തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂർ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസർഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം 2730, തൃശൂർ 2369, പാലക്കാട് 1590, മലപ്പുറം 2423, കോഴിക്കോട് 2316, വയനാട് 942, കണ്ണൂർ 1079, കാസർഗോഡ് 281 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കണ്ണൂർ സെൻട്രൽ ജയിലിൽ പരിസരം കിളച്ച് പരിശോധന;മൊബൈൽ ഫോണുകളും മഴുവും ഡമ്പല്ലും കണ്ടെത്തി
കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിൽ പരിസരം കിളച്ച് പരിശോധന നടത്തി.ജയില്‍ ഡിജിപിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയില്‍ മൊബൈൽ ഫോണുകളും മഴുവും ഡമ്പല്ലും കണ്ടെത്തി.തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ മുതലാണ് ജയില്‍ വളപ്പ് കിളച്ച് പരിശോധന തുടങ്ങിയത്. ജില്ലാ ജയിലിലെയും, സ്‌പെഷ്യല്‍ സബ് ജയിലിലെയും സെന്‍ട്രല്‍ ജയിലിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.സിം കാര്‍ഡില്ലാത്ത രണ്ട് മൊബൈല്‍ ഫോണ്‍, നാല് പവര്‍ ബാങ്ക്, അഞ്ച് ചാര്‍ജറുകള്‍, രണ്ട് കത്തി, മഴു, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പല്‍ എന്നിവയാണ് ആദ്യ ദിവസം കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് കിട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. കേരളത്തിലെ ജയിലുകളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് എല്ലാ ജയിലുകളിലും കര്‍ശന പരിശോധനക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച്ച മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന തുടങ്ങിയത്.
കണ്ണൂരില്‍ വീണ്ടും കഞ്ചാവ് പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരില്‍ വീണ്ടും കഞ്ചാവ് പിടികൂടി.മഞ്ചപ്പാലത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന രണ്ട് പേരില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക സ്വദേശി സജീദ് മുഹമ്മദ് (24) അസം സ്വദേശി ഇക്രാമുല്‍ ഹക്ക് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 2.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സി ആനന്ദകുമാര്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് സൈക്കിളില്‍ യാത്ര ചെയ്ത് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വന്‍ ലാഭത്തില്‍ വിറ്റഴിച്ചുവരികയായിരുന്നു ഇവർ.ആഴ്ചകളോളം നിരീക്ഷിച്ചാണ് ഇവരെ വലയിലാക്കിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസന്‍, പ്രിവന്റീവ് ഓഫിസര്‍ ജോര്‍ജ് ഫര്‍ണാണ്ടസ്, പി കെ ദിനേശന്‍ (ഗ്രേഡ്), എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ വി ഹരിദാസന്‍, പി നിഖില്‍ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വിജയിയെ തേടിയുള്ള കാത്തിരിപ്പില്‍ കേരളം; തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായിട്ടില്ല
തിരുവനന്തപുരം:കഴിഞ്ഞ ദിവസം നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നടുക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ ഭാഗ്യശാലിയെ തിരഞ്ഞ് കേരളം.മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.ഭാഗ്യനമ്പർ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആ ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായിട്ടില്ല.മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റിന് ആറാം സമ്മാനവും ഒരു സമാശ്വാസ സമ്മാനവും ലഭിച്ചിരുന്നു. വിമുക്ത ഭടന്‍ ആയ വിജയന്‍ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.ഇവരെല്ലാം വന്ന് പണം വാങ്ങിയെങ്കിലും പന്ത്രണ്ട് കോടിയുടെ ഭാഗ്യവാന്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഏജന്‍സി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാര്‍ഹന് ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാല്‍ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മീഷനായി സമ്മാനത്തുകയില്‍നിന്നു കുറയും.ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കഴിച്ച് ബാക്കി 7 കോടിയോളം രൂപയാകും സമ്മാനാര്‍ഹനു ലഭിക്കുന്നത്.
കാസർകോട്ടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പോക്സോ ചുമത്തിയ അധ്യാപകന്‍ അറസ്റ്റില്‍
കാസർകോഡ്: ഉദുമ ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ദേളി സഅദിയ സ്കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ ഉസ്മാന്‍ (25) അറസ്റ്റില്‍.മുംബയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മേൽപ്പറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വിജയന്‍ എന്നിവര്‍ ആദൂര്‍, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അന്വേഷണം നടത്തി വരുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവിവരം അറിഞ്ഞ ഉടന്‍തന്നെ പ്രതി കര്‍ണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി പി.ബി. രാജീവിന്റെ നിര്‍ദേശപ്രകാരം മേൽപ്പറമ്പ് എസ്.ഐ വി.കെ. വിജയന്‍, എ.എസ്.ഐ അരവിന്ദന്‍, ജോസ് വിന്‍സന്‍റ് എന്നിവര്‍ ബംഗളൂരുവില്‍ എത്തി കര്‍ണാടക പോലീസിന്റെ സഹായത്തോടെ ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു.അതിനിടെ, പ്രതി മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമം നടത്തുന്നതായി മനസ്സിലാക്കിയ അന്വേഷണസംഘം തന്ത്രപൂര്‍വം ഒരുക്കിയ വലയില്‍ പ്രതി കുടുങ്ങുകയായിരുന്നു.ഞായറാഴ്ച ബേക്കല്‍ സബ് ഡിവിഷന്‍ ഓഫിസിലെത്തിച്ച പ്രതിയെ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാര്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപകന്റെ മാനസിക പീഡനമാണ് എന്നും എത്രയുംപെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും സംഘടനകളും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.
