തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനഹായം നിശ്ചയിക്കാന്‍ ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതിയാണ് കോവിഡ് മരണങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുക.നേരത്തെ രേഖപ്പെടുത്താത്ത മരണങ്ങള്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പ് വിതരണ ചെയ്യുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.മരിച്ചവരുടെ ബന്ധുക്കള്‍ രേഖാമൂലം ആദ്യം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡം പരിശോധിച്ച് കോവിഡ് മരണമാണോയെന്ന് ഈ കമ്മിറ്റിയാണ് തീരുമാനിക്കുക. ഇതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റിന്‍റെ നമ്പർ ഉള്‍പ്പെടുത്തി, സര്‍ക്കാരിന്‍റെ ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം. അടുത്ത മാസം 10 മുതല്‍ കോവിഡ് ധനസഹായത്തിനായുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങും. എല്ലാ രേഖകളും പ്രത്യേകസമിതി പരിശോധിച്ച ശേഷമായിരിക്കും കോവിഡ് മരണം തീരുമാനിക്കുക. സമര്‍പ്പിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പാണ് വിതരണം ചെയ്യുന്നത്. കോവിഡ് പോസിറ്റിവായതിന് ശേഷം 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളെയും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. കോവിഡ് ബാധിച്ച ശേഷം ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് നേരത്തേ സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിനുപുറമേ നേരത്തെ രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളും പുതുതായി വരുന്ന പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തും..
100 രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല; തനിക്ക് പാസ്‌പോർട്ട് ഇല്ല; തന്റെ അക്കൗണ്ടിൽ 176 രൂപയെയുള്ളൂവെന്നും മോന്‍സന്‍ മാവുങ്കലിന്റെ മൊഴി
കൊച്ചി:താൻ 100 രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലെന്നും തനിക്ക് പാസ്‌പോർട്ട് ഇല്ലെന്നും മോന്‍സന്‍ മാവുങ്കലിന്റെ മൊഴി.പാസ്‌പോർട്ട് ഇല്ലാതെയാണ് മോൻസൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്‌ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ മാത്രമാണ്.സ്വന്തമായി ഒരു അക്കൗണ്ട് മാത്രമെ തനിക്ക് ഉള്ളൂ.മകളുടെ കല്യാണവുമായി ബന്ധപ്പെട്ട ചെലവിന് മൂന്ന് ലക്ഷം രൂപ സുഹൃത്തായ ജോർജിൽ നിന്നും കടം വാങ്ങി. കൂടെയുള്ളവർക്ക് ആറ് മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു.വീട്ടുവാടകയായി അരലക്ഷം രൂപയാണ് നല്‍കേണ്ടത്. 30,000 രൂപയോളം വൈദ്യുതി ബില്‍ വരും. വീടിന്റെ സുരക്ഷയ്ക്ക് 25 ലക്ഷം രൂപയാകും. വീട്ടുവാടക നല്‍കിയിട്ട് എട്ട് മാസമായി. തട്ടിപ്പിലൂടെ കിട്ടുന്ന പണം കൊണ്ട് ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടി. പരാതിക്കാര്‍ക്ക് ബി.എം.ഡബ്ല്യൂ, പോര്‍ഷെ തുടങ്ങിയ ആഡംബര കാറുകള്‍ നല്‍കി. മകളുടെ പ്രതിശ്രുത വരന്റെ വീട്ടിൽ വരെ പരാതിക്കാര്‍ പണം ആവശ്യപ്പെട്ട് എത്തിയെന്നും മോന്‍സന്‍ പറയുന്നു.
