287, കോട്ടയം 937, ഇടുക്കി 228, എറണാകുളം 1052, തൃശൂര്‍ 1888, പാലക്കാട് 1013, മലപ്പുറം 1860, കോഴിക്കോട് 1427, വയനാട് 416, കണ്ണൂര്‍ 785, കാസര്‍ഗോഡ് 681 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു
കൊച്ചി: നടൻ കെ.ടി.എസ്. പടന്നയിൽ(85) അന്തരിച്ചു.തൃപ്പൂണിത്തുറയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. നാടക ലോകത്തുനിന്നും സിനിയിലെത്തിയ നടനാണ് പടന്നയിൽ.സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെക്കുള്ള അദ്ദേഹത്തിന്റെ ആദ്യചുവടുവയ്പ്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു.നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. സന്മനസുള്ളവര്‍ക്ക് സമാധാനം, പകിട പകിട പമ്ബരം തുടങ്ങിയ സീരിയലുകളിലെ വേഷം പ്രേക്ഷകശ്രദ്ധ നേടി. കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ആര്‍ട്സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചു.രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നന്‍, സാല്‍ജന്‍ എന്നിവര്‍ മക്കള്‍.