പാരിപ്പള്ളി:റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മീന്‍ പോലിസ് നശിപ്പിച്ചതായി പരാതി.പാരിപ്പള്ളി – പരവൂര്‍ റോഡില്‍ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മല്‍സ്യമാണ് പോലിസ് നശിപ്പിച്ചത്.ഇവര്‍ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇതിന് മുൻപ് രണ്ടു തവണ പോലിസ് എത്തി കച്ചവടം നടത്തരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും കച്ചവടം നടത്തി വരികയായിരുന്നു.ഇതെ തുടർന്നാണ് കഴിഞ്ഞ ദിവസം പോലിസ് എത്തി മല്‍സ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയില്‍ നിന്നാണ് ഇവര്‍ മല്‍സ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന് വില്‍ക്കുന്നത്. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നുവെന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു. വില്പനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പോലീസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് എറിഞ്ഞു എന്നാണ് വൃദ്ധയുടെ പരാതി.
തുടർച്ചയായി വിചാരണയ്ക്ക് ഹാജരായില്ല;നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്
കൊച്ചി:കേസിലെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാകാതെ വന്നതിനെ തുടർന്ന് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിഷ്ണുവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്.കാസര്‍കോട്ടെ വീട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. കാലിന് പരിക്കേറ്റതിനാലാണ് തനിക്ക് വിചാരണയ്ക്ക് എത്താനാവാഞ്ഞതെന്ന് വിഷ്ണു പൊലീസിനെ അറിയിച്ചു. കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ പ്രധാന സാക്ഷികളിലൊരാളായിട്ടാണ് വിഷ്ണുവിനെ അന്വേഷണ സംഘം കണ്ടിരുന്നത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് ദിലീപിന് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. ഈ കത്ത് ജയിലില്‍ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വാട്സ് അപ്പ് വഴി അയച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ വിഷ്ണു കേസിലെ മാപ്പു സാക്ഷിയാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയെങ്കിലും വിഷ്ണു എത്തിയില്ല. തുടര്‍ന്ന് അന്വേഷണം സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും അവിടെയും ഇയാളുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍
കണ്ണൂർ:കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹ് മദ് ഹിലാല്‍, ഷാഹിന്‍ എന്നിവരെയാണ് പിടികൂടിയത്..ചെന്നൈയില്‍ നിന്നാണ് ഇവർ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും. സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2018 സെപ്റ്റംബറിലാണ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവന്‍ സ്വര്‍ണവും, പണവും ലാപടോപ്പും കവർന്നത്.
പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചു;34 പേർക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്കേറ്റു.അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.ആറ് അഗ്നിശമന സേന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് അമ്പലപ്പാറ തോട്ടുക്കാട് മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റിൽ പൊട്ടിത്തെറി ഉണ്ടായത്.ഫാക്ടറിയിലെ വിറക് പുരയ്‌ക്കാണ് ആദ്യം തീപിടിച്ചത്. തുടർന്ന് നാട്ടുകാരും ഫാക്ടറിയിലെ ജീവനക്കാരും മണ്ണാർകാട് അഗ്നിശമന സേനയും ചേർന്ന് തീ അണയ്‌ക്കാൻ ശ്രമിച്ചു. ഇതിനിടെ വിറക് പുരയ്‌ക്ക് സമീപത്തുണ്ടായിരുന്ന ടാങ്കിലേക്ക് തീ പടർന്ന് പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലേയും വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറയിൽ ട്രയൽ റൺ നടത്തുമ്പോൾ ടാങ്കിൽ നിന്നും ഓയിൽ ചോർന്നതാണ് തീ പടരാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജില്ലയിൽ ഇന്നും നാളെയുമായി 50,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് കണ്ണൂർ ജില്ലാ കലക്റ്റർ
കണ്ണൂർ:ജില്ലയിൽ ഇന്നും നാളെയുമായി 50,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് കലക്റ്റർ ടി വി സുഭാഷ് അറിയിച്ചു.ഇതില്‍ 25,000 ഡോസുകള്‍ വീതം ഒന്നും, രണ്ടും ഡോസുകള്‍ ലഭിക്കേണ്ടവര്‍ക്കിടയില്‍ വിതരണം ചെയ്യും.ഇവയില്‍ 5000 വീതം ഓണ്‍ലൈനായും ബാക്കി സ്പോട്ട് രജിസ്ട്രേഷന്‍ വഴിയുമാണ് നല്‍കുക. ഒന്നാം ഡോസ് ലഭിച്ച് കൂടുതല്‍ ദിവസം കഴിഞ്ഞവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനില്‍ മുന്‍ഗണന നല്‍കും. ഇതിനായി തദ്ദേശസ്ഥാപന തലത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കും. സ്പോട്ട് രജിസ്ട്രേഷനില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന വിഭാഗങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണമായി വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ ആവിഷ്‌കരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍, ഓട്ടോറിക്ഷാ – ടാക്സി തൊഴിലാളികള്‍, കച്ചവടക്കാര്‍, ബാര്‍ബര്‍മാര്‍, ടെയ്ലര്‍മാര്‍, സ്റ്റുഡിയോ ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, നിര്‍മാണ- അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍, പാചകവാതക വിതരണക്കാര്‍, ഡെലിവറി സേവനങ്ങളിലെ ജീവനക്കാര്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരെയാണ് മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുക.പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍, വിദേശത്ത് പോകേണ്ടവര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ആളുകളെ നിശ്ചയിക്കുമ്ബോള്‍ യാതൊരു വിധ വിവേചനവും ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടുകാര്‍ക്കൊപ്പം അവരുടെ അയല്‍വീടുകളിലുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമന്നും ഡിഡിഎംഎ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തി വ്യാപനം തടയുന്നതിന് വേണ്ടിയാണിത്.
