സ്കൂൾ തുറക്കൽ;ആദ്യ ആഴ്ച യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

keralanews school opening uniform attendence will not be compulsory in the first week

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർത്ഥികൾക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിള്‍ വച്ച്‌ കാര്യങ്ങള്‍ നടപ്പിലാക്കും.സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.യുവജന സംഘടനകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട് . എല്ലാ വിധ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കും. ഷിഫ്റ്റ് സംവിധാനം വിദ്യാലയങ്ങളിലെ സാഹചര്യം അനുസരിച്ച്‌ ക്രമീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ക്ലാസില്‍ ഒരേസമയം 20 – 30 കുട്ടികളെ മാത്രമേ അനുവദിക്കൂ.അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സീന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണം. സ്കൂള്‍ തുറക്കുന്നതിനു മുന്‍പു രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെയും യോഗം ചേരും.ഈ മാസം 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാട് വെട്ടിത്തെളിക്കല്‍ തുടങ്ങിയവ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

അനധികൃത സ്വത്തു സമ്പാദനം; കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

keralanews illegal acquisition of property vigilance recommends detailed probe against k sudhakaran

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന പരാതിയിൽ കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ.സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സുധാകരനെതിരെ നല്‍കിയ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നായിരുന്നു പ്രാഥമികമായി അന്വേഷിച്ചത്. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്. കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. 1987 മുതല്‍ 93 വരെ സുധാകരന്‍റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ കൈയില്‍ സുധാകരനെതിരെ എല്ലാ വിധ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ അടക്കമുള്ള നേതാക്കള്‍ നേരിട്ടാണ് തനിക്ക് ഈ തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് പറഞ്ഞു.

പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

keralanews archaeological fraud case monson mavungals custody ends today

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വൈകിട്ട് മൂന്നുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും.വ്യാഴാഴ്ച മൂന്നുദിവസത്തെ കസ്റ്റഡിയിലായിരുന്നു മോൻസനെ വിട്ടിരുന്നത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രാവിലെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെ പരാതിക്കാരായ ഷമീർ, അനൂപ് എന്നിവരിൽനിന്ന് ക്രൈംബ്രാഞ്ച് വിശദമായ മൊഴി ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യൽ.ചോദ്യം ചെയ്യലിനോട് മോൻസൻ സഹകരിക്കുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിൽ ഇന്നലെ മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്താനായില്ല. ഇന്നും നാളെയും കോടതി അവധിയായതിനാൽ ഇനി തിങ്കളാഴ്ച ആകും അറസ്റ്റ് നടപടികൾ ഉണ്ടാവുക.

സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;13,767 പേർ രോഗമുക്തി നേടി

keralanews 13834 corona cases confirmed in the state today 13767 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂർ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,138 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 552 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 70 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,182 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 821, കൊല്ലം 92, പത്തനംതിട്ട 592, ആലപ്പുഴ 1452, കോട്ടയം 1318, ഇടുക്കി 389, എറണാകുളം 1500, തൃശൂർ 2203, പാലക്കാട് 929, മലപ്പുറം 1228, കോഴിക്കോട് 1418, വയനാട് 577, കണ്ണൂർ 983, കാസർഗോഡ് 265 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,499 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

പ്രണയ നൈരാശ്യം;കോട്ടയത്ത് ക്യാമ്പസിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി

keralanews love failure female student murdered by her classmate in campus

കോട്ടയം: പ്രണയ നൈരാശ്യത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി.പാലാ സെന്റ് തോമസ് കോളേജിലാണ് സംഭവം. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിന മോളാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. പരീക്ഷ കഴിയാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു അഭിഷേക്. ഹാളില്‍ നിന്ന് പുറത്തേക്ക് വന്ന നിതിന കൂട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ അഭിഷേക് കടന്നു വന്നു സംസാരിച്ചു. സംസാരം തര്‍ക്കമായതോടെ മുന്‍കൂട്ടി ഉറപ്പിച്ച രീതിയില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കൈയില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ ചേര്‍ത്ത് നിര്‍ത്തി കഴുത്ത് അറുത്തുകൊലപ്പെടുത്തുകയായിരുന്നു.കോളജ് ഗേറ്റിന് അന്‍പത് മീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം.പ്രണയ നൈരാശ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രതി പറഞ്ഞു. പിന്നെ എന്തിനാണ് കൈയില്‍ ആയുധം സൂക്ഷിച്ചിരുന്നതെന്നു പൊലീസ് ചോദിച്ചപ്പോള്‍ അതു സ്വയം കൈയില്‍ മുറവേല്പിച്ചു നിതിനയെ ഭയപ്പെടുത്താനാണ് കത്തിയും കൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മറുപടി.സംഭവം കൊലപാതകത്തില്‍ എത്തിയത് എങ്ങനെ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. മാരകമായി മുറിവേറ്റ നിതിനയെ ഉടന്‍തന്നെ ക്യാമ്പസിലുണ്ടായിരുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. അഭിഷേക് പരീക്ഷാഹാളില്‍ നിന്ന് നേരത്തെ ഇറങ്ങിയ ശേഷം പെണ്‍കുട്ടിയെ കാത്തുനില്‍ക്കുകയായിരുന്നു എന്ന് ഇവര്‍ക്കൊപ്പം പരീക്ഷ എഴുതിയ സഹപാഠി ആദം പറഞ്ഞു.നിഥിനയും അഭിഷേകും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ആദം പറഞ്ഞു.രണ്ടു ദിവസം മുൻപ് നിതിനയുടെ മൊബൈല്‍ഫോണ്‍ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ആ ഫോണ്‍ തിരികെ നല്‍കാന്‍ എന്നും പറഞ്ഞാണ് ഇന്നു വീണ്ടും പെണ്‍കുട്ടിയെ കണ്ടത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

