കോട്ടയം: പ്രതിശ്രുത വരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും സഞ്ചരിച്ചിരുന്നത്.കുമളിയിൽനിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. സ്കൂട്ടറിനെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിൽനിന്നു തെന്നിമാറുകയും സുബി ബസിനടിയിൽപെടുകയുമായിരുന്നു. യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി – ബിജി ദമ്പതികളുടെ ഏകമകളാണ് സുബി ജോസഫ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു
തിരുവനന്തപുരം:സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്കൂള്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആവശ്യത്തിന് ബസില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്നത് രക്ഷിതാക്കളുടെ പ്രധാന ആശങ്കയാണ്. കൊവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ കൈത്താങ്ങ്. നിലവില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.അതേസമയം ഒക്ടോബര്‍ 20-നു മുൻപ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്ന് ആന്‍റണി രാജു പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യാത്ര പ്രോട്ടോകോള്‍ ഇറക്കും. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുളളൂ. എല്ലാ സ്കൂള്‍ ബസിലും തെര്‍മ്മല്‍ സ്കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഒന്നര വര്‍ഷമായി ബസുകള്‍ നിരത്തിലിറക്കാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പല സ്കൂള്‍ ബസുകള്‍ക്കും ഇന്‍ഷുറന്‍സ് കുടിശ്ശികയുമുണ്ട്.
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻലസ് അന്വേഷണത്തിന് അനുമതി
കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. എൽഡിഎഫ് കൗൺസിലർമാർ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന വിജിലൻസ് ത്വരിത പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയിരിക്കുന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണമാരംഭിക്കും.നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിയോടൊപ്പം പതിനായിരം രൂപ വീതം നൽകിയെന്നാണ് പരാതി. കോഴപ്പണമായി ലഭിച്ച പണമാണ് ഇവർ വിതരണം ചെയ്തതെന്നാണ് ആരോപണം.ചെയർപേഴ്‌സൺ രാജിവെക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് എൽഡിഎഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് ഡയറക്ടറുടെ നിർദേശപ്രകാരം വിജിലൻസിന്റെ എറണാകുളം യൂണിറ്റ് ത്വരിതാന്വേഷണം നടത്തുകയായിരുന്നു.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും;പ്രവേശന നടപടികള്‍ നാളെമുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍.ഒരു വിദ്യാര്‍ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.
അതേസമയം ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കുമ്പോൾ ഇഷ്ടവിഷയവും ഇഷ്ടസ്കൂളും അധികം പേര്‍ക്കും കിട്ടാനിടയില്ല. ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി സയന്‍സ് വിഷയം മോഹിച്ചവര്‍ക്ക് ട്രയല്‍ അലോട്ട്മെന്റില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ 880 താമത്തെ റാങ്ക് വരെയായിരുന്നു.എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 4,19,651 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. 3,61,307 പ്ളസ് വണ്‍ സീറ്റുകളാണ് എല്ലാ വിഷയങ്ങള്‍ക്കുമായുള്ളത്. ഇതിനൊപ്പം ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് കൂട്ടുകയും ചെയ്തതോടെ കൂടുതല്‍ പേര്‍ക്ക് പ്രവേശനം കിട്ടുമെങ്കിലും ആഗ്രഹിക്കുന്ന വിഷയം കിട്ടാനിടയില്ലെന്നാണ് വിലയിരുത്തല്‍.ഈ അദ്ധ്യയനവര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അധിക സാമ്പത്തിക ബാദ്ധ്യത വരുമെന്ന് വിലയിരുത്തിയാണിത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അധിക ബാച്ചുകള്‍ വേണമെന്ന് കാണിച്ച് ഹയര്‍സെക്കന്‍ഡറി വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്.
സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 214 മരണം; 21,367 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂർ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂർ 2448, പാലക്കാട് 1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂർ 752, കാസർഗോഡ് 465 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബമ്പർ കൊച്ചി മരട് സ്വദേശി ജയപാലന്
മരട്:നിരവധി അവകാശവാദങ്ങള്‍ക്കും നാടകീയതയ്ക്കും ഒടുവില്‍ യഥാര്‍ഥ ഭാഗ്യവാനെ കണ്ടെത്തി. ഓണം ബംപര്‍ 12 കോടി സമ്മാനം ലഭിച്ചത് കൊച്ചി മരട് സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ജയപാലന്. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കൊച്ചിയിലെ കാനറാ ബാങ്കില്‍ സമര്‍പ്പിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് താന്‍. ഭാഗ്യം തേടിവന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ജയപാലൻ പറഞ്ഞു. കഴിഞ്ഞ 10നാണ് തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍നിന്നു ലോട്ടറി ടിക്കറ്റ് എടുത്തത്. നമ്പറിന്റെ പ്രത്യേകത കണ്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്നും ജയപാലന്‍ പറഞ്ഞു. ആദ്യം കടം വീട്ടണം, കുടുംബ ഭദ്രത ഉറപ്പുവരുത്തണം. സ്ഥിരമായി എല്ലാതരം ലോട്ടറി ടിക്കറ്റും എടുക്കുന്നയാളാണ് താനെന്നും ജയപാലന്‍ കൂട്ടിച്ചേര്‍ത്തു. മീനാക്ഷി ലോട്ടറീസിന്‍റെ തൃപ്പൂണിത്തുറ ശാഖയില്‍നിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ചതന്നെ ഉറപ്പിച്ചിരുന്നു. നേരത്തെ പ്രവാസിയായ സെയ്ദലവി ഉൾപ്പെടെ ലോട്ടറി അടിച്ചത് തനിക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനൊടുവിലാണ് യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തിയത്.
പ്ലസ് വൺ പരീക്ഷ;വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.വിദ്യാർത്ഥികൾക്ക് യൂണിഫോമുകൾ നിർബന്ധമാക്കേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ടുള്ള നിർദ്ദേശം സ്‌കൂളുകൾക്ക് നൽകും. പരീക്ഷയുടെ ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി.കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ സ്‌കൂളിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർത്ഥികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുന്നതിനായി പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കും. കൊറോണ രോഗികളായ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പിപിഇ കിറ്റുകൾ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ക്ലാസ് മുറികളിൽ പേന, കാൽക്കുലേറ്റർ എന്നിവ കൈമാറാൻ പാടുള്ളതല്ല.
സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദ്; കേരളത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഹര്‍ത്താല്‍ നടത്തും
തിരുവനന്തപുരം:സെപ്തംബർ 27 ന് നടത്തുന്ന ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്‍റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആയിരിക്കും ഇത്. സെപ്റ്റംബര്‍ 22 ന് പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച് ഹര്‍ത്താല്‍ വിളംബരം ചെയ്യും.
എറണാകുളത്തെ ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി
കൊച്ചി: എറണാകുളത്തെ ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും ചാടിപ്പോയ മൂന്ന് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി.കോഴിക്കോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും മെഡിക്കൽ കോളജ് വനിതാ സെല്ലിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ കൂടി കണ്ടെത്താനുണ്ട്.ഇന്നലെ പുലർച്ചെ 3.15ഓടെയായിരുന്നു എറണാകുളത്തെ ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് പേർ ചാടിപ്പോയത്. മന്ദിരത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും സാരി കെട്ടി താഴേക്ക് ഇറങ്ങിയാണ് ഇവർ പുറത്തിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.കൊച്ചിയിലെ നിർമാണ ശാലയിൽ ജോലിക്ക് നിൽക്കവെയാണ് ഇവരെ മഹിളാ മന്ദിരത്തിൽ എത്തിച്ചത്. ഒരാൾ കൊൽക്കത്ത സ്വദേശിനിയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് പ്രൈമറി ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈമറി ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസ്സുകളിൽ ഇരുത്തുക എന്നത് എളുപ്പമാകില്ല.10, 12, ക്ലാസുകള്‍ എങ്ങനെ പോകുന്നു എന്ന് വിലയിരുത്തിയ ശേഷം മാത്രമേ മറ്റ് ക്ലാസുകളിലെ ഓഫ് ലൈന്‍ പഠനം സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ. ഓരോ സ്‌കൂളിന്റെയും പരിമിതികളും സാദ്ധ്യതകളും പരിഗണിച്ച് ക്ലാസുകള്‍ തുടങ്ങുന്ന രീതി തീരുമാനിക്കാന്‍ അനുവദിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം.അതേസമയം സ്‌കൂളുകള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ- വിദ്യാഭ്യാസ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും. ഇരു വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാന തലത്തിലെ പൊതുമാനദണ്ഡത്തിന് രൂപം നല്‍കും. മാസ്‌ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് ക്രമീകരണം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കും.