നിയമസഭാ കയ്യാങ്കളി കേസ്;ശിവൻകുട്ടിയുടെ രാജിയിലുറച്ച് പ്രതിപക്ഷം;ഇന്നും സഭയിൽ ഉന്നയിക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് ഇന്നും നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം.കേസിൽ വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവെയ്‌ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്നലെ നിയമസഭയിൽ വിഷയം അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്ന് മറ്റ് രീതിയിൽ പ്രശ്‌നം ഉയർത്താനാണ് തീരുമാനം. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ മന്ത്രി ഇന്നും നിയമസഭയിൽ എത്തില്ല. മൂന്ന് ദിവസത്തെ അവധിയിലാണ് മന്ത്രിയെന്നാണ് വിവരം.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്‌കരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.മന്ത്രി ശിവൻകുട്ടി രാജിവെക്കുക, ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ കോൺഗ്രസ് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. അതേസയമം വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭ കയ്യാങ്കളിക്കേസ്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ഐഎൻഎലിലെ പോര് തുടങ്ങിയവ ചർച്ചയാവും.
സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53; 128 മരണം;16,649 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂർ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂർ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസർഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 161 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3514, തൃശൂർ 2738, കോഴിക്കോട് 2597, എറണാകുളം 2317, പാലക്കാട് 1433, കൊല്ലം 1514, കണ്ണൂർ 1194, തിരുവനന്തപുരം 1113, കോട്ടയം 933, ആലപ്പുഴ 978, കാസർഗോഡ് 914, വയനാട് 679, പത്തനംതിട്ട 553, ഇടുക്കി 414 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.102 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂർ 20 വീതം, മലപ്പുറം 12, കാസർഗോഡ് 11, തൃശൂർ 9, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് 5 വീതം, കോട്ടയം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1013, കൊല്ലം 889, പത്തനംതിട്ട 406, ആലപ്പുഴ 768, കോട്ടയം 1148, ഇടുക്കി 331, എറണാകുളം 2026, തൃശൂർ 2713, പാലക്കാട് 960, മലപ്പുറം 2779, കോഴിക്കോട് 1653, വയനാട് 463, കണ്ണൂർ 755, കാസർഗോഡ് 745 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2809 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്‌ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്‌ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തു വരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകള്‍ തുറന്നു നല്‍കിയത്. കൂടാതെ വിത്ത്, വളക്കടകള്‍ അവശ്യസര്‍വീസുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തും. പകര്‍ച്ചവ്യാധി വിദ്ഗധര്‍ ഉള്‍പ്പടെയുള്ളവര്‍ അടങ്ങുന്ന സംഘമാകും കേരളത്തിലെത്തുക. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തിലാണ്.
കണ്ണൂരില്‍ വാഹനാപകടം; രണ്ടു കാറും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: താണ ധനലക്ഷ്മി ഹോസ്പിറ്റലിനു മുന്നില്‍ രാവിലെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടു കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. തളിപ്പറമ്പ് ഏഴാംമൈലില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ടെറാനോ കാര്‍ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപത്തെ ജങ്ഷനില്‍ വച്ച് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാറുകള്‍ നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയിലും ഇടിച്ചു.അപകടത്തില്‍പ്പെട്ട കാര്‍ തലകീഴായി റോഡരികിലെ കടയുടെ സമീപത്തേക്ക് മറിഞ്ഞു. ഓടിയെത്തിയ നാട്ടുകാരും പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതായി പോലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈല്‍ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് അലി എന്നിവരെയും മറ്റ് രണ്ടുപേരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ഐസിഎംആര്‍; മൂന്നാം തരംഗം രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാന്‍ സമയമെടുക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.രോഗവ്യാപന സാഹചര്യം പരിശോധിക്കാന്‍ ആറംഗ കേന്ദ്രസംഘം കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 43,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 50.69 ശതമാനം കേസുകളും കേരളത്തില്‍ നിന്നാണ്. രാജ്യത്തെ നാല് ലക്ഷം സജീവ കേസുകളില്‍ ഒന്നര ലക്ഷവും കേരളത്തിലാണ്.അതേസമയം വാക്‌സിന്‍ വഴിയോ രോഗം വന്നതുമൂലമോ കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് കണ്ടെത്തല്‍. നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകളനുസരിച്ച് സംസ്ഥാനത്ത് 44.4 ശതമാനം പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ പ്രതിരോധശേഷി ലഭിച്ചിട്ടുള്ളത്. ജൂണ്‍ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐസിഎംആര്‍ നാലാമത് ദേശീയ സിറോ സര്‍വേ നടത്തിയത്.