തിരുവനന്തപുരം: അപകടഭീഷണി ഉയർത്തി ബൈക്കില്‍ അഭ്യാസം നടത്തുന്നവരെ പിടികൂടാൻ മോട്ടോര്‍ വാഹനവകുപ്പിന്റെ തയ്യാറാക്കിയ ഓപ്പറേഷന്‍ റാഷില്‍ ഇതുവരെ കുടുങ്ങിയത് 1660 പേര്‍. 143 പേരുടെ ലൈസൻസ് റദ്ദ് ചെയ്തു. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങൾ കണ്ടെത്തിയത് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നാണെന്ന് പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.ബൈക്കിൽ പല തരത്തിൽ അഭ്യാസങ്ങൾ നടത്തി കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും ഭീഷണി ഉയർത്തി ചീറിപ്പാഞ്ഞ് പോയവരാണ് ഓപ്പറേഷൻ റാഷിൽ കുടുങ്ങിയത് . പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്. ഇതില്‍ 1660 എണ്ണമാണ് അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്.ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ചങ്ങനാശേരിയില്‍ ബൈക്ക് റേസിങ്ങിന് ഇരയായി മൂന്ന് പേർ മരിച്ചതിനു പിന്നാലെയായിരുന്നു ഗതാഗതവകുപ്പ് ഓപ്പറേഷന്‍ റാഷ് എന്ന പേരിൽ പരിശോധന തുടങ്ങിയത്.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം; ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം. ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക് (ഡബ്ല്യുഐപിആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി.ഡബ്ല്യുഐപിആര്‍ പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂർണ്ണ ലോക്ക് ഡൗണ്‍.പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. സമ്പൂർണ്ണ ലോക്ക് ഡൗണുള്ള പ്രദേശങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴു വരെ അവശ്യസര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം. കടകളിലും മറ്റും പോവാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരുംതന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവർക്ക് കടകളില്‍ പോകാവുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ തെറ്റാണ്.കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം കേസുകളും ഡെല്‍റ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് പരിശോധിക്കാനായി കേന്ദ്രത്തില്‍ നിന്നെത്തിയ ആറംഗ സംഘം സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകള്‍ സന്ദര്‍ശിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. പോസിറ്റീവ് ആയ വ്യക്തിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ തോത് കൂടുന്നതാണ് പ്രതിദിന കേസുകളുടെ എണ്ണം കൂടാന്‍ പ്രധാന കാരണം.
കണ്ണൂർ കേളകത്ത് നിന്നും രണ്ട് നാടൻ തോക്കും എട്ട് തിരകളും പിടികൂടി
കണ്ണൂർ:കേളകത്ത് നിന്നും രണ്ട് നാടൻ തോക്കും എട്ട് തിരകളും പിടികൂടി.പേരാവൂർ എക്‌സൈസ് നടത്തിയ പരിശോധയിലാണ് ഇവ കണ്ടെടുത്തത്. വനാതിർത്തിയിലെ കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇവ.സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പ്രദേശത്ത് എക്‌സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പോലീസിന് കൈമാറി.സംസ്ഥാനത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടവരാണ് തോക്കുകൾ പ്രദേശത്ത് എത്തിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് വാക്‌സിനേഷന് തദ്ദേശസ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കാനാണ് വാക്‌സിനേഷനായി സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്.വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കോവിന്‍ പോര്‍ട്ടലിലാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കും. അതിനാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി വാക്‌സിനേഷന്‍ ഉറപ്പാക്കാനും വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാനുമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ യജ്ഞത്തിന്‍റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്ബ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും. ഇവരെ വാര്‍ഡ് തിരിച്ച് കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നത്. ഈ യജ്ഞത്തില്‍ ഓണ്‍ലൈനായും നേരിട്ടുമുള്ള രജിസ്‌ട്രേഷനിലൂടെ 50 ശതമാനം സ്ലോട്ട് വീതമാണ് അനുവദിക്കുന്നത്.വാക്‌സിന്‍റെ ലഭ്യത കുറവ് കാരണം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ലോട്ട് തെരഞ്ഞെടുക്കുമ്ബോള്‍ അവരുടെ തദ്ദേശ സ്ഥാപനത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രം തന്നെ തെരഞ്ഞെടുക്കണം. കര്‍ശന വ്യവസ്ഥകളോടെയായിരിക്കും 50 ശതമാനമുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലോട്ടുകളില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.വാര്‍ഡ് തലത്തില്‍ പട്ടിക തയ്യാറാക്കിയായിരിക്കും വാക്‌സിന്‍ നല്‍കുക. കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്തവര്‍ക്ക് ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷന്‍ ഉറപ്പിക്കും.
