തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനിടെ പൂജപ്പുരയിൽ സംഘർഷം.പ്രദർശനം നടത്തുന്നിടത്തേക്ക് നടന്ന ബി.ജെ.പിയുടേയും ബി.ജെ.പി. അനുകൂല സംഘടനകളും മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.റോഡ് ബാരിക്കേഡ് കെട്ടി അടച്ചെങ്കിലും ഇത് തകർക്കാനുള്ള ശ്രമങ്ങളും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായി.പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.അതേസമയം, വലിയ തോതിലുള്ള പ്രതിഷേധത്തിനിടെയും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം പൂജപ്പുരയിൽ തുടരുകയാണ്.ജനപ്രതിനിധികൾ അടക്കമുള്ളവരെ അണിനിരത്തിയാണ് ബി.ജെ.പി. പ്രദർശന സ്ഥലത്തേക്ക് മാർച്ച് നടത്തിയത്. പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് നേരത്തെ തന്നെ ബി.ജെ.പി. പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വൻപോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
ബിബിസി ഡോക്യുമെന്ററി വിവാദം; എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി സ്ഥാനമൊഴിഞ്ഞു
ഡിവൈഎഫ്ഐയുടെ ഡോക്യുമെന്ററി പ്രദർശനം;പൂജപ്പുരയിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്
ആന പേടി ഒഴിയുന്നില്ല;ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി;തെങ്ങും കവുങ്ങും ഉള്‍പ്പെടെ നശിപ്പിച്ചതായി പരാതി
പാലക്കാട്: വീണ്ടും ആന പേടിയിൽ ധോണി. നാടിനെ വിറപ്പിച്ച PT സെവൻ എന്ന കാട്ടാന കൂട്ടിലായെങ്കിലും ധോണി നിവാസികളുടെ പേടി ഒഴിയുന്നില്ല. ഇന്നലെ രാത്രിയാണ് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങിയത്.ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തില്‍ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും കവുങ്ങും ഉള്‍പ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം ധോണി മേഖലയെ വിറപ്പിച്ച പി.ടി7നെ മെരുക്കാനായി പുതിയ പാപ്പാനെ നിയോഗിക്കും. പാപ്പാൻ വഴിയായിരിക്കും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകുക. പാപ്പാനിൽ നിന്ന് ആന നേരിട്ട് തീറ്റ സ്വീകരിക്കുന്നത് വരെ പോസിറ്റീവ് ഇൻഡ്യൂസ്മെന്റ് എന്ന രീതി തുടരും. പി.ടി 7ന് പ്രത്യേക ഭക്ഷണ മെനുവും തയ്യാറാക്കിയിട്ടുണ്ട്. ആനയെ മർദിക്കാതെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്.
എറണാകുളത്ത് 19 സ്കൂൾ കുട്ടികൾക്ക് നോറ വൈറസ് ബാധ സ്ഥിരീകരിച്ചു;67 കുട്ടികൾക്ക് സമാന ലക്ഷണങ്ങൾ
എറണാകുളം: കാക്കനാട്ടെ സ്‌കൂളിൽ 19- കുട്ടികൾക്ക് നോറ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസിലെ കുട്ടികളാണിവർ. വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ മിക്കവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മറ്റ് 67 കുട്ടികൾക്കും സമാന ലക്ഷണങ്ങൾ ഉണ്ട്.രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഈ സ്‌കൂളിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഉദര സംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം സൂക്ഷമാണുക്കളാണ് നോറ വൈറസുകൾ. മലിന ജലത്തിലൂടെയും വൃത്തിഹീനമായ ഭക്ഷണത്തിലൂടെയുമാണ് വൈറസ് ബാധ പ്രധാനമായും ഉണ്ടാകുന്നത്. കൂടാതെ രോഗബാധിതരുമായുള്ള സമ്പർക്കം വഴിയും വൈറസ് ബാധിക്കാം. കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ചെറിയ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും പ്രായമായവർക്കും നോറ വൈറസ് ബാധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
പെട്രോൾ പമ്പ് സമരം നിയമ വിരുദ്ധം- കേരള ഹൈക്കോടതി
കൊച്ചി: കണ്ണൂർ ജില്ലയിൽ ഈ മാസം 24 മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് ജീവനക്കാരുടെ അനശ്ചിതകാല സമരം തടഞ്ഞു കൊണ്ട് ബഹു. ഹൈക്കോടതി ഉത്തരവിട്ടു.
കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബഹു.ജസ്റ്റീസ് അമിത് റാവലിന്റെ സുപ്രധാനമായ ഉത്തരവുണ്ടായത്.
