തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയുമായി നടത്തിയ ചർച്ചയിലാണ് വില വർദ്ധന സംബന്ധിച്ച് തീരുമാനമായത്. വില വർദ്ധന ഉടനടി നടപ്പാക്കാനാണ് മിൽമ ആലോചിച്ചത്. എന്നാൽ വിലവർദ്ധന സംബന്ധിച്ച സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേർന്ന് ഡിസംബർ ഒന്ന് മുതൽ വില വർദ്ധന നടപ്പാക്കുമെന്നാണ് സൂചന.വില വർധനയുടെ 83.75 ശതമാനമാകും കർഷകന് ലഭിക്കുക. ഒപ്പം ക്ഷേമനിധിയിലേക്ക് 0.75 ശതമാനവും നൽകും. ബാക്കി വരുന്ന 5. 75 ശതമാനം ഡീലർമാർക്കും 5. 75 ശതമാനം സംഘത്തിനും മൂന്നര ശതമാനം യൂണിയനുകൾക്കും അതിന്റെ 0.5 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യുന്നതിനും മാറ്റിവയ്‌ക്കും.നേരത്തെ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി മുൻപ് അറിയിച്ചിരുന്നു. വില വർദ്ധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വർദ്ധനവിന് സർക്കാർ അനുമതി നൽകിയത്.
ഫുട്‌ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റി;തലശേരി ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
കണ്ണൂർ: ഫുട്‌ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ ചികിത്സാ പിഴവ്മൂലം മുറിച്ചു മാറ്റേണ്ടി വന്നതായി ആരോപണം.തലശേരി ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു 17കാരനായ സുൽത്താൻ.ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി. ഒക്ടോബർ 30 ന് വൈകീട്ടാണ് വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്‌ബോൾ കഴിക്കുന്നതിനിടെയാണ് സുൽത്താന് ഗ്രൗണ്ടിൽ വീണ് പരുക്കേറ്റത്,. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്‌സ്‌റേ മെഷീൻ കേടായിരുന്നു. എക്‌സ്‌റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിനുള്ളിൽ എക്‌സ്‌റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്‌സ്‌റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു. തുടർന്ന് സ്‌കെയിൽ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചുവെങ്കിലും ചെയ്തില്ല. നവംബർ ഒന്നിന് രാവിലെ കൈ നിറം മാറി.തുടർന്ന് കുട്ടിയെ ഡോ.വിജുമോൻ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും കുടുംബം പറയുന്നു. പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളേജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റിയെന്നാണ് പരാതി.എന്നാൽ ചികിത്സാ പിഴവ് ഉണ്ടായില്ലെന്നാണ് തലശേരി ജനറൽ ആശുപത്രിയുടെ വാദം. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്‌മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് ആശുപത്രിയുടെ വാദം.
ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ആദ്യത്തെ പ്രൈവറ്റ് റോക്കറ്റ്;വിക്രം-എസിന്റെ വിക്ഷേപണം വിജയകരം
തിരുവനന്തപുരം:ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ തുറമുഖത്ത് നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിങ് റോക്കറ്റ് വിക്ഷേപണമാണ് വിയജകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നായിരുന്നു വിക്ഷേപണം.’പ്രാരംഭ്’ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ബഹിരാകാശ മേഖല ആദ്യമായാണ് സ്വകാര്യ കമ്പനിക്ക് റോക്കറ്റ് വിക്ഷേപണത്തിന് ഇത്തരത്തില്‍ അനുമതി നല്‍കുന്നത്. 545 കിലോ ഭാരവും ആറ് മീറ്റര്‍ ഉയരവുമുള്ള ഒരു ചെറിയ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്.വിക്രം എന്ന പേരില്‍ റോക്കറ്റിന്റെ മൂന്ന് പതിപ്പുകളാണ് സ്‌കൈറൂട്ട് പുറത്തിറക്കുന്നത്. 480 കിലോഗ്രാം ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-1, 595 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള വിക്രം-2, 815 കിലോഗ്രാം മുതല്‍ 500 കിലോമീറ്റര്‍ വരെ ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-3 എന്നിവയാണ് അവ. ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള എൻ സ്‌പേസ് ടെക് ഇന്ത്യ, ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവ ചേർന്ന് നിർമ്മിച്ച മൂന്ന് പേലോഡുകളാണ് റോക്കറ്റിലുണ്ടായിരുന്നത്.സ്‌കൈറൂട്ട് വികസിപ്പിച്ച റോക്കറ്റുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ വിക്രം സാരാഭായിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രധാന ഘടനയുള്ള ലോകത്തിലെ ചുരുക്കം ചില വിക്ഷേപണ വാഹനങ്ങളില്‍ ഒന്നാണ് ഈ റോക്കറ്റുകള്‍. വാഹനത്തില്‍ സ്പിന്‍ സ്ഥിരതയ്ക്കായി ഉപയോഗിക്കുന്ന ത്രസ്റ്ററുകള്‍ 3ഡി പ്രിന്റ് ചെയ്തതാണ്. വിക്ഷേപണ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിന് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.രാജ്യത്ത് ഇതുവരെയുള്ള റോക്കറ്റുകളുടെ വിക്ഷേപണം ഐഎസ്ആര്‍ഒയുടെ അധീനതയിലായിരുന്നതിനാല്‍ ഈ ദൗത്യം ചരിത്രത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.