അതേസമയം മോൻസൻ നാല് കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.മോൻസൻ വാങ്ങിയതിലേറെയും പണമായാണ്. സഹായികളുടെ അക്കൗണ്ടിലും നിക്ഷേപിച്ചു. ഇവരുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. മോൻസന്റെ ശബ്ദ സാംപിൾ ശേഖരിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനാണിത്. മോൻസന്റെ സഹായികളുടേയും അംഗരക്ഷകരുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും മോൻസൻ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഇവർ മൊഴി നൽകിയത്. 2500 രൂപയ്‌ക്ക് ദിവസ കൂലിയ്‌ക്കാണ് അംഗരക്ഷകരെ നിയമിച്ചിരുന്നത്. തോക്കുധാരികളായ 12ഓളം അംഗരക്ഷകർ മോൻസനൊപ്പം ഉണ്ടായിരുന്നു, ഇവരുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് വ്യാപനം;സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതുവരെയുള്ള നികുതി ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിദ്ദേശം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്‌ട് കാരിയേജുകളുടെ രണ്ടും മൂന്നും പാദത്തിലെ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ മുതലുള്ള ആദ്യ പാദത്തിലെ നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം വാഹനഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴില്‍ രാഹിത്യവും പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും;കേസിന്റെ പുരോഗതി വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയില്‍
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. ഇയാളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഡൽഹിയിലെ എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് ഉൾപ്പെടെയുളള വിവരങ്ങൾ ഇയാളിൽ നിന്ന് തേടേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരുന്നു. നേരത്തെ ഒക്ടോബർ ആറ് വരെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. അതിനിടെ മോൻസനെ നേരിട്ട് ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് ഐപിഎസ് കൊച്ചിയിലെത്തിയിട്ടുണ്ട്.താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ പുരാവസ്തുവെന്ന പേരില്‍ മോന്‍സണ്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി മുട്ടത്തറ സ്വദേശി സുരേഷ് നല്‍കിയ പരാതിയിലാണ് ഇന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുക. മോന്‍സണ്‍ 75 ലക്ഷം രൂപ തട്ടിച്ചുവെന്നും ഇതുമൂലം സാമ്ബത്തികമായി തകര്‍ന്നുവെന്നും സുരേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;155 മരണം; 17,862 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂർ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസർഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,965 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 743, കൊല്ലം 125, പത്തനംതിട്ട 1212, ആലപ്പുഴ 1077, കോട്ടയം 1240, ഇടുക്കി 813, എറണാകുളം 2518, തൃശൂർ 3976, പാലക്കാട് 834, മലപ്പുറം 1593, കോഴിക്കോട് 2184, വയനാട് 458, കണ്ണൂർ 712, കാസർഗോഡ് 377 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കണ്ണൂര്‍ നഗരത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ വ്യാജ പ്ലസ് ടു ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് നല്‍കി വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാൾ പിടിയില്‍.കണ്ണൂര്‍ യോഗശാല റോഡില്‍ ഐ.എഫ്.ഡി. ഫാഷന്‍ ടെക്‌നോളജിയെന്ന സ്ഥാപനത്തിന്റെ പേരില്‍ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയ കയരളം മൊട്ടയിലെ കെ.വി.ശ്രീകുമാറി (46) നെയാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്‌ഐ.പി.വി.ബാബു എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. തട്ടിപ്പിനിരയായ കുടിയാന്മല നടുവില്‍ സ്വദേശിയും നടുവില്‍ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന പി പി. അജയകുമാര്‍ കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാൾ പിടിയിലാകുന്നത്. അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവര്‍ സ്ഥാപനം വഴി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്ലസ്ടുവിന് 2015 കാലയളവിലും പിന്നീട് ഡിഗ്രിക്ക് 2015- 18 കാലയളവിലുമായി 2,27,100 രൂപ പഠനത്തിന് ഫീസിനത്തിലും സര്‍ട്ടിഫിക്കറ്റിനുമായി ഇയാൾക്ക് നല്‍കിയിരുന്നതായും പണം കൈപറ്റിയ ശേഷം പഠനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമാണ് പരാതി.
കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം കണ്ടെത്തി; വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.രണ്ടിനം വവ്വാലുകളിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. നിപ വൈറസ് ഈ വവ്വാലുകളിൽ ഉണ്ടായിരുന്നു എന്നതിനാലാണ് ഇവയിൽ ആന്റിബോഡികൾ കാണപ്പെട്ടത്.പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിഷയത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഐ.സി.എം.ആര്‍. പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കൂടുതല്‍ സാമ്പിളുകൾ പരിശോധിക്കേണ്ടതുണ്ട്. അതു കൂടി പരിശോധിച്ചശേഷം പുണെ എന്‍.ഐ.വി. ഫലം സര്‍ക്കാരിനെ അറിയിക്കും. സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്പിളുകൾ ശേഖരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജിൽ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജിൽ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. പയ്യന്നൂര്‍ വെള്ളൂരിലെ മൂപ്പന്‍റകത്ത് അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം.ആശുപത്രി കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്നാണ് അബ്ദുല്‍ അസീസ് വീണത്. കോവിഡിനൊപ്പം ശ്വാസകോശ കാന്‍സര്‍ ബാധിതന്‍ കൂടിയായിരുന്നു അബ്ദുല്‍ അസീസ്. ഏഴാംനിലയിലെ ഫയര്‍ എക്സിറ്റില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂടെയുണ്ടായിരുന്ന മകന്‍ പുറത്ത് പോയപ്പോഴാണ് സംഭവമുണ്ടായത്. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.
ടാപ്പില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി;കവർച്ചാ സംഘത്തിന്റെ അക്രമണത്തിനിരയായ സ്ത്രീ മരിച്ചു
കണ്ണൂർ:കണ്ണൂര്‍: ടാപ്പില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ കവർച്ചാസംഘത്തിന്റെ ആക്രമത്തിനിരയായ വയോധിക ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ വാരം ഐ.എം.ടി സ്കൂളിന് സമീപത്തെ വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ആയിഷ (75) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ആക്രമണമുണ്ടായത്. വീടിന് പിറകുവശത്തുള്ള പൈപ്പില്‍നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ ആയിഷയെ കവര്‍ച്ച സംഘം തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. കഴുത്തിലെയും കാതിലെയും സ്വര്‍ണാഭരണങ്ങള്‍ മൂന്നംഗ സംഘം കവര്‍ന്നു. ചെവിയില്‍ നിന്ന് കമ്മല്‍ പറിച്ചെടുക്കുകയായിരുന്നു. ആക്രമണത്തില്‍ ചെവിയില്‍ ആഴത്തില്‍ മുറിവേറ്റു. അയല്‍വീട്ടുകാര്‍ എത്തുമ്പോഴേക്കും കവര്‍ച്ച സംഘം ഓടിരക്ഷപ്പെട്ടു. ഹിന്ദി സംസാരിക്കുന്നവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിച്ചതെന്ന് ആയിഷ പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് സമീപത്തെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
കോഴിക്കോട് വീടിനുള്ളിൽ നിന്നും അജ്ഞാത ശംബ്ദം;ഭീതിയിൽ ഒരു കുടുംബം
കോഴിക്കോട് : കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്ത് വീടിനുള്ളിൽ നിന്നും അജ്ഞാത ശംബ്ദം ഉയരുന്നത് മൂലം ഭീതിയിലായി ഒരു കുടുംബം.കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവുമാണ് വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങൾക്കും അനുഭവങ്ങൾക്കുമിടയിൽ ഭയപ്പാടോടെ ജീവിക്കുന്നത്.രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.പല തരം ശബ്ദങ്ങളാണ് വീടിനുള്ളിൽ നിന്ന് കേൾക്കുന്നതെന്ന് ബിജു പറയുന്നു. ചിലപ്പോൾ ആരോ നടക്കുന്നത് പോലെ. മുകൾ നിലയിൽ നിന്നും തറയ്‌ക്കടിയിൽ നിന്നുമൊക്കെ ശബ്ദം കേൾക്കാം. വെള്ളം കുത്തിയൊലിക്കുന്ന പോലത്തെ ശബ്ദവും കേൾക്കാം. വെള്ളം നിറച്ചുവെച്ച പാത്രം തുളുമ്പി പോകുന്നതും, വലിയ ശബ്ദത്തോടെ പൈലിങ് നടത്തുന്ന അനുഭവവും ഈ വീടിനുള്ളിൽ നിന്ന് ഉണ്ടാകും. ചിലപ്പോൾ, വലിയ ഇടിമുഴക്കവും കേൾക്കാം. അരമണിക്കൂർ കൂടുമ്പോൾ ഇത്തരം ശബ്ദങ്ങൾ കേൾക്കാമെന്നും ബിജു പറയുന്നു.അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു.