കൊച്ചി : പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ് (84) അന്തരിച്ചു. കൊച്ചി കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിവന്നിരുന്നു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. രാഷ്ട്രീയ ഗുരുവായിരുന്ന മത്തായി മാഞ്ഞൂരാന്‍റെ ജീവചരിത്രവും രണ്ടു നോവലുകളും രണ്ടു യാത്രാ വിവരണങ്ങളും കെ എം റോയ് രചിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്;ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി യോട് സാവകാശം ആവശ്യപ്പെട്ട് വി.കെ. ഇബ്രാഹിം കുഞ്ഞ്
കൊച്ചി:ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി യോട് സാവകാശം ആവശ്യപ്പെട്ട് വി.കെ. ഇബ്രാഹിം കുഞ്ഞ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി.കെ. ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ഇബ്രാഹിംകുഞ്ഞ് പറയുന്നു. കഴിഞ്ഞ വർഷം സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 16ന് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതിനിടയിലാണ് അപ്പീലുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ഹർജി തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷൻബെഞ്ച് പരിഗണിച്ചേക്കും.
ടി.പി വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ എം.എല്‍.എ
കോഴിക്കോട്: ടി.പി കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ എം.എല്‍.എ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടാണ് രമ ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നീതി ലഭിക്കില്ല. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.2012 മെയ് നാലിനാണ് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര ഒഞ്ചിയം വള്ളിക്കാട് ജങ്ഷനില്‍വെച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോൾ കാറിലെത്തിയ അക്രമിസംഘം ചന്ദ്രശേഖരനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാത കേസില്‍ സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അടക്കമുള്ളവരെ ശിക്ഷിച്ചിരുന്നു.
നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് : നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറവുശാല ഉടമകളായ ബീരാൻ, ഇസ്മായിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവർ പോത്തിനെ ഓട്ടോയിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടു പോയത്.അപകടമുണ്ടാക്കും വിധം വാഹനമോടിച്ചതിനും, മൃഗങ്ങളെ മനപൂർവ്വം കൊല്ലാൻ ശ്രമിച്ചതിനുമാണ് കേസ് എടുത്തത്. ഇതിന് പുറമേ അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് ഉപദ്രവമുണ്ടാക്കാൻ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരമാണ് കേസ്. സംഭവസമയം ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്.കശാപ്പിന് കൊണ്ടുപോകുമ്പോഴാണ് പോത്തിനെ ഇവർ കെട്ടിവലിച്ചത്. വഴിയാത്രക്കാരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള അവലോകന യോഗം ശനിയാഴ്ച നടക്കും. വൈകുന്നേരം 3.30-നാണ് യോഗം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണിക്കും.ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു താഴെയുള്ള തദ്ദേശ വാര്‍ഡുകളില്‍ ഹോട്ടലുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചേക്കും.പ്രാരംഭഘട്ടത്തിൽ 50 ശതമാനം ആളുകളുമായി പ്രവർത്തിക്കാനാകും അനുവാദം ഉണ്ടാകുക. ഹോട്ടൽ ഉടമകൾ ഇളവുകൾ ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ സിനിമ തിയറ്ററുകൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. ഈ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ല. കടകളുടെ പ്രവര്‍ത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്. മറ്റിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും.ഇളവുകൾ അനുവദിക്കുമ്പോഴും രോഗ സ്ഥിരീകരണ നിരക്ക് ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് വലിയ ആശങ്കയാണ്. കഴിഞ്ഞ ദിവസവും രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ ആയിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഇപ്പോഴും കേരളത്തിലാണ് ഉള്ളത്.
സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍; 18 വയസ്സ് തികഞ്ഞ മുഴുവന്‍ പേര്‍ക്കും ഒന്നാം കോവിഡ് വാക്‌സിന്‍ നല്‍കിയതായി മേയര്‍ ടി.ഒ.മോഹനന്‍
കണ്ണൂർ: സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍. കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരില്‍ 18 വയസ്സ് തികഞ്ഞ മുഴുവനാളുകള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കിടപ്പു രോഗികള്‍ക്കും വാക്‌സിന്‍ നിഷേധിക്കുന്നവരുമായ ഒരു ചെറിയ വിഭാഗം മാത്രമേ ഇനി പ്രതിരോധ മാര്‍ഗം സ്വീകരിക്കാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ ബാക്കിയുള്ളൂ. ഇവരും ഉടന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുമെന്ന് പ്രതിക്ഷിക്കുന്നതായി മേയര്‍ പറഞ്ഞു. ഇതിനോടൊപ്പം 52 ശതമാനം പേര്‍ കോര്‍പറേഷന്‍ പരിധിയില്‍ രണ്ടാം വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ വാക്‌സിന്‍ നല്‍കേണ്ട 157265 പേരില്‍ കോവിഡ് ബാധിച്ചു 90 ദിവസം തികയാത്തവരും, വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവരും ഒഴികെയുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി.കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാര്‍ക്ക് പുറമേ കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍,ഓട്ടോഡ്രൈവര്‍മാര്‍,മോട്ടോര്‍ തൊഴിലാളികള്‍,ചുമട്ട് തൊഴിലാളികള്‍, ബാര്‍ബര്‍- ബ്യൂട്ടീഷന്മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ തുടങ്ങി നിരവധി പേര്‍ക്ക് ഈ കാലയളവില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവര്‍ക്കായി ഒരു അവസരം കൂടി നല്‍കുന്നതിനു വേണ്ടി ജൂബിലി ഹാളിലും വിവിധ പി എച്ച് സി കളിലും വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്.ഇക്കാര്യം വിവിധ പത്ര- ദൃശ്യ- ഓണ്‍ലൈന്‍ -സമൂഹ മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണിയിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മേയർ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരെ മുഴുവന്‍ കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കുക എന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്.അത് അംഗീകരിച്ച് കൊണ്ട് ആവശ്യമായ വാക്‌സിന്‍ അനുവദിക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും തയ്യാറായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.കോവിഡെന്ന മഹാമാരിയെ നേരിടുന്നതിന് ജനങ്ങളെ പ്രതിരോധ സജ്ജരാക്കുന്നതിനും ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന ങ്ങളുമായി കോര്‍പ്പറേഷന്‍ ഇനിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീം കോടതി; തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി
ന്യൂഡൽഹി: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീം കോടതി. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വേണം പരീക്ഷകൾ നടത്താനെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ഏഴ് ലക്ഷം പേർ ഓഫ് ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റിന് പുറമെ സാങ്കേതിക സർവ്വകലാശാല ഓഫ്‌ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേർ എഴുതിയിരുന്നുവെന്ന സർക്കാരിന്റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.അതേസമയം പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണ്. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് പുതുക്കിയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും. പൂർണമായും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുതന്നെ പരീക്ഷകൾ നടത്തും. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് ചെങ്കളയില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റിവ്
കാസര്‍കോട്: ചെങ്കളയില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റിവ്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രുനാറ്റ് പരിശോധനയിലും പൂണെയിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലുമാണ് ഫലം നെഗറ്റീവായത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിലാണ് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചത്. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. തലച്ചോറില്‍ പെട്ടന്നുണ്ടായ പനിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. മരണത്തെ തുടര്‍ന്ന് ചെങ്കള പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുള്ളതിനാൽ പരീക്ഷ ഓൺലൈനിൽ നടത്താൻ കഴിയില്ലെത്ത് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. വീട്ടിലിരുന്ന് കുട്ടികൾ എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ കൊറോണ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെ കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പരീക്ഷ നടത്തുന്നത് തടഞ്ഞത്.രോഗവ്യാപനം രൂക്ഷമായ തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിനെ അന്ന് വിമർശിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്.
സംസ്ഥാനത്തെ കൊറോണ ഇളവുകൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നാളെ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നാളെ ചേരും.ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പ്രധാനമായും ചർച്ച ചെയ്യും.ആദ്യഘട്ടത്തിൽ പകുതി സീറ്റുകളിൽ മാത്രം സൗകര്യമൊരുക്കാനാണ് സാധ്യത. പ്രതിദിന രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷയിൽ അവലോകനയോഗം ചേരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലായിരുന്നു യോഗങ്ങൾ ചേർന്നിരുന്നതെങ്കിൽ കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ തിരക്കുകൾ കാരണം യോഗം ചേർന്നിരുന്നില്ല. അതിനാൽ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ വിലയിരുത്തിയാവും ഇളവുകൾ പ്രഖ്യാപിക്കുക.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കെടുപ്പ്, വാക്‌സിന്‍ വിതരണം എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രോഗം ബാധിക്കുന്നവര്‍ വൈകി മാത്രം ചികിത്സ തേടുന്ന പ്രവണത കണ്ട് വരികയാണ്. ഇത് മരണത്തിന് പോലും കാരണമാകുന്നതിനാല്‍ വാര്‍ഡ് കമ്മിറ്റികള്‍ ഗൃഹസന്ദര്‍ശനം വര്‍ദ്ധിപ്പിക്കുന്ന കാര്യവും തീരുമാനിക്കും. പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് പറയുമ്പോഴും അത് കൃത്യമായി നടക്കുന്നില്ല. ഈ കാര്യങ്ങളും ചർച്ചയായേക്കും