കണ്ണൂർ: മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു.മട്ടന്നൂര്‍ കളറോഡ് പത്തൊമ്ബതാംമൈല്‍ മലബാര്‍ സ്‌കൂളിനു സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ച കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസ്‌കുട്ടി(28) ആണ് മരിച്ചത്.പരിക്കേറ്റ കാര്‍ യാത്രികരായ ഫാദര്‍ റോയി മാത്യു വടക്കേല്‍ (53), ഷാജി (40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി (45), സിസ്റ്റര്‍ ട്രീസ (56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവെച്ചു
പാലക്കാട്: പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിടുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്.കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.രാജി അനിവാര്യമാണെന്ന് സ്വയം തോന്നിയതിനാലാണ് കോൺഗ്രസ് വിട്ടതെന്നും മറ്റ് പാർട്ടിയിലേക്ക് ഉടനില്ലെന്നും ഗോപിനാഥ് അറിയിച്ചു.കോൺഗ്രസ് തന്റെ ജീവനാഡിയാണ്. പ്രസ്ഥാനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. നാൽപത്തിമൂന്ന് വർഷത്തോളം പാലക്കാടിനെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി സംരക്ഷിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് തന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാൻ സാധിച്ചില്ലെന്ന് ഗോപിനാഥ് പറഞ്ഞു. മുന്‍ ആലത്തൂര്‍ എം.എല്‍.എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുന്‍ ഡി.സി.സി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോപിനാഥ്, നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഗോപിനാഥ് പറഞ്ഞു.നിരവധി സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാന്‍ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനില്‍ അക്കരെ ചോദിച്ചിരുന്നു. പാർട്ടി അംഗത്വം രാജിവെച്ച ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തുകയും ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ മഹത്തായ പാരമ്ബര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനകരമായ കാര്യമാണെന്നും ഗോപിനാഥ് പറഞ്ഞു.
ഡിസിസി പുനഃസംഘടനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ്സിൽ വ്യാപക പ്രതിഷേധം;ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിമർശനവുമായി രംഗത്ത്
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ്സിൽ വ്യാപക പ്രതിഷേധം;ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിമർശനവുമായി രംഗത്തെത്തി.വേണ്ടത്ര ചർച്ചകളോ കൂടിയാലോചനകളോ കൂടാതെയാണ് സംസ്ഥാന നേതൃത്വം ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കിയതെന്നാണ് ഇവരുടെ ആരോപണം.പട്ടിക പരസ്യപ്പെടുത്തിയും കടുത്ത വിമർശനം ഉന്നയിച്ചും ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയെങ്കിലും തൊട്ടുപിന്നാലെ മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമെത്തി.ഇതോടെ പാർട്ടി സമീപകാലത്തില്ലാത്തവിധം പ്രതിസന്ധിയിലായി.ഇതോടെ എഗ്രൂപ് നേതാവ് ഉമ്മൻ ചാണ്ടിയും ഐ വിഭാഗം നേതാവ് രമേശ് ചെന്നിത്തലും ഒരു വശത്തും കെ സുധാകരനും വി ഡി സതീശനും മറുവശത്തുമായി പോരുകനത്തു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രെട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് സംസ്ഥാന നേതൃത്വം മുതിർന്ന നേതാക്കളെ വെട്ടിയൊതുക്കാൻ ശ്രമിക്കുന്നതെന്ന ആരോപണവും എ, ഐ ഗ്രൂപ്പുകാർ ഉന്നയിച്ചു. ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നാണ് സുധാകരന്‍ പറയുന്നത്.ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്ന് അടുത്തവൃത്തങ്ങളും പറയുന്നു. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികളുമായി ഇന്ന് ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികളുമായി പോലീസ് ഇന്ന് ചെന്നൈയില്‍ തെളിവെടുപ്പ് നടത്തും.ലഹരിമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കേസില്‍ അറസ്റ്റിലായ ത്വയ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയില്‍ നിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 19 നാണ് കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. എക്‌സൈസ്-കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അഞ്ചംഗ സംഘം പിടിയിലായി. രണ്ടുതവണയായി നടത്തിയ റെയ്ഡില്‍ പ്രതികളുടെ കാറിലും താമസസ്ഥലത്ത് നിന്നും ഒരു കിലോയിലേറെ എംഡിഎംഎ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് എത്തിക്കുന്നതാണെന്നും ഇതിനായി മൂന്ന് തവണ പോയി വന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.അതിനിടെ രണ്ട് തവണയായി മയക്കുമരുന്ന് കണ്ടെത്തിയ സംഭവം രണ്ട് വ്യത്യസ്ത കേസുകളായി പരിഗണിച്ചത് വിവാദമായിരുന്നു. കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് ഒരേ കേസ് രണ്ടാക്കി മുറിച്ചതെന്ന വാദം ഉയർന്നതോടെ കേസ് പ്രത്യേകം അന്വേഷിക്കാൻ എക്‌സൈസ് ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു
തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം.സമയം ആവശ്യസർവ്വീസുകൾ, ആശുപത്രി യാത്ര,(കൂട്ടിരിപ്പിന് ഉൾപ്പടെ), അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം. ചരക്കുനീക്കം എന്നിവയ്‌ക്ക് മാത്രമാണ് ഇളവുള്ളത്.മറ്റുള്ളവർ അടുത്ത പോലീസ് സ്‌റ്റേഷനിൽ നിന്നും യാത്രാനുമതി വാങ്ങണം.പ്രതിവാര രോഗവ്യാപനതോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
എറണാകുളം കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 മരണം
എറണാകുളം:കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 മരണം.തൊടുപുഴ സ്വദേശികളായ ആദിത്യന്‍ (23), വിഷ്ണു (24), അരുണ്‍ ബാബു (24) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും കാര്‍ യാത്രികരാണ്.കോലഞ്ചേരിക്കു സമീപം തൃക്കളത്തൂരില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ടു പേരെ കൊലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രി പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവിൽ വരും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ മാത്രമാണ് അനുവദിക്കുക. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഇന്ന് സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുവേണം കടകളുടെ പ്രവർത്തനമെന്നും സർക്കാർ നിർദ്ദേശമുണ്ട്. സ്വാതന്ത്ര്യദിനം , ഓണം എന്നിവ പ്രമാണിച്ച് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിന് ശേഷം കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ഇതേ തുടർന്നാണ് ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ആരംഭിക്കും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്.ദീര്‍ഘദൂര യാത്രക്കാര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ട്രിപ്പിള്‍ ലോക്ഡൗണും ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ കര്‍ശനമാക്കുക.
സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 18.67%; 153 മരണം; 21,468 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ക്കോട് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂര്‍ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസര്‍ക്കോട് 512 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ക്കോട് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805, ആലപ്പുഴ 1244, കോട്ടയം 476, ഇടുക്കി 741, എറണാകുളം 1819, തൃശൂര്‍ 2521, പാലക്കാട് 2235, മലപ്പുറം 3002, കോഴിക്കോട് 2301, വയനാട് 649, കണ്ണൂര്‍ 1138, കാസര്‍ക്കോട് 550 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,51,666 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത് മുതൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലം കടയ്ക്കലിൽ പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം;അമ്മയുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്തു
കൊല്ലം: പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്.മുഖത്തും, വയറ്റിലും ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയെന്നാരോപിച്ചായിരുന്നു പിതാവിന്റെ മര്‍ദനം.കുഞ്ഞിനെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.പറഞ്ഞാല്‍ കേട്ടിട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു പിതാവിന്റെ മര്‍ദ്ദനം. ഞാനാണ് ഇവനെ ഉണ്ടാക്കിയതെന്നും തടയാന്‍ ശ്രമിച്ച കുട്ടിയുടെ ഉമ്മാമ്മയോട് പിതാവ് പറയുന്നു.ഇക്കാ ഇത് കണ്ടോ എന്ന് പറഞ്ഞ് കുഞ്ഞ് വാവിട്ട് കരയുന്നത് വീഡിയോയില്‍ കാണാം. അതിനിടെ പകര്‍ത്തിയ വീഡിയോ നീ പൊലീസിനെ കൊണ്ട് പോയി കാണിക്കെന്ന് ഇയാള്‍ പറയുകയും ചെയ്യുന്നു.മര്‍ദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.നാസറുദ്ദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു.മര്‍ദനത്തിന്റെ വിഡിയോ ചിത്രീകരിക്കുകയാണെന്നും, ദൃശ്യങ്ങള്‍ പൊലീസില്‍ ഹാജരാക്കുമെന്നും അടുത്തുള്ള ഒരാള്‍ പറഞ്ഞതോടെയാണ് ഇയാൾ മര്‍ദനം നിര്‍ത്തിയത്.
മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലുപേർക്ക് പത്ത് ലക്ഷം രൂപ വീതം സമ്മാനം നൽകി ആദരിച്ച് ദുബായ് ഭരണാധികാരി
ദുബായ്: മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലു പേരെ ആദരിച്ച് ദുബായ് ഭരണാധികാരി. പത്ത് ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇവരെ ആദരിച്ചത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗള്‍ഭിണിപ്പൂച്ചയെ താഴേക്ക് ചാടിച്ചാണ് ഇവര്‍ രക്ഷകരായത്.ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന്‍ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവര്‍ക്കാണു പാരിതോഷികം. ഭരണാധികാരിയുടെ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥന്‍ നേരിട്ട് തുക സമ്മാനിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ പൂച്ച കുടുങ്ങുകയായിരുന്നു.ഇതു ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് തൊട്ടടുത്ത് താമസിക്കുന്ന നാസറിനെ അറിയിക്കുകയായിരുന്നു. നാസര്‍ എത്തി തോര്‍ത്ത് ഇരു കൈകളിലും നിവര്‍ത്തിപ്പിടിച്ച് പൂച്ചയ്ക്ക് ചാടാന്‍ വഴിയൊരുക്കിയെങ്കിലും അത് ചാടിയില്ല. വഴിയാത്രക്കാരായ മൊറോക്കന്‍ സ്വദേശിയും പാക്കിസ്ഥാന്‍കാരനും ഒപ്പം കൂടി.വലിയൊരു പുതപ്പ് കൊണ്ടുവന്ന് മൂന്നുപേരും നിവര്‍ത്തിപ്പിടിച്ചതോടെ പൂച്ച അതിലേക്ക് ചാടുകയായിരുന്നു.വടകര സ്വദേശി മുഹമ്മദ് റാഷിദ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഇവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സഹിതം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക’ എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.