സംസ്ഥാനത്ത് ഇന്ന് 23,500 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ശതമാനം;19,411 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23,500 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂർ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസർഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3093, മലപ്പുറം 3033, എറണാകുളം 2760, കോഴിക്കോട് 2765, പാലക്കാട് 1563, കൊല്ലം 1622, ആലപ്പുഴ 1407, തിരുവനന്തപുരം 1152, കോട്ടയം 1188, കണ്ണൂർ 1071, പത്തനംതിട്ട 676, ഇടുക്കി 624, വയനാട് 551, കാസർഗോഡ് 544 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, തൃശൂർ, പാലക്കാട് 14 വീതം, കാസർഗോഡ് 13, വയനാട് 10, എറണാകുളം 9, കൊല്ലം 8, പത്തനംതിട്ട, ആലപ്പുഴ 4 വീതം, ഇടുക്കി, കോഴിക്കോട് 3 വീതം, തിരുവനന്തപുരം 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേർ രോഗമുക്തി നേടി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം 1169, കൊല്ലം 1165, പത്തനംതിട്ട 532, ആലപ്പുഴ 1073, കോട്ടയം 1301, ഇടുക്കി 353, എറണാകുളം 2024, തൃശൂർ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098, വയനാട് 522, കണ്ണൂർ 1323, കാസർഗോഡ് 132 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാർ;സ്വന്തം വാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വാക്സിനേഷന്റെ ആദ്യ ഡോസ് എല്ലാ ദുര്‍ബല വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാക്‌സിന്‍ ലഭിക്കാന്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. നഗരങ്ങളില്‍ വാക്‌സിന്‍ അതാത് വാര്‍ഡില്‍ തന്നെ സ്വീകരിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിലും മുന്‍ഗണന അവിടെ ഉള്ളവര്‍ക്കായിരിക്കും. മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ചുമതല. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡില്‍ തന്നെ വാക്‌സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരോട് ഇക്കാര്യം ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കും.താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന. വാക്‌സിന്‍ വിതരണത്തിനായി വാര്‍ഡ് തലത്തില്‍ മുന്‍ഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്‌സിന്‍ പകുതി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയും പകുതി സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വിതരണം ചെയ്യും.വാക്‌സിനേഷന്റെ ഏകോപന ചുമതല ഇനി മുതല്‍ ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും അടുത്ത നാല് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരുടെ പട്ടിക തയാറാക്കാനും നിര്‍ദേശമുണ്ട്. ഇതിന്റെ ചുമതലയും തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. 18 വയസ്സിന് മുകളിലുള്ള കിടപ്പുരോഗികളെയെല്ലാം കണ്ടെത്തി പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്നും അതിനായി മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ വിന്യസിക്കണമെന്നും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി;ഇരിട്ടി ആര്‍ടിഒ നോട്ടീസ് പതിച്ചു
കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. ഇരിട്ടി ആര്‍ടിഒ അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിച്ചു. വ്‌ലോഗേഴ്‌സിന്റെ ലൈസന്‍സ് റദ്ദാക്കാനും ഗതാഗത കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്.ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മ ലാല്‍ അറിയിച്ചിരുന്നു. വാഹനം തിരികെ നിരത്തിലിറക്കാന്‍ നിയമപരമായുള്ള അവസരങ്ങള്‍ ഇ-ബുള്‍ ജെറ്റുകാര്‍ക്ക് ലഭിക്കും. ഇതില്‍ പിഴ അടക്കേണ്ടത് നിര്‍ണായകമായിരിക്കും. അതെല്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടു പോകും. വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42000 രൂപ പിഴനല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്‌ലോഗര്‍മാര്‍ ബഹളം വച്ചത്. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത ലിബിനും എബിനും ചൊവ്വാഴ്ചയാണ് ജാമ്യം ലഭിച്ചത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി:കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി. ഇത് രണ്ടാം തവണയാണ് അർജുന്റെ ജാമ്യം കോടതി തള്ളുന്നത്.കേസിൽ കഴിഞ്ഞ ആഴ്ച വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. കസ്റ്റംസിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അർജുൻ അന്തർ സംസ്ഥാന സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളക്കടത്ത് സംഘം തന്നെ അർജുൻ ആയങ്കിയുടെ പിന്നിലുണ്ട്. അതിനാൽ അർജുന് ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി പ്രതി സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കാർ വാടകയ്‌ക്ക് എടുത്താണ് സ്വർണം കടത്തുന്നതും, ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളതായി ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഏഴിനും അര്‍ജുന്‍ ആയങ്കി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.
പ്രണയം നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ വിഷയം;കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍.കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകം ഞെട്ടിച്ചു. പ്രണയം നിരസിക്കുന്നതിന് പെൺകുട്ടിയെ ശല്യം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.ജാഗ്രതയുണ്ടാവുമെന്നും അതിവിപുലമായ ചതിക്കുഴി ഒഴുക്കി ചിലർ പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പോലീസ് മൃദു സമീപനം സ്വീകരിക്കില്ല. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകൾ ഉള്ളതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.മാനസ കൊലക്കേസിൽ തോക്ക് വാങ്ങിയത് കണ്ടെത്തിയത് പോലീസിന്റെ മികവാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനം തടയാൻ ഗവർണർ മുന്നോട്ടുവെച്ച നിർദ്ദേശം സ്വീകാര്യമാണ്. സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിർപ്പ് ഉയർന്നുവരണം. സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണം. ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.