ന്യൂഡൽഹി: രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരമനുസരിച്ച് ഇതില്‍ 46 ശതമാനവും കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ അല്പമെങ്കിലും ശമനമുണ്ടെങ്കിലും കേരളത്തില്‍ കോവിഡ് ഗുരുതരമാകുന്ന സ്ഥിതിവിശേഷമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.അതേസമയം വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വൈറസിന്റെ പുതിയ വകഭേദമാണ് കൂടുതല്‍ മാരകമായത്. കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത്. രണ്ടാം കൊവിഡ് തരംഗം കുറഞ്ഞെങ്കിലും പുതിയ വകഭേദത്തിന് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ആറ്റിങ്ങലിൽ വഴിയോര മത്സ്യവില്‍പനക്കാരിയുടെ മീന്‍ പാത്രം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാർക്ക് സസ്പെന്‍ഷന്‍
കൊല്ലം: ആറ്റിങ്ങലിൽ വഴിയോര മത്സ്യവില്‍പനക്കാരിയുടെ മീന്‍ പാത്രം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.മുബാറക്, ഷിബു എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.ഓഗസ്റ്റ് 10ന് ആറ്റിങ്ങല്‍ അവനവഞ്ചേരി ജംക്‌ഷനിലായിരുന്നു സംഭവം ഉണ്ടായത്.ആഗസ്റ്റ് 10നായിരുന്നു സംഭവം. അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ പേരിലായിരുന്നു മത്സ്യക്കുട്ട വലിച്ചെറിഞ്ഞത്. ഇവര്‍ രണ്ടുപേരും സംയമനപരമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയെന്ന് നഗരസഭ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.ഇരുവര്‍ക്കും നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.കച്ചവടക്കാരെ നീക്കം ചെയ്യാന്‍ മാത്രമേ നിര്‍ദേശിച്ചിരുന്നുള്ളൂവെന്നും മത്സ്യം വലിച്ചെറിയാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും നഗരസഭ വ്യക്തമാക്കിയിരുന്നു.
ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവ്;സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാകില്ല
തിരുവനന്തപുരം: ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറവ് മൂലം സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാക്കാനാവില്ലെന്ന് റിപ്പോർട്ട്.ഈ മാസം 16 നുള്ളില്‍ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റ് എത്തിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു സപ്ലൈകോ പ്രവര്‍ത്തിച്ചതെങ്കിലും ചില സാധനങ്ങളുടെ ലഭ്യത കുറവ് ഇതിനു തടസ്സമായി.ഏലയ്ക്കാ, ശര്‍ക്കരവരട്ടി പോലുള്ള ചില ഉല്‍പന്നങ്ങള്‍ക്കാണ് ക്ഷാമം നേരിട്ടത്. റേഷന്‍കടകളില്‍ കഴിഞ്ഞ 31ആം തിയതി വിതരണം തുടങ്ങിയെങ്കിലും കാര്‍ഡ് ഉടമകളില്‍ 50 ശതമാനത്തോളം പേര്‍ക്ക് പോലും ഇതുവരെ കിറ്റ് കിട്ടിയില്ല. സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കുന്ന 85ലക്ഷം കിറ്റില്‍ ഇത് വരെ 48 ലക്ഷം കിറ്റുകള്‍ ഉടമകള്‍ കൈപ്പറ്റി. ഉത്രാടം ദിവസം വരെ പരമാവധി കിറ്റുകള്‍ തയ്യാറാക്കി 60 ലക്ഷം ഉടമകള്‍ക്ക് കിറ്റ് കൈമാറാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.ഇതിനായി സംസ്ഥാനത്ത് 1000ത്തിലധികം പാക്കിംഗ് സെന്‍ററുകള്‍ സജീവമാണ്. ബിപിഎല്‍ കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗം പേര്‍ക്കും കിറ്റ് കൈമാറിയെന്ന് സപ്ലൈകോ സിഎംഡി വ്യക്തമാക്കി. ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും.
കൊച്ചിയില്‍ ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി;സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി.കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ കസ്റ്റംസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.അതിമാരക ലഹരിമരുന്നായ എംഡിഎംഎ യാണ് പിടികൂടിയത്.സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ചെന്നൈയില്‍ നിന്ന് സാധനം എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്.കാക്കനാട് ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇതിന് മുന്‍പും കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്.