ഹർജിക്കാർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് എസ്. ശ്രീകുമാർ,അഡ്വ.നന്ദഗോപാൽ എസ്.കുറുപ്പ്,അഡ്വ.അഭിരാം.ടി.കെ എന്നിവർ ഹാജരായി.
സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്.ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.വ്യാജ കാർഡുകൾ എടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് അടിക്കടി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്.സംസ്ഥാനത്ത് ഹോട്ടലുകളില്‍ നടക്കുന്ന പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജമായി ഹെൽത്ത് കാർഡ് ഉണ്ടാക്കി നൽകിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം;കളമശ്ശേരിയിലെ സ്ഥാപനം അൻപതോളം ഹോട്ടലുകളില്‍ വിതരണം നടത്തിയതായി രേഖകൾ
കൊച്ചി: 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയ കളമശ്ശേരി കൈപ്പടമുകളിലെ സ്ഥാപനത്തിൽ നിന്ന് 50ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതായി കണ്ടെത്തി.എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇതെല്ലാം കാലപ്പഴക്കം വന്ന ഇറച്ചികളായിരുന്നു.നേരത്തെ പഴകിയ ഇറച്ചി പിടികൂടിയതിന് കേസെടുത്തതിനെ തുടർന്ന് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിന്നും ബിൽ ബുക്കുകൾ കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്. കളമശേരി പോലീസ് സ്ഥാപനത്തിൽ പരിശോധന തുടരുകയാണ്.അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള ഹോട്ടലുകളാണ് ഭൂരിഭാഗവും. ഹൈദരാബാദിലുള്ള കോഴിയിറച്ചി വിൽപ്പനക്കാരിൽ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ഇറച്ചി വാങ്ങിയിരുന്നത്. കാലാവധി കഴിഞ്ഞ മാംസം ട്രെയിൻ വഴി കേരളത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഈ ഇറച്ചി റെഡി ടു കുക്ക് രൂപത്തിലാക്കി ഹോട്ടലുകളിലേക്ക് കൈമാറും. അതിനാൽ ഇറച്ചി യുടെ കാലപ്പഴക്കം തിരിച്ചറിയാനാകില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശ്ശേരി കൈപ്പടമുകളിലെ വാടകവീട്ടില്‍നിന്ന് പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ചിരുന്ന കോഴിയിറച്ചിയാണ് പിടികൂടിയത്. മലിനജനം പുറത്തേക്ക് ഒഴുകുന്നെന്നും രൂക്ഷമായ ദുര്‍ഗന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.
സംസ്ഥാനത്ത് പൊതു ഇടങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അറിയിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചിരിക്കണമെന്നും ഉത്തരവ് ഇറങ്ങിയത് മുതൽ നിയമം പ്രാബല്യത്തിലാണെന്നും സർക്കാർ വ്യക്തമാക്കി.സാമൂഹിക അകലം പാലിക്കണം, സൈനിറ്റൈസർ ഉപയോഗിക്കണം, തൊഴിലിടങ്ങളിലും വാഹനങ്ങളിലും ആളുകൾ കൂടുന്ന ഇടങ്ങളിലും മാസ്‌ക് ധരിച്ചിരിക്കണം. ജോലി സ്ഥലങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്.ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്. കടകൾക്ക് പുറമേ, തിയേറ്ററുകൾ, ഇവന്റുകൾ എന്നിവിടങ്ങളിലും സാനിറ്റൈസർ നിർബന്ധമാണ്. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്.ഈ മാസം 12ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അതേസമയം അസ്വാഭാവികമായി വിജ്ഞാപനത്തില്‍ ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യം നിലവിലില്ല.നേരത്തെ വ്യാപനം ഉണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ കാലാവധി തീര്‍ന്നപ്പോള്‍ നിയന്ത്രണം നീട്ടുന്നതിനാണ് പുതിയ വിജ്ഞാപനമെന്നാണ് വിശദീകരണം.
കണ്ണൂരിൽ മയോണൈസ് ചേർത്ത ഭക്ഷണം കഴിച്ച് 7 കുട്ടികൾ ആശുപത്രിയിൽ
കണ്ണൂർ: മയോണൈസ് ചേർത്ത ഭക്ഷണം കഴിച്ച് 7 കുട്ടികൾ ആശുപത്രിയിൽ.ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ചതാണ് കുട്ടികൾ.വയറുവേദനയും ഛർദ്ദിയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.ഏഴ് കുട്ടികളിൽ ഒരാളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമായിരുന്നു എല്ലാവരും കഴിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നിലവിൽ ആശുപത്രിയിലുള്ള കുട്ടികൾ നിരീക്ഷണത്തിലാണ്.മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഉടൻ ഡിസ്ചാർജ് ചെയ്തേക്കും.