keralanews chance for heavy rain and thunder in the state from today yellow alert in six districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം.ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഇടിമിന്നല്‍ അപകടകരമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വെച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം.പട്ടം പറത്തുന്നത് ഒഴിവാക്കണം. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണമെന്നും നിര്‍ദേശം ഉണ്ട്.

പേന എറിഞ്ഞ് മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തിയെന്ന കേസില്‍ പതിനാറു വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

keralanews in the case of child lost sight after teacher throwing pen teacher jailed and fined three lakh rupees after 16 years

തിരുവനന്തപുരം:പേന എറിഞ്ഞ് മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തിയെന്ന കേസില്‍ പതിനാറു വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും.മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയായ ശെരീഫാ ശാജഹാനാണ് പിഴയും ശിക്ഷയും. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികളെ സ്‌നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസീക്യൂഷന്‍ വാദിച്ചത്. 2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച്‌ എട്ടുവയസുകാരനായ കുട്ടിക്ക് നേരെ അദ്ധ്യാപിക പേന വലിച്ചെറിയുകയായിരുന്നുവെന്നാണ് കേസ്. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച്‌ കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചു ലഭിച്ചില്ല. സംഭവത്തിന് പിന്നാലെ അധ്യാപികയെ ആറുമാസം സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് വീണ്ടും അതേ സ്‌കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചു.ഈ കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കാലാവധി ഒരു മാസം കൂടി നീട്ടി

keralanews validity of driving license and vehicle registration certificate has been extended by one month

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി ഒരു മാസം കൂടി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30-ന് അവസാനിക്കുകയായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച്‌ മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു.

കുട്ടികള്‍ക്കായുള്ള പുതിയ വാക്സിന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റിന്റെ വിതരണം സംസ്ഥാനത്ത് ഇന്നു മുതല്‍ ആരംഭിക്കും

keralanews distribution of the new vaccine pneumococcal conjugate for children will start from today in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കുട്ടികള്‍ക്കായുള്ള പുതിയ വാക്സിന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റിന്റെ (പിസിവി) വിതരണം ഇന്നു മുതല്‍ ആരംഭിക്കും.സംസ്ഥാനതല വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. അടുത്ത ദിവസം ബാക്കി ജില്ലകളിലും വാക്സിന്‍ എത്തും. നിലവില്‍ 55,000 ഡോസ് വാക്സിന്‍ സംസ്ഥാനത്ത് ഉണ്ട്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്‌സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്.

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച്‌ പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും.ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സ്‌കൂള്‍ തുറക്കല്‍; ആദ്യ ദിവസങ്ങളില്‍ ഹാപിനെസ് ക്ലാസുകള്‍;യൂണിഫോമും ഹാജരും നിർബന്ധമാക്കില്ല

keralanews school opening happiness classes in the first days uniforms and attendance are not mandatory

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോൾ ആദ്യ ദിവസങ്ങളില്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്ന് തീരുമാനം.വിദ്യാര്‍ഥികളുടെ സമ്മര്‍ദം അകറ്റാനുള്ള ഹാപിനെസ് ക്ലാസുകളായിരിക്കും ആദ്യ ദിവസങ്ങളില്‍ നടത്തുക. പിന്നീട് പ്രത്യേക ഫോകസ് ഏരിയ നിശ്ചയിച്ച്‌ പഠിപ്പിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല.ഹാപിനെസ് ക്ലാസുകളിലൂടെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദം ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രവേശനോത്സവം മാതൃകയില്‍ കുട്ടികളെ സ്കൂളുകളില്‍ വരവേല്‍ക്കാനാണ് തീരുമാനം. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം എടുത്തത്.ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതല്‍ ഏഴുവരെയുളള ക്ലാസുകള്‍ മൂന്നുദിവസം വീതമുളള ഷിഫ്റ്റിലുമായിരിക്കും പ്രവര്‍ത്തിക്കുക. ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ പ്രവേശിപ്പിക്കാം. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും. മറ്റ് അദ്ധ്യാപക സംഘടനകളുമായും മന്ത്രി ചർച്ച നടത്തും. അതേസമയം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒരുവർഷത്തേയ്‌ക്ക് ഒഴുവാക്കുന്നതടക്കമുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്. സ്കൂളുകള്‍ എത്രയും വേഗം അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ എത്രയും വേഗം വാക്സിനെടുക്കണം എന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ എണ്ണം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തത വരുത്തും. ചെറിയ കുട്ടികള്‍ ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലും വലിയ കുട്ടികളുടെ കാര്യത്തില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ വീതവും ക്രമീകരിക്കാന്‍ നിര്‍ദേശമുണ്ട്.