കണ്ണൂർ പേരാവൂരിലെ അഗതിമന്ദിരത്തിൽ നൂറോളം അന്തേവാസികൾക്ക് കൊറോണ;മരണങ്ങള്‍ നാലായി
കണ്ണൂർ: പേരാവൂരിലെ അഗതി മന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കൊറോണ സ്ഥിരീകരിച്ചു.തെറ്റുവഴിയിലെ കൃപാഭവനിലാണ് രോഗവ്യാപനം അതിരൂക്ഷമായത്. ഇവിടുത്തെ അന്തേവാസികളായ 234 നാലുപേരില്‍ പകുതിയോളം പേര്‍ക്കും രോഗം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്‌ക്കിടെ നാല് പേരാണ് ഇവിടെ കൊറോണ ബാധിച്ച് മരിച്ചത്. എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുകൊണ്ടെന്നും രോഗവ്യാപനത്തിന് പരിഹാരമല്ലാത്ത അവസ്ഥയാണെന്ന് നടത്തിപ്പുകാര്‍ ചുണ്ടിക്കാട്ടുന്നു. മാനസിക വിഭ്രാന്തി അടക്കമുള്ള വിവിധ രോഗങ്ങളുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. അതുകൊണ്ടുതന്നെ രോഗബാധിതരാകുന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്തി ആവശ്യമായ പരിചരണം നല്‍കുന്നതിന് സാധ്യമല്ലാത്ത സ്ഥിതിയാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ മരണം ഉണ്ടാകുന്നത് . 72 കാരനായ മുരിങ്ങോടി സ്വദേശി രാജനായിരുന്നു അത്. തുടര്‍ന്ന് ചൊവ്വാഴ്ച മൂന്നു പേരും മരിച്ചു. കണിച്ചാര്‍ ചാണപ്പാറ സ്വദേശി പള്ളിക്കമാലില്‍ മേരി (66) , മാനന്തേരി കാവിന്മൂല സ്വദേശി സജിത്ത് (33) , ഉത്തര്‍പ്രദേശ് സ്വദേശി സന്ദേശ് (43) എന്നിവരാണ് മരിച്ചത്.25നും 95 നും ഇടയിലുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. സുമനസ്സുകളുടെ സഹായത്തോടെയാണ് അഗതിമന്ദിരം മുന്നോട്ട് പോകുന്നത്. എന്നാൽ കൊറോണയായതിനാൽ ആളുകൾ വരാതായതോടെ സംഭാവനകളും നിലച്ചു. അന്തേവാസികൾക്ക് ഭക്ഷണം അടക്കം കിട്ടാത്ത അവസ്ഥയാണ് ഉള്ളത്.അവര്‍ക്കാവശ്യമായ മരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്നും സ്ഥാപന ഡയറക്ടര്‍ സന്തോഷ് പറഞ്ഞു. അന്തേവാസികളില്‍ നിരവധിപേര്‍ മാനസിക രോഗികളാണ് . ഇവര്‍ക്ക് ഒരു മാസം മരുന്നിനു മാത്രം മുപ്പതിനായിരം രൂപയോളം വേണം. രണ്ടേകാല്‍ ലക്ഷത്തോളം രൂപ മരുന്ന് വാങ്ങിയ വകയില്‍ ഒരു കമ്പനിക്ക് നല്‍കാനുണ്ടെന്നും സന്തോഷ് പറഞ്ഞു.
ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്; സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ്
കണ്ണൂർ:ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റ് ഇട്ടവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ്.ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്.പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും.നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇ ബുള്‍ ജെറ്റ് വ്ലോഗേഴ്സിന്റെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെയും കേസെടുത്തിരുന്നതാണ്. കഴിഞ്ഞ ആഴ്ചയാണ് വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പോലീസിനെയും, മോട്ടോര്‍വാഹന വകുപ്പിനെയും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിരവധി പോസ്റ്റുകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ ആളുകള്‍ പ്രചരിപ്പിച്ചത്. കേരളം കത്തിക്കുമെന്നും, പോലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്നുമുള്ള തരത്തിലുള്ള ഭീഷണികളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5%; മരണം 179;18,731 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21,427 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂർ 2307, പാലക്കാട് 1924, കണ്ണൂർ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസർഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2994, കോഴിക്കോട് 2794, എറണാകുളം 2591, തൃശൂര്‍ 2291 ,പാലക്കാട് 1260, കണ്ണൂര്‍ 1222, കൊല്ലം 1303, തിരുവനന്തപുരം 1100, കോട്ടയം 1071, ആലപ്പുഴ 985, ഇടുക്കി 764, പത്തനംതിട്ട 743, കാസര്‍ഗോഡ് 590, വയനാട് 554 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.86 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 22, പാലക്കാട് 14, കാസർഗോഡ് 11, എറണാകുളം, തൃശൂർ 8 വീതം, പത്തനംതിട്ട 7, കോട്ടയം 6, കൊല്ലം 5, വയനാട് 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 293, പത്തനംതിട്ട 546, ആലപ്പുഴ 1177, കോട്ടയം 1226, ഇടുക്കി 424, എറണാകുളം 2100, തൃശൂർ 2530, പാലക്കാട് 2200, മലപ്പുറം 2935, കോഴിക്കോട് 2207, വയനാട് 676, കണ്ണൂർ 1116, കാസർഗോഡ് 519 എന്നിങ്ങനെയാണ് രോഗമുക്തിയായത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