പ്രിയാ വര്‍ഗീസിന് തിരിച്ചടി; കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി.കണ്ണൂർ സർവകലാശാലയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് പട്ടികയും കോടതി റദ്ദാക്കി.അദ്ധ്യാപകരായി ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.എട്ട് വർഷം അദ്ധ്യാപന പരിചയം വേണ്ട തസ്തികയിൽ മൂന്ന് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള പ്രിയാ വർഗീസിന്റെ യോഗ്യത അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കണ്ണൂർ സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിക്കുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറഞ്ഞത്. അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് വിധി.ചാൻസലറായ ഗവർണർ, സംസ്ഥാന സർക്കാർ, യുജിസി, പ്രിയാ വർഗീസ് എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ. എല്ലാ കക്ഷികളും നൽകിയ വാദങ്ങൾ വിശദീകരിച്ചതിന് ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.അതേസമയം ഈ ഹർജി നിലനിൽക്കില്ലെന്നുള്ള വാദമായിരുന്നു പ്രിയ വർഗീസ് ഉന്നയിച്ചത്. എന്നാൽ ഈ വാദം ഹൈക്കോടതി ആദ്യമേ തള്ളിയിരുന്നു. ഗവേഷണ കാലയളവിൽ പ്രിയയ്‌ക്ക് അദ്ധ്യാപന പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലയളവായിട്ടാണ് കണക്കാക്കുക. അതായത് അദ്ധ്യാപനം ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യയും ഭർത്താവുമില്ല;പകരം ജീവിത പങ്കാളി
തിരുവനന്തപുരം: അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തിയുള്ള ഉത്തരവിട്ട് പുതിയ സർക്കുലറുമായി സർക്കാർ. പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. സർക്കാർ അപേക്ഷ ഫോമുകളിൽ ‘ഭാര്യ’ എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം. അവൻ / അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ , അവന്‍റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെ വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടാക്കണം എന്നതാണ് വേറൊരു നിർദ്ദേശം.അപേക്ഷാ ഫോമുകളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രണ്ട് രക്ഷകർത്താക്കളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് മാറ്റങ്ങൾ വ്യക്തമാക്കിയുള്ള സർക്കുലർ പുറത്തിറക്കിയത്.ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്ന് സർക്കുലറിലുണ്ട്.
പാൽ വില വർധിപ്പിക്കാൻ ശുപാർശ; ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി;തീരുമാനം വരും ദിവസങ്ങളിലെന്ന് മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. കാർഷിക, വെറ്റിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.രണ്ടംഗ സമിതിയാണ് വിഷയം പഠിച്ച് ശുപാർശ നകിയത്.ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നു. ഒന്‍പത് രൂപയോളം നഷ്ടം നേരിടുമെന്നതിനാല്‍ വര്‍ധന അനിവാര്യമാണെന്നാണ് ശുപാര്‍ശ. 5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ചിഞ്ചുറാണി സൂചന നേരത്തെ നല്‍കിയിരുന്നു.
കത്ത് വിവാദം; കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം രാജി വെയ്ക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: കത്ത് വിവാദത്തിൽ രാജി വെക്കില്ലെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയർ സ്ഥാനത്ത് തുടരും. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യ.55 കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയാണ് താൻ മേയറായി ചുമതലയേൽക്കുന്നത്. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തന്നെ തുടരും.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. വിഷയത്തിൽ പറയാനുള്ളത് ക്രൈം ബ്രാഞ്ചിനോട് നേരിട്ട് പറയും.ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. കോടതി മേയറെ കൂടി കേൾക്കണം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. സമരങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും മേയർ പറഞ്ഞു.അതേസമയം, ആര്യാ രാജേന്ദ്രനെതിരെ ഇന്നും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നഗരസഭയ്ക്ക് മുന്നിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.കത്ത് വിവാദത്തിൽ മേയർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങളെ പറ്റി മേയർക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാം എന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് നവംബർ 25 -ാം തീയതി വീണ്ടും പരിഗണിക്കും.വിവാദ കത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ നഗരസഭാഗം ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
പെട്രോളിയം ട്രേഡേഴ്സ് നോർത്ത് സോൺ മീറ്റിങ്
കോഴിക്കോട്:പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയുടെ വടക്കൻ മേഖല സമ്മേളനം കോഴിക്കോട് ഹോട്ടൽ കോപ്പർ ഫോളിയയിൽ വെച്ച് ഈ മാസം 4,5 തീയതികളിലായി നടന്നു.പെട്രോളിയം വ്യാപാര മേഖല വലിയ പ്രതിസന്ധികളെ നേരിടുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഇങ്ങനെയൊരു യോഗം വിളിച്ചു കൂട്ടിയത്. അടിസ്ഥാന മൂലധന നിക്ഷേപത്തിലും ദൈനംദിന ചിലവുകളിലും ഭീമമായ വർധനവുണ്ടായിട്ടും കഴിഞ്ഞ 5 വർഷമായി ഡീലർ കമ്മീഷനിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.ഓരോ ആറുമാസം കൂടുമ്പോഴും ഡീലർ കമ്മീഷൻ പുതുക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട അപൂർവ്വ ചന്ദ്ര കമ്മിറ്റിയുടെ ശുപാർശ നടപ്പിലാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾ ഇതുവരെയും തയ്യാറായിട്ടില്ല.പകരമായി ഉദ്യോഗസ്ഥ അധീശത്വത്തിനു വേണ്ടിയുള്ള കരിനിയമങ്ങൾ ഡീലറുടെ മേൽ അടിച്ചേൽപ്പിക്കാനാണ് കമ്പനികൾ വ്യഗ്രത കാണിക്കുന്നത്.
പെട്രോളിയം വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ഡീലർമാർ അനാവശ്യ സമ്മർദ്ദത്തിലാക്കുന്ന നിലപാടുകളിൽ നിന്ന് ഓയിൽ കമ്പനികൾ പിന്മാറണമെന്ന് പെട്രോളിയം ട്രേഡേഴ്സ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വടക്കൻ മേഖലയിൽ നിന്നുള്ള നൂറിലധികം പെട്രോളിയം ഡീലർമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ എം സജി, വൈസ് ചെയർമാൻ കെ വി രാമചന്ദ്രൻ, ജോയിന്റ് സെക്രെട്ടറി ടോം സ്കറിയ, ഖജാൻജി സെയ്ദ് എം ഖാൻ, അനുരൂപ് വടകര എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം;മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എല്‍ഡിഎഫ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്.മേയർ അടക്കമുള്ളവർ വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ആരോപണങ്ങളെ പറ്റി മേയർക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാം എന്ന് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.. കേസ് നവംബർ 25 -ാം തീയതി വീണ്ടും പരിഗണിക്കും.കത്തുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. ജോലി സ്വന്തം പാർട്ടിക്കാർക്ക് നൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. രണ്ട് വർഷത്തിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ 1000 ത്തോളം പേരെ അനധികൃതമായി നിയമിച്ചുവെന്നും ആരോപണമുണ്ട്.സിപിഎം സഖാക്കളെ തിരുകി കയറ്റാൻ പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടു കൊണ്ടുളള മേയർ ആര്യ രാജേന്ദ്രന്റെ കത്താണ് വിവാദത്തിലായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ജോലിക്കാരെ ആവശ്യമുള്ള തസ്തികകളും അപേക്ഷിക്കേണ്ട അവസാന തീയ്യതിയുമുൾപ്പെടെ മേയറുടെ ലെറ്റർപാഡിൽ തയ്യാറാക്കിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.മേയർ ആര്യാ രാജേന്ദ്രന്റെ ഒപ്പും ഇതിൽ കാണാം. പിന്നാലെ മറ്റൊരു കത്തും പുറത്തുവന്നിരുന്നു. എന്നാൽ ഇത് തയ്യാറാക്കിയത് താൻ ആണെന്ന് ഡിആർ അനിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കത്തിൽ മേയർ അറിയാതെ എങ്ങനെ ഒപ്പ് വന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
കോയമ്പത്തൂർ കാർ സ്ഫോടന കേസ്;പാലക്കാട് എൻഐഎ റെയ്ഡ്
പാലക്കാട്: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയ്ഡ്.മുതലമടയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം പുലർത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് ഇയാൾ.പുലർച്ചെയായിരുന്നു പരിശോധന. കോയമ്പത്തൂർ ചാവേർ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന നടത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു.കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. ഒക്ടോബര്‍ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്.കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.അതേസമയം ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ എൻഐഎ വ്യാപക പരിശോധന നടത്തിയിരുന്നു. 45 സ്ഥലങ്ങളിലായിരുന്നു പരിശോധന. ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.