കണ്ണൂർ: ജില്ലയിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്. പയ്യന്നൂരിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.അന്വേഷണത്തിൽ നാല് ഉദ്യോഗസ്ഥർ ഇത്തരത്തിൽ കോച്ചിംഗ് സെന്ററുകളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ചു. ഓഫീസുകളിൽ നിന്ന് ലീവ് എടുത്താണ് ഉദ്യോഗസ്ഥർ കോച്ചിംഗ് സെന്ററുകളിലെത്തിയിരുന്നത്. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
മാൻഡോസ് ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു;തമിഴ്‌നാട്ടിൽ 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലുൾപ്പെടെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് മാൻദൗസ് ചുഴലിക്കാറ്റ്. ശനിയാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുൾപ്പെടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതിതീവ്ര ചുഴലിക്കാറ്റായ മാൻദൗസ് വരും മണിക്കൂറിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. തുടർന്ന് അർദ്ധ രാത്രി തമിഴ്‌നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ പുലർച്ചെയോടെ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങൾക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.തമിഴ്നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്താൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാർക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്നും ബീച്ച് സന്ദർശനം ഒഴിവാക്കണമെന്നും വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യരുതെന്നും ചെന്നൈ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയില്‍ കണ്ടെയ്നർ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ഇടുക്കി: കണ്ടെയ്നർ ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.പശ്ചിമബംഗാൾ സ്വദേശികളായ പ്രദീപ്, സുദൻ എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. പാളികളായി അടുക്കിവെച്ചിരുന്ന ഗ്രാനൈറ്റ് ഇരുവരുടെയും മേല്‍ മറിഞ്ഞു വീഴുകയായിരുന്നു.ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് തോട്ടം പണിയുമായി ബന്ധപ്പെട്ടാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. തൊഴിലാളികള്‍ കണ്ടെയ്‌നറില്‍ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്രാനൈറ്റിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിഫലമായി. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്.ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഗ്രാനൈറ്റ് ഓരോ പാളികളായി എടുത്തുമാറ്റി ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒന്നരമണിക്കൂറോളം സമയമെടുത്താണ് ഗ്രാനൈറ്റ് പാളികൾ നീക്കാൻ കഴിഞ്ഞത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; പദ്ധതിക്ക് തത്വത്തിൽ അംഗീകാരമുണ്ടെന്നും പിണറായി വിജയൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇത് സമ്പദ്ഘടനയ്‌ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളർച്ചയ്‌ക്കും നൽകുന്ന സംഭാവന ചെറുതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.DPR റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർ ലൈൻ പ്രക്ഷോഭം വിജയിച്ചാൽ അത് നാടിന്റെ പരാജയമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈനും വന്ദേഭാരതും കേരളത്തിന് വേണം. ഇതിനായി ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സർവ്വേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തുടർന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം സ്പീക്കർ തള്ളി.പ്രധാനമന്ത്രിയെ നേരിൽ കണ്ടു. ഒരക്ഷരം പദ്ധതിക്കെതിരെ പ്രധാനമന്ത്രി സംസാരിച്ചില്ല. പദ്ധതി പൂർണമായും നടപ്പാക്കാൻ കഴിയില്ല എന്ന് കേന്ദ്രം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൂർണമായി പദ്ധതി തള്ളിപ്പറയാൽ കേന്ദ്ര സർക്കാരിന് പോലും കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയ്ക്ക് അനുമതി കിട്ടും. കിട്ടിയാൽ വേഗം തന്നെ പൂർത്തിയാക്കും.പദ്ധതി ഉപേക്ഷിച്ചതിന്റെ ഭാഗമായിട്ടല്ല ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് എതിരായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ വഴങ്ങില്ല.കേരളത്തിൽ ഏത് പദ്ധതി വന്നാലും എതിർക്കുന്നവർ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഏത് അനുമതി ലഭിച്ചാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ആലപ്പുഴയിൽ പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ സ്വദേശി രാംജിത്തിന്റെ ഭാര്യ അപർണയും(21) കുഞ്ഞുമാണ് മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വേദനയെത്തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്.പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാം ചുമതലപ്പെടുത്തിയിരുന്നു. അമ്പലപ്പുഴ പോലീസ് അപർണയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് അപർണ മരിച്ചത്.ഇതോടെ ബന്ധുക്കൾ പ്രതിഷേധം ശക്തമാക്കി കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.അതേസമയം സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ മാറ്റിനിർത്താൻ തീരുമാനം. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഡോ. തങ്കു തോമസ് കോശിയെ മാറ്റി നിർത്താനുള്ള തീരുമാനം. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.
കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് ഇരട്ട ജീപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1.25 ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ചെയ്ത കുറ്റത്തിന് ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോ എന്ന് പ്രതികളോട് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഉമേഷും ഉദയനും മറുപടി നൽകിയില്ല. ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതികൾ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടത്.കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. 2018 മാർച്ച് 14 നാണ് വിദേശ വനിതയെ കാണാതായത്. 37 ദിവസത്തിന് ശേഷം പനത്തുറയിലെ കണ്ടൽകാട്ടിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.വിഷാദ രോഗത്തിന് ചികിത്സയ്ക്ക് എത്തിയ ലാത്വിയൻ യുവതിക്ക് ലഹരിവസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് കോവളത്തിന് സമീപം കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല. തുറമുഖത്തിനെതിരായ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. നാടിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുക തന്നെ ചെയ്യും. പ്രക്ഷോഭങ്ങൾ ഉണ്ടായാൽ മുഖം തിരിക്കുന്ന സർക്കാർ അല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തീര ശോഷണം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കൽ ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഹരിതോർജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. പദ്ധതിക്കെതിരെ അഭിപ്രായവ്യത്യാസം നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ല. നാടിൻ്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.പോലീസ് സ്റ്റേഷൻ ആക്രമം നേരത്തെ കരുതിക്കൂട്ടി നടത്തിയതാണ്. പോലീസ് സ്റ്റേഷൻ ആക്രമണത്തിന് വേണ്ടി പ്രത്യേകമായി ആളുകളെ സജ്ജരാക്കി. ഇവർ ഇളക്കി വിടാൻ നോക്കുന്ന വികാരം എന്താണെന്ന് പിണറായി ചോദിച്ചു.
വിഴിഞ്ഞം സംഘർഷം;തീരദേശത്ത് പ്രത്യേകശ്രദ്ധ; സ്‌റ്റേഷനുകള്‍ക്ക് ജാഗ്രതാനിര്‍ദേശം;അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം
തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാനിര്‍ദേശം.കലാപസമാന സാഹചര്യം നേരിടാൻ സജ്ജരാകാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദ്ദേശം നൽകി.അടുത്ത രണ്ടാഴ്ചത്തേക്കാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാറിന്റെതാണ് നിർദ്ദേശം.തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്. അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം . അടിയന്തര സാഹചര്യത്തിൽ അവധി വേണ്ടവർ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം.സ്‌പെഷ്യൽ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കണം. റേഞ്ച് ഡി ഐജിമാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തണം.വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയെയാണ് നിയോഗിച്ചിട്ടുള്ളത്.വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നെങ്കിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. പോലീസ് തുടര്‍ നടപടികളിലേക്ക് കടന്നാല്‍ പ്രകോപനം ഉണ്ടാകാനും പ്രതിഷേധം സംസ്ഥാനം ഒട്ടാകെ വ്യാപിക്കാനും സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ അടക്കം പ്രക്ഷോഭസാധ്യതകള്‍ ഇന്റലിജന്‍സ് മുന്നറിയിപ്പിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.
തലശ്ശേരി കത്തിക്കുത്ത്; പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്;കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെത്തി
കണ്ണൂർ: തലശ്ശേരിയിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൊലയ്‌ക്കുപയോഗിച്ച ആയുധം അന്വേഷണ സംഘം കണ്ടെത്തി.കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച ഓട്ടോയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തലശ്ശേരി കമ്പൗണ്ടർഷോപ്പ് എന്ന സ്ഥലത്ത് പ്രതികളെ എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. മൂന്നാം പ്രതിയായ സന്ദീപിന്റെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലായിരുന്നു കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കത്തി ഒളിപ്പിച്ചത്. ഒന്നാം പ്രതി പാറായി ബാബുവിനെ എത്തിച്ചായിരുന്നു കത്തി പോലീസ് കണ്ടെടുത്തത്.ഇതിന് സമീപമായിരുന്നു ഓട്ടോ ഒളിപ്പിച്ചിരുന്നത്. സന്ദീപിന്റെ വീടിന്റെ പരിസരത്തെ തെളിവെടുപ്പ് അവസാനിച്ചാൽ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.ഇതിന് ശേഷം ഏഴ് പ്രതികളെയും പോലീസ് കോടതിയിൽ ഹാരജാക്കും. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്.പാറായി ബാബു, ജാക്‌സൺ എന്നിവർ ചേർന്ന് ലഹരി ഇടപാടിന്റെ പേരിൽ വെട്ടി കൊന്നുവെന്നാണ് കേസ്.കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിൽ 5 പേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ സംഭവിച്ച വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു;മൂന്ന് പേർ കസ്റ്റഡിയിൽ
കണ്ണൂർ: തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് നെട്ടൂർ സ്വദേശി ഷാനിബിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇന്നലെ വൈകിട്ട് 4.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. ഷമീറിന്റെ മകൻ ഷബീലിനെ നേരത്തേ ഒരു സംഘം നേരത്തെ മർദ്ദിച്ചിരുന്നു. ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന പേരിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ഖാലിദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. ഇരുവരെയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തലശേരി സ്വദേശികളെ പോലീസ് പിടികൂടി. ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് കസ്റ്റഡിയിലായത്.