തലശ്ശേരിയിൽ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടികൂടാന്‍ ശ്രമിച്ച എക്സൈസ് സംഘത്തെ കുത്തി പരുക്കേല്‍പ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍
തലശ്ശേരി: കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടികൂടാന്‍ ശ്രമിച്ച എക്സൈസ് സംഘത്തെ കുത്തി പരുക്കേല്‍പ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍.തിരുവങ്ങാട് ചാലില്‍ ചാക്കിരി ഹൗസില്‍ കെ.എന്‍ നസീറി (30)നെയാണ് തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തലശേരി കടല്‍പ്പാലം പരിസരത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു പരിശോധനയ്‌ക്കെത്തിയ തലശേരി എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീന് ഓഫിസര്‍മാരായ കെ.സി ഷിബു, ജിജീഷ് ചെരുവായി എന്നിവരെ വാഹനത്തിന്റെ ഗ്ലാസ് ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ച് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടത്.പ്രതി ഉപേക്ഷിച്ച 40 ഗ്രാം കഞ്ചാവും സ്ഥലത്ത് നിന്ന് എക്സൈസും കണ്ടെടുത്തിരുന്നു. ടൗണിലെ അംബാസിഡര്‍ ലോഡ്ജിനു സമീപത്തായിരുന്നു സംഭവം. തലശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി ഹരീഷ്‌കുമാര്‍ എന്നിവര്‍ തലശേരി പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്..
തിരുവനന്തപുരം ലോ അക്കാദമിയിലെ അദ്ധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു
തിരുവനന്തപുരം: ലോ അക്കാദമിയിലെ അദ്ധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം സ്വദേശി സുനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്.മൈതാനത്ത് ചെന്ന് തലയില്‍ കൂടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുനിൽ കുമാറിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാവിലെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. പരിപാടിയില്‍ സുനില്‍ കുമാര്‍ പങ്കെടുത്തിരുന്നു. അദ്ധ്യാപകന്‍ ഗ്രൗണ്ടിലിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. അദ്ധ്യാപകന്റെ ബാഗില്‍ നിന്നും പെട്രോള്‍ വാങ്ങിയ കുപ്പി കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.ക്ലാസിലൂണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് സുനില്‍കുമാര്‍ മൈതാനത്തേക്ക് പോയത്. മരണത്തെക്കുറിച്ചായിരുന്നു സുനില്‍ കുമാറിന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. രണ്ട് മൂന്നുദിവസമായി സുനിൽകുമാർ അസ്വസ്ഥനായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഐഎസ് ബന്ധം; കണ്ണൂരിലെ ഐഎസ് വനിതകളെ എൻഐഎ കുടുക്കിയത് നിർണായക നീക്കത്തിലൂടെ
കണ്ണൂർ: കണ്ണൂരിലെ ഐഎസ് വനിതകളെ എൻഐഎ കുടുക്കിയത് നിർണായക നീക്കത്തിലൂടെ.ആറ് മാസക്കാലത്തെ നിരീക്ഷണത്തിനൊടുവിലായിരുന്നു ഇവരുടെ അറസ്റ്റ്. കൊച്ചിയിലെ എൻഐഎ യൂണിറ്റിനെപോലും അറിയിക്കാതെയായിരുന്നു ഡൽഹി സംഘം കേരളത്തിൽ എത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ സമൂഹമാദ്ധ്യമത്തിൽ ഗ്രൂപ്പുണ്ടാക്കിയായിരുന്നു യുവതികൾ ഭീകര സംഘടനയ്‌ക്കായി ആശയങ്ങൾ പ്രചരിപ്പിച്ചത്. ടെലിഗ്രാം, ഹൂപ്പ്, ഇൻസ്റ്റഗ്രാം എന്നിവയായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്. ഇതിന് പുറമേ കണ്ണൂരിൽ താമസിച്ച് കേരളത്തിലടക്കം ഭീകര സംഘടനയ്‌ക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്റുമാരാണ് ഇവരെന്നും എൻഐഎ കണ്ടെത്തിയത്.