കൊല്ലം: ശ്രീലങ്കയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടുകളില്‍ എത്തിയ സംഘം കേരള തീരത്തേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ശ്രീലങ്കൻ സ്വദേശികളായ തീവ്രവാദികളുടെ സംഘമാണ് ഇതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.കേരളാ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പാകിസ്താനിലേക്ക് പോകാനാണ് സംഘത്തിന്റെ നീക്കം. ഇതോടെ കോസ്റ്റൽ പോലീസ് അടക്കം തീരപ്രദേശങ്ങളിലെത്തി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബോട്ടുകളിൽ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കടലിനോട് ചേർന്നുള്ള റിസോർട്ടുകളും നിരീക്ഷണത്തിലാണ്.റിസോർട്ടുകളിൽ താമസിക്കാൻ എത്തുന്നവരുടെ പേര് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൽ പോലീസിനെ അറിയിക്കണമെന്ന നിർദ്ദേശം നൽകി.ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പോലീസിന്റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് ശ്രീലങ്കന്‍ സംഘം കേരളത്തിലേക്ക് പ്രവേശിച്ചത് എന്നാണ് നിഗമനം.
‘ബലം പ്രയോഗിച്ച് കെെഞരമ്പ് മുറിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു’; മറയൂര്‍ സംഭവത്തില്‍ യുവാവിനെതിരെ അധ്യാപികയുടെ മൊഴി
ഇടുക്കി :ബലം പ്രയോഗിച്ച് കൈ ഞരമ്പ് മുറിച്ച് കാമുകൻ നാദിർഷ തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുവെന്ന് മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖിലയുടെ മൊഴിതനിക്ക് ആത്മഹത്യ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും, എന്നാല്‍ നാദിര്‍ഷ ബലം പ്രയോഗിച്ച് തന്റെ രണ്ട് കൈയിലെയും ഞരമ്ബുകള്‍ മുറിക്കുകയായിരുന്നു എന്നുമാണ് ആശുപത്രിയില്‍ കഴിയുന്ന യുവതി പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ ഉച്ചയ്‌ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും മറയൂർ സ്വദേശിനി നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്.ആത്മഹത്യ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ച് കൊടുത്തിരുന്നു. നാദിര്‍ഷയ്‌ക്ക് വേറെ വിവാഹം ഉറപ്പിച്ചതറിഞ്ഞ നിഖില നാദിര്‍ഷയെ വിളിച്ചു. തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് മാർക്കിടൽ; പ്രതിഷേധവുമായി സംഘടനകൾ
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് അവരുടെ കാര്യക്ഷമതയ്‌ക്കനുസരിച്ച് മാർക്കിടാൻ ഉള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി സംഘടനകൾ. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു പുതിയ തീരുമാനം. പുതിയ തീരുമാനം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി ജോയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമുയർന്നത്.സെക്രട്ടേറിയറ്റിൽ നിന്നു മറ്റു സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടുക,അതിന്റെ പേരിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയ്‌ക്കെതിരെയാണ് സംഘടന പ്രതിനിധികൾ പ്രതിഷേധമുയർത്തിയത്.സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയമായതിനെ തുടർന്ന് പുതിയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്താനായി ഒന്ന് മുതൽ പത്ത് വരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കുള്ള മാറ്റം,ഓരോ വകുപ്പിലും നിശ്ചിത കാലത്തെ നിർബന്ധിത സേവനം, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുളളവർ ഒരു വകുപ്പിൽ കുറഞ്ഞത് രണ്ട് വർഷം ഉണ്ടായിരിക്കണം,മൂന്ന് വർഷത്തിന് ശേഷം മറ്റൊരു വകുപ്പിലേക്കുള്ള നിർബന്ധിത മാറ്റം തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് ഭരണപരിഷ്‌കാര കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ കമ്മീഷൻ മുന്നോട്ട് വച്ച പരിഷ്‌ക്കാരങ്ങൾ പലതും പ്രായോഗികമല്ലെന്ന അഭിപ്രായമാണ് ജീവനക്കാർക്കുള്ളത്.