സംസ്ഥാനത്തെ സ്‌കൂൾ തുറക്കൽ സംബന്ധിച്ച മാർഗ്ഗരേഖ തയ്യാറാക്കാൻ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം ചേരും; ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച മാർഗ്ഗരേഖ തയ്യാറാക്കാൻ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം ചേരും.സ്‌കൂളുകൾ തുറക്കാനുള്ള ആരോഗ്യപരമായ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമാകും സ്‌കൂൾ തുറക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.എല്ലാ ക്ലാസുകളിലും മാസ്‌ക്ക് നിർബന്ധമാക്കുകയും ബസ് ഉൾപ്പെടെ അണുവിമുക്തമാക്കുകയും ചെയ്യും. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വേണമോയെന്നും ആലോചിക്കും.നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.അതേസമയം 34 ലക്ഷം വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ സ്കൂൾ തുറക്കുമ്പോൾ ക്ലാസ്സുകളിലെത്തുക . 30 ലക്ഷത്തിലധികവും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ്.എട്ട്, ഒമ്ബത്, പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ പകുതിയോടെ തുടങ്ങാനാണ് ആലോചന.ഈ ക്ലാസുകള്‍ തുടങ്ങുന്നതോടെ 47 ലക്ഷത്തോളം കുട്ടികള്‍ സ്കൂളുകളിലെത്തും.ഇത്രയും വിദ്യാര്‍ഥികളെ കോവിഡ് കാലത്ത് സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന് വെല്ലുവിളിയാണ്. അണ്‍എയ്ഡഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 15,892 സ്കൂളുകളാണ് ഒന്നര വര്‍ഷത്തോളം കോവിഡില്‍ അടഞ്ഞുകിടന്നത്.
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും; ആദ്യ ഘട്ടത്തില്‍ പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും
തിരുവനന്തപുരം:സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുൻപ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനുമാണ് തീരുമാനം.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും.വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കു പുറമെ വിദ്യാലയങ്ങള്‍ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കുകയും ഇത് സ്‌കൂളുകളില്‍ കരുതുകയും വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഒക്ടോബർ നാല് മുതൽ കോളേജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഇതിനോടൊപ്പം തന്നെ പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിനുണ്ടായ തടസ്സങ്ങളും നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനം.
സംസ്ഥാനത്ത് ഇന്ന് 19,325 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;143 മരണം; 27,266 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,325 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂർ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂർ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസർഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂർ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂർ 1272, കാസർഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
നിപ്പ;വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ;പഴങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോട്:കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ.നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചില്ല. റമ്പൂട്ടാൻ, അടയ്‌ക്ക എന്നിവയിലാണ് വിദഗ്ധ പരിശോധന നടത്തിയത്. നിപ്പ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ വീട്ടുവളപ്പിൽ നിന്നുമാണ് പഴങ്ങൾ ശേഖരിച്ചത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഭോപ്പാലിലെ ലാബിലേക്ക് അയച്ച പന്നി, വവ്വാൽ എന്നിവയുടെ പരിശോധാ ഫലവും നെഗറ്റീവ് ആണ്. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് നിന്നാണ് വനം വകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് പന്നിയേയും വവ്വാലിനേയും പിടികൂടി പരീക്ഷണത്തിന് വിധേയമാക്കിയത്.നേരത്തെ ചാത്തമംഗലത്ത് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളുടേയും മരണമടഞ്ഞ കുട്ടിയുടെ വീട്ടിലെ ആടിന്റേയും സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇവയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ന്യൂമോകോക്കല്‍ രോഗത്തിനെതിരേ കേരളത്തില്‍ ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിൻ കൂടി നല്കിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാവുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും.1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധപരിശീലന പരിപാടി സംഘടിപ്പിച്ചുവരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പലതരത്തിലുള്ള രോഗങ്ങളുണ്ടാക്കാം.ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം.ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു വാക്‌സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതാണ്. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്.