ബെഗളൂരു:മൈസൂർ കൂട്ടബലാൽസംഗ കേസിൽ മലയാളി വിദ്യാർത്ഥികൾക്കും പങ്കെന്ന് സൂചന.സംഭവ ശേഷം കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. ഇവർ പിറ്റേദിവസത്തെ പരീക്ഷയെഴുതിട്ടില്ലെന്നാണ് വിവരം. ഒരു തമിഴ്‌നാട് സ്വദേശിയും കേസിൽ ഉൾപ്പെട്ടതായി പോലീസിന് സംശയമുണ്ട്. ഇവര്‍ നാല് പേരും പെണ്‍കുട്ടി പഠിക്കുന്ന അതേ കോളജിലെ വിദ്യാര്‍ത്ഥികളാണ്.കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രക്കൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് കേസന്വേഷണത്തിൽ നിർണായകമായ വെളിപ്പെടുത്തൽ ഐജി നടത്തിയത്. പ്രതികൾ നാട്ടുകാരായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് പങ്കില്ലെന്ന സൂചനകൾ പോലീസിന് ലഭിച്ചു. പിന്നീട് സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പ്രദേശത്ത് സംഭവസമയത്ത് ആക്ടീവായിരുന്ന സിം കാർഡുകൾ കേന്ദ്രീകരിച്ച അന്വേഷണം പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരിലേക്ക് നയിച്ചു. ഇതിൽ നിന്നാണ് മൂന്ന് മലയാളി വിദ്യാർത്ഥികളിലേക്കും തമിഴ്‌നാട് സ്വദേശിയിലേക്കും പോലീസെത്തിയത്. ഇവർ മൈസൂർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്. കോളജിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവശേഷം ഇവരെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതും സംശയത്തിനിടയാക്കി.ഇവര്‍ കേരളത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് പെൺകുട്ടിയും സുഹൃത്തും ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
മരം മോഷണം പോലീസിനെ അറിയിച്ചുവെന്ന സംശയത്തിൽ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസ്; പ്രധാന പ്രതി കീഴടങ്ങി
കണ്ണൂർ: മരം മോഷണം പോലീസിനെ അറിയിച്ചുവെന്ന സംശയത്തിൽ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി.ചക്കരക്കല്‍ മിടാവിലോട് സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ ആണ് പൊലീസ് സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെ കീഴടങ്ങിയത്.ചക്കരക്കല്‍ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്.ഓഗസ്റ്റ് 19ന് വൈകിട്ടു കാണാതായ പ്രജീഷിന്റെ മൃതദേഹം 22ന് ആണു കനാലില്‍ കണ്ടെത്തിയത്.മൗവഞ്ചേരി സ്വദേശി റഫീഖ് വീടു നിര്‍മാണത്തിനു വേണ്ടി സൂക്ഷിച്ച 4 ലക്ഷം രൂപ വില വരുന്ന മരം ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചു എന്ന സംശയത്തിലാണ് മോഷണ സംഘത്തിലെ പ്രതി അബ്ദുല്‍ ഷുക്കൂറും സുഹൃത്ത് പനയത്താംപറമ്ബ് സ്വദേശി പ്രശാന്തനും ചേര്‍ന്നു പ്രജീഷിനെ കൊലപ്പെടുത്തിയത്. പ്രശാന്തന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ശതമാനം;18,573 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂർ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസർഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3926, തൃശൂർ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂർ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസർഗോഡ് 577 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.116 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 25, പത്തനംതിട്ട 18, പാലക്കാട്, കാസർഗോഡ് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം, തൃശൂർ 6 വീതം, കൊല്ലം, ആലപ്പുഴ 5 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂർ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂർ 1191, കാസർഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കാമെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ വെള്ളിയാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലാ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിങ്ങനെയുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
24 മണിക്കൂറില്‍ 115.5 എം.എം മുതല്‍ 204.4 എം.എം വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ആഗസ്റ്റ് 27 മുതല്‍ 30 വരെ തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പറഞ്ഞ തീയതികളില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല. കൂടാതെ 27 മുതല്‍ 31 വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പ്രസ്തുത പ്രദേശങ്ങളിലുള്ളവരും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
കൊറോണ വ്യാപനം രൂക്ഷം;സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി സർക്കാർ.ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഞായറാഴ്ച സംസ്ഥാനത്ത് ഉണ്ടാകുക.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാകും ഞായറാഴ്ച തുറക്കുക. അവശ്യസേവനങ്ങളും അനുവദിക്കും. അത്യാവശ്യ യാത്രകൾക്കും അനുമതിയുണ്ട്. കൊറോണ വ്യാപനം കണക്കിലെടുത്ത് വരുന്ന ഞായറാഴ്ചകളിലും ഇത് തുടരാനാണ് സാദ്ധ്യത.സ്വാതന്ത്ര്യദിനത്തിന്റെയും ഓണത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ഡൗൺ ഉണ്ടായിരുന്നില്ല. ഇതിന് ശേഷം ഞായറാഴ്ചകളിൽ ലോക്ഡൗൺ തുടരണമോയെന്ന ആലോചനയിലായിരുന്നു സർക്കാർ. എന്നാൽ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം 30,000 പിന്നിട്ടതോടെയാണ് ഞായറാഴ്ച ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ട അതീവജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമ വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം:നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമ വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം ആശ്രാമം സ്വദേശിനി അനൈന (21) യാണു മരിച്ചത്.ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറില്‍ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗര്‍ വന്ദനം ഹൗസില്‍ വാടകയ്‌ക്കു താമസിച്ചുവരികയായിരുന്നു അനൈനയുടെ കുടുംബം. ലോ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനൈന .കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ അംജിത്തിനെയും മാതാപിതാക്കളായ സജീദിനെയും റജിയെയും പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. കാറിന്റെ പിന്‍സീറ്റില്‍ വലതു ഭാഗത്തായിരുന്നു അനൈന.എതിര്‍ ദിശയില്‍ അമിതവേഗത്തില്‍ വന്ന ചിറയിന്‍കീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയില്‍ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു.ഇടിയുടെ ആഘാതത്തില്‍ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്.
കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം
ന്യൂഡൽഹി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാറിന്റെ കർശന നിർദ്ദേശം. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയ്ക്കും ഇതേ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ഇക്കാര്യം ഉന്നയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കേന്ദ്രം യോഗത്തിൽ മുന്നറിയിപ്പ് നൽകി. രണ്ട് സംസ്ഥാനങ്ങളും വാക്‌സിനേഷൻ ശക്തമായി തുടരണം. കൂടുതൽ ഡോസ് ആവശ്യമെങ്കിൽ അനുവദിക്കും.സമ്പർക്കത്തിലൂടെയുള്ള വ്യാപനം തടയുന്നതിന് ആഘോഷങ്ങൾക്കായുള്ള കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആഭ്യന്തര സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ പങ്കെടുത്തു.
വിദ്യാര്‍ഥിക്ക് സേ പരീക്ഷ അവസരം നഷ്ടമായ സംഭവം; പ്രധാനാധ്യാപകന്റെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധം
കണ്ണൂർ:പ്രധാനധ്യാപകന്റെ അനാസ്ഥമൂലം വിദ്യാർത്ഥിക്ക് സേ പരീക്ഷ അവസരം നഷ്ടമായ സംഭവത്തിൽ പ്രതിഷേധം.കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥി എം. നിഹാദിനാണ് പരീക്ഷക്കുള്ള അവസരം നഷ്ടമായത്. ഇതോടെ വിദ്യാർത്ഥിക്ക് ഒരു അധ്യയന വര്‍ഷം നഷ്ടമാകുന്ന സ്ഥിതിയായി. സംഭവത്തില്‍ സ്കൂളിന് മുന്നില്‍ മുസ്ലിം യൂത്ത് ലീഗ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാര്‍ഥിക്ക് സേ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കുക, കൃത്യവിലോപം കാട്ടിയ പ്രധാനാധ്യാപകനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സേ പരീക്ഷക്ക് ആവശ്യമായുള്ള ഫീസടക്കം നിഹാദ് ട്രഷറിയില്‍ അടച്ചിരുന്നു.ഇതിന്റെ രസീത് അടക്കം നേരത്തെ സ്കൂളില്‍ ഹാജരാക്കി. എന്നാല്‍, പരീക്ഷക്ക് ആവശ്യമായ തുടര്‍ നടപടികള്‍ പ്രധാനധ്യാപകന്‍ കൈക്കൊള്ളാത്തതിനാല്‍ നിഹാദിന് പരീക്ഷയെഴുതാന്‍ സാധിച്ചില്ല. സംഭവത്തില്‍ യൂത്ത് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. നേരത്തെ വിദ്യാര്‍ഥിയും രക്ഷിതാവും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുകയാണ്.
സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു
പത്തനംതിട്ട:സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ്(55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കബറടക്കം വെള്ളിയാഴ്ച തന്നെ നടക്കും. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.കാഴ്ച, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. പ്രമുഖ കാറ്ററിംഗ്, റസ്റ്റോറന്റ് ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമയാണ്. ടെലിവിഷൻ കുക്കറി ഷോകളിലൂടെയാണ് നൗഷാദ് മലയാളികൾക്ക് സുപരിചിതനാകുന്നത്.കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാദ്ധ്യതകൾ കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവായി തുടക്കമിടുന്നത്. ഭാര്യ: പരേതയായ ഷീബ, മകൾ: നഷ്‌വ
സംസ്ഥാനത്ത് വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു;35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നും;സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം:സംസ്ഥാനത്ത് വീടുകളില്‍ കോവിഡ് വ്യാപനം വർധിക്കുന്നതായി പഠനറിപ്പോർട്ട്. 35 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനം സൂചിപ്പിക്കുന്നത്.ഇതുകൊണ്ടുതന്നെ എല്ലാവരും സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.വീടുകളിലെ കൊറോണ വ്യാപനം കുറയ്‌ക്കുന്നതിന് വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ:
* ശരിയായി മാസ്‌ക് ധരിക്കുക
* രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക
*സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്‌ക്കിടയ്‌ക്ക് കൈ വൃത്തിയാക്കുക
* കോവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണിൽ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്. കോവിഡ് കാലം കഴിഞ്ഞിട്ട് നേരിട്ട് പോകാം.
* പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തുക.
* രോഗിയുമായി നേരിട്ട് സമ്പർക്ക പട്ടികയിലുള്ളവർ കൃത്യമായി ക്വാറന്റൈനിലിരിക്കുക. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.
* കടകളിൽ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്റ്റം ഉപയോഗിക്കുക.
* മുതിർന്ന പൗരന്മാർ റിവേഴ്സ് ക്വാറന്റൈൻ പാലിക്കണം.
* ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകൾ ആശാ വർക്കർമാർ വഴി വീടുകളിലെത്തിക്കുന്നു.
* ഈ ദിവസങ്ങളിൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ പോകുന്നത് ഒഴിവാക്കുക. ആരിൽ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്.
* വീടുകളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദർശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
* ഓഫീസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.
* പരിശോധനയ്‌ക്ക് സാമ്പിൾ അയച്ചാൽ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ കഴിയുക.
* പരിശോധനയ്‌ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദർശിക്കരുത്.
* അനുബന്ധ രോഗമുള്ളവർ സ്വയം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
* അടച്ചിട്ട സ്ഥലങ്ങൾ കൊറോണ വ്യാപനത്തിന് കാരണമാണ്. അതിനാൽ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം.
* ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ട്.