കോവിഡ് നിയന്ത്രണം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകനയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം ചേരുന്നത്. ഞായറാഴ്ചത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരണോ, രാത്രി കര്‍ഫ്യൂ പിന്‍വലിക്കണോ എന്നീ കാര്യങ്ങളില്‍ ഇന്ന് ചേരുന്ന യോഗം തീരുമാനമെടുക്കും. നിലവിലെ കോവിഡ് പ്രതിരോധ നടപടികളില്‍ മാറ്റം വരുത്തണോ എന്നതും യോഗം ചര്‍ച്ച ചെയ്യും.സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പോലുള്ള നടപടികൾ ഏർപ്പെടുത്തുന്നത് സാമ്പത്തിക മേഖലയിൽ അടക്കം ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. സമൂഹിക പ്രതിരോധ ശേഷി നേടി സാധാരണ നിലയിലേക്ക് നീങ്ങണമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരാൻ കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ച്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനുള്ള വിദഗ്ധ സമിതി രൂപീകരിക്കുന്നതും യോഗത്തിലുയര്‍ന്നേക്കും. രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട സമിതിയെ രൂപീകരിക്കും. വാര്‍ഡ് തല സമിതിയെ സജീവമാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി : സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ എം ഖാന്‍വിക്കർ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചത്തേക്കാണ് ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷകൾ സ്റ്റേ ചെയ്തത്. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.കേരളത്തിലെ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് നിരീക്ഷിച്ചാണ് പരീക്ഷകൾ സ്റ്റേ ചെയ്തിരിക്കുന്നത്. എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയത് . കേരളത്തിലെ ടിപിആർ പതിനഞ്ച് ശതമാനത്തിന് മുകളിൽ തുടരുകയാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സെപ്തംബര്‍ 5 മുതല്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണം; പ്രവൃത്തി ദിനം 5 ആക്കി കുറയ്ക്കണം; ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസില്‍ നിന്ന് 57 ആക്കി ഉയര്‍ത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിച്ചിട്ടുള്ളത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ആക്കി കുറച്ച് ജോലി സമയം ദീര്‍ഘിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. നിലവില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് ജീവനക്കാരുടെ ജോലി സമയം. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. ശനിയാഴ്ചയിലെ പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 ആക്കി ദീര്‍ഘിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. വര്‍ഷത്തിലെ അവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം.നിലവിലെ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം മാറി മാറി നല്‍കണം. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കുക. സാധാരണക്കാരന്റെ പ്രശ്‌നം ഉള്‍ക്കൊള്ളാനുള്ള മനോഭാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറണം. പിഎസ്സി നിയമനങ്ങള്‍ കാര്യക്ഷമമാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടാവണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടതെന്നും ശുപാര്‍ശയില്‍ പറയുന്നു.
ഇടുക്കിയില്‍ കമിതാക്കള്‍ കൈ ഞരമ്പ് മുറിച്ച് കൊക്കയിലേക്ക് ചാടി;യുവാവ് മരിച്ചു; യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ഇടുക്കി: മറയൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി ബാദുഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു.ബാദുഷ യും മറയൂര്‍ ജയ്മാത പബ്ലിക് സ്‌കൂളിലെ അധ്യാപികയായ യുവതിയുമാണ് കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യൂപോയിന്റില്‍ സന്ദര്‍ശനത്തിനെത്തിയ മറ്റ് സഞ്ചാരികളാണ് യുവതിയെ കൈ ഞരമ്പ് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ കൊക്കയില്‍ നിന്നും യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈലില്‍ നിന്നും തങ്ങള്‍ പ്രണയത്തിലാണെന്നും ജീവിയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ മരിക്കുകയാണെന്നുമുള്ള വീഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. മറയൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്, കമിതാക്കള്‍ കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ എത്തിയത്. യുവതിയുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
കോവിഡ് പ്രതിരോധം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ഇന്ന്.വൈകിട്ട് നാലുമണിക്കാണ് യോഗം ചേരുക.296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, റവന്യു മന്ത്രി കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. തദ്ദേശസ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനിലെ പുരോഗതിയും യോഗം വിലയിരുത്തും. വാക്‌സിന്‍ നല്‍കിയതിന്റെ കണക്ക് തദ്ദേശസ്ഥാപനങ്ങളുടെ കൈയില്‍ വേണമെന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അറുപതിന് മുകളില്‍ പ്രായമുള്ളവരില്‍ ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലെ പുരോഗതിയും യോഗം ചര്‍ച്ചചെയ്യും.സെപ്തംബര്‍ അഞ്ചിന് മുന്‍പ് എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുക കൂടിയാണ് യോഗത്തിന്റെ ലക്ഷ്യം.
കണ്ണൂരിൽ ഭര്‍തൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂർ: ഭര്‍തൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനീഷ ആണ് ആത്മഹത്യ ചെയ്തത്.ഭര്‍ത്താവ് വിജീഷിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് പൊലീസ് നടപടി.ഒന്നരവര്‍ഷം മുൻപാണ് സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറേക്കാകാലം അകല്‍ച്ചയിലായിരുന്നു.ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സുനീഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു .ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.സുനീഷ മരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്ത് വന്നിട്ടും വിജീഷിന്റെ അറസ്റ്റ് വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കളിക്കുന്നതിനിടെ ഫ്രിഡ്ജിനു പിന്നിൽ ഒളിച്ചിരുന്നു;ഷോക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം : വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫ്രിഡ്ജിനു പുറകിൽ ഒളിച്ചിരുന്ന ഒന്നരവയസ്സുകാരിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ റൂത്ത് മറിയമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.സമീപത്തെ വീട്ടിലെ കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെയാണ് കുട്ടിയ്‌ക്ക് ഷോക്കേറ്റത്. കുഞ്ഞിന്റെ അമ്